-
അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അധികം വൈകാതെ തന്നെ ജോസ് കെ. മാണി എ.കെ.ജി. സെന്ററിന്റെ പടി ചവിട്ടും. 'ഉചിതമായ സമയത്തെ ആ ഉചിതമായ തീരുമാനം ' ഇടത്തോട്ടുള്ള' വഴി തന്നെയാകാനാണ് എല്ലാ സാധ്യതയും. ഒരു പരിധി വരെ കരിങ്ങോഴക്കല്‍ മാണി മാണി ആഗ്രഹിച്ചതാണ് അദ്ദേഹത്തിന്റെ കാലശേഷം മകന്‍ നടപ്പാക്കുന്നതും.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ യു.ഡി.എഫ്. വിട്ട ഘട്ടത്തില്‍ കെ.എം. മാണി പറഞ്ഞതും ഇപ്പോള്‍ മകന്‍ പറയുന്നതും ഒരേ കാര്യമാണ്. തത്കാലം എങ്ങോട്ടുമില്ല. ഒറ്റയ്ക്ക് നില്‍ക്കും. ശക്തി കാണിക്കും. പിന്നെ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. അന്നും ഇതേ ക്ഷണക്കത്തുമായി കോടിയേരിയും സംഘവും വാതില്‍ തുറന്നിട്ട് കാത്തിരുന്നു. വി.എസ്. അയഞ്ഞപ്പോഴും കനപ്പെട്ട എതിര്‍പ്പുമായി മതില്‍കെട്ടി കാനം നിന്നു.
അധ്വാന വര്‍ഗ സിദ്ധാന്തം അവതരിപ്പിക്കാന്‍ സി.പി.എം. സംസ്ഥാന വേദിയില്‍ വരെ മാണിയെത്തി. മുഖ്യമന്ത്രി മോഹം ഉമ്മന്‍ ചാണ്ടിയും കൂട്ടരും തട്ടിത്തെറിപ്പിച്ചതിന്റെ പരിഭവം മാണിക്കുണ്ടായിരുന്നു. ഒടുവില്‍ സ്വതന്ത്രമായി നിന്ന് ഇടത്തോട്ടു ചാഞ്ഞു തുടങ്ങിയ മാണിയെ മകന് രാജ്യസഭാ സീറ്റെന്ന ചൂണ്ടയിട്ടാണ് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കൊരുത്തത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരുന്നു, ജോസ് കെ. മാണി കേന്ദ്രമന്ത്രിയാകുന്നു അങ്ങനെ പ്രതീക്ഷയുടെ കൊട്ടാരം തന്നെയുണ്ടായിരുന്നു. എല്ലാം തകര്‍ന്നു. ഇനി ഇപ്പോള്‍ അടുത്ത കാലത്തൊന്നും ഡല്‍ഹി ടിക്കറ്റുകൊണ്ട് വലിയ ഗുണമൊന്നുമില്ല. രണ്ടാം യു.പി.എയുടെ കാലത്ത് സഹമന്ത്രിസ്ഥാനം തെറിപ്പിച്ചത് ആര് മറന്നാലും ജോസ് മോന്‍ മറക്കില്ല. അങ്ങനെ പല കണക്കുകളുണ്ട് തീര്‍ക്കാന്‍.
ഇപ്പോഴത്തെ സ്വതന്ത്ര പരിവേഷം ഇടത്താവളമാണ്. വിലപേശലിനും കരാര്‍ ആക്കാനുമുള്ള സമയം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാന്യമായ പരിഗണന, നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് ഒമ്പത് സീറ്റ്. ഇത് രണ്ടിലും ഉറപ്പ് കിട്ടിയാല്‍ നാലാമത്തെ കേരള കോണ്‍ഗ്രസ് ഘടകക്ഷിയായി ജോസ് വിഭാഗവും ചുവപ്പണിയും. ലാഭനഷ്ടങ്ങള്‍ അല്ല ജോസ് കെ. മണിയുടെ ഇപ്പോഴത്തെ നോട്ടം.
ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ ഈ ചാട്ടം തുടക്കം ഫലിച്ചാലും പിഴച്ചാലും പിന്നീട് ഗുണപ്പെട്ടേക്കുമെന്നാണ് ചിന്ത. അതങ്ങനെ തള്ളിക്കളയാന്‍ കഴിയുന്ന ആലോചനയല്ല. മാണിയെ പോലെ കോണ്‍ഗ്രസ് തന്നെ അത്ര ഗൗനിക്കില്ലെന്ന് ജോസിന് അറിയാം. ജോസഫിന് കീഴടങ്ങി നില്‍ക്കുന്നതും വിശാലലക്ഷ്യത്തിന് തടസ്സമാണ്. സി.പി.എമ്മിനാകട്ടെ മധ്യതിരുവതാംകൂറില്‍ എന്നും കേരള കോണ്‍ഗ്രസ് ഒരത്താണിയാണ്. ക്രിസ്ത്യന്‍ വോട്ടിലേക്ക് അവര്‍ ഇട്ടിരിക്കുന്ന പാലമാണത്.
ശക്തി നോക്കാതെ സീറ്റ് കൊടുക്കുന്നതും ഒന്നും കാണാതെയല്ല. ഇപ്പോള്‍ ഫലത്തില്‍ വൈദ്യന്‍ കല്‍പിച്ചതും രോഗി ഇച്ഛിച്ചതും ചുവപ്പ് തന്നെ. എല്‍.ഡി.എഫിലുള്ള കേരള കോണ്‍ഗ്രസ്സുകളെല്ലാം ദുര്‍ബലമാണെന്ന് ജോസ് കാണുന്നു. ക്രമേണ അവിടെ പ്രബലനായി വളരാമെന്ന സ്വപ്‌നം നില്‍ക്കുന്നു. നാലു കേരള കോണ്‍ഗ്രസുകളില്‍ മൂന്നെണ്ണമെങ്കിലും ചേര്‍ന്ന് ലയിച്ചേക്കാം.
ഈ ടേമില്‍, അല്ലെങ്കില്‍ അടുത്ത തവണ കാത്തിരിക്കുന്നത് സംസ്ഥാന മന്ത്രിയെന്ന പദവിയാണ്. കേന്ദ്രത്തില്‍ ഇല്ലെങ്കില്‍ കേരളത്തില്‍ ആകാമല്ലോ. ജോസ് വിഭാഗത്തിന്റേത് യു.ഡി.എഫ്. വോട്ടുബാങ്കാണ് എന്ന കാനത്തിന്റെ പ്രതികരണം പ്രസക്തമാകുന്നത് ഇവിടെയാണ്. കര്‍ഷകസ്‌നേഹം മുഖപടമാണെങ്കിലും സഭയും കത്തോലിക്ക സമുദായത്തിന്റെ വോട്ടുമാണ് അടിത്തറ. ആത്യന്തികമായി ബിഷപ്പും അല്‍മായരും സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമായിരിക്കും.