പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്‍റെ അവസാനവാക്കാണ് കെ.എസ്.ആര്‍.ടി.സി. ആനവണ്ടിയെന്നാണ് ചെല്ലപ്പേരെങ്കിലും ഇപ്പോള്‍ കെഎസ്ആര്‍ടിസിക്കു ചേരുന്ന പേര് കുഴിയാനയെന്നാണ്. കുഴിയാന ഒരിക്കലും സ്വയം മുകളിലേക്കു വരില്ല, കുഴിച്ചു കുഴിച്ചു താഴേക്ക് പോകും. അതുതന്നെയാണ് കോർപറേഷന്‍റെ ഇന്നത്തെ സ്ഥിതി. കേരളത്തിന്‍റെ അഭിമാനവും സാധാരണക്കാരന്‍റെ ആശ്രയവുമായ ആനവണ്ടി, സർക്കാരിന്‍റെ വെള്ളാനയാകുന്ന കാഴ്ചയാണ് പതിറ്റാണ്ടുകളായി കണ്ടുകൊണ്ടിരിക്കുന്നത്. ദിനംപ്രതി സ്ഥിതി കൂടുതല്‍ വഷളായിവരികയും ചെയ്യുന്നു.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ 1937 സെപ്റ്റംബര്‍ 20-ന് സ്ഥാപിച്ച് 1938, ഫെബ്രുവരി 20-ന് ആദ്യ സര്‍വീസ് തുടങ്ങിയ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപാര്‍ട്ട്മെന്റാണ് പിന്നീട് ഐക്യകേരള പിറവിക്ക് ശേഷം കെ.എസ്.ആര്‍.ടി.സി ആയി മാറിയത്. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയില്‍ പെര്‍കിന്‍സ് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണിയെങ്കില്‍ ഇന്ന് കെ.എസ്.ആര്‍.ടി.സിക്ക് അശോക് ലെയ്ലാന്‍ഡ്, ടാറ്റാ മോട്ടോര്‍സ്, ഐഷര്‍, വോള്‍വോ, സ്‌കാനിയ എന്നിങ്ങനെ നിരവധി കമ്പനികളുടെ ആഡംബരം തുളുമ്പുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹന ശേഖരമുണ്ട്.
ഐക്യകേരള പിറവിക്ക് ശേഷം സ്വയംഭരണ സ്ഥാപനമായി മാറിയ കെ.എസ്.ആര്‍.ടി.സി ഇന്ന് 29 ഡിപ്പോകളും 43 സബ് ഡിപ്പോകളും 21 ഓപ്പറേറ്റിങ് ഡിപ്പോകളുമായി വലിയ സ്ഥാപനമാണ്. 6241 ബസുകളാണ് കെ.എസ്.ആര്‍.ടി.സി ആകെ സര്‍വീസ് നടത്തുന്നത്. ഇത്രയും പഴക്കവും അനുഭവപരിചയവും അനുകൂല സാഹചര്യങ്ങളും ജനങ്ങള്‍ക്കുള്ള വൈകാരിക അടുപ്പവുമെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സിക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ കണക്ക് മാത്രമാകുന്നത്? കടത്തില്‍നിന്ന് കടത്തിലേക്ക് കൂപ്പുകുത്തുന്ന, തകര്‍ച്ചയുടെ വക്കില്‍നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ എന്തുചെയ്യാനാകും? മാതൃഭൂമി ഡോട്ട് കോം പരിശോധിക്കുന്നു-
കുഴിയിലേക്ക് പതിക്കുന്ന വെള്ളാന
ഒരു ബസില്‍ ദിവസം 600 ആളുകള്‍ യാത്രചെയ്യുന്നു എന്നു കരുതിയാല്‍ 18 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നത്. ബാക്കി 48 ലക്ഷം (70 ശതമാനവും) സ്വകാര്യ ബസ് മേഖലയിലാണ്. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ മാസം 100 കോടി രൂപ വീതം ഗ്രാന്‍ഡായി നല്‍കുന്നുണ്ട്. മാസംതോറും സര്‍ക്കാര്‍ ദാനംനല്‍കുന്ന ഈ 100 കോടിയിലാണ് ഇപ്പോള്‍ സ്ഥാപനം നിലനിന്നുപോകുന്നത് എന്നതാണ് കോർപറേഷന്‍റെ ഇപ്പോഴത്തെ അവസ്ഥ.
6000-ല്‍ അധികം ബസുകള്‍ ഉണ്ടെങ്കിലും കാലപ്പഴക്കംമൂലം വര്‍ഷാവര്‍ഷം നല്ലൊരു ശതമാനം വാഹനങ്ങളും മാറ്റി പുതിയതായി സര്‍വീസിലേക്ക് കൊണ്ടുവന്നില്ലെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന വരുമാനം കൂടി കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമാകും. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷംകൊണ്ട് കെഎസ്ആര്‍ടിസി വാങ്ങിയത് വെറും 110 ബസ് മാത്രം. വേറൊന്നും കൊണ്ടല്ല, നയാപൈസ വാഹനം വാങ്ങാന്‍ കെ.എസ്.ആര്‍.ടിസിയുടെ പക്കലില്ല.
കാശില്ലാത്തതുകൊണ്ട് ബസുകള്‍ വാടകയ്ക്കെടുക്കാന്‍ പാഞ്ഞുനടക്കുകയാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. 2,885 ബസുകള്‍ വെറുതേ കിടന്ന് നശിക്കുമ്പോഴാണ് ഈ നീക്കമെന്നതാണ് ശ്രദ്ധേയം. ബസ് വാടകയ്ക്കെടുക്കും, ഡ്രൈവറും കണ്ടക്ടറും ഇന്ധനവും കെഎസ്ആര്‍ടിസി വക- ഇതാണ് അവസ്ഥ. കോവിഡ് കാലത്തിനു മുന്‍പ് പ്രതിദിനം 17 ലക്ഷം കിലോമീറ്റര്‍ ഓടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഓട്ടം 10 ലക്ഷം കിലോമീറ്റര്‍ മാത്രം. വലിയ ഇടപാടുകാരന്‍ എന്ന നിലയില്‍ ഡീസല്‍ ഇത്തിരി വിലക്കുറവില്‍ കിട്ടിയിരുന്നു. ഇതില്‍ കേന്ദ്രം കത്തിവെച്ചതോടെ അതും ഇല്ലാതായി. പുതിയ ബസില്ല. ബസില്ലാത്തതിനാല്‍ പല റൂട്ടുകളിലും ട്രിപ്പില്ല. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോക്കറ്റില്‍ പൈസയുമില്ല.
എത്ര കിട്ടിയാലും വയറുനിറയാത്ത ബകനേപ്പോലെയാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടിസിയുടെ സ്ഥിതി. എന്നാല്‍ പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍, വിശുദ്ധമായ എന്തോ ഒന്നെന്ന വിധത്തില്‍ ഒരു യുക്തിയുമില്ലാതെ സര്‍ക്കാര്‍ സഹായം കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുന്നു. പണ്ട് സ്വകാര്യ ബസുകള്‍ യഥേഷ്ടമുണ്ടായിരുന്ന ദീര്‍ഘദൂര റൂട്ടുകള്‍ മുഴുവന്‍ സര്‍ക്കാര്‍ നയപ്രകാരം ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ കുത്തകയാണ്. 140 കിലോമീറ്ററിനു മുകളിലൂള്ള റൂട്ടുകളെല്ലാം കെഎസ്ആര്‍ടിസി ഏറ്റെടുത്തെങ്കിലും അതില്‍ ഭൂരിഭാഗം റൂട്ടുകളിലും സര്‍വീസ് തുടങ്ങിയിട്ടില്ല. ഓടിക്കാന്‍ ബസില്ല എന്നതു തന്നെ കാരണം.
അത്യാവശ്യം നല്ല രീതിയില്‍ സര്‍വീസ് നടത്താന്‍ പുതിയ ബസുകള്‍ വേണമെന്നുണ്ടെങ്കില്‍ 45 മുതല്‍ 50 ലക്ഷം വരെ കുറഞ്ഞത് ചെലവാകും. കൂടാതെ ഇത്രയധികം ഡിപ്പോകളും സബ് ഡിപ്പോകളും ഉണ്ടെങ്കിലും ബസുകള്‍ ശരിയായ രീതിയില്‍ റൂട്ട് ചെയ്താലെ പുതിയതു വാങ്ങിയാലും മുതലാവൂ. വാങ്ങിയ കാശ് മുതലായില്ലെങ്കില്‍ സ്ഥാപനം വീണ്ടും കടക്കെണിയിലാകും.
ഇപ്പോള്‍ വാഹനങ്ങളുടെ കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിക്കഴിഞ്ഞു. 15 വര്‍ഷം കഴിഞ്ഞാല്‍ അവ പൊളിക്കണം. അങ്ങനെയൊരു പ്രതിസന്ധിയെ നേരിടുകയാണ് കെ.എസ്.ആര്‍.ടി.സി. ആദ്യ അഞ്ചുവര്‍ഷം സൂപ്പര്‍ ക്ലാസ്. അടുത്ത 10 വര്‍ഷം ഓര്‍ഡിനറി. അങ്ങനെ ഓടിയാലെ പുതിയ ബസ് വാങ്ങിയാല്‍ മുതലാകൂ. കെഎസ്ആര്‍ടിസിക്ക് സൂപ്പര്‍ ക്ലാസ് റൂട്ടുണ്ട്. പക്ഷേ, ബസ് വാങ്ങാന്‍ പണമില്ല. കാലാവധി കഴിയുന്ന ബസുകള്‍ക്ക് പകരം ബസുകള്‍ വാങ്ങിയാലേ സര്‍വീസുകള്‍ മുടക്കമില്ലാതെ തുടരാനാകൂ. അതിന് സാധിക്കുന്നില്ല. ഫലത്തില്‍ ബസിന്റെ എണ്ണം കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. (തുടരും)
അടുത്തത്: തച്ചങ്കരിയുടെ മുടങ്ങിപ്പോയ പഴയ ഡീലും വടംവലികളും
Content Highlights: Ksrtc struggling with huge financial losses


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..