%20(1).jpg?$p=3a0317a&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം | Mathrubhumi archives
കെ.എസ്.ആര്‍.ടി.സിയില്‍ സമ്പൂര്‍ണ ദേശസാത്കരണം കൊണ്ടുവരാനുള്ള പദ്ധതിയെപ്പറ്റിയായിരുന്നു കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തത്. ആ പദ്ധതി യൂണിയനുകളുടെ എതിര്‍പ്പുമൂലം നടന്നില്ല. അപ്പോള്‍ കെ.എസ്.ആര്‍.ടിസിയെ രക്ഷപ്പെടുത്താന്‍ എന്താണ് മറ്റൊരുവഴി. സ്വകാര്യവത്കരണമാണ് ആ വഴിയെന്ന് പറയുന്നവരും കുറവല്ല. കഴിഞ്ഞ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കു 6000 കോടി രൂപയാണ് സഹായമായി നല്‍കിയത്. ഇങ്ങനെ പൊതുജനങ്ങളുടെ പണം തിന്ന് തീര്‍ക്കുന്നതല്ലാതെ എന്ത് മെച്ചമാണ് കെ.എസ്.ആര്‍.ടി.സി നാടിന് നല്‍കിയത് ?
എത്ര നാളിങ്ങനെ കെഎസ്ആര്‍ടിസിയെ നിലനിര്‍ത്താനാവും ? നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെഎസ്ആര്‍ടിസി ഒന്നാമതാണ്. സ്വകാര്യ ബസുകളേപ്പോലെ നികുതി, പെര്‍മിറ്റ് ബാധ്യതകള്‍ പോലും കെ.എസ്.ആര്‍.ടി.സിക്കില്ല. എന്നിട്ടും നഷ്ടത്തിലാണത്രെ. ഉദ്യോഗസ്ഥ ബാഹുല്യം, ഭരണ സംവിധാനങ്ങള്‍ എന്നിങ്ങനെ നോക്കുമ്പോള്‍ ഈജിയന്‍ തൊഴുത്തുപോലെ ആകെ കൂടിക്കുഴഞ്ഞ് നില്‍ക്കുന്ന കെ.എസ്.ആര്‍.ടിസിയെ മാറ്റിമറിക്കാന്‍ സ്വകാര്യ മേഖലയ്ക്കുവേണ്ടി തുറന്നു കൊടുക്കണമെന്ന വാദവും ശക്തിപ്പെടുന്നുണ്ട്.
റൂട്ടുകളും ബസ് സ്റ്റാന്‍ഡും ഉള്‍പ്പെടെ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കണം. മത്സരം വരുമ്പോള്‍ നിലവാരം മെച്ചപ്പെടും. മെച്ചപ്പെട്ടില്ലെങ്കില്‍ ആരും കയറാന്‍ തയ്യാറാകാതെ വരുമെന്നgകണ്ട് സ്വയം നന്നാവാനെങ്കിലും കെ.എസ്.ആര്‍.ടി.സിക്ക് തോന്നും. എല്ലാ നഗരങ്ങളിലും കണ്ണായ സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസിക്കു സ്റ്റാന്‍ഡുകളുണ്ട്. അവിടെ സ്വകാര്യ ബസുകളെയും പ്രവേശിപ്പിക്കണം. സ്വകാര്യ ബസുകളില്‍ നിന്ന് ഇതിനായി നിശ്ചിത തുക ഫീസായി ഈടാക്കാം.
അങ്ങനെ കെ.എസ്.ആര്‍.ടി.സിക്ക് വരുമാനമുണ്ടാക്കാം. ഇത്തരം സ്ഥലങ്ങളില്‍ കച്ചവട കേന്ദ്രങ്ങള്‍ വരുന്നതോടെ ഇതര വരുമാന സാധ്യതയും ഉയരും. ബസ് സ്റ്റാന്‍ഡുകളെ ബസ് ട്രാന്‍സ്പോര്‍ട്ട് പോര്‍ട്ടാക്കി ഉയര്‍ത്തണം. പൊതുഗതാഗതം സംബന്ധിച്ച കേന്ദ്ര നയത്തില്‍ ഇതെല്ലാം പറയുന്നുണ്ട്. എന്നിട്ട് നടപ്പിലാക്കിയാലെന്താ എന്നാണ് ചോദ്യം. സ്വകാര്യവത്കരണത്തിനോട് സര്‍ക്കാരുകള്‍ക്ക് യോജിപ്പില്ല എന്നതുതന്നെ കാരണം. തൊഴില്‍ നഷ്ടപ്പെടുമെന്നും നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാകുമെന്നുമുള്ള ഭയവും മൂലം യൂണിയനുകളും എതിര്‍പ്പുയര്‍ത്തും.
പൊതു ഗതാഗതത്തിന്റെ ദേശീയ ശരാശരിയായ ആയിരത്തിന് 1.33 നിലവാരത്തിലെത്താന്‍ കെഎസ്ആര്‍ടിസിക്കു കഴിയില്ല. അപ്പോള്‍ പിന്നെ ആ സ്ഥാനത്തേക്ക് സ്വകാര്യ സംരംഭകരെക്കൂടെ ഉള്‍ക്കൊള്ളിക്കുകയല്ലെ വേണ്ടത്. ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിച്ചേ സ്ഥാപനത്തിന്റെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ എന്ന വസ്തുത എല്ലാവരും മനസ്സിലാക്കിയേതീരൂ. ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാതെ സ്ഥാപനത്തിന് മുന്നോട്ടുപോകാനാവില്ല.
വരവും ചെലവും തമ്മിലുള്ള വര്‍ദ്ധിച്ച പൊരുത്തക്കേടാണ് കെ.എസ്.ആര്‍.ടി.സി നേരിടുന്ന പ്രധാന വെല്ലുവിളി. കുത്തഴിഞ്ഞ ഭരണക്രമവും ജീവനക്കാരുടെ ആധിക്യവും ആത്മാര്‍ത്ഥതയില്ലാത്ത സമീപനവുമെല്ലാം കൂടി കോര്‍പറേഷനെ ശ്വാസം മുട്ടിക്കുകയാണ്. മുടങ്ങാതെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന നിലയിലെത്തിയത് ഇന്നോ ഇന്നലെയോ അല്ല. വര്‍ഷങ്ങളായി ആ സ്ഥിതി തുടരുകയാണ്. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി ഇടക്കാലത്ത് കുറച്ചൊക്കെ നേട്ടമുണ്ടായതാണ്. എന്നാല്‍ തലപ്പത്ത് അടിക്കടി വരുത്തിയ മാറ്റങ്ങള്‍ ആ നേട്ടം ഇല്ലാതാക്കി.
പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ സഹായത്തിന് സര്‍ക്കാര്‍ എത്തുമെന്ന് ഉറപ്പുള്ളതിനാല്‍ കോര്‍പറേഷന്റെ ഭരണതലപ്പത്ത് പൊതുവേ ഒരു അലംഭാവം എക്കാലത്തും പ്രകടമാണ്. ഇതില്‍ ഒരു മാറ്റമുണ്ടായത് ടോമിൻ തച്ചങ്കരിയുടെ കാലത്താണ്. പ്രവര്‍ത്തനം വൈവിദ്ധ്യവത്കരിക്കല്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നല്ലൊരു ഉപായമാണ്. വൈവിധ്യവത്കരണം എങ്ങനെ വേണമെന്ന് പക്ഷെ കോര്‍പറേഷന് പിടിത്തമില്ല. കോര്‍പറേഷന് ഭാരമാകാത്ത വിധത്തില്‍ ഡിപ്പോകളില്‍ പുതിയ വാണിജ്യ സംരംഭങ്ങള്‍ തുടങ്ങാവുന്നതേയുള്ളൂ.
.jpg?$p=73d2ee8&w=610&q=0.8)
അത് പക്ഷേ വന്‍കിട മന്ദിരങ്ങള്‍ നിര്‍മിച്ച് കോടികള്‍ പൊടിച്ചതുപോലെ ആകരുതെന്ന് മാത്രം. ആസൂത്രണമില്ലായ്മ കാരണം നിര്‍മിച്ച ബഹുനില മന്ദിരങ്ങള്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് തന്നെ ബാധ്യതയായി ഉപയോഗമില്ലാതെ കിടക്കുകയാണ്. കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും കെട്ടിടങ്ങള്‍ തന്നെ ഉദാഹരണം. തിരുവനന്തപുരത്തെ ബഹുനില മന്ദിരത്തില്‍ പോലും നിരവധി വാണിജ്യ സ്ഥലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കോഴിക്കോട്ടേതാണെങ്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയാകുന്ന ലക്ഷണമാണ് കാണുന്നത്.
ഏറ്റവും കുറഞ്ഞ ഉത്പാദന ക്ഷമത, മോശം ഫ്‌ളീറ്റ് യൂട്ടിലൈസേഷന്‍, മോശം ഇന്ധന ഉപയോഗം ഇവയൊക്കെയാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രശ്നങ്ങളിലുള്ളത്. ഇതൊക്കെ മാറണമെങ്കില്‍ സ്വകാര്യവത്കരണം വരണമെന്നും സ്വതന്ത്രമായ പൊതുഗതാഗത സംവിധാനം വരണമെന്നുമുള്ള നിര്‍ദ്ദേശമാണ് നിലവിലുയരുന്നത്. അതിന് പക്ഷെ രാഷ്ട്രീയ തീരുമാനവും ശക്തമായ മേല്‍നോട്ടവും വേണം. നിലവിലെ സാഹചര്യത്തില്‍ അതൊക്കെ വരുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..