.jpg?$p=6ccc784&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം | Mathrubhumi archives
പ്രതിസന്ധി പരിഹരിക്കാന്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനാണ് സ്വകാര്യ ബസുടമകള്‍ക്കൊപ്പം കെ.എസ്.ആര്.ടി.യും വാദിക്കുന്നത്. സ്ഥിര വരുമാനമില്ലാത്ത, ടു വീലര്‍ ഓടിക്കാന്‍ കെല്‍പ്പില്ലാത്ത/അറിയില്ലാത്ത വനിതകളോ വിദ്യാര്‍ഥികളോ പ്രായമായവരോ ഒക്കെയാണ് ഇപ്പോള്‍ ബസ് യാത്രക്കാര്‍. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് അത്തരം ആളുകളെ കൂടുതല്‍ പൊതുവാഹനങ്ങളില്‍ നിന്ന് അകറ്റാന്‍ മാത്രമേ ഉപകരിക്കൂ. ബസിന് പോയിവരുന്ന സമയ- പണ ചെലവുകള്‍ തട്ടിക്കിഴിച്ച് നോക്കിയാല്‍ സ്വന്തം ഇരുചക്ര വാഹനത്തില്‍ പോകുന്നതാണ് ലാഭമെങ്കില്‍ പിന്നെ ആര് ബസില്‍ യാത്രചെയ്യാനെത്തും? ആളുകള്‍ക്ക് പഴ്സണല്‍ കംഫര്‍ട്ട് ആണ് ഇഷ്ടം. ബസ് ഉപേക്ഷിച്ചു പോയ ഇവരാരും ഇനി ബസിലേക്കു തിരിച്ചുവരില്ല. പെട്രോളിനു ലീറ്ററിന് 200 രൂപയായാലും ഇവര്‍ ടുവീലര്‍ തന്നെ ഇഷ്ടപ്പെടും.
അങ്ങനെയുള്ളപ്പോള്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ നേട്ടം കൊയ്യാന്‍ ഒരു ആശയം ഉരുത്തിരിഞ്ഞുവന്നിരുന്നു. ടോമിന് ജെ. തച്ചങ്കരി കെ.എസ്.ആര്.സി എംഡി ആയിരുന്നപ്പോഴാണത്. കോടികള്‍ മുടക്കി ബസുകള്‍ വാങ്ങി സര്‍വീസ് നടത്തുന്നതിനേക്കാള്‍ സ്വകാര്യ ബസുകളെ ഉപയോഗിച്ച് സര്‍വീസ് വര്‍ധിപ്പിക്കുകയും നേട്ടം പങ്കിട്ടെടുക്കുകയും ചെയ്യുന്നതായിരുന്നു പദ്ധതി. ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളുടെ മാതൃകയിലാണ് പദ്ധതി കൊണ്ടുവന്നത്.
%20(1).jpg?$p=739fd9e&w=610&q=0.8)
സ്വകാര്യ ബസുകളെക്കൂടി കെ.എസ്.ആര്.ടി.സിയുടെ ഭാഗമാക്കിമാറ്റി പൊതുഗതാഗതം ഏകീകരിക്കുന്ന പദ്ധതി ആയിരുന്ന തച്ചങ്കരി മുന്നോട്ടുവെച്ചത്. 2018-ല്‍ സ്വകാര്യ ബസുടമകളുമായി ചര്‍ച്ചചെയ്ത് പദ്ധതി തയ്യാറാക്കിയെങ്കിലും അത് ഇതുവരെ നടപ്പിലായില്ല. യൂണിയനുകളുടെ എതിര്‍പ്പായിരുന്നു കാരണം. യുപി, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് മുഴുവന്‍ ബസ് സര്‍വീസിന്റെയും ചുമതല. അതേപോലെ ഇവിടെയും കൊണ്ടുവരാനായിരുന്നു തച്ചങ്കരി പദ്ധതിയിട്ടത്. ഡിസല്‍ ചെലവും നികുതിയും കെ.എസ്.ആര്.ടി.സി വഹിക്കുന്ന പദ്ധതിയോട് ഇപ്പോഴും സ്വകാര്യ ബസുടമകളില്‍ നല്ലൊരു ശതമാനത്തിനും തുറന്ന സമീപനം തന്നെയാണ്.
പദ്ധതി ഇങ്ങനെ
ഡീസല്‍ ചെലവും റോഡ് നികുതിയും കെ.എസ്.ആര്.ടി.സി വഹിക്കും. ബസിന്റെ ഡ്രൈവറെ സ്വകാര്യ ബസുടമയ്ക്ക് നിയമിക്കാം. ഇയാളുടെ ശമ്പളം ബസുടമ നല്‍കണം. കണ്ടക്ടറെ കെ.എസ്.ആര്.ടി.സി നിയോഗിക്കും. നോണ്‍ എസി. ബസാണെങ്കില്‍ കിലോമീറ്ററിന് 12 രൂപയും എസി ബസിന് 19 രൂപയുമാണ് വാടകയായി നല്‍കാമെന്ന് അന്ന് പറഞ്ഞിരുന്നത്. ഇങ്ങനെ ലഭിക്കുന്ന വാടകയില്‍ നിന്ന് ഡ്രൈവറുടെ ശമ്പളം സ്വകാര്യ ബസുടമ നല്‍കണം. ബാക്കി കിട്ടുന്നത് ബസിന്റെ അറ്റകുറ്റപ്പണിക്കും ശേഷമുള്ളത് വരുമാനവും. ഇതായിരുന്നു അന്ന് മുന്നോട്ടു വെച്ച നിര്‍ദ്ദേശം.
പദ്ധതി നടപ്പിലായിരുന്നെങ്കില്‍ സ്വകാര്യ ബസുടമകള്‍ക്കും കെ.എസ്.ആര്.ടി.സിക്കും ഒരേപോലെ നേട്ടമുണ്ടാകുമായിരുന്നു. ബസ് സര്‍വീസ് നടത്തിപ്പില്‍ അടിക്കടി വര്‍ധിക്കുന്ന ചെലവും നഷ്ടങ്ങളും കാട്ടിയാണ് സ്വകാര്യ ബസുടമകള്‍ സമരത്തിനിറങ്ങുന്നതും ചാര്‍ജ് വര്‍ധന ആവശ്യപ്പെടുന്നതും. മാത്രമല്ല, റോഡ് നികുതിയും ഇന്ധന വിലവര്‍ധനവും മൂലം പലരും മേഖലയില്‍നിന്ന് വിട്ടുനില്‍ക്കാനും തുടങ്ങി. ഇത് ഗ്രാമീണ മേഖലകളില്‍ ബസ് സര്‍വീസുകള്‍ കുറയാന്‍ ഇടയാക്കുന്നു.
.jpg?$p=8b480bb&w=610&q=0.8)
ദിവസ വരുമാനത്തേക്കാള്‍ കൂടിയ തുക വാടകയിനത്തില്‍ നല്കി സ്വകാര്യബസുകളെ കെ.എസ്.ആര്.ടി.സിയുടെ ഭാഗമാക്കുന്ന പദ്ധതി നടപ്പിലായാല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരവും ചാര്‍ജ് വര്‍ധനയും പിടിച്ചുനിര്‍ത്താനാകും. ഗ്രാമീണ മേഖലയിലേക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ കെ.എസ്.ആര്.ടി.സിക്കാകും. മാത്രമല്ല ദീര്‍ഘദുര സൂപ്പര്‍ ക്ലാസ് റൂട്ടുകളിലും കൂടുതല്‍ ബസുകള്‍ ഓടിക്കാനാകും.
ഇതുവഴി പുതിയ ബസുകള്‍ വാങ്ങേണ്ട ചെലവ് വലിയതോതില്‍ കുറയ്ക്കാനാകും. ആ തുക കെ.എസ്.ആര്.ടി.സിക്ക് ലാഭിക്കാം. ബസിന്റെ അറ്റകുറ്റപ്പണി മുതലായ തലവേദന കെ.എസ്.ആര്.ടി.സിക്കുണ്ടാകില്ല. ദേശസാത്കരണമെന്ന ലക്ഷ്യം പൂര്‍ത്തിയാകും. ന്യായമായ തുക ലഭിച്ചാല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം സ്വകാര്യ ബസുടമകളില്‍ നിന്നുണ്ടാകില്ല. വിദ്യാര്‍ഥി കണ്സഷന് ഏകരൂപമായി തീരും. മാത്രമല്ല കെ.എസ്.ആര്.ടി.സി കണ്ടക്ടറാകാന്‍ കൂടുതല്‍ ആളുകള്‍ക്ക് അവസരവും ലഭിക്കും. അങ്ങനെ നേട്ടങ്ങള്‍ ധാരാളമാണ്.
എന്നാല്‍ ഇത്രയും മികച്ച പദ്ധതി ഇതുവരെ വെളിച്ചംകാണാതെ ഫയലില്‍ കിടന്നുറങ്ങുകയാണ്. ഓരോ ഫയലിലും ഒരുപാട് ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ കിടപ്പുണ്ട്. അത്തരത്തില്‍ ഒരിക്കലും നടപ്പിലാകാതെ പോയേക്കാവുന്ന ഫയലുകളുടെ കൂട്ടത്തില്‍ ഒന്നുകൂടി. തച്ചങ്കരിക്ക് ശേഷം വന്നവരാരും അത് നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുമില്ല. നടപ്പിലാക്കാന്‍ യൂണിയനുകള്‍ക്ക് താത്പര്യവുമില്ല.
ഞങ്ങള്‍ക്ക് സമ്മതം- സ്വകാര്യ ബസുടമകള്‍
2018ലെ നിര്‍ദ്ദേശത്തോട് ഇന്നും സ്വകാര്യ ബസുടമകള്‍ക്ക് തുറന്ന സമീപനം തന്നെയാണ്. ബസ് വാടകയ്ക്കെടുത്താല്‍ അന്നന്നത്തെ വാടക സര്‍വീസ് അവസാനിപ്പിച്ച് അന്ന് വൈകിട്ട് തരണം എന്നത് മാത്രമായിരുന്നു ഞങ്ങളുടെ നിബന്ധന. ഇങ്ങനെ സര്‍ക്കാരിന് പണം അങ്ങോട്ട് കൊടുത്ത് നഷ്ടം സഹിച്ച് സര്‍വീസ് നടത്തുന്നതിനേക്കാള്‍ നല്ല പദ്ധതി ആയിരുന്നു. പക്ഷെ കെ.എസ്.ആര്.ടി.സിയിലെ യൂണിയനുകളുടെ എതിര്‍പ്പാണ് അത് നടപ്പിലാകാതെ പോകാന്‍ കാരണം. ദേശസാത്കരണത്തിന് ഞങ്ങളാരും എതിരല്ല. ഇപ്പോള്‍ ബസ് സര്‍വീസ് നടത്തുന്നത് തന്നെ നഷ്ടം സഹിച്ചാണ്. ഇനിയും നഷ്ടമുണ്ടാകാതിരിക്കാനാണ് ഇപ്പോള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇന്ധനമടക്കം എല്ലാത്തിനും വിലകൂടി. നിലവിലെ ടിക്കറ്റ് വരുമാനം വെച്ച് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം പോലും നല്കാന് സാധിക്കില്ല. ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ല.
- ഗോപിനാഥന്, പ്രസിഡന്റ്- പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്
Read more -
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..