ഡി.പി.ആർ സമർപ്പിച്ചിട്ട് രണ്ട് വർഷം; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ പിന്നാക്കം പായുമോ കെ റെയിൽ?


സാബി മുഗു



2020 ജൂണ്‍ 17-നാണ് ഡിപിആര്‍ (Detailed Project Report) കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചത്.

In Depth

.

"സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആരെതിർത്താലും അത്തരം കാര്യങ്ങൾ സർക്കാർ നടപ്പാക്കുകതന്നെ ചെയ്യും. പദ്ധതി പദ്ധതിയായിത്തന്നെ നടക്കും"

പ്രതിപക്ഷ പ്രക്ഷോഭങ്ങൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇതായിരുന്നു. സിപിഎമ്മിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ സംസ്ഥാനത്ത് നടപ്പിലാക്കും എന്നത് തന്നെയായിരുന്നു സർക്കാരിന്റേയും ഭാഗം.

കാസർകോട് മുതൽ തിരുവനന്തപുരം വരെ വെറും നാല് മണിക്കൂറിൽ യാത്ര സാധ്യമാകുക, ദീർഘദൂര യാത്രക്കാർക്കും ജോലിക്കാർക്കും എന്തു കൊണ്ടും ഗുണകരമാകുമെന്ന് അവകാശപ്പെടുന്ന പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി. ഇത് നടപ്പാക്കുന്നതിന് വേണ്ടി കേന്ദ്രാനുമതി തേടി ഡിപിആർ സമർപ്പിച്ചിട്ട് രണ്ടു വർഷം തികഞ്ഞു. 2020 ജൂണ്‍ 17-നാണ് ഡിപിആര്‍ (Detailed Project Report) കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചത്. എന്നാൽ സർവേക്കല്ലിടൽ തിരക്കിട്ടുറപ്പിക്കാൻ നടന്ന സർക്കാർ ഇപ്പോൾ പദ്ധതിയിൽ നിന്ന് തന്നെ പിന്നോട്ടടിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഡിപിആർ സമർപ്പിച്ചിട്ട് രണ്ട് വർഷം കഴിയുമ്പോഴും കേന്ദ്രത്തിൽ നിന്നുള്ള അനുമതി ലഭിക്കാത്തത് തന്നെയാണ് കാരണം. കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതെ സംസ്ഥാനത്തിന് ഒറ്റയ്ക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല എന്നത് കൊണ്ട് തന്നെ ഒന്നുകിൽ സർക്കാർ കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും. അല്ലെങ്കിൽ സർക്കാരിന് തങ്ങളുടെ സ്വപ്ന പദ്ധതി ഉപേക്ഷിക്കേണ്ടി വരും. സർക്കാർ വ്യക്തമാക്കുന്നത് പോലെ, ജനങ്ങളിൽ ഭൂരിഭാഗം പേർക്കും ഗുണകരമാകുമായിരുന്ന പദ്ധതി, സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് കാരണമാകുമായിരുന്ന പദ്ധതി അങ്ങനെയെങ്കിൽ വെറും കടലാസിൽ ഒതുങ്ങേണ്ടിവരും.

ജനസംഖ്യയ്ക്ക് അപര്യാപ്തമായ റെയിൽവേ സംവിധാനം, ഡിപിആർ

കെ റെയില്‍ കോര്‍പ്പറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആര്‍ തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിലെ നിലവിലുള്ള റെയില്‍വേ സംവിധാനം ഇവിടുത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ അപര്യാപ്തമാണെന്നാണ് ഡിപിആറിൽ പറയുന്നത്.

പദ്ധതിക്ക് 1222.45 ഹെക്ടര്‍ ഭൂമി വേണ്ടി വരും. ഇതില്‍ 1074.19 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതാണ്‌.107.98 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും റെയില്‍വേയുടെ കൈവശമുള്ള 44.28 ഹെക്ടര്‍ ഭൂമിയും സില്‍വര്‍ലൈന്‍ പദ്ധതിക്കായി വേണ്ടിവരും. പാതയുടെ 190 കിലോമീറ്റര്‍ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റര്‍ വയല്‍-തണ്ണീര്‍ത്തടങ്ങളിലൂടെയാകും കടന്നുപോവുക. ചെറിയ നഗരങ്ങളിലൂടെ 50 കിലോമീറ്ററും വലിയ അല്ലെങ്കില്‍ ഇടത്തരം നഗരങ്ങളിലൂടെ 40 കിലോമീറ്ററും കടന്നുപോകുന്നു. കൊച്ചി നഗരത്തിലൂടെ മൂന്ന് കിലോമീറ്ററും പാത കടന്നുപോകുന്നു. 60 കിലോമീറ്റര്‍ റെയില്‍വേയുടെ ഭൂമിയിലൂടെയാകും പോകുക.

പാതയില്‍ 11.5 കിലോമീറ്ററുകള്‍ തുരങ്കങ്ങളാകും. 13 കിലോമീറ്ററോളം പാലങ്ങളും പാതയിലുണ്ടാകും. തറനിരപ്പിന് മുകളിലൂടെ 88.412 കിലോമീറ്ററും തറനിരപ്പിലൂടെ 292.728 കിലോമീറ്ററും കടന്നുപോകുന്നു. മലകള്‍ തുരന്നും കുന്നുകള്‍ നികത്തിയും പാത കടന്നുപോകുന്നുണ്ട്. ചെലവ് കുറയ്ക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് ഡിപിആറില്‍ വിശദീകരിക്കുന്നത്. 2025ൽ പദ്ധതി ആരംഭിക്കാൻ കഴിയുമെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്.

ഡിപിആറിലെ വെരുദ്ധ്യങ്ങളും കെ റെയിലിന്റെ ആത്മവിശ്വാസവും

സിൽവർലൈനിന് ആവശ്യമായ റെയിൽവേ ഭൂമി സംബന്ധിച്ച വിവരം തേടി നാല് തവണയാണ് റെയിൽവേ ബോർഡ് കെ-റെയിലിന് കത്ത് നൽകിയത്. 2020 ജൂൺ 24-നാണ് വിശദ പദ്ധതിരേഖ ബോർഡിന് നൽകിയത്. രേഖയിലെ സാങ്കേതികസംശയങ്ങൾക്ക് ജൂലായ്‌ 26-നാണ് കെ-റെയിൽ മറുപടി നൽകിയത്.

ഡിപിആറിലെ വൈരുദ്ധ്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അനുമതി വൈകിക്കുന്നത് എന്നാണ് വിവരം. റെയിൽവേ ബോർഡ് പറഞ്ഞ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി സിൽവർലൈൻ പദ്ധതിരേഖയിൽ മാറ്റം വരുത്തേണ്ടി വരും. പക്ഷേ മാറ്റം വേണ്ടെന്നും ബോർഡ് ആവശ്യപ്പെട്ട കാര്യങ്ങൾ നൽകിയാൽ മതിയെന്നുമാണ് കെ-റെയിൽ ഭാഗം. വിശദപദ്ധതിരേഖയിൽ വേണ്ടിവന്നാൽ മാറ്റം വരുത്താമെന്ന് സംസ്ഥാനത്തെ മന്ത്രിമാർ പറഞ്ഞെങ്കിലും ഡി.പി.ആറിൽ തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ് കെ റെയിൽ.

ഡിപിആറിനൊപ്പം സമർപ്പിച്ച രേഖകളിൽ, റെയിൽവേ ഭൂമി ശരാശരി ഏഴരമീറ്റർ വീതം വിവിധ ഇടങ്ങളിൽ എടുക്കുമെന്നായിരുന്നു മറുപടി. ഇതിൽ വ്യക്തതയില്ലെന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്. സ്റ്റേഷനുകളുമായി ചേർന്ന് സിൽവർലൈൻ വരുന്നയിടം, ഉപയോഗിക്കുന്ന ഭൂമി എന്നിവയുടെ സ്കെച്ച് നൽകിയെങ്കിലും ഇത് നിലവിൽ റെയിൽവേ ഏതെങ്കിലും ആവശ്യത്തിന് മാറ്റിയിട്ടതാണോ തുടങ്ങിയ വിവരങ്ങൾ ഇല്ലെന്നാണ് ബോർഡ് ചൂണ്ടിക്കാട്ടിയത്. ഇതിനുള്ള പഠനം നടക്കുന്നുണ്ടെന്നാണ് കെ-റെയിൽ നൽകിയ വിവരം.

മാറ്റം വരുത്തേണ്ടവ

* 2020 സെപ്തംബറിലെ മറുപടി പരിശോധിച്ച ബോർഡ് ഡിസംബറിൽ വീണ്ടും യോഗം ചേർന്നു. രേഖയിലെ സാങ്കേതിക വിവരങ്ങൾ പൂർണമല്ലെന്ന് അറിയിച്ചു. ഇത് കൂട്ടിച്ചേർക്കേണ്ടിവരും.
* ആകാശപാതയായി ആദ്യം പറഞ്ഞിരുന്ന സിൽവർലൈൻ പിന്നീട് ഭൂരിഭാഗവും ഭൂനിരപ്പിലേക്ക് വന്നതിന്റെ വിശദാംശങ്ങൾ ബോർഡ് മുമ്പാകെ ഇല്ലെന്ന് പ്രോജക്ട്സ് വിഭാഗം പറയുന്നു. ഇത് നൽകുമ്പോൾ ഡി.പി.ആർ. പുതുക്കണം.
* പദ്ധതിച്ചെലവ് ലക്ഷം കോടി കവിയുമെന്ന നീതിആയോഗിന്റെ വാദത്തിന് ബദലായി കെ-റെയിൽ പറഞ്ഞത് 64000 കോടി മാത്രം മതിയെന്നാണ്. ഈ വ്യത്യാസം സ്ഥാപിക്കണം.
* ജലപ്രവാഹപഠനം, പുതിയ പരിസ്ഥിതി ആഘാതപഠനം എന്നിവ ചേർക്കണം. മുമ്പ് നടത്തിയ ലിഡാർ സർവേയുടെ വിവരങ്ങൾക്കുപുറമേ പദ്ധതി പ്രദേശത്ത് നേരിട്ടിറങ്ങി നടത്തുന്ന സർവേ വിവരങ്ങളും വേണം.

അനുമതി നൽകാതെ കേന്ദ്രം

കെ-റെയിലിന് തത്കാലം അനുമതി നല്‍കാനാകില്ലെന്നാണ് ഫെബ്രുവരിയിൽ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചത്. കേരളം നല്‍കിയ ഡിപിആര്‍ അപൂർണമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം ഡിപിആറിൽ വ്യക്തമാക്കിയിട്ടില്ലെന്നുമാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയത്.

കേരളത്തില്‍ നിന്നുള്ള എംപിമാരായ എന്‍കെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്.

ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യഭൂമിയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയത്.

ഡിപിആർ സമർപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ കേന്ദ്രം അനുമതി നൽകിയിട്ടില്ലഎന്നുമുള്ള പരസ്പര വെല്ലുവിളികൾക്കും പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ ഡിപിആറിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കാതെ ഇനി മുന്നോട്ടു നീങ്ങാനാകില്ലെന്ന സാഹചര്യമാണ് നിലവിൽ സർക്കാരിന്റെ മുന്നിലുള്ളത്. അത് മുഖ്യമന്ത്രി തുറന്നു സമ്മതിക്കുകയും ചെയ്തു.

കെ റെയിൽ സർവേയ്ക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റി പോലീസ് കാവലിൽ. ഫോട്ടോ: കൃഷ്ണപ്രദീപ് | മാതൃഭൂമി

സിപിഎം പ്രകടനപത്രികയും സിൽവർ ലൈനും

2019ൽ തന്നെ സിൽവർ ലൈനിന് തത്വത്തിൽ കേന്ദ്രത്തിൽ നിന്ന് അംഗീകാരം ലഭിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന് സിൽവർ ലൈൻ തന്നെയായിരുന്നു.

"കൊച്ചിയില്‍ നിന്ന് പാലക്കാട് വഴിയുള്ള വ്യവസായ ഇടനാഴി, കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേയ്ക്കുള്ള വ്യവസായ ഇടനാഴി, തിരുവനന്തപുരം കാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്മെന്റ് പദ്ധതി, പുതിയ തെക്കു-വടക്ക് സില്‍വര്‍ ലൈന്‍ റെയില്‍വേ പദ്ധതി എന്നീ നാലു ഭീമന്‍ പശ്ചാത്തല സൗകര്യ പദ്ധതികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗണ്യമായി പൂര്‍ത്തീകരിക്കും" സിപിഎമ്മിന്റെ പ്രകടന പത്രികയിലെ 50 ഇന പരിപാടികളിൽ 31-ാമതായി പറഞ്ഞിരിക്കുന്നത് ഇതാണ്.

ഈ പ്രകടനപത്രിക രൂപപ്പെടുത്തിയതു ജനപങ്കാളിത്തത്തോടെയാണ്. എല്ലാ വിഭാഗം ജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ടു നടത്തിയ സംവാദങ്ങൾ, വിവിധ സംഘടനകളും വ്യക്തികളും ഓൺലൈനായും അല്ലാതെയും അയച്ചതന്ന നിർദ്ദേശങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പാർട്ടികളുടെ കുറിപ്പുകൾ, ഇവയെല്ലാം ഉൾക്കൊണ്ടുകൊണ്ടാണ് 900 വാഗ്ദാനങ്ങളുടെ പ്രകടനപത്രിക രൂപംകൊണ്ടതെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു.

രണ്ടാം പിണറായി സർക്കാരും സിൽവർ ലൈൻ പ്രവർത്തനങ്ങളും

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ സർക്കാർ പൂർണമായും കെ റെയിൽ പദ്ധതികൾക്ക് തുടക്കമിട്ടു. ആദ്യഘട്ടങ്ങളിൽ കടലാസ് ജോലികളും മറ്റും നടന്നിരുന്നിടത്ത് നിന്ന് സർവേക്കല്ലിടലടക്കമുള്ള പ്രവൃത്തികളിലേക്ക് സർക്കാർ കടന്നു.

വൻ ഭൂരിപക്ഷത്തോടെ വീണ്ടും സർക്കാരിനെ തിരഞ്ഞെടുത്ത ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു സിൽവർ ലൈനിന്റെ ബാഹ്യ പ്രവൃത്തികളിലേക്ക് ഏർപ്പെടാൻ സർക്കാർ ആരംഭിച്ചത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. വികസന പദ്ധതിയായി സിൽവർ ലൈൻ ആളുകളിൽ ഭീതിപടർത്തിത്തുടങ്ങി. സർവേ കല്ലിടാനെത്തുന്നവർക്കെതിരേ പ്രതിഷേധങ്ങളാരംഭിച്ചു. അടുക്കളകളിലും വീടിന്റെ കോലായിലും മഞ്ഞക്കല്ലിട്ടു തുടങ്ങിയപ്പോൾ, തങ്ങൾ ജനിച്ചു വീണ സ്ഥലം ഇല്ലാതാകുന്നു എന്ന ഭയം പിടികൂടി. ജനം പ്രതിപക്ഷത്തിനൊപ്പം തെരുവിലിറങ്ങി. എന്നാൽ എന്തൊക്കെ സംഭവിച്ചാലും ഒരടി പിന്നോട്ടില്ല എന്നു തന്നെയായിരുന്നു സർക്കാർ വ്യക്തമാക്കിയത്.

സിൽവർ ലൈനിനെ എതിർക്കുന്നതോടെ പ്രതിപക്ഷ പാർട്ടികളെ വികസന വിരോധികളാക്കി ചിത്രീകരിക്കാനും സാധിച്ചു. ആളുകൾ സ്ഥലം കെട്ടിപ്പിടിച്ചിരുന്നാൽ നാട്ടിൽ വികസനം എങ്ങനെ വരും എന്ന ചോദ്യവുമായി സാമൂഹ്യ മാധ്യമങ്ങളിലും ന്യായീകരണങ്ങൾ നിറഞ്ഞു. എന്നാൽ ജനങ്ങൾ പിന്മാറാൻ തയ്യാറായിരുന്നില്ല.

പൗരപ്രമുഖരുമായി ചർച്ച, യോഗം, വൻ നഷ്ടപരിഹാരം

ജനങ്ങളുടെ ആശങ്കയകറ്റാൻ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി. പൗരപ്രമുഖരെ വിളിച്ചു ചേർത്ത് ഓരോ ജില്ലകളിലും മുഖ്യമന്ത്രി വിശദീകരണ യോഗങ്ങൾ നടത്തി. സിപിഎം ജനങ്ങളുമായി നേരിട്ട് സംവാദിച്ചു. മന്ത്രിമാർ നേരിട്ട് വീടുകളിലേക്ക് ഇറങ്ങി. അതേസമയം ഭൂമി നഷ്ടപ്പെടുന്നവർക്ക് വൻ തുക വാഗ്ദാനങ്ങളും സർക്കാർ പ്രഖ്യാപിച്ചു.

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വാസസ്ഥലം നഷ്ടമാകുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു പുനരധിവാസ പാക്കേജിൽ വ്യക്തമാക്കിയത്. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.6 ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. വിപണി വിലയുടെ ഇരട്ടിത്തുകയാണ് നഷ്ടപരിഹാരമായി ഭൂവുടമകള്‍ക്ക് നല്‍കുക പുനരധിവാസ പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

സ്വപ്ന സമാന നഷ്ടപരിഹാരം

വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് മൂന്ന് ഓപ്ഷനുകളാണ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്.

1 - നഷ്ടപരിഹാര തുകയ്ക്ക് പുറമെ അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും.
2- നഷ്ടപരിഹാര തുകയ്ക്ക് പുറമേ അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും.
3 - നഷ്ടപരിഹാര തുകയ്ക്ക് പുറമേ 10 ലക്ഷം രൂപ.

കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കപ്പെടുകയാണെങ്കില്‍ അതിന് 25,000 രൂപ മുതല്‍ 50,000 രൂപവരെ നഷ്ടപരിഹാരം. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് വിപണി വിലയുടെ ഇരട്ടിവരുന്ന നഷ്ടപരിഹാര തുകയ്ക്ക് പുറമേ 50,000 രൂപ. വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടമാകുന്നവര്‍ക്ക് 2 ലക്ഷം രൂപ. വാസസ്ഥലം നഷ്ടമാകുന്ന വാടക താമസക്കാര്‍ക്ക് 30,000 രൂപ. തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊഴിലുകാർ, ചെറുകിട കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ മുതലായവര്‍ക്ക് 50,000 രൂപയും പ്രത്യേക സഹാവും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാസം 6,000 രൂപ വീതം ആറ് മാസം. പെട്ടിക്കടക്കാര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപവരെ സഹായം. പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍, അല്ലെങ്കില്‍ കച്ചവടം നടത്തുന്നവര്‍ക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലക്ക് പുറമേ 5000 രൂപവീതം ആറ് മാസം നല്‍കുന്ന പദ്ധതി.പദ്ധതി ബാധിക്കുന്ന കുടുംബാംഗങ്ങളിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയുടെ നിയമനങ്ങളില്‍ പ്രത്യേക പരിഗണന. കച്ചവട സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് കെ റെയില്‍ നിര്‍മിക്കുന്ന വാണിജ്യ സമുച്ഛയങ്ങളിലെ കടമുറികളില്‍ മുന്‍ഗണന. തുടങ്ങിയവയായിരുന്നു പാക്കേജിൽ വ്യക്തമാക്കിയിരുന്നത്.

തൃക്കാക്കരയും മഞ്ഞക്കല്ലും യുഡിഎഫിന്റെ ജയവും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ സർവേക്കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വൻ പ്രോക്ഷോഭ പരിപാടികളായിരുന്നു അരങ്ങേറിയിരുന്നത്. പ്രതിപക്ഷ പാർട്ടികളും ജനങ്ങളും വിവിധ പ്രദേശങ്ങളിലെ ജനങ്ങളും ഒരുപോലെ സർക്കാരിനെതിരേ തിരിഞ്ഞു. ഇതോടെ സർവേ കല്ലിടലിൽ നിന്ന് കെ റെയിൽ പിന്മാറുകയും ജിപിഎസ് സർവേയ്ക്ക് അനുമതി നൽകുകയും ചെയ്തു.

തൃക്കാക്കര ഉപരതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരത്തിൽ കല്ലിടൽ പ്രക്രിയ നിർത്തിയതിലെ സർക്കാരിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്തു കൊണ്ട് പ്രതിപക്ഷവും രംഗത്തെത്തി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള സർക്കാരിന്റെ പ്രവർത്തനമാണ് ഇതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. തിരഞ്ഞെടുപ്പിൽ വികസനം തന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണം. എന്നാൽ അതൊന്നും കൊണ്ട് തൃക്കാക്കരയിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല, വൻ ഭൂരിപക്ഷത്തിന് യുഡിഎഫ് ജയിച്ചു കയറുകയും ചെയ്തു.

ഇതോടെ സർക്കാരിനേറ്റ കനത്ത തിരിച്ചടി എന്നായി യുഡിഎഫ്.

"ഈ തിരഞ്ഞെടുപ്പ് കെ റെയിൽ അടക്കമുള്ള വികസന പദ്ധതികൾക്കുള്ള അംഗീകരമാവും. അതുകൊണ്ടുതന്നെ ജനവിരുദ്ധ പദ്ധതിയായ കേരളത്തെ വിനാശത്തിലേക്ക് നയിക്കുന്ന കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം എന്ന് ജനങ്ങളുടെ മുന്നറിയിപ്പ് കൂടിയായി ഈ തിരഞ്ഞെടുപ്പിനെ കാണണം" എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്.

എന്നാൽ "കെ-റെയിലിന്റെ ഹിതപരിശോധനയല്ല തൃക്കാക്കരയിലെ തോൽവി, അനുമതി ലഭിച്ചാല്‍ കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകും" എന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്.

എന്തുതന്നെ ആയാലും കെ റെയിൽ ഡി.പി.ആർ സമർപ്പിച്ച് ജൂൺ 17 രണ്ട് വർഷം തികയുകാണ്. നിലവിലെ സാഹചര്യത്തിൽ സിൽവർലൈനിന് കേന്ദ്രാനുമതി വിദൂര സാധ്യതയാണെന്ന ബോധ്യത്തിലേക്കു സിപിഎമ്മും സർക്കാരും എത്തിച്ചേർന്നിരിക്കുന്നു എന്നു വേണം കരുതാൻ. മുഖ്യമന്ത്രി നേരിട്ടു പ്രധാനമന്ത്രിയെ കണ്ട് അഭ്യർഥിച്ചിട്ടും റെയിൽവേ മന്ത്രാലയം കടുംപിടിത്തം തുടരുന്നതു സാങ്കേതിക തടസ്സങ്ങൾ മാത്രമായിട്ട് കാണാൻ സാധിക്കില്ല, രാഷ്ട്രീയ എതിർപ്പിനാലാണെന്ന സൂചന കൂടിയുണ്ട്. അതുകൊണ്ട് തന്നെ കെ റെയിലിൽ സംസ്ഥാന സർക്കാരിന് കാത്തിരിക്കാമെന്നല്ലാതെ മറ്റൊന്നും ചെയ്യാൻ ഇല്ല എന്ന് വേണം പറയാൻ.

അതുകൊണ്ട് തന്നെയാകണം മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതും;

"സിൽവർലൈൻ പോലുള്ള പദ്ധതികൾക്ക് കേന്ദ്രാനുമതി അനിവാര്യം. കേന്ദ്രം അനുകൂലമായി വന്നാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാനാകൂ" എന്ന്.

അതായത്, ചുരുക്കത്തിൽ പറഞ്ഞാൽ കഴിഞ്ഞ കുറേ കാലത്തിനിടയിൽ സംസ്ഥാനം കണ്ട വലിയ പ്രതിപക്ഷ പ്രക്ഷോഭത്തിന് വഴിവെച്ച മഞ്ഞക്കുറ്റിയിടൽ പകുതിക്കിട്ട് നിർത്തിവെക്കേണ്ട അവസ്ഥ. പ്രതിപക്ഷം ആവശ്യപ്പെട്ടതെന്തോ അത് കേന്ദ്രത്തിന്റെ കാരണത്താലെങ്കിലും ഒരു തരത്തിൽ സർക്കാരിന് അംഗീകരിക്കേണ്ടി വന്നിരിക്കുന്നു എന്നത്.

Content Highlights: krail dpr silverline chief minister pinarayi vijayan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


06:39

അമേരിക്ക, ലണ്ടന്‍, ഫ്രാന്‍സ്...; കുഞ്ഞു കടയിലെ കുഞ്ഞു ലാഭത്തില്‍ 61-ലും മോളിച്ചേച്ചി ലോകയാത്രയിലാണ്

May 26, 2022

Most Commented