പ്രതീകാത്മക ചിത്രം | ഫോട്ടോ :മാതൃഭൂമി
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എംഎല്‍എമാരുടെ ശമ്പളം സംബന്ധിച്ച വാര്‍ത്തകള്‍ സജീവമായി ചര്‍ച്ചയാകുന്നതിനിടയിലാണ് സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ജസ്റ്റിസ് രാമചന്ദ്രനെയാണ് ഏകാംഗ കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സ്കെയിലില്‍ ഇതിനോടകം മാറ്റംവന്നെന്നും ജീവിത ചെലവ് എല്ലാവര്ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ കേരളത്തിലെ എംഎല്‍എമാര്‍ക്ക് ലഭിക്കുന്നത് അത്ര ചെറിയ ശമ്പളമാണോ? പരിശോധിക്കാം.
ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കടക്കം ശമ്പളം നല്‍കാനായി കടമെടുക്കേണ്ട സ്ഥിതിയുള്ളപ്പോഴാണ് കേരളത്തില്‍ ജനപ്രതിനിധികള്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.
എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ ശമ്പളം പരിശോധിച്ചാല്‍ കേരളത്തിലെ എംഎല്‍എമാരാണ് ഏറ്റവും കുറവ് അടിസ്ഥാന ശമ്പളം കൈപറ്റുന്നത്. 2,000 രൂപയാണ് കേരളത്തിലെ എംഎല്‍എമാരുടെ അടിസ്ഥാന ശമ്പളം. അതിന് പുറമെ മറ്റ് അലവന്‍സായി എംഎല്‍എമാര്‍ക്ക് 68,000 രൂപയും ലഭിക്കുന്നുണ്ട്. ഇതോടെ 70,000 രൂപയാണ് മൊത്തം ശമ്പളമായി ലഭിക്കുന്നത്. ഇതിന് പുറമെ വിമാന യാത്ര, സൗജന്യ ട്രെയിന്‍, ബസ് യാത്ര, ഓരോരുത്തര്‍ക്കും ഇന്ധനമടിക്കാന്‍ നിശ്ചിത തുക അങ്ങനെ ടി.എ, ഡി.എ ഇനത്തില്‍ മറ്റൊരു തുകയും ലഭിക്കുന്നു
2018 ല്‍ ശമ്പളം കൂടിയത് ഏകദേശം 90 ശതമാനത്തോളമാണ്. ഏറക്കുറേ ഇരട്ടിയോളം ഇത്തവണയും വര്‍ധിപ്പിക്കാനാണ് സാധ്യത അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ 70,000രൂപ എന്നത് 1.30,000 ത്തിന് അടുത്ത തുകയായി വരാനാണ് സാധ്യത
അവസാനം വര്‍ധിപ്പിച്ചത് 2018ല്‍, ആകെ ലഭിക്കന്നത് 70000 രൂപ
കേരളത്തിലെ ഒരു എംഎല്‍എയുടെ പ്രതിമാസ അടിസ്ഥാന ശമ്പളം നിലവില്‍ 2000 രൂപയാണ്. മണ്ഡല അലവന്‍സ് ഇനത്തില്‍ 25,000 രൂപ ലഭിക്കും. ടെലഫോണ്‍ അലവന്‍സായി 11,000 രൂപയും ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപയുമുണ്ട്. അതിഥി സല്ക്കാരത്തിനുള്ള അലവന്‍സ് 8000 രൂപ. ആകെ 50,000 രൂപ അലവന്‍സായി ലഭിക്കും. ഒപ്പം യാത്രാ ചെലവുകള്‍ക്കായി 20,000 രൂപ അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്ത് 70,000 രൂപയാണ് ഒരു എംഎല്‍എയ്ക്ക് പ്രതിമാസം ലഭിക്കുന്നത്. മന്ത്രിമാരുടെ പ്രതിമാസ അലവന്‍സ് 2000 രൂപയാണ്. ഡിഎ 38,429 രൂപ, മണ്ഡലം അലവന്‍സ് 40,000 രൂപയും ലഭിക്കും.
കേരളത്തില്‍ 2018-ലാണ് ഇതിന് മുമ്പ് സാമാജികരുടെ ശമ്പളം വര്‍ധിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളം 55012-ല്‍ നിന്ന് 97,429 ആയും എംഎല്‍എമാരുടെ ശമ്പളം 39500-ല്‍ നിന്ന് 70000 ആയിട്ടുമാണ് അന്ന് വര്‍ധിപ്പിച്ചിരുന്നത്. മന്ത്രിമാരുടെ യാത്രാ ബത്ത കിലോമീറ്ററിന് പത്ത് രൂപയില്‍ നിന്ന് 15 രൂപയാക്കുകയും ചെയ്തിരുന്നു.
സംസ്ഥാനം | അടിസ്ഥാന ശമ്പളം
| അലവന്‍സ് | ആകെ ശമ്പളം |
ഒഡീഷ | 35,000 | 65,000 | 1,00,000 |
ഡല്‍ഹി | 30,000 | 60,000 | 90,000 |
ത്രിപുര | 48,420 | 36,422 | 84,842 |
പശ്ചിമ ബംഗാള്‍ | 10,000 | 71,300 | 81,300 |
കേരളം | 2,000 | 68,000 | 70,000 |
കേരളത്തിലെ എംഎല്‍എമാരുടെ ആനുകൂല്യങ്ങള്‍
- കേരളത്തിനകത്തും പുറത്തുമുള്ള റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപ
- ട്രെയിന്‍ യാത്രഫസ്റ്റ് ക്ലാസ്, എസി ടിക്കറ്റ് ചാര്‍ജിന് പുറമേ കിലോമീറ്ററിന് 25 പൈസ നിരക്കില്‍ ലഭിക്കും
- വാഹന ഇന്ധനം മൂന്ന് ലക്ഷം രൂപ ഒരു വര്‍ഷത്തേക്ക്
- നിയമസഭാ സമ്മേളനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അലവന്‍സ് കേരളത്തില്‍ ദിവസം - 1000 രൂപ.
- കേരളത്തിനു പുറത്ത് ഡിഎ ദിവസം- 1200 രൂപ
- യോഗങ്ങളില്‍ പങ്കെടുക്കാനുള്ള വിമാന യാത്രാക്കൂലി - 50000 രൂപ (ഒരു വര്‍ഷത്തേക്ക്)
- മെട്രോ പൊളിറ്റന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നല്കുന്ന ആനുകൂല്യം 3500 രൂപ
- ചികിത്സാ ചെലവ് മുഴുവന്‍ മടക്കിക്കിട്ടും
- പലിശരഹിത വാഹന വായ്പ 10 ലക്ഷം രൂപ വരെ
- ഭവന വായ്പ അഡ്വാന്‍സ്- 20 ലക്ഷം വരെ
- പുസ്തകങ്ങള്‍ വാങ്ങാന്‍ പ്രതിവര്‍ഷം 15000 രൂപ
- കെ.എസ്.ആര്.ടി.സി ബസിലും ബോട്ടിലും സൗജന്യയാത്ര
- സര്‍ക്കാര്‍ ചെലവില്‍ ഇരുപത് ലക്ഷം രൂപയില്‍ കൂടാത്ത തുകയ്ക്ക് അപകട ഇന്‍ഷുറന്‍സ്
- തിരുവനന്തപുരത്തും അതിനോട് ചേര്‍ന്നുള്ള 8 കിലോമീറ്റര്‍ പരിധിയിലും സഞ്ചരിക്കാന്‍ 17,000 രൂപയുടെ ഇന്ധനം നിറയ്ക്കാം.
- കേരളത്തിന് അകത്തും പുറത്തും റോഡ് യാത്രയ്ക്ക് കിലോമീറ്ററിനു 15രൂപ അലവന്‍സ്
- കേരളത്തിനകത്തെ യാത്രകളില്‍ താമസത്തിനു ദിവസേന 1000 രൂപ അലവന്‍സ്
- ട്രെയിന്‍ യാത്രഫസ്റ്റ് ക്ലാസ് എസി യാത്ര
- സംസ്ഥാനത്തിനകത്തും പുറത്തും വിമാന യാത്ര സൗജന്യം
- ഔദ്യോഗിക വസതിയും ടെലഫോണും
- കെ.എസ്.ആര്.ടി.സിയിലും സര്‍ക്കാര്‍ ബോട്ടുകളിലും സൗജന്യയാത്ര
- ചികിത്സാ ചെലവ് മുഴുവന്‍ മടക്കിക്കിട്ടും
- സംസ്ഥാനത്തിനു പുറത്തുള്ള യാത്രകളില്‍ 1500 രൂപ ദിവസേന യാത്രാബത്ത
മുന്നില്‍ തെലങ്കാന, പ്രതിമാസം 2.68 ലക്ഷം ശമ്പളം
നിയമസഭാ സാമാജികര്‍ക്ക് പ്രതിമാസം ഏറ്റവും ഉയര്‍ന്ന തുക ശമ്പളമായി നല്കുന്ന സംസ്ഥാനം തെലങ്കാനയാണ്. തെലങ്കാന നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ എംഎല്‍എമാര്‍ക്ക് പ്രതിമാസം 2.68 ലക്ഷമാണ് ശമ്പളമായി നല്‍കുന്നത്. അടിസ്ഥാന ശമ്പളമായി 20,000 രൂപയണ് തെലങ്കാനയില്‍ ഒരു എംഎല്‍എയ്ക്ക് ലഭിക്കുക. മറ്റ് അലവന്‍സ് ഇനത്തില്‍ 2.3 ലക്ഷം രൂപ പ്രതിമാസം ലഭിക്കും. ഒപ്പം താമസ അലവന്‍സായി 25,000 രൂപയും യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ദിവസ അലവന്‍സായി 1000 രൂപയും ലഭിക്കും. മഹാരാഷ്ട്രയില്‍ 2.3 ലക്ഷവും ഹിമാചല്‍ പ്രദേശില്‍ 2.1 ലക്ഷം രൂപയും ജാര്‍ഖണ്ഡില്‍ 2.08 ലക്ഷം രൂപയും ഉത്തരാഖണ്ഡില്‍ രണ്ട് ലക്ഷം രൂപയുമാണ് ശമ്പളമായി നല്‍കുന്നത്.
മറ്റ് സംസ്ഥാനങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഡല്‍ഹി, കേരളം അടക്കമുള്ള സംസ്ഥാനങ്ങളാണ് കുറവ് ശമ്പളം എംഎല്‍എമാര്‍ക്ക് നല്‍കുന്നത്. ഒഡീഷയില്‍ അടിസ്ഥാന ശമ്പളം 35,000 രൂപയും അലവന്‍സായി 65,000 രൂപയുമടക്കം മൊത്തം ഒരു ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നു. ഡല്‍ഹിയില്‍ 30,000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് അലവന്‍സുകളും കൂട്ടി 90,000 രൂപയാണ് മൊത്തം ശമ്പളമായി ലഭിക്കുന്നത്. ത്രിപുരയില്‍ 48,420 രൂപ അടിസ്ഥാന ശമ്പളവും 36,422 രൂപ മറ്റ് അലവന്‍സുമായി 84,842 രൂപയാണ് മൊത്തം ശമ്പളമായി ലഭിക്കുന്നത്. പഞ്ചിമ ബംഗാളില്‍ 10,000 രൂപയാണ് അടിസ്ഥാന ശമ്പളം മറ്റ് അലവന്‍സ് ആയി 81,300 രൂപയും ലഭിക്കുന്നുണ്ട്.
സംസ്ഥാനം | അടിസ്ഥാന ശമ്പളം
| അലവന്‍സ് | ആകെ ശമ്പളം |
തെലങ്കാന | 20,000 | 2,48,000 | 2,68,000 |
മഹാരാഷ്ട്ര | 8,000 | 2,23000 | 2,31,000 |
ഹിമാചല്‍ പ്രദേശ് | 55,000 | 1,55,000 | 2,10,000 |
ജാര്‍ഖണ്ഡ് | 40,000 | 1,68,000 | 2,08,000 |
ഉത്തരാഖണ്ഡ് | 30,000 | 1,74,000 | 2,04,000 |
ശമ്പളം വര്‍ധിപ്പിച്ച് ഡല്‍ഹി
11 വര്‍ഷത്തിന് ശേഷം ഡല്‍ഹി നിയമസഭയിലെ എംഎല്‍എമാരുടെ ശമ്പളം 66 ശതമാനം വര്‍ധിപ്പിക്കുന്ന ബില്‍ അടുത്തിടെയാണ് പാസാക്കിയത്. ഇതോടെ 12,000 രൂപയായിരുന്ന ശമ്പളം 30,000 ആയി ഉയര്‍ന്നിരുന്നു. നേരത്തെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 54,000 രൂപയാണ് എം.എല്‍.എ.മാര്‍ക്ക് ലഭിച്ചിരുന്നത്. ഇതിന് പുറമേ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് ശമ്പളം നല്‍കാനായി 30,000 രൂപയും അധികമായി അനുവദിച്ചിരുന്നു. പുതിയ വര്‍ധനവോടെ 30,000 രൂപ ശമ്പളവും അലവന്‍സ് ഇനത്തില്‍ 60,000 രൂപയുമടക്കം മൊത്തം 90,000 എംഎല്‍എമാര്‍ക്ക് ലഭിക്കും. 2015-ല്‍ ഡല്‍ഹി നിയമസഭ ഒരു ബില്‍ പാസ്സാക്കിയിരുന്നെങ്കിലും മുന്‍കൂര്‍ അനുമതി നേടാത്തതിനാല്‍ അസാധുവായി.
അനുകൂല്യങ്ങള്‍ | പഴയത് | പുതുക്കിയത് |
അടിസ്ഥാന ശമ്പളം | 12,000 | 30,000 |
മണ്ഡല അലവന്‍സ് | 18,000 | 25,000 |
സെക്രട്ടേറിയല്‍ അലവന്‍സ് | 10,000 | 15,000 |
ടെലിഫോണ്‍ അലവന്‍സ് | 8,000 | 10,000 |
മറ്റ് അനുകൂല്യങ്ങള്‍ | 6,000 | 10,000 |
ആകെ | 54,000 | 90,000 |
http://www.niyamasabha.org/codes/facilities.htm
https://www.telanganalegislature.org.in/web/telangana-legislature/member-salary-and-allowances
http://delhiassembly.nic.in/salaryact.htm
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..