ബാല്‍ താക്കറെ അന്ന് തീപ്പന്തം ഉയര്‍ത്തി ബിജെപിയെ 'ഭയ'പ്പെടുത്തി; പ്രതിസന്ധി അവസരമാക്കുമോ ഉദ്ധവ്..?


അജ്മല്‍ മൂന്നിയൂര്‍

വിമതനായി മാറിയ ഏക്നാഥ് ഷിന്ദേയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിമായി അംഗീകരിച്ചതോടെ ബാല്‍താക്കറെ സ്ഥാപിച്ച ശിവസേന തന്റെ അനന്തരാവകാശിയായ ബാല്‍ താക്കറെതന്നെ പ്രഖ്യാപിച്ച മകനില്‍നിന്ന് നഷ്ടപ്പെട്ടുപോയ അവസ്ഥയിലായി

Premium

ഉദ്ധവ്

ചുവടുമാറ്റങ്ങളും പൊട്ടിത്തെറികളും ശിവസേനയ്ക്ക് ആദ്യ അനുഭവമല്ലെങ്കിലും വേരോടെ പിഴുതെറിയപ്പെടുന്ന ഒരു രാഷ്ട്രീയ പ്രതിസന്ധിയിലാണ് ഉദ്ധവ് താക്കറെ എത്തിപ്പെട്ടിരിക്കുന്നത്. മൂന്ന് ദശാബ്ദത്തോളം പാര്‍ട്ടിയുടെ അടയാളമായി മാറിയ അമ്പും വില്ലും ശിവസേനയെന്ന പേരും ഉദ്ധവ് താക്കറെയ്ക്ക് നഷ്ടമായിരിക്കുകയാണ്. ബി.ജെ.പിയുടെ പ്രതികാരാഗ്നിയിൽ പാര്‍ട്ടി പിളര്‍ന്നതോടെ രാഷ്ട്രീയ നിലനില്‍പ്പ് തന്നെ ചോദ്യത്തിലായ ഉദ്ധവ് താക്കറെയ്ക്ക് മറ്റൊരു പ്രഹരം കൂടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

വിമതനായി മാറിയ ഏക്നാഥ് ഷിന്ദേയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിമായി അംഗീകരിച്ചതോടെ ബാല്‍ താക്കറെ സ്ഥാപിച്ച ശിവസേന, തന്റെ അനന്തരാവകാശിയായ ബാല്‍ താക്കറെതന്നെ പ്രഖ്യാപിച്ച മകനില്‍നിന്ന് നഷ്ടപ്പെട്ടുപോയ അവസ്ഥയിലായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അനുവദിച്ച 'ജ്വലിക്കുന്ന പന്തം' ജനങ്ങളുടെ മുന്നിലെത്തിച്ച് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തന്നെയാണ് ഉദ്ധവിന്റെ ശ്രമം. ബാല്‍ താക്കറെയുമായി ബന്ധം സ്ഥാപിക്കുന്നതിന് പുതിയ ചിഹ്നത്തിന് ചരിത്രപരമായ പ്രധാന്യം ഉണ്ടെന്നതും ഉദ്ധവിന് നേട്ടമാണ്. എങ്കിലും, ശിവസേന എന്ന പേരും താക്കറെ കുടുംബത്തേയും ഒരുപോലെ സ്വീകരിച്ച മറാഠ ജനത ഉദ്ധവിനേയും ഷിന്ദേയേയും ഏത് രീതിയിലായിരിക്കും വരവേല്‍ക്കുക എന്നത് കണ്ടറിയുക തന്നെ വേണം.

ചിഹ്നവും പേരും നഷ്ടമായത് തിരിച്ചടിയാണെന്ന് പൊതുധാരണയുണ്ടെങ്കിലും പ്രതിസന്ധി അവസരമാക്കി മാറ്റാന്‍ ഉദ്ധവിന് കഴിഞ്ഞാല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അതിനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ പറയുന്നു.

പുതിയ ചിഹ്നത്തിന്റെ പ്രധാന്യം

1980-കളില്‍ ബി.ജെ.പിയും ശിവസേനയും ഇന്നത്തേതിന് സമാനമായി പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. 1984-85 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ചിഹ്നമായ താമര ചിഹ്നത്തിലാണ് ശിവസേന മത്സരിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പിന് ശേഷം ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായി. കിട്ടുന്ന അവസരങ്ങളിലെല്ലാം ബാല്‍ താക്കറെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി.

ബാല്‍ താക്കറെയുടെ കാര്‍ട്ടൂണ്‍

തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവേസനയ്ക്ക് താത്കാലികമായി ലഭിച്ച ചിഹ്നം കത്തുന്ന പന്തമായിരുന്നു. കാര്‍ട്ടൂണിസ്റ്റായിരുന്ന ബാല്‍ താക്കറെ ഈ സമയത്ത് ഒരു കാര്‍ട്ടൂണ്‍ പുറത്തിറക്കുകയുണ്ടായി. ഒരു വശത്ത് ശിവസേന എന്നെഴുതിയ തടിച്ച കൈക്കൊണ്ട് താമര പിടിക്കുമ്പോള്‍ 'ബി.ജെ.പി.' ആയി ചിത്രീകരിച്ച ആള്‍ സന്തോഷിക്കുന്നതായിരുന്നു. കാര്‍ട്ടൂണിന്റെ വലതുവശത്ത് സമാനമായ കൈക്കൊണ്ട് 'തീപ്പന്തം' പിടിക്കുമ്പോള്‍ 'ബി.ജെ.പി.' ഭയന്ന് വിറയ്ക്കുന്നതായിട്ടും ചിത്രീകരിച്ചിരുന്നു. 'ഇപ്പോള്‍ തീപ്പന്തത്തില്‍ നിന്നുള്ള തീജ്വാലകളെ നിങ്ങള്‍ അഭിമുഖീകരിക്കുക' എന്ന മുന്നറിയിപ്പും ചേര്‍ത്തായിരിക്കുന്ന താക്കറെ കാര്‍ട്ടൂണ്‍ പുറത്തിറക്കിയത്.

ശിവസേനയുടെ കത്തുന്ന തീപ്പന്തം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച് എം.എല്‍.എ. ആയ ആദ്യത്തെ ആള്‍ ഛഗന്‍ ഭുജ്ബലാണ്. പിന്നീട് അദ്ദേഹം പാർട്ടി പിളര്‍ത്തിയതും ഇപ്പോള്‍ എന്‍.സി.പിയിലെത്തിയതും ചരിത്രം.

ശിവസേന രൂപീകരണം

കാര്‍ട്ടൂണിസ്റ്റായിരുന്ന ബാല്‍ താക്കറെ എന്ന ബാല സാഹെബ് താക്കറെ 1966-ല്‍ ജൂണ്‍ 19-ന് പ്രാദേശികവാദം ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് സംഘടന രൂപീകരിക്കുന്നത്. 'മണ്ണിന്റെ മക്കള്‍' മുദ്രവാക്യമുയര്‍ത്തി പൊതുമേഖല സ്ഥാപനങ്ങളിലും ബാങ്കുകളിലും മറാഠികള്‍ക്ക് ജോലി ലഭ്യമാക്കാനുള്ള പരിമിതമായ ലക്ഷ്യത്തോടെയുള്ള സംഘടനാ നടത്തിപ്പ് എളുപ്പമായിരുന്നു. പിന്നീട് ഉയര്‍ന്നുവന്ന ഹിന്ദുത്വവാദത്തോടെയാണ് അതിനൊരു രാഷ്ട്രീയമാനം കൈവന്നത്. പ്രാദേശിക-മതവാദങ്ങള്‍ കൂട്ടിചേര്‍ത്ത് ശിവസേന മഹാരാഷ്ട്രയിലുള്ള സ്വാധീനവും ചുവടുവെപ്പും വിശാലമാക്കി.

1950-കളുടെ തുടക്കത്തില്‍ മറാഠി സംസാരിക്കുന്നവര്‍ക്കുള്ള പ്രത്യേക സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ടുള്ള സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തില്‍ സജീവമായിരുന്ന ബാല്‍ താക്കറെയുടെ പിതാവ് കേശവ് സിതാറാം താക്കറെയുടെ അഭിലാഷം കൂടിയായിരുന്നു ശിവസേന.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് കുടിയേറി വരുന്നവര്‍ക്കെതിരേ ബാല്‍ താക്കറെ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. മറാഠി യുവാക്കളുടെ വികാരം ഇതിലൂടെ അദ്ദേഹം ആകര്‍ഷിച്ചു. മഹാരാഷ്ട്രയില്‍ വന്ന് താമസിക്കുന്നവര്‍ക്കെതിരെ പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറി. ഫാസിസ്റ്റ് മനോഭാവത്തടെയുള്ള ഈ ആള്‍ക്കൂട്ടത്തിന് മറാഠി യുവാക്കള്‍ക്കിടയില്‍ വന്‍സ്വീകാര്യത ലഭിച്ചു. ഒരു ഘട്ടം പിന്നിട്ടപ്പോള്‍ പ്രദേശിക അവകാശവാദങ്ങള്‍ക്കൊപ്പം മതപരമായ പ്രചാരണംകൂടി ശിവസേന ഏറ്റെടുത്തു. മറ്റു മതങ്ങളോടുള്ള അതിന്റെ അസഹിഷ്ണുതയും മറ്റും അക്രമങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു. വൈകാതെ ശിവസേന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ ഭാഗമായി.1984-ലെ ഭിവണ്ടി കലാപം, 1992-93 ലെ ബോംബെ കലാപം തുടങ്ങി മഹാരാഷ്ട്രയില്‍ നടന്ന വിവിധ കലാപങ്ങളില്‍ ശിവസേനയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ആരോപണമുണ്ട്.

മാറിമറയുന്ന ചിഹ്നങ്ങള്‍

1989 വരെ ശിവസേനയ്ക്ക് സ്ഥിരമായ ഒരു ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നില്ല. വ്യത്യസ്ത ചിഹ്നങ്ങളിലാണ് ഓരോ തവണയും ശിവസേന തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. 1968-ലെ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വാളും പരിചയുമാണ് ചിഹ്നമായി കിട്ടിയത്. 1980-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ട്രെയിന്‍ എഞ്ചിനായിരുന്നു പാര്‍ട്ടി ചിഹ്നം. സ്വന്തമായി ചിഹ്നം ഇല്ലാത്തതിനെ തുടര്‍ന്ന് 1984-ല്‍ ബി.ജെ.പിയുടെ ചിഹ്നത്തില്‍ മത്സരിച്ച ചരിത്രവും ശിവസേനയ്ക്കുണ്ട്. പിന്നീട് ബി.ജെ.പിയുമായി അകന്ന ശിവസേന തീപ്പന്തം, സൂര്യന്‍, ബാറ്റും ബോളും തുടങ്ങിയ ചിഹ്നങ്ങളിലൊക്കെ മത്സരിച്ചിട്ടുണ്ട്. 1989-ലാണ്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അമ്പും വില്ലും സ്ഥിര ചിഹ്നമായി ശിവസേനക്ക് അനുവദിച്ചത്. അതിന് ശേഷം ശിവസേനയുടെ സ്വത്വമായും അടയാളമായും മാറിയ ഈ ചിഹ്നമാണ് ഇപ്പോള്‍ താക്കറെ കുടുംബത്തിന് നഷ്ടമായിരിക്കുന്നത്.

സംഘടനയില്‍നിന്ന് രാഷ്ട്രീയത്തിലേക്ക്

1968-ലാണ് രാഷ്ട്രീയ ചട്ടക്കൂടിലേക്ക് ശിവസേന മാറുന്നത്. അതിന് മുമ്പ് 1967-ല്‍ താനെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് 40-ല്‍ 17 സീറ്റുകളില്‍ വിജയിച്ചിരുന്നു. 1968-ല്‍ ബോംബെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 121-ല്‍ 42 സീറ്റുകളില്‍ ജയിക്കാനായി. 1969-ല്‍ കര്‍ണാടകയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടയില്‍ ബാല്‍ താക്കറെ അറസ്റ്റിലാകുന്നു. ഇതേ തുടര്‍ന്ന് മുംബൈയില്‍ നടന്ന മൂന്ന് ദിവസത്തെ ബന്ദ് അക്രമത്തിലേക്കും സംഘര്‍ഷത്തിലേക്കും വഴിവെച്ചു. ഇതിനിടെ കമ്മ്യൂണിസ്റ്റുകാർക്കെതിരേ ശിവസേന പ്രചാരണം നടത്തിയിരുന്നു. 1970-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തികേന്ദ്രമായ പരേലില്‍ നിന്നുള്ള എം.എല്‍.എ. കൃഷ്ണ ദേശായി കൊല്ലപ്പെട്ടു. കേസില്‍ ശിവസേന പ്രവര്‍ത്തകരാണ് പിടിയിലായത്. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി.പി.ഐക്കായി മത്സരിച്ച കൃഷ്ണ ദേശായിയുടെ ഭാര്യ സരോജിനി ദേശായിയെ ശിവസേന സ്ഥാനാര്‍ഥി പരാജയപ്പെടുത്തി. രാഷ്ട്രീയമായ വലിയ അടിത്തറയാണ് ശിവസേന ഇതിലൂടെ സൃഷ്ടിച്ചെടുത്തത്.

1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ബാല്‍ താക്കറെ പരസ്യമായി പിന്തുണച്ചു. 1985-ല്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭരണം സേന പിടിച്ചെടുത്തു. 1989-ലോക്സഭ- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി. 1990-ല്‍ മഹാരാഷ്ട്ര നിയമസഭയില്‍ 52 സീറ്റു നേടി ശിവസേന മനോഹര്‍ ജോഷിയെ പ്രതിപക്ഷ നേതാവാക്കി. 1995-ല്‍ ബി.ജെ.പി.-ശിവസേന സഖ്യം ആദ്യമായി മഹാരാഷ്ട്രയില്‍ അധികാരത്തിലേറി. 73 സീറ്റുകള്‍ നേടിയ ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചു. മനോഹര്‍ ജോഷി മുഖ്യമന്ത്രിയായി. 1999-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യത്തോട് തോറ്റു.

ബാൽ താക്കറെയ്‌ക്കൊപ്പം ഉദ്ധവ്‌

മകനും അനന്തരവൻ രാജ് താക്കറെയും തമ്മിലുള്ള അധികാരപ്പോരിൽ മകനൊപ്പം നിന്ന ബാൽ താക്കറെ 2003-ല്‍ മകന്‍ ഉദ്ധവ് താക്കറെയെ പാര്‍ട്ടിയുടെ എക്സിക്യുട്ടീവ് പ്രസിഡന്റായി നിയമിച്ചു. 2009-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന പരാജയപ്പെട്ടു. ബാല്‍ താക്കറെയെ വിമര്‍ശിച്ചെന്ന് ആരോപിച്ച് വിവിധ മറാഠി, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ഓഫീസുകള്‍ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. 2012-ല്‍ ബാല്‍ താക്കറെ അന്തരിച്ചു. തുടര്‍ന്ന് ഉദ്ധവ് താക്കറെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കെത്തി. 2014-ല്‍ ബി.ജെ.പിയുമായി സഖ്യം പിരിഞ്ഞ ശിവസേന ഒറ്റയ്ക്ക് മത്സരിച്ചു. 63 സീറ്റുകള്‍ നേടി. തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ പിന്തുണയ്ക്കുകയും വീണ്ടും എന്‍.ഡി.എയുടെ ഭാഗമാകുകയും ചെയ്തു. തുടര്‍ന്ന് 2019-ല്‍ ഒന്നിച്ച് മത്സരിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം സഖ്യം തകര്‍ന്നു. എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന മഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ച് മഹാരാഷ്ട്രയില്‍ അധികാരത്തിലേറി. താക്കറെ കുടുംബത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരത്തിലേറി. ഇതിന്റെ തുടര്‍ച്ചയാണ് മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍.

പാര്‍ട്ടിയെ റാഞ്ചിയ ഷിന്ദേ

മഹാവികാസ് അഘാഡി സഖ്യത്തില്‍ നഗര വികസന മന്ത്രിയായിരുന്നു ഏക്‌നാഥ് ഷിന്ദേയെന്ന ഇപ്പോഴത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി.പാര്‍ട്ടിയിലെ ജനകീയ മുഖം, താനെയില്‍ പാര്‍ട്ടിയ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക്, നാലു തവണ എം.എല്‍.എ., മന്ത്രി, വിശ്വസ്തന്‍ തുടങ്ങിയ വിശേഷങ്ങളുണ്ടായിരുന്ന ഷിന്ദേ, ശിവസേനയെ അതിന്റെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധിയിലാഴ്ത്തിയാണ് വിമതനീക്കം നടത്തിയിയത്. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം എം.എല്‍.എമാരേയും അടര്‍ത്തികൊണ്ടാണ് ഷിന്ദേ പാര്‍ട്ടിയെ പിളര്‍ത്തി നാടകീയ നീക്കങ്ങള്‍ക്കും റിസോര്‍ട്ട് രാഷ്ട്രീയത്തിനുമൊടുവില്‍ താക്കറെ കുടുംബത്തിന്റെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ശിവസേനയെ റാഞ്ചിയെടുത്തിരിക്കുകയാണ് ഷിന്ദേ.

ശിവജി പ്രതിമയെ വണങ്ങുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ സമീപം.

2022 ജൂണിലാണ് ഷിന്ദേ പാര്‍ട്ടി പിളര്‍ത്തിയത്. ആകെയുണ്ടായിരുന്ന 56 എം.എല്‍.എമാരില്‍ 39 പേരും 19 എം.പിമാരില്‍ 13 പേരും ഷിന്ദേയ്‌ക്കൊപ്പം പോയി. ഉദ്ധവിനെ താഴെയിറക്കി ബി.ജെ.പി. ഷിന്ദേയെ മുഖ്യമന്ത്രിയായി വാഴിക്കുകയും ചെയ്തു. ജനപ്രതിനിധികളില്‍ ഭൂരിപക്ഷം പേരെയും ഒപ്പം നിര്‍ത്താനായതാണ് ഷിന്ദേ പക്ഷത്തിന് ഔദ്യോഗികമാക്കി മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രേരിപ്പിച്ചത്.

സാമ്‌നയും സേന ഭവനും ഉദ്ധവിന് നഷ്ടമാകുമോ ?

അധികാരവും പാര്‍ട്ടിയും നഷ്ടമായ ഉദ്ധവിന് പിതാവിന്റെ ഓര്‍മകള്‍ തങ്ങിനില്‍ക്കുന്ന പാര്‍ട്ടി ആസ്ഥാനമായ ശിവസേന ഭവനും പാര്‍ട്ടിയുടെ ശബ്ദമായ സാമ്‌നയും നിലനിര്‍ത്താനാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടെ ശിവസേനയുടെ ഔദ്യോഗിക വിഭാഗമായി മാറിയ ഷിന്ദേ പക്ഷത്തിന് പാര്‍ട്ടിയുടെ സ്വത്തുക്കളും വസ്തുവകകളും ശാഖകളും അവകാശപ്പെടാന്‍ സാധിക്കുമെങ്കിലും ചിഹ്നം കൈവശപ്പെടുത്തയതുപോലെ അതത്ര എളുപ്പമായിരിക്കില്ല.

പാര്‍ട്ടി സ്വത്തുവകകളുടെ കാര്യത്തില്‍ താക്കറെ കുടുംബത്തിന്റെ വിശ്വസ്തനായ സുഭാഷ് ദേശായിയുടെ നേതൃത്വത്തിലുള്ള ശിവായ് സേവാ ട്രസ്റ്റാണ് ഇതിനുള്ള പ്രധാന തടസ്സം.

ദാദറിലെ പാര്‍ട്ടി ആസ്ഥാനമായ ശിവസേന ഭവന്‍ ഏറ്റെടുക്കില്ലെന്ന് ഏക്നാഥ് ഷിന്‍ന്ദേ പറഞ്ഞിട്ടുണ്ടെങ്കിലും പാര്‍ട്ടി ഘടനയുടെ നട്ടെല്ലായ ശാഖകളുടെ നിയന്ത്രണത്തിനായുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം സൂചന നല്‍കിയിട്ടുണ്ട്. ഷിന്ദേ പക്ഷം ഔദ്യോഗികമായ സ്ഥിതിക്ക് ശാഖകളെയും ഭാരവാഹികളേയും ഉദ്ധവിന് എങ്ങനെ നിയമപരമായി നിലനിര്‍ത്താനാകും എന്നതാണ് ചോദ്യം. അത് മറ്റൊരു തര്‍ക്കത്തിലേക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നത്. ശാഖകള്‍ നഷ്ടപ്പെടുന്നത് തടയാന്‍ അതൊരു ട്രസ്റ്റിന്റെ ഭാഗമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ഉദ്ധവ് പക്ഷം ഇതിനകം ആരംഭിച്ചിച്ചിട്ടുണ്ട്.

ശിവസേന ഭവന്‍ മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് ആക്ടിന് കീഴിലുള്ള സ്വത്തായതിനാല്‍ ഇരുപക്ഷത്തിനും അതില്‍ അവകാശവാദം ഉന്നയിക്കുന്നതില്‍ പല നിയമതടസ്സങ്ങളുമുണ്ട്. അതുപോലെ, പാര്‍ട്ടി മുഖപത്രമായ സാമ്നയുടെ ഓഫീസും സേന സ്ഥാപകന്‍ ബാല്‍ താക്കറെ ആരംഭിച്ച കാര്‍ട്ടൂണ്‍ മാഗസിന്‍ മാര്‍മിക്കും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉടമസ്ഥതയിലല്ല, പ്രബോധന്‍ പ്രകാശന്‍ എന്ന ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. നിലവില്‍ ഇതിന് ഷിന്ദേ അവകാശവാദം ഉന്നയിച്ചിട്ടില്ല.

പൊട്ടിത്തെറികള്‍ മുമ്പും

ശിവസേനയിലെ പൊട്ടിത്തെറികളും പടലപ്പിണക്കങ്ങളും ഇതാദ്യമല്ല. എന്നാല്‍, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിന് കീഴില്‍ ഇതാദ്യമാണെന്ന് മാത്രം. ഛഗന്‍ ഭുജ്ബല്‍ മുതല്‍ ഇപ്പോള്‍ ഏക്നാഥ് ഷിന്ദേവരെയുള്ള പ്രധാന സംഭവങ്ങൾ ഇപ്രകാരം:

ഛഗന്‍ ഭുജ്ബല്‍

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ അടുത്ത അനുയായി ആയിരുന്ന ഛഗന്‍ ഭുജ്ബല്‍ 1991-ലാണ് പാര്‍ട്ടി വിടുന്നത്. മഹാരാഷ്ട്രയുടെ ഗ്രാമപ്രദേശങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള ഭുജ്ബല്‍ ശിവസേനയിലെ ഒ.ബി.സി. മുഖമായിരുന്നു. പാര്‍ട്ടിയില്‍നിന്ന് വേണ്ടത്ര പ്രോത്സഹാനവും പരിഗണനയും ലഭിക്കുന്നില്ലെന്ന പരാതിയിലാണ് അദ്ദേഹം ശിവസേന വിടുന്നത്. മനോഹര്‍ ജോഷിയെ പ്രതിപക്ഷ നേതാവാക്കിയതിലുള്ള അതൃപ്തിയായിരുന്നു പ്രധാന കാരണം.

ശിവസേനയുടെ 18 എം.എല്‍.എമാരുമായി പോയി ഭുജ്ബല്‍ അന്ന് സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസിന് പിന്തുണ നല്‍കി. എന്നാല്‍ പാര്‍ട്ടി വിട്ട അതേ ദിവസം തന്നെ ഭുജ്ബല്‍ ക്യാമ്പില്‍ നിന്ന് 12 എം.എല്‍.എമാര്‍ ശിവസേനയിലേക്ക് തിരിച്ചെത്തി.

ഭുജ്ബലിനേയും ഒപ്പമുള്ള എം.പിമാരേയും പ്രത്യേക ഗ്രൂപ്പായി നിയമസഭയില്‍ സ്പീക്കര്‍ പരിഗണിച്ചു. പാര്‍ട്ടി വിട്ടതിന് പിന്നാലെ ഭുജ്ബലിന്റെ മുംബൈയിലുള്ള വീടിന് നേരെ ശിവസേന പ്രവര്‍ത്തകരുടെ അക്രമണം ഉണ്ടായി. കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭുജ്ബല്‍ പിന്നീട് 1999-ല്‍ എന്‍.സി.പിയില്‍ ചേര്‍ന്നു. ഉദ്ധവ് താക്കറെ നേതൃത്വം നൽകിയിരുന്ന സർക്കാരിൽ 74-കാരനായ ഭുജ്ബല്‍ എന്‍.സി.പിയുടെ മന്ത്രിയായിരുന്നു.

നാരായണ്‍ റാണെ

പാര്‍ട്ടിയുടെ സുപ്രധാന മുഖമായിരുന്ന നാരായണ്‍ റാണെ 2005-ലാണ് ശിവസേന വിട്ടത്. തന്റെ ഇരുപതുകളുടെ തുടക്കത്തില്‍ റാണെ ശിവസേനയ്‌ക്കൊപ്പം ചേർന്നതാണ്‌. 1995-ലെ ബി.ജെ.പി.- ശിവസേന സഖ്യസര്‍ക്കാരിന് കീഴില്‍ റാണെക്ക് ആദ്യം ലഭിച്ചത് റവന്യൂ വകുപ്പാണ്. ഭൂവിനിയോഗ വിവാദത്തെത്തുടര്‍ന്ന് ജോഷി രാജിവെയ്ക്കേണ്ടി വന്നപ്പോള്‍ 1999-ല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മുഖ്യമന്ത്രിയായി കുറഞ്ഞ കാലം അധികാരത്തിലിരുന്നിട്ടുണ്ട്. ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ റാണെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി.-സേന സഖ്യം കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യത്തോട് പരാജയപ്പെട്ടു.

2005 ആയതോടെ ഉദ്ധവ് താക്കറെയോടു തെറ്റി റാണെ പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടിയെ പിന്നിൽനിന്ന് കുത്തിയെന്നാരോപിച്ച് ഉദ്ധവ്, റാണെയെ പുറത്താക്കി. ഇതോടെ കോൺഗ്രസിലെത്തിയ നാരായൺ റാണെ വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരില്‍ മന്ത്രിയായി. 2008-ല്‍ മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശ്മുഖ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. അശോക് ചവാനെ മുഖ്യമന്ത്രിയാക്കി. തന്നെ മുഖ്യമന്ത്രിയാക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നേതൃത്വം പാലിച്ചില്ലെന്ന് റാണെ ആരോപിച്ചു. റാണയെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ക്ഷമാപണം നടത്തിയതിന് പിന്നാലെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. മോദിക്ക് കീഴില്‍ ബി.ജെ.പി. കരുത്താര്‍ജിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേക്കേറി. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയില്‍ കേന്ദ്രമന്ത്രിയായി.

രാജ് താക്കറെയ്ക്കും ഉദ്ധവ് താക്കറെയ്ക്കുമൊപ്പം ബാൽ താക്കറെ

രാജ് താക്കറെ

ശിവസേനയ്ക്ക് വലിയ തിരിച്ചടി നല്‍കികൊണ്ടാണ് രാജ് താക്കറെ 2006-ല്‍ പാര്‍ട്ടി വിട്ടത്. ബാല്‍ താക്കറെയുടെ സഹോദരപുത്രന്‍ കൂടിയായ രാജ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്.) എന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. താക്കറേയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ഉദ്ധവിന് നറുക്കു വീഴുന്നതോടെയാണ് രാജ് താക്കറെ ഇടഞ്ഞത്. ശിവസേന ഇടക്കാലത്ത് കൈവിട്ട മണ്ണിന്റെ മക്കള്‍ വാദവും തീവ്രനിലപാടും പയറ്റി. തുടക്കത്തില്‍ ആളെ ആകര്‍ഷിക്കാനായി 2009-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ് താക്കറെയുടെ പാര്‍ട്ടിക്ക് 13 സീറ്റുകള്‍ ലഭിച്ചു. മുംബൈ മേഖലയില്‍ ശിവസേനക്ക് ലഭിച്ചതിനേക്കാള്‍ ഒരു സീറ്റ് കൂടുതലായിരുന്നു ഇത്.

സുരേഷ് പ്രഭു

ബി.ജെ.പിയുമായുമായുള്ള ശിവസേനയുടെ ബന്ധത്തിന് വിള്ളല്‍ വീഴുന്നതിലേക്ക് നയിച്ച കാരണങ്ങളിലൊന്നായിരുന്നു സുരേഷ് പ്രഭു. ഒന്നാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വിപുലീകരണത്തിന് തൊട്ടുമുമ്പാണ് സുരേഷ് പ്രഭു ബി.ജെ.പിയില്‍ ചേര്‍ന്നത്. നേതൃത്വവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശിവസേന സുരേഷ് പ്രഭുവിനെ മന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ശിവസേനയില്‍നിന്ന് രാജിവെച്ച് സുരേഷ് പ്രഭു ബി.ജെ.പിയില്‍ ചേര്‍ന്നത്. തൊട്ടടുത്ത ദിവസം അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമുണ്ടായി.

ഇവരെ കൂടാതെ ഭാസ്‌കര്‍ ജാദവ്, ഗണേഷ് നായിക്, സഞ്ജയ് നിരൂപം, പ്രവീണ്‍ ദാരേക്കര്‍, ബാല നന്ദഗോങ്കര്‍, തുക്കാറാം റെംഗേ പാട്ടീല്‍, രാജന്‍ തേലി, വിജയ് വഡേത്തിവാര്‍, കാളിദാസ് കൊളംബ്കര്‍ എന്നിവരും പല സമയങ്ങളിലായി പാര്‍ട്ടി വിട്ടു. ഇവരില്‍ കുറച്ചുപേര്‍ മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നപ്പോള്‍ മറ്റു ചിലര്‍ സേനയില്‍ തിരിച്ചെത്തി.

Content Highlights: history of Shiv Sena’s political rout-Uddhav Thackeray

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented