മൂന്നുതവണ മുഖ്യമന്ത്രിപദത്തില്‍നിന്ന് തഴയപ്പെട്ടു; അന്തിമ ലാപ്പില്‍ കോണ്‍ഗ്രസിന്റെ ബിഗ് സര്‍പ്രൈസ്


സ്വന്തം ലേഖകന്‍

നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനെന്നും അവരുടെ നിഴലെന്നുമൊക്കെ ഖാര്‍ഗെയെ വിശേഷിപ്പിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിനുണ്ടായ നഷ്ടങ്ങളും വിസ്മരിക്കാനാകില്ല

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഖാർഗെയുടെ കൈപിടിച്ച് ഉയർത്തുന്ന എതിർ സ്ഥാനാർഥിയായിരുന്ന ശശി തരൂർ |ഫോട്ടോ:AFP

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുലിനേയും സോണിയയേയും ചോദ്യംചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഡല്‍ഹിയുടെ തെരുവീഥികളില്‍ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് 80-ാം വയസ്സിലും ഖാര്‍ഗെ തന്റെ കൂറ് നെഹ്റു കുടംബത്തെ ബോധ്യപ്പെടുത്തി. പാര്‍ട്ടിയുടെ അമരക്കാരനാകാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഈ പ്രായത്തിലും പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് അനുഭാവികള്‍ ചൂണ്ടിക്കാട്ടിയ പ്രധാനകാര്യം അധികാര തര്‍ക്കങ്ങളില്ലാതെ പാര്‍ട്ടിയോട് പൂര്‍ണ്ണമായ കൂറ് പുലര്‍ത്തിയ നേതാവാണ് അദ്ദേഹം എന്നതാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി കസേര വിട്ടുകൊടുക്കാന്‍ അശോക് ഗഹ്ലോത് തയ്യാറാകാതിരുന്നതോടെ മൂന്ന് തവണ കര്‍ണാടകയുടെ മുഖ്യമന്ത്രിപദത്തില്‍ നിന്ന് തഴയപ്പെട്ട ഖാര്‍ഗെ അപ്രതീക്ഷിതമായിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷനായി എത്തുന്നത്.

നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനെന്നും അവരുടെ നിഴലെന്നുമൊക്കെ ഖാര്‍ഗെയെ വിശേഷിപ്പിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിനുണ്ടായ നഷ്ടങ്ങളും വിസ്മരിക്കാനാകില്ല. കര്‍ണാടകയില്‍ ഓരോ തവണയും കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഖാര്‍ഗെയുടെ പേര് മുന്നിലുണ്ടാകും. എന്നാല്‍ കാര്യത്തോടടുക്കുമ്പള്‍ അദ്ദേഹം പുറത്താകും. 1999-ലും 2004-ലും 2013-ലും കര്‍ണാടകയുടെ മുഖ്യമന്ത്രിപദത്തില്‍ നിന്ന് അദ്ദേഹം തഴപ്പെട്ടു. ബിജെപിയിലേക്ക് പോയ എസ്.എം.കൃഷ്ണയ്ക്കും തന്റെ അടുത്ത സുഹൃത്ത് ധരം സിങിനും സിദ്ധരാമയ്യയ്ക്കും വേണ്ടി യഥാക്രമം അദ്ദേഹത്തിന് വഴിമാറികൊടുക്കേണ്ടിവന്നു.വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച, ഗുല്‍ബര്‍ഗയില്‍ നിന്നുള്ള ഈ നേതാവ് പാര്‍ട്ടിയിലുള്ള പ്രതീക്ഷ കൈവിടാന്‍ തയ്യാറായിരുന്നില്ല. ഒമ്പത് തവണ എംഎല്‍എ ആയിട്ടുള്ള ഖാര്‍ഗെ ഒരുതവണ പാര്‍ട്ടിവിട്ട് തിരിച്ചെത്തിയതും ചരിത്രം. കോണ്‍ഗ്രസിലെ ഏറ്റവും പ്രമുഖ ദളിത് മുഖങ്ങളിലൊരാളായ അദ്ദേഹത്തിന് രാജ്യസഭയിലും ലോക്സഭയിലും പാര്‍ട്ടി നല്‍കിയിട്ടുള്ള ചില സ്ഥാനമാനങ്ങളാണ് പ്രധാന പദവികള്‍.

എന്നാല്‍, രാഷ്ട്രീയ ജീവിതത്തിന്റെ അന്തിമ ലാപ്പിലേക്ക് കടന്ന ഖാര്‍ഗെയ്ക്ക് അവിചാരിതമായിട്ടാണെങ്കിലും പാര്‍ട്ടി ഒരു വമ്പന്‍ സര്‍പ്രൈസ് തന്നെയാണ് നല്‍കിയിരിക്കുന്നത്. ഒപ്പം കനത്ത വെല്ലുവിളിയും. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആറാമത്തെ അധ്യക്ഷനാണ് ഖാര്‍ഗെ. ബി. പട്ടാഭി സീതരാമയ്യ, എന്‍.സഞ്ജീവ റെഡ്ഡി, കെ. കാമരാജ്, എസ്. നിജലിംഗപ്പ, പി.വി. നരസിംഹ റാവു എന്നിവരാണ് ദക്ഷിണേന്ത്യയില്‍ നിന്നു ഖാര്‍ഗെയുടെ മുന്‍ഗാമികള്‍. രണ്ടര പതിറ്റാണ്ടിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ള ആദ്യ അധ്യക്ഷന്‍ കൂടിയാണ് ഖാര്‍ഗെ.

ഗുല്‍ഭര്‍ഗയില്‍ നിന്ന് ഡല്‍ഹിവരെ

തന്റെ നാടായ ഗുല്‍ഭര്‍ഗ നഗരത്തില്‍ പാര്‍ട്ടിയുടെ ചുമതലയാണ് ആദ്യമായി കോണ്‍ഗ്രസ് മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ഏല്‍പ്പിച്ച ദൗത്യം.1969-ലായിരുന്നു ഇത്. 1972-ലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ഗുര്‍മിത്കല്‍ നിയമസഭാ സീറ്റില്‍ മത്സരിച്ച് ജയിച്ചു. നിയമസഭയിലേക്ക് പിന്നീട് തുടര്‍ച്ചയായി എട്ടുതവണ കൂടി തിരഞ്ഞെടുക്കപ്പെട്ടു. 1976-ല്‍ ദേവരാജ് യുആര്‍എസ് സര്‍ക്കാരിലാണ് ആദ്യമായി മന്ത്രിയായത്. 1970-കളുടെ അവസാനത്തില്‍ ഇന്ദിരാഗാന്ധിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദേവരാജ് പാര്‍ട്ടി വിട്ടപ്പോള്‍ മാത്രമാണ് ഖാര്‍ഗെ ഒരു വിമതസ്വരം ഉയര്‍ത്തിയത്. അന്ന് അദ്ദേഹത്തിനൊപ്പം പോയ ഖാര്‍ഗെ 1980-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തി.

1980-ല്‍ ഗുണ്ടു റാവു മന്ത്രിസഭ, 1990-ല്‍ എസ് ബംഗാരപ്പ മന്ത്രിസഭ, 1992 മുതല്‍ 1994 വരെ എം. വീരപ്പ മൊയ്‌ലി സര്‍ക്കാര്‍ തുടങ്ങിയ കോണ്‍ഗ്രസ് സര്‍ക്കാരുകളിലെല്ലാം അദ്ദേഹം മന്ത്രിയായിരുന്നു. 1996-99-ലും 2008-09-ലും ഖാര്‍ഗെ പ്രതിപക്ഷ നേതാവായിരുന്നു. 2005 മുതല്‍ 2008 വരെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി. 2009-ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.

മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ആദ്യം തൊഴില്‍ മന്ത്രിയായിരുന്ന ഖാര്‍ഗെ റെയില്‍വേ, സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിരുന്നു.

2014-ല്‍ 44 സീറ്റുകളോടെ കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പില്‍ മറ്റുപ്രമുഖരെല്ലാം തോറ്റപ്പോള്‍ ഗുല്‍ബര്‍ഗയില്‍ നിന്ന് ഖാര്‍ഗെ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഖാര്‍ഗെ തിരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍, 2019-ല്‍ അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി. സമുന്നതനായ നേതാവിനെ പാര്‍ട്ടി കൈവിട്ടില്ല. രാജ്യസഭയിലേക്ക് അവസരം നല്‍കി. 2021-ല്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.

പൊതുവെ സൗമ്യനും മൃദുഭാഷിയുമായ ഖാര്‍ഗെ ബുദ്ധമത വിശ്വാസിയാണ്. എല്ലായ്‌പ്പോഴും ശാന്തതയോടെ പ്രതികരണങ്ങള്‍ നടത്തുന്ന അദ്ദേഹത്തിനെതിരെ വ്യക്തിപരമായ ആരോപണങ്ങളോ വിവാദങ്ങളോ കാര്യമായിട്ടില്ല. ഗുല്‍ബര്‍ഗയിലെ വരവട്ടി ഗ്രാമത്തിലുള്ള ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച അദ്ദേഹം ബി.എയും നിയമ ബിരുദവും കരസ്ഥമാക്കി. 1969-ല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പായി അഭിഭാഷകന്റെ റോളായിരുന്നു അദ്ദേഹത്തിന്.

Content Highlights: mallikarjun kharge-ousted as chief minister three times-Congress president


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented