ആറ് മലയാളിക്ക് നൂറു മലയാളം;ലിപി മാനകീകരണവും മലയാളം കംപ്യൂട്ടിങ്ങും 


ഡോ. നിസാര്‍ അഹമ്മദ്

ഏകരൂപമായ ലിപിവ്യവസ്ഥയും അതിനെ ആധാരമായുള്ള ഫോണ്ട് ഡിസൈനിങ്ങും മലയാളം അച്ചടിയിലെയും എഴുത്തിലെയും മാനകലിപിവിന്യാസത്തിന് അത്യന്താപേക്ഷിതമാണ്

പ്രതീകാത്മക ചിത്രം

ണ്ടു മലയാളികള്‍ ഒരുപോലെ സംസാരിക്കില്ല എന്നു പറയുന്നതുപോലെത്തന്നെയാണ് ഇപ്പോള്‍ മലയാളം എഴുത്തിന്റെ കാര്യവും. ആറ് മലയാളിക്ക് നൂറു മലയാളം എന്ന ചൊല്ല് വാമൊഴിയുടെ കാര്യത്തില്‍ മാത്രമല്ല, വരമൊഴിയുടെ കാര്യത്തിലും അന്വര്‍ഥമായിരിക്കുന്നു. മലയാളഭാഷണം മാത്രമല്ല, എഴുത്തിലെയും ടൈപ്പിങ്ങിലെയും ലിപിവിന്യാസവും പ്രതിവ്യക്തി വിഭിന്നമായിട്ടുണ്ട്.

ലിപി പരിഷ്‌കാരം

ഏകീകൃതമായൊരു ലിപിവ്യവസ്ഥ അച്ചടിക്കുമുമ്പ് മലയാളത്തിനുണ്ടായിരുന്നില്ല. വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നിങ്ങനെയുള്ള ലിപി വകഭേദങ്ങള്‍ അച്ചടി സാര്‍വത്രികമാവുന്നതുവരെ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. മലയാളം അച്ചടിയുടെ പ്രാരംഭഘട്ടത്തില്‍ ബെഞ്ചമിന്‍ ബെയ്ലി രൂപകല്പനചെയ്ത അച്ചുരൂപങ്ങളാണ് ടൈപ്പ് റൈറ്റര്‍ ലിപിപരിഷ്‌കരണംവരെ മലയാളം അച്ചടിയിലും എഴുത്തിലും നിലനിന്നത്. ലിനോടൈപ്പ് അച്ചടിക്കും സര്‍ക്കാര്‍ ഓഫീസുകള്‍ മലയാളം ടൈപ്പ് റൈറ്റര്‍ സ്ഥാപിക്കുന്നതിനും മുന്നോടിയായാണ് 1970-ല്‍ ലിപിപരിഷ്‌കരണം നടപ്പില്‍വന്നത്.

പരിഷ്‌കരിച്ച ലിപി ടൈപ്പ് റൈറ്ററിലും ലിനോടൈപ്പ് അച്ചടിയിലും മാത്രം ഉപയോഗിക്കാനും കൈയെഴുത്തില്‍ പഴയലിപിതന്നെ തുടരാനും അന്ന് ലിപിപരിഷ്‌കരണക്കമ്മിറ്റി നിര്‍ദേശിച്ചു. എന്നാല്‍, 1973-ല്‍ പരിഷ്‌കരിച്ച ലിപിയില്‍ പാഠപുസ്തകങ്ങള്‍ അച്ചടിച്ചു. പാഠപുസ്തകങ്ങളില്‍നിന്ന് അത് എഴുത്തിലേക്ക് കടന്നുകൂടി. പിന്നീട് രണ്ട് ലിപിരൂപങ്ങളും കൂടിക്കലര്‍ന്നു. 1970-നുശേഷം പഴയലിപി, പുതിയലിപി, സങ്കരലിപി എന്നിങ്ങനെ മൂന്ന് ലിപിസമ്പ്രദായങ്ങള്‍ മലയാളത്തിലുണ്ടായി. പരിഷ്‌കരിച്ച ലിപിയോടൊപ്പം പഴയലിപി നിലനിര്‍ത്തിയതിന്റെ പരിണതഫലമായിരുന്നു ഇത്.

യൂണീകോഡ് വന്നപ്പോള്‍

ഒന്നുരണ്ട് ദശകങ്ങള്‍ക്കുശേഷം ടൈപ്പ് റൈറ്റര്‍ വിസ്മൃതിയിലാവുകയും കംപ്യൂട്ടര്‍ പ്രചാരത്തിലെത്തുകയും ചെയ്തു. ടൈപ്പ്റൈറ്ററിനുവേണ്ടിയുണ്ടായതുപോലെ ആസൂത്രിതമായൊരു ലിപിപരിഷ്‌കരണം കംപ്യൂട്ടറിനുവേണ്ടിയുണ്ടായില്ല. അതിനാല്‍ ടൈപ്പ്റൈറ്റര്‍ ലിപി തന്നെയാണ് ആദ്യഘട്ടത്തില്‍ കംപ്യൂട്ടറിലുപയോഗിച്ചത്. കംപ്യൂട്ടറില്‍ ലിപിയുടെ ഉപയോഗം കേവലം അച്ചടിയില്‍മാത്രം ഒതുങ്ങുന്നതല്ല. അത് ഭാഷയുടെ ഉത്പാദക സംസ്‌കരണപ്രക്രിയകള്‍ക്കും ഡിജിറ്റല്‍ രൂപത്തിലുള്ള വിനിമയത്തിനും പ്രയോജനപ്പെടുത്താന്‍ ശേഷിയുള്ളതാണ്.

പ്രാരംഭഘട്ടത്തില്‍ മലയാളമുള്‍പ്പെടെയുള്ള പ്രാദേശികഭാഷകള്‍ കംപ്യൂട്ടറിലുപയോഗിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. കംപ്യൂട്ടറിലെ ഇംഗ്ലീഷ് ഭാഷാപ്രയോഗംപോലെ ലളിതമായിരുന്നില്ല മറ്റുഭാഷകളുടെ വിനിമയം. ഭാഷാഘടനയിലും ലിപിതലത്തിലുമുള്ള വൈവിധ്യങ്ങള്‍ യന്ത്രസഹജമായ ചില പ്രതിസന്ധികള്‍ക്ക് കാരണമായി. അന്ന് കാരക്ടര്‍ എന്‍കോഡിങ്ങിനായി ഉപയോഗിച്ചിരുന്ന ആസ്‌കി, ഇസ്‌കി തുടങ്ങിയ മാനകങ്ങള്‍ക്ക് മലയാളത്തിലെ ഉപലിപികളും കൂട്ടക്ഷരങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന വലിയ ലിപിസഞ്ചയത്തെ ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റംവന്നത് യൂണികോഡ് എന്‍കോഡിങ്ങിലൂടെയാണ്. യൂണികോഡില്‍ ലിപികളുടെ എണ്ണം ഒരു പരിമിതിയല്ല. യൂണികോഡില്‍ ഓരോ ഭാഷയിലെയും ഓരോ ലിപിക്കും സവിശേഷ കോഡ്നമ്പര്‍ നല്‍കി വ്യവസ്ഥപ്പെടുത്തുന്നു. ഇതോടെ ഓരോ ഭാഷയിലെയും അടിസ്ഥാനലിപികള്‍ക്ക് വ്യത്യസ്തവും സ്വയംപൂര്‍ണവുമായ ഒരു സ്ഥാനം ലഭിക്കുന്നു. മലയാളലിപിക്ക് യൂണീകോഡില്‍ സ്ഥാനംകിട്ടുന്നത് 1993-ല്‍ പുറത്തുവന്ന യുണീകോഡ്1.1 പതിപ്പിലാണ്. 1999-ലെ യൂണികോഡ്3.0 പതിപ്പിലാണ് മലയാളത്തിന്റെ കോഡ്പേജ് ആദ്യമായി നിലവില്‍വന്നത്. യൂണികോഡ് ഫോണ്ടുകളിലൂടെ ടൈപ്പ് റൈറ്റര്‍ ലിപിപരിഷ്‌കരണത്തില്‍ നഷ്ടമായ മലയാളത്തിലെ കൂട്ടക്ഷരലിപികള്‍ക്ക് അച്ചടിയില്‍ ഇടംകിട്ടി.

ഫോണ്ടുകളുടെ ലഭ്യത

ഇന്ന് യൂണികോഡ്, യൂണികോഡിതര എന്‍കോഡിങ് വ്യവസ്ഥകള്‍ ആധാരമായുള്ള ഒട്ടേറെ മലയാളം ഫോണ്ടുകള്‍ പ്രചാരത്തിലുണ്ട്. ഇതില്‍ ടൈപ്പ് റൈറ്ററിനു മുമ്പുള്ള പഴയലിപിയിലുള്ള ഫോണ്ടുകളും പരിഷ്‌കരിച്ച ലിപിയിലുള്ള ഫോണ്ടുകളും സങ്കരലിപിയിലുള്ള ഫോണ്ടുകളുമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളും അക്കാദമികളും സര്‍വകലാശാലകളും മാധ്യമസ്ഥാപനങ്ങളും പുസ്തകപ്രസാധകരും അവരവരുടെ യുക്തംപോലെയുള്ള ഫോണ്ടുകള്‍ അച്ചടിക്കായി ഉപയോഗിക്കുന്നു. യൂണികോഡ് അല്ലാത്ത കാര്‍ത്തിക, രേവതി, അമ്പിളി, ഇന്ദുലേഖ തുടങ്ങിയവ പുതിയലിപിയിലുള്ള ഫോണ്ടുകളാണ്. മലയാളം ടൈപ്പിങ്ങിന് വ്യാപകമായി ഉപയോഗിക്കുന്ന ഐ.എസ്.എമ്മിലും അഡോബ് പേജ് മേക്കറിലുമൊക്കെ ഉപയോഗിക്കാനാവുക രേവതിയും കാര്‍ത്തികയുമാണ്. ഇതാണ് അച്ചടിക്കും ഡി.ടി.പി.യിലുമൊക്കെ കൂടുതലായി ഉപയോഗിക്കുന്നത്. അതേസമയം രചന, മീര, മഞ്ജരി, അഞ്ജലി തുടങ്ങിയവ യൂണീകോഡ് ഫോണ്ടുകളാണ്. ഇവയൊക്കെ പഴയലിപിയിലുള്ള ഫോണ്ടുകളാണ്. മലയാളം അച്ചടിയിലും എഴുത്തിലും ഏതെങ്കിലും കാലഘട്ടത്തില്‍ നിലനിന്നിരുന്നതും ഇന്ന് പ്രചാരത്തിലുള്ളതുമായ കൂട്ടക്ഷരലിപികള്‍ രചന, മീര ഫോണ്ടുകളില്‍ ലഭ്യമാണ്. ഇതും അച്ചടിക്കും ഇ-പ്രസാധനത്തിനുമായി ഉപയോഗിക്കുന്നുണ്ട്. സൈബറിടങ്ങളില്‍ സുഗമമായി ഉപയോഗിക്കാനാവുക യൂണികോഡ് ഫോണ്ടുകളാണ്.

അച്ചടിക്ക് ഏതു ഫോണ്ട് ഉപയോഗിക്കുന്നു എന്നതിനനുസൃതമായി ലിപിയും മാറുന്ന അവസ്ഥയാണ് മലയാളത്തിലുള്ളത്. അതായത് ഒരു കുട്ടിയുടെ പാഠപുസ്തകം, വീട്ടിലെ ദിനപത്രം, ആ ദിനപത്രത്തിന്റെ വെബ് എഡിഷന്‍ എന്നിവയില്‍ കാണാനാവുക മൂന്നുതരം ഫോണ്ടുകളും മൂന്നുതരം ലിപിവ്യവസ്ഥയുമായിരിക്കും. യൂണികോഡ് കാലത്തും യൂണികോഡിതര ഫോണ്ടുകളും അച്ചടിയും ഭാഷയില്‍ നിലനില്‍ക്കുകയാണ്. മലയാളം അച്ചടിമേഖല പൂര്‍ണമായും യൂണികോഡിലേക്ക് മാറിയിട്ടില്ല. പാഠപുസ്തകത്തിന്റെ അച്ചടിക്ക് പഴയലിപി ഉപയോഗിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഏകീകൃത ലിപിവിന്യാസം സാധ്യമാവണമെങ്കില്‍

സര്‍ക്കാര്‍ ലിപിപരിഷ്‌കരണം ആസൂത്രണം ചെയ്യുന്നതോടൊപ്പം പരിഷ്‌കരിച്ച ലിപിയില്‍ത്തന്നെ അച്ചടി സാധ്യമാവാന്‍ ഭാഷാസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സ്ഥാപനങ്ങളുടെയും പിന്തുണ ആവശ്യമാണ്. പരിഷ്‌കരിച്ച ലിപിക്കനുസൃതമായുള്ള മലയാളം ഫോണ്ട് രൂപകല്പനചെയ്യാന്‍ ഫോണ്ട് നിര്‍മാതാക്കളോട് ആവശ്യപ്പെടണം. ഇതിനായി മൈക്രോസോഫ്റ്റ്, ഗൂഗിള്‍, അഡോബ്, സി.ഡാക്, സി.ഡിറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ലാംഗ്വേജ് ലോക്കലൈസേഷന്‍, നാച്വറല്‍ ലാംഗ്വേജ് പ്രൊസസിങ് വിഭാഗവുമായി കൂടിയാലോചന നടത്തണം. പുതുതായി നടപ്പില്‍വരുന്ന ലിപിവ്യവസ്ഥയ്ക്കനുസൃതമായി ഫോണ്ട് ഡിസൈന്‍ചെയ്താലേ മലയാളം അച്ചടിയിലും എഴുത്തിലും ഏകീകൃത ലിപിവിന്യാസം സാധ്യമാവൂ. ഇല്ലെങ്കില്‍ പരിഷ്‌കരണംകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. തമിഴ്നാട്ടില്‍ കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തമിഴ് ഭാഷാ കംപ്യൂട്ടങ്ങിലെ പ്രായോഗികവിഷമതകള്‍ തരണംചെയ്യാനായി ഇത്തരത്തിലുള്ള കൂടിയാലോചന നടത്തിയിരുന്നു.

ഐകരൂപ്യം വരണം

സൈബറിടങ്ങളില്‍ ഏകീകൃത ലിപിവിന്യാസം സാധ്യമാവണമെങ്കില്‍ മാനകമായ ഒരു ഫോണ്ടിനെ ആധാരമാക്കണം. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും രേഖകളും ഉത്തരവുകളും പ്രമാണങ്ങളും അച്ചടിക്കാന്‍ വ്യത്യസ്ത ഫോണ്ടുകളുപയോഗിക്കുന്നു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കാര്യാലയങ്ങളുടെയും വെബ്സൈറ്റുകളില്‍ ഉപയോഗിക്കുന്ന ഫോണ്ടുകളിലും ഈ വൈരുധ്യം കാണാം. അവയില്‍ ചിലത് പഴയ ലിപിയിലും പുതിയ ലിപിയിലും സങ്കരലിപിയിലുമൊക്കെയാണ്. സ്വകാര്യ പ്രസാധകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും അച്ചടിയിലും ഈ വ്യത്യാസം കാണാം. വന്‍കിട പ്രസാധകര്‍ സ്വന്തമായി ഡിസൈന്‍ചെയ്ത ഫോണ്ടുകള്‍ ഉപയോഗിക്കുന്നു. ഏകരൂപമായ ലിപിവ്യവസ്ഥയും അതിനെ ആധാരമായുള്ള ഫോണ്ട് ഡിസൈനിങ്ങും മലയാളം അച്ചടിയിലെയും എഴുത്തിലെയും മാനകലിപിവിന്യാസത്തിന് അത്യന്താപേക്ഷിതമാണ്.

മലയാളത്തിലെ ഏകീകൃതലിപിവിന്യാസത്തിന് മാനകമായ ശൈലീപുസ്തകവും നടപ്പില്‍വരേണ്ടതുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സാഹിത്യ അക്കാദമി, പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയും പത്രസ്ഥാപനങ്ങളും അച്ചടിക്ക് വെവ്വേറെ ശൈലീപുസ്തകങ്ങള്‍ പിന്തുടരുന്നു. ശൈലീപുസ്തകം മാറുന്നതിനനുസരിച്ച് പദങ്ങള്‍ക്ക് മാനകലിപിവിന്യാസം സാധ്യമാകാതെ വരുന്നു. സ്‌കൂള്‍ ഭാഷാപഠനത്തിലിത് ഒട്ടേറെ സങ്കീര്‍ണതകളുണ്ടാക്കുന്നുണ്ട്. ഒരു പദത്തിന്റെ ശരിയായ ലിപിവിന്യാസമേതെന്ന് തീര്‍പ്പു കല്പിക്കാനാവാതെ അധ്യാപകര്‍ കുഴങ്ങുന്നു. വ്യക്തി/ വ്യക്തി, പശ്ചാത്തലം/ പശ്ചാത്തലം, അധ്യാപകന്‍/ അദ്ധ്യാപകന്‍ എന്നിവയില്‍ രണ്ടും ശരിയാണെന്ന നിലപാട് സ്വീകരിക്കേണ്ടിവരുന്നു. ലിപികാര്യത്തില്‍ എല്ലാം 'ശരിയാണെന്ന' നിലപാടെടുക്കേണ്ടിവന്നത് ലിപിപരിഷ്‌കരണത്തിനുശേഷമാണ്. ജനവരി/ ജനുവരി, ഫിബ്രവരി/ ഫെബ്രുവരി, ജൂലൈ/ ജൂലായ് എന്നിങ്ങനെ അന്യഭാഷാപദങ്ങളിലെ ലിപിവിന്യാസകാര്യത്തിലും നമുക്ക് ഐകരൂപ്യമില്ല. അധ്യയനമാധ്യമമെന്നനിലയിലും വ്യവഹാരഭാഷയെന്ന നിലയിലും സൈബര്‍ ഭാഷയെന്ന നിലയിലും മാനകമായ ശൈലീപുസ്തകം അനിവാര്യമാണ്. എല്ലാ പ്രസാധകരുടെയും അച്ചടിക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഭാഷാ കംപ്യൂട്ടിങ്ങിനും ആധാരമാക്കാവുന്ന വിധത്തിലുള്ള പരിഷ്‌കരണവും മാനകീകരണവും ഭാഷയില്‍ നടപ്പാക്കണം.


മലപ്പുറം ഗവ. കോളേജ് മലയാളവിഭാഗം അധ്യാപകനായ ലേഖകന്‍ മലയാളഭാഷാ കംപ്യൂട്ടിങ് മേഖലയിലെ ഗവേഷകനാണ്

Content Highlights: Malayalam Language

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented