ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു
ബജറ്റ് ഉൾപ്പെടെയുള്ള സാമ്പത്തിക നയങ്ങളെ (fiscal policy) വിമർശനാത്മക കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനുള്ള ശ്രമങ്ങളിലൂടെയാണ് ജെൻഡർ ബജറ്റ് ഉൾപ്പെടെയുള്ള ജെൻഡർ സംവേദനക്ഷമമായ സാമ്പത്തിക ആശയങ്ങളുടെ പിറവി. അടുത്ത കാലം വരെ ബജറ്റ് പോലെയുള്ള സാമ്പത്തിക ശാസ്ത്ര ആശയങ്ങൾ ജെൻഡർ നിഷ്പക്ഷമാണെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ യഥാർത്ഥത്തിൽ അവ ജെൻഡർ അന്ധതയാണെന്ന് നിരൂപിക്കപ്പെടുകയും, സാമ്പത്തിക-സാമൂഹിക ശാസ്ത്രജ്ഞർ ഇത്തരം പ്രശ്നങ്ങളെ മറികടക്കാനുള്ള ഗവേഷണങ്ങൾ ആരംഭിക്കുകയും ചെയ്തു. 1995-ലെ ബെയ്‌ജിങ് പ്ലാറ്റ്‌ഫോം ഫോർ ആക്ഷൻ ആണ് ഇന്നത്തെ ജെൻഡർ ബജറ്റിന്റെ പിറവിക്കാധാരം. 1975 മുതലുള്ള ഐക്യരാഷ്ട്ര സംഘടനയുടെ സ്ത്രീ ശാക്തീകരണ ശ്രമങ്ങളുടെ ഔപചാരിക നയരൂപീകരണമായിരുന്നു ബെയ്‌ജിങ് പ്ലാറ്റ്‌ഫോം ഫോർ ആക്ഷൻ. സ്ത്രീകളെ അഥവാ എല്ലാ ജെൻഡർ വൈജാത്യങ്ങളെയും ശാക്തീകരിക്കുകയും മുഖ്യധാരയിലെത്തിക്കുകയും ചെയ്യുക എന്നതാണ് ജെൻഡർ ബജറ്റ് നയത്തിന്റെ പ്രഖ്യാപിത ലക്‌ഷ്യം. ബജറ്റ് പോലെയുള്ള സാമ്പത്തിക നയങ്ങളെ ജെൻഡർ സംവേദനക്ഷമമാക്കുക വഴി ഈ ലക്‌ഷ്യം അതിവേഗം നേടിയെടുക്കാനാവുമെന്ന് വാദിക്കപ്പെടുന്നു.
അശോക് ലാഹിരി കമ്മിറ്റി റിപ്പോർട്ടിന്റെ (2001) പശ്ചാത്തലത്തിൽ ഇന്ത്യ കേന്ദ്ര സർക്കാർ തലത്തിൽ ഔപചാരികമായി ജെൻഡർ ബജറ്റ് സ്വീകരിക്കുന്നത് 2005-06 സാമ്പത്തിക വർഷത്തിലാണ്. അതിനു ശേഷം, ഇന്ന് വരെ കേരളം ഉൾപ്പെടെ 19 സംസ്ഥാനങ്ങൾ സംസ്ഥാന തലത്തിൽ ജെൻഡർ ബജറ്റ് നയം സ്വീകരിച്ചിട്ടുണ്ട്. കേരളം 2007-08 സാമ്പത്തിക വർഷത്തിൽ ജെൻഡർ ബജറ്റ് നയം സ്വീകരിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും, ഏകദേശം ഒരു പതിറ്റാണ്ടിനു ശേഷം 2017-18 സാമ്പത്തിക വർഷത്തിലാണ് അത് നടപ്പിലായത്. അതിനാൽത്തന്നെ കേരളം ജെൻഡർ ബജറ്റ് അനുഭവങ്ങളുടെ കാര്യത്തിൽ കർണാടക പോലെയുള്ള അയൽ സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം പിന്നിലാണ്.
കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച കേരളത്തിലെ ഈ സാമ്പത്തിക വർഷത്തെ ജെൻഡർ ബജറ്റ് പ്രഖ്യാപനം ഇപ്പോൾ അതിന്റെ ചരിത്രപരമായ 'ആകെ പദ്ധതി വിഹിതത്തിന്റെ 20 ശതമാനം' എന്ന കണക്കു കൊണ്ട് ജനശ്രദ്ധയാകർഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ അവലോകനം. ഇവിടെ ഉയർത്തേണ്ട ചോദ്യം, നമ്മൾ യഥാർത്ഥത്തിൽ ബജറ്റിനെ ജെൻഡർ-സംവേദനക്ഷമമാക്കുകയാണോ അതോ മുൻകാലങ്ങളിൽ നില നിന്നിരുന്ന ചില പദ്ധതികളുടെ വിജയ മാതൃകകളുപയോഗിച്ചു കൃത്രിമമായ ഒരു ജെൻഡർ ബജറ്റും ശതമാനക്കണക്കും നിർമിക്കുകയും, കടമ തീർക്കുകയുമാണോ ചെയ്യുന്നത്?
ആദ്യമായി ശ്രദ്ധിക്കേണ്ട ഒരു വസ്തുത, മേൽ പ്രസ്താവിച്ച 'ആകെ പദ്ധതി വിഹിതത്തിന്റെ 20 ശതമാനം' എന്നത് വിശദീകരണം അർഹിക്കുന്നു എന്നതാണ്. കാരണം, ഇത് ബജറ്റുകളുടെ ഒരു ഭാഗം മാത്രമായ പ്ലാൻ ചെലവുകളുടെ മാത്രം ശതമാനമാണ്. പ്ലാൻ ചെലവുകളുടെ അത്രയുമോ അതിൽക്കൂടുതലായോ തുക വകയിരുത്തപ്പെടാറുള്ള നോൺ പ്ലാൻ ചെലവുകൾ ഈ ശതമാനക്കണക്കിൽ പരിഗണിക്കപ്പെടുന്നില്ല. സാധാരണ ബജറ്റ് എന്നതിന്റെ വിവക്ഷ ഈ രണ്ടു തരം ചെലവുകളും ചേരുന്ന 'ആകെ ചെലവുകൾ' ആണ്. അങ്ങനെ നോക്കുമ്പോൾ, നിലവിൽ ജെൻഡർ ബജറ്റിന് വേണ്ടി നീക്കി വെക്കപ്പെട്ട തുക ആകെ ബജറ്റിന്റെ വെറും 2.68 ശതമാനം മാത്രമെന്നു കാണാം. ഈ അന്തരം കൂടുതൽ ശ്രദ്ധേയമാവുന്നത് കർണാടക പോലെയുള്ള അയൽ സംസ്ഥാനങ്ങളുടെ ജെൻഡർ ബജറ്റ് വകയിരുത്തലുകളുമായി താരതമ്യം ചെയ്യുമ്പോഴാണ്. മുൻ സാമ്പത്തിക വര്ഷങ്ങളിലെ കണക്കുകൾ പ്രകാരം തങ്ങളുടെ ആകെ ബജറ്റ് തുകയുടെ ഏകദേശം 15 ശതമാനത്തോളം കർണാടക ജെൻഡർ ബജറ്റിന് വേണ്ടി നീക്കി വെക്കുന്നുണ്ട്.
അതുപോലെ തന്നെ, ഈ പ്ലാൻ-ചെലവുകളുടെ മാത്രം കണക്കുകൾ പ്രകാരം പോലും ജെൻഡർ ബജറ്റ് തുകയുടെ കഴിഞ്ഞ ശരാശരി വളർച്ച കേവലം 1.3 ശതമാനം മാത്രമാണ് (2020-21, 2021-22 and 2022-23). ഇതേ സ്ഥാനത്തു ആദ്യത്തെ മൂന്നു വർഷങ്ങളിൽ ജൻഡർ ബജറ്റ് തുകയുടെ ശരാശരി വളർച്ച ഇപ്പോഴത്തേതിൻറെ ഇരട്ടിയായിരുന്നു (2.7 ശതമാനം) എന്ന് കാണാം (2017-18, 2018-19 and 2019-20).
പൊതുവായി, അഥവാ കേന്ദ്ര ബജറ്റിന്റെ മാതൃക പ്രകാരം, ജെൻഡർ ബജറ്റുകൾക്ക് സ്ത്രീകൾക്ക് മാത്രമായുള്ള പദ്ധതികൾ, സ്ത്രീകൾക്ക് വേണ്ടി നിശ്ചിത ശതമാനം നീക്കി വെക്കപ്പെട്ട പദ്ധതികൾ എന്നിങ്ങനെ രണ്ടു കൈവഴികളുണ്ട്. ഇതിൽ ആദ്യത്തേത് 100 ശതമാനം സ്ത്രീകൾക്ക് വേണ്ടി മാറ്റി വെക്കപ്പെടുന്ന തുകകളോ പദ്ധതികളോ ആണ്. വികസന പഠനങ്ങളുടെ കാഴ്ചപ്പാടിൽ 'പോസിറ്റീവായ വിവേചനം' എന്ന അർത്ഥത്തിൽ സമൂഹത്തിലെ തഴയപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാനുള്ള അത്യന്താപേക്ഷികമായ ഒരു വഴി എന്ന നിലയിലാണ്, ഇത്തരം 100 ശതമാനം സ്ത്രീകൾക്ക് വേണ്ടി മാറ്റി വെക്കപ്പെടുന്ന തുകകളോ പദ്ധതികളോ ആവിഷ്കരിച്ചിട്ടുള്ളത്.
എന്നാൽ യാതൊരു വിധ ന്യായീകരണങ്ങളുമില്ലാതെ കേരളത്തിന്റെ ജെൻഡർ ബജറ്റ് ഈ നയത്തിൽ വെള്ളം ചേർത്തു, 90 വരെ സ്ത്രീ കേന്ദ്രീകൃതമായ പദ്ധതികളെ ഈ വിഭാഗത്തിൽ പരിഗണിക്കുന്നു. ഇതിന്റെ ഉദ്ദേശം കുടുംബശ്രീ, NLRM, NULM, ICDS തുടങ്ങിയ താരതമ്യേന വലിയ തുക നീക്കിയിരിപ്പുള്ള പദ്ധതികളെ ഈ വിഭാഗത്തിൽ കൊണ്ട് വരിക എന്നതാണെന്ന് സൂക്ഷ്മ നിരീക്ഷണത്തിൽ വ്യക്തമാകും. ഈ വിഭാഗത്തിലെ ഏകദേശം 50 ശതമാനത്തോളം തുക ഇത്തരം ഫ്ലാഗ്ഷിപ് പദ്ധതികളിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്നും കാണാം.
ഇതിനു പുറമെ, സ്ത്രീകളുടെ ഉന്നമനത്തിനും മുഖ്യധാരാ പ്രവേശന ശ്രമകൾക്കും തടസ്സമായേക്കാവുന്ന രീതിയുള്ള 'വിവാഹ സഹായം' പോലെയുള്ള പദ്ധതികളും ഈ വിഭാഗത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. എസ്.സി/ എസ്.ടി ഘടകങ്ങളുടെ കീഴിൽ ചേർക്കപ്പെട്ടിട്ടുള്ള ഇത്തരം പദ്ധതികളുടെ തുക, ഈ വിഭാഗത്തിലുള്ള മൊത്തം തുകയുടെ 8 ശതമാനത്തോളം വരുമെന്നത് ചിന്തിപ്പിക്കുന്നതാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനോ ആരോഗ്യത്തിനോ ഇല്ലാത്ത പരിഗണനകൾ ഇത്തരം സാമൂഹിക വ്യവസ്ഥകൾക്ക് നൽകുക വഴി ഈ ജെൻഡർ ബജറ്റ് മുന്നോട്ട് വെക്കുന്ന സന്ദേശം എന്താണ്?
കൂടാതെ, ശാസ്ത്രം, വിവര സാങ്കേതിക വിദ്യ, ഗവേഷണം, പരിസ്ഥിതി തുടങ്ങിയ ആധുനിക വിഭാഗങ്ങൾക്ക് കീഴിലെല്ലാം ജെൻഡർ ബജറ്റ് വകയിരുത്തലുകൾ തുലോം കുറവാണെന്ന് കാണാം. പരമ്പരാഗതമായി സ്ത്രീകളെ പരിഗണിക്കുന്ന 'ക്ഷേമ പദ്ധതികൾ' കൂടുതലായി കാണപ്പെടുന്ന പരമ്പരാഗത വിഭാഗങ്ങളിൽ മാത്രമാണ് കാര്യമായ ജെൻഡർ ബജറ്റ് വകയിരുത്തലുകൾ കാണാനാവുന്നത്. ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിംഗ്, ഗണിത മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ആധുനിക കാലത്തെ സ്ത്രീ ശക്തീരണത്തിന്റെ പ്രധാന വാദങ്ങളിലൊന്നാണ് എന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്.
ജെൻഡർ വിഷയങ്ങളിൽ നടത്തേണ്ട ഏതൊരു ഇടപെടലുകൾക്കും അത്യാവശ്യമായ ജെൻഡർ-ഡിസഗ്രഗേറ്റഡ് ഡാറ്റയുടെ അഭാവം ഈ ബജറ്റ് ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, ഈ പ്രശ്ന പരിഹാരത്തിനുതകുന്ന നയങ്ങളൊന്നും തന്നെ നിർദേശിക്കപ്പെടുകയുണ്ടായിട്ടില്ല. 'ജെൻഡർ പാർക്ക്' എന്ന സവിഷേശ പദ്ധതിയുടെ പേരിൽ ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിനെക്കുറിച്ചു പരാമർശം ഉണ്ടെങ്കിലും, അതെങ്ങനെയെന്നതിനു യാതൊരു വ്യക്തതയും ഇല്ല. ഈ വിഷയത്തിൽ, നില നിൽക്കുന്ന കില തൃശ്ശൂർ, ഗിഫ്റ്റ് തിരുവനന്തപുരം, സി.ബി.എസ്. കുസാറ്റ് തുടങ്ങിയ മറ്റു പ്രധാന സ്ഥാപനങ്ങളുടെ, സാദ്ധ്യതകൾ പരിഗണിക്കുകയോ മറ്റോ ചെയ്യാതെ ജെൻഡർ പാർക്കിനു ഉദ്ദേശം ആയിരം ലക്ഷം രൂപ വകയിരുത്തുന്നതിന്റെ യുക്തി വിശദീകരിക്കപ്പെടേണ്ടതാണ്.
ഒരേ ആവശ്യത്തിന് പുതിയ പേരിൽ പുതിയ സ്ഥാപനങ്ങൾ കൂണ് പോലെ പൊക്കിക്കെട്ടുന്നതിലും എത്രയോ നല്ലതാണ്, ഏതെങ്കിലും ഒരിടത്തെ ആത്മാർത്ഥവും ആഴത്തിലുള്ളതുമായ ഗവേഷണ അനുബന്ധ പ്രവർത്തികൾ. ഇത്തരത്തിലുള്ള ശ്രമങ്ങളുടെ അഭാവം ഭാവിയിൽ ജൻഡർ ബജറ്റിന്റെ സമൂല അവലോകനകളെയും, നയ-സ്വാധീന പഠനങ്ങളെയും മോശമായി ബാധിക്കും. മികച്ച ജെൻഡർ ബജറ്റ് ചരിത്രം ഉണ്ടായിട്ടും ഈ മേഖലയിൽ കാര്യമായ ഗവേഷണ-പഠന പരിസരം കർണാടകയിൽ ഉരുത്തിയാതിരിക്കാനുള്ള പ്രധാന കാരണം ഈ ഡാറ്റ-ഗവേഷണ സംവിധാനങ്ങളുടെ അഭാവമായിരുന്നു എന്നതും ഓർക്കേണ്ടതാണ്. അതിലുപരിയായി, സമൂഹത്തിൽ നില നിൽക്കുന്ന പല മോശം ജെൻഡർ വാർപ്പ് മാതൃകകളെയും ഈ ബജറ്റ് പിന്താങ്ങുന്നതായി കാണാം.
പിങ്ക് പോലീസ് സംരക്ഷണം, കാർഷിക-അനുബന്ധ മേഖലകളിൽ സ്ത്രീകളെ കൂടുതൽ തളച്ചിടുന്ന തരം പദ്ധതികൾ, കുട്ടികളുമായി ബന്ധപ്പെട്ട പദ്ധതികളെ സ്ത്രീകളുമായി ബന്ധിപ്പിക്കുക തുടങ്ങിയവ ഉദാഹരണങ്ങൾ. ഇതേ ബജറ്റ് സ്ത്രീകൾക്കുള്ള ഫുട്ബോൾ- വോളീബോൾ അക്കാദമികൾ, കേരള ചലച്ചിത്ര അക്കാഡമിക്ക് കീഴിൽ സ്ത്രീകൾക്ക് ചലചിത്ര മേഖലയുടെ സാങ്കേതിക വശങ്ങളിൽ തൊഴിൽ പരിശീലനം മുതലായ ആധുനിക പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ടെങ്കിലും, അവയ്ക്കനുവദിക്കപ്പെട്ട തുകകൾ അവയെ അപ്രധാനമാക്കുന്നു.
ഇന്ത്യ പോലുള്ള മൂന്നാം ലോക വികസ്വര രാജ്യങ്ങളിൽ ജെൻഡർ വികസനമായ ബന്ധപ്പെട്ട ശ്രമങ്ങൾ വ്യത്യസ്‌തമായ ജെൻഡർ ആവശ്യങ്ങളെ പരിഗണിച്ചായിരിക്കണം. കരോളിൻ മോസറുടെ (1989) സിദ്ധാന്ത പ്രകാരം പ്രായോഗിക ആവശ്യങ്ങൾ, നയോപായപരമായ ആവശ്യങ്ങൾ എന്നിങ്ങനെ രണ്ടു തരം ജെൻഡർ ആവശ്യങ്ങളുണ്ട്. ഇതിൽ ഒന്നാമത്തേത് സ്ത്രീകളുടെ കേവല നിലനിൽപ്പിനെ സഹായിക്കുന്നതും രണ്ടാമത്തേത് സ്ത്രീകളുടെ സാമൂഹിക ഉന്നമനത്തെ സഹായിക്കുന്നതുമാണ്. ജെൻഡർ ബജറ്റ് പോലെയൊരു സാമൂഹിക നവീകരണം ലക്ഷ്യമിടേണ്ടത് നയോപായപരമായ ജെൻഡർ ആവശ്യങ്ങൾക്കും, തദ്വാരാ സ്ത്രീകളുടെ സാമൂഹിക ഉന്നമനവും ആണെന്നിരിക്കെ, നമ്മുടെ ജെൻഡർ ബജറ്റ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രായോഗിക ജെൻഡർ ആവശ്യങ്ങളിൽ മാത്രമാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ചെന്നൈ ഹിന്ദുസ്ഥാൻ കൽപിത സർവകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസർ (സാമ്പത്തിക ശാസ്ത്രം) ആണ് ലേഖകന്‍
Content Highlights: Kerala Budget 2022, gender budgeting, analysis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..