മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സമസ്ത അധ്യക്ഷൻ ജിഫ്‌രി മുത്തുക്കോയ തങ്ങൾക്കുമൊപ്പം |ഫോട്ടോ:മാതൃഭൂമി
കേവല രാഷ്ട്രീയത്തിനതീതമായി ഊഷ്മളസൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പല നിര്‍ണായക ഘട്ടങ്ങളിലും അത് അദ്ദേഹത്തിനു തുണയാവുന്നുണ്ട്. സൗഹൃദത്തെ രാഷ്ട്രീയായുധമാക്കിയും നയതന്ത്രോപാധിയാക്കിയും പിണറായി നടത്തുന്ന നീക്കങ്ങള്‍ കൗതുകമുള്ള രാഷ്ട്രീയക്കാഴ്ചയാണ്..
മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ സൗഹൃദങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ആളെ അറിഞ്ഞും അളന്നുമാണ് അദ്ദേഹം ബന്ധത്തിന്റെ ആഴവും പരപ്പും നിശ്ചയിക്കുക. ഓരോ സൗഹൃദത്തിനും ഓരോ മാനമുണ്ടാവും, പ്രത്യേകതയും. ആത്മാര്‍ത്ഥമാണ് അവ. ഊഷ്മളവും. ബന്ധങ്ങള്‍ ഉണ്ടാക്കാനും നിലനിര്‍ത്താനും പിണറായി തന്നെയാണു മുന്‍കൈയെടുക്കുക. രാഷ്ട്രീയക്കാരനും ഭരണാധികാരിയും എന്നതിനപ്പുറത്ത് വിശാലമായ സാമൂഹ്യവീക്ഷണമുള്ള ഒരു വ്യക്തി എന്ന നിലയ്ക്കാണ് അദ്ദേഹം പരിചയപ്പെടുന്നവരോടു പെരുമാറുക. അതുകൊണ്ടു തന്നെ പിണറായിയുടെ പരിചയ വലയത്തില്‍പെടുന്ന എല്ലാവരും അതില്‍ ആകൃഷ്ടരാവുകയും ചെയ്യും.
പറഞ്ഞുവരുന്നത് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വ്യക്തിബന്ധത്തെക്കുറിച്ചാണ്. 2019 സെപ്തംബര്‍ 6-ന് ഗവര്‍ണറുടെ ചുമതല ഏറ്റെടുത്ത നാള്‍ മുതല്‍ ഇരുവര്‍ക്കുമിടയില്‍ നിലനിന്നത് ഹൃദ്യമായ സൗഹൃദം. രാഷ്ട്രീയ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഏറെയുണ്ടായിട്ടും ആ ബന്ധത്തിന് ഇടര്‍ച്ചയുണ്ടായില്ല. ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ പ്രതിനിധിയാണ്. സ്വാഭാവികമായും കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കും. ചില ഘട്ടങ്ങളില്‍ ഗവര്‍ണറും സംസ്ഥാനസര്‍ക്കാരും ഏറ്റുമുട്ടലിലേക്ക് നീങ്ങും. കേന്ദ്രം കൊണ്ടുവന്ന മൂന്നു കര്‍ഷകബില്ലുകളില്‍ പ്രതിഷേധിച്ച് കേരളസര്‍ക്കാര്‍ നിയമസഭ വിളിച്ചുകൂട്ടാന്‍ ശ്രമിച്ചപ്പോഴുണ്ടായ സംഘര്‍ഷം ഉദാഹരണം. ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കാനാണ് അടിയന്തര സമ്മേളനം വിളിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഗവര്‍ണര്‍ക്കുള്ള കത്തില്‍ പറഞ്ഞത് രാജ്യത്തെ കര്‍ഷകന്‍ നേരിടുന്ന അടിയന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടുന്നു എന്ന്. കര്‍ഷകരുടെ പ്രശ്‌നത്തില്‍ അടിയന്തരമായി ഒന്നുമില്ലെന്നു മറുപടി കത്തില്‍ ഗവര്‍ണറും നിലപാടെടുത്തു. മാത്രമല്ല, സാധാരണ നിയമസഭ വിളിച്ചുകൂട്ടാന്‍ 15 ദിവസത്തെ നോട്ടീസ് വേണം. 2020 ഡിസംബര്‍ 23-ാം തീയതി ചേരാനുള്ള സമ്മേളനത്തിന് സര്‍ക്കാര്‍ കത്തു നല്‍കിയത് ഡിസംബര്‍ 21-ന്. ഇതും ഗവര്‍ണറെ ചൊടിപ്പിച്ചു.
ഗവര്‍ണറുടെ നടപടിക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ആഞ്ഞടിച്ചു. ഭരണഘടനാ തത്വങ്ങള്‍ക്കും സുപ്രീംകോടതി വിധികള്‍ക്കും എതിരാണ് നടപടിയെന്ന് പിണറായി കുറ്റപ്പെടുത്തി. നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. 2021 ജനുവരി എട്ടിന് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയപ്പോള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയത് വമ്പന്‍ പ്രതിഷേധം. സ്വര്‍ണക്കടത്തു കേസില്‍ പിണറായി വിജയനു പങ്കുണ്ടെന്നും അദ്ദേഹവും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രകടനം. എന്നാല്‍ സര്‍ക്കാര്‍ വലിയ ശ്രദ്ധയോടുകൂടിത്തന്നെ ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കി. കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചേര്‍ത്തിരിക്കുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു മടിയും പ്രകടിപ്പിക്കാതെ വായിച്ചു. എല്ലാ ഏറ്റുമുട്ടലുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും മേലേ മുഖ്യമന്ത്രിയുമായുള്ള വ്യക്തിബന്ധം ഗവര്‍ണര്‍ സംരക്ഷിച്ചു നിര്‍ത്തി. തിരിച്ച് മുഖ്യമന്ത്രിയും.
1980-ല്‍ 'മാതൃഭൂമി'യില്‍ ചേര്‍ന്ന ഞാന്‍ പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് എത്രയോ മുഖ്യമന്ത്രിമാരെ അടുത്തുനിന്നു കണ്ടിട്ടുണ്ട്. ആദ്യം കണ്ട മുഖ്യമന്ത്രി ഇ.കെ.നായനാരായിരുന്നു. എങ്കിലും അടുത്തിടപെട്ട മുഖ്യമന്ത്രിമാരില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച മൂന്ന് വ്യക്തിത്വങ്ങള്‍ കെ.കരുണാകരന്‍, ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍ എന്നിവരാണ്. രാഷ്ട്രീയക്കാരെന്ന നിലയ്ക്കും ഭരണകര്‍ത്താക്കള്‍ എന്ന നിലയ്ക്കും. ആദ്യകാലത്തൊന്നും രാഷ്ട്രീയം എഴുതാനുള്ള സ്വാതന്ത്ര്യം വളരെ ജൂനിയറായ എനിക്കുണ്ടായിരുന്നില്ല. നിയമസഭയിലെ രാവിലത്തെ ചോദ്യോത്തരം 'റിപ്പോര്‍ട്ടു' ചെയ്യുന്നതിലൊതുങ്ങി ചുമതലകള്‍. എന്നാല്‍ 1982-ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോഴേക്കും അല്‍പസ്വല്‍പം രാഷ്ട്രീയം എഴുതാനുള്ള അവസരമൊക്കെ കിട്ടിത്തുടങ്ങി. എം.ഡി.നാലപ്പാട്ടാണ് അന്നു പത്രാധിപര്‍. എ.കെ.ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍ കരുണാകരനെ ഒരു പ്രതിനായകനായി ചിത്രീകരിച്ചു തുടങ്ങുന്ന സമയം. സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടം കോണ്‍ഗ്രസിലും യു.ഡി.എഫിലും പ്രധാന വിഷയമായി ഉയര്‍ന്നുകൊണ്ടിരുന്ന കാലം. ഞാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയം എഴുതി തുടങ്ങി. സ്വാഭാവികമായും കരുണാകരനെതിരെ. അപ്പോഴും കരുണാകരന്‍ എന്നോട് ഒരു വിരോധവും പ്രകടിപ്പിക്കുന്നില്ലെന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചു. കാരണമുണ്ട്. ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊക്കെ ആര്‍ത്തു വിളിച്ചു മുന്നേറുമ്പോഴും 'മാതൃഭൂമി'യുടെ ഒന്നാംപേജില്‍ താനുമുണ്ടല്ലോ എന്നാണ് കരുണാകരന്റെ മനസില്‍. എതിരാളികള്‍ക്കു പത്രങ്ങളുടെ പിന്തുണ വേണ്ടുവോളമുണ്ട് എന്നു മനസിലാക്കിക്കൊണ്ടുതന്നെ കരുണാകരന്‍ പോരു മുറുക്കുകയായിരുന്നു.
രാഷ്ട്രീയത്തിലെ ബന്ധങ്ങള്‍ വിദഗ്ധമായി ഉപയോഗിച്ചു കരുണാകരനും ഉമ്മന്‍ചാണ്ടിയും. ഒമ്പത് അംഗങ്ങളുടെ നേതാവായി 1967-ല്‍ കേരള നിയമസഭയിലെത്തിയ കെ.കരുണാകന്‍ അതിവിദഗ്ദ്ധമായ രാഷ്ട്രീയക്കളിയിലൂടെയാണ് യു.ഡി.എഫ് എന്ന ഐക്യജനാധിപത്യമുന്നണിക്കു നേതൃത്വം നല്‍കിയത്. ഭരണപക്ഷത്തായിരുന്ന സി.പി.ഐയുമായി ചങ്ങാത്തം കൂടിയും സപ്തകക്ഷി മുന്നണിയുടെ കെട്ടുറപ്പു പൊളിച്ചും കരുണാകരന്‍ മുന്നേറിയത് എം.എന്‍.ഗോവിന്ദന്‍നായര്‍, സി.എച്ച്.മുഹമ്മദ് കോയ തുടങ്ങിയ നേതാക്കളുമായി ഉണ്ടാക്കിയ ദൃഢമായ ബന്ധങ്ങളുടെ ബലത്തിലായിരുന്നു. സമാനമാണ് 1994-95 കാലത്ത് യു.ഡി.എഫിലെ ഐക്യത്തിന്റെ രസതന്ത്രം തിരുത്തിയ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ടീയ മിടുക്കും. കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ കരുണാകരനോടൊപ്പം എക്കാലത്തും നിലയുറപ്പിച്ചിരുന്ന പ്രമുഖ നേതാക്കളെ അടര്‍ത്തിമാറ്റിയും പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, ആര്‍.ബാലകൃഷ്ണപിള്ള, ടി.എം.ജേക്കബ് എന്നീ പ്രമുഖ കക്ഷിനേതാക്കളെ വശത്താക്കിയും നിര്‍ണായക നീക്കങ്ങളാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. 1995-ല്‍ കരുണാകരനെ വീഴ്ത്തി എ.കെ.ആന്റണി മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് യു.ഡി.എഫില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയും ഉള്‍പ്പെട്ട പുതിയ അച്ചുതണ്ട് തന്നെ രൂപപ്പെട്ടു.
ബന്ധങ്ങള്‍ ഉണ്ടാക്കുന്നതും നിലനിര്‍ത്തുന്നതും ഒരു കലയാക്കിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനും. രാഷ്ട്രീയത്തിനപ്പുറത്തേക്കും പടര്‍ന്നു പന്തലിച്ച സൗഹൃദവലയമാണ് അദ്ദേഹത്തിന്റേത്. ഡോ.എം.വി.പിള്ള ഒരുദാഹരണം. ലോകത്തിലെ പ്രഗത്ഭരായ കാന്‍സര്‍ വിദഗ്ദ്ധരില്‍ ഒരാള്‍. തിരുവനന്തപുരം സ്വദേശി, തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപം കൊണ്ടപ്പോള്‍ മുതല്‍ അതിന്റെ നേതാക്കളായിരുന്നവരുടെ കുടുംബത്തില്‍ ജനിച്ചയാള്‍. ഉമ്മന്‍ചാണ്ടിയുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നയാള്‍. മുഖ്യമന്ത്രിയായപ്പോള്‍ പിണറായി അദ്ദേഹവുമായി സംസാരിച്ചു. നേരത്തേ സര്‍ക്കാരിനു മുമ്പിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു വിഷയം. എല്ലാം വിശദമായി ചോദിച്ചറിഞ്ഞ് ഡോ. പിള്ളയുടെ നിര്‍ദ്ദേശങ്ങളൊക്കെയും ഉള്‍ക്കൊണ്ട് മുഖ്യമന്ത്രി അതിവേഗം കാര്യങ്ങള്‍ നീക്കി. പിണറായിയുടെ വിശിഷ്ടബന്ധങ്ങളില്‍ ഇന്ന് ഡോ.എം.വി.പിള്ളയ്ക്കുള്ളത് മുന്തിയ സ്ഥാനം. അതു പോലെ ആ സൗഹൃദവലയത്തിലെത്തിയ മറ്റൊരാളാണ് ലോകബാങ്കിന്റെ ഇന്ത്യാ തലവന്‍ ജുനൈദ് അഹമ്മദ്. 2018-ല്‍ അമേരിക്കയില്‍ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം ആദ്യം കണ്ടത്. ചികിത്സയ്ക്കു അമേരിക്കയിലെത്തിയ മുഖ്യമന്ത്രിയെ അപ്പോള്‍ അവിടെയുള്ള ജുനൈദ് അഹമ്മദ് സന്ദര്‍ശിക്കുകയായിരുന്നു. ജുനൈദും അന്നുമുതല്‍ പിണറായിയുടെ അടുത്ത സുഹൃത്താണ്.
ലോകബാങ്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മലയാളി ഡോ.ബാലകൃഷ്ണ മേനോനും അന്ന് ജുനൈദിനൊപ്പം ഉണ്ടായിരുന്നു. ഇടയ്ക്കു തിരുവനന്തപുരത്തെത്തുമ്പോള്‍ ഡോ.ബാലകൃഷ്ണമേനോനെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേയ്ക്കു ക്ഷണിക്കും. മിക്കപ്പോഴും പ്രഭാത ഭക്ഷണത്തിനാവും. ഒരിക്കല്‍ ഞാന്‍ പറഞ്ഞു. 'സി.എം, ബാലയോടു സംസാരിക്കുന്നതു പ്രൊഫസര്‍മാരോടും സംസാരിക്കുന്നതു പോലെയാണ്.' പാവപ്പെട്ട രാജ്യങ്ങളിലെ പട്ടിണി, ദാരിദ്ര്യം, ശുദ്ധജലക്ഷാമം, ജലവിതരണത്തിലെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ബാലയുടെ വിഷയങ്ങള്‍ നിരവധി. പ്രഭാത ഭക്ഷണം കഴിഞ്ഞ് ഓഫീസ് മുറിയില്‍ സംസാരിക്കാനിരിക്കുമ്പോള്‍ മുഖ്യമന്ത്രി ഒരു നോട്ടുബുക്കും പേനയുമെടുത്തു. അതെന്താ എന്ന് എന്റെ ചോദ്യം. 'നിങ്ങളല്ലേ പറഞ്ഞത് ബാലയോടു സംസാരിക്കുന്നതു പ്രൊഫസര്‍മാരോടു സംസാരിക്കുന്നതുപോലെയാണെന്ന്. പ്രൊഫസര്‍മാര്‍ സംസാരിക്കുമ്പോള്‍ നോട്ട് എഴുതിയെടുക്കണ്ടേ? -മുഖ്യമന്ത്രിയുടെ മറുപടി.
ബാലയുമായുള്ള സംസാരം അന്ന് ഒന്നര മണിക്കൂര്‍ നീണ്ടു. അതിനിടെ കാണാന്‍ വന്നവരെയൊക്കെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷ് മടക്കി അയച്ചു. ബാലയുടെ വിശദമായ സംസാരം കേട്ട് മുഖ്യമന്ത്രി പ്രധാന കാര്യങ്ങള്‍ കുറിച്ചെടുത്തുകൊണ്ടിരുന്നു. ശ്രദ്ധയോടെ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെപ്പോലെ. ഉന്നതോദ്യോഗസ്ഥരുമായുള്ള എല്ലാ പ്രധാന യോഗങ്ങളിലും മുഖ്യമന്ത്രി ഇതുപോലെ കുറിപ്പെടുക്കാറുണ്ട്. ഓരോരുത്തരും പറയുന്നത് പ്രത്യേകം ശ്രദ്ധിക്കും. അവസാനം സമഗ്രമായ മറുപടി നല്‍കും. മുതിര്‍ന്ന ഉദ്യോഗസ്ഥരെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സമര്‍ത്ഥമായിരിക്കും ആ മറുപടിയെന്ന് ഒരു മുന്‍ചീഫ് സെക്രട്ടറി.
മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ഒരഭിമുഖത്തിന്റെ പിന്നാമ്പുറ കഥകള്‍ കൗതുകമുണര്‍ത്തുന്നതാണ്. 2017ലെ വാര്‍ഷിക പതിപ്പിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. കുറേ വര്‍ഷങ്ങളായി മനോരമ വാര്‍ഷിക പതിപ്പിന്റെ ചുമതല ഭാഷാപോഷിണി എഡിറ്റര്‍ കെ.സി നാരായണനാണ്. മുഖ്യമന്ത്രിയുമായി ഒരഭിമുഖം വേണമെന്ന് നാരായണന്‍ കുറേയായി ആഗ്രഹിക്കുന്നു. വിളിച്ചാലുടന്‍ അഭിമുഖത്തിന് പിണറായി സമ്മതിക്കും. അഭിമുഖത്തിന് സമയമാവുമ്പോള്‍ എന്തെങ്കിലും പറഞ്ഞ് ഒഴിയും. അടുത്ത തവണയാകട്ടെ എന്ന് പറയുകയും ചെയ്യും. 2017 ലെ വാര്‍ഷിക പതിപ്പിനായി കെ.സി നാരായണന്‍ മുഖ്യമന്ത്രിയെ വിളിച്ചു. അഭിമുഖം നടത്തുന്നത് തോമസ് ജേക്കബായിരിക്കുമെന്ന് അപ്പോഴേ പറയുകയും ചെയ്തു. മുഖ്യമന്ത്രി സമ്മതം മൂളി.
കെ.സി നാരായണന്‍ പഴയ മാതൃഭൂമിക്കാരനാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയും ഒരു കാലഘട്ടത്തില്‍ നോക്കിയിട്ടുണ്ട്. എന്നെക്കാള്‍ സീനിയറാണെങ്കിലും ഞങ്ങള്‍ വലിയ സൗഹൃദത്തിലായിരുന്നു. വിശാലമായ സുഹൃത്ത് ബന്ധങ്ങള്‍ സൂക്ഷിക്കുന്നയാളുമാണ് നാരായണന്‍. വൃക്തിബന്ധങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ തോമസ് ജേക്കബും പിണറായിയെപ്പോലെയാണ്. ഒക്കെയും നീണ്ടകാലത്തെ ദൃഢബന്ധങ്ങള്‍. അതിലൊരു നല്ല ബന്ധമായിരിക്കണം അദ്ദേഹത്തിന് മുഖ്യമന്ത്രി പിണറായി വിജയനുമായും ഉള്ളത്. ഒരു മണിക്കൂര്‍ അഭിമുഖത്തിന് തയ്യാറായി തോമസ് ജേക്കബ് നേരത്തെ തന്നെ ക്ലിഫ് ഹൗസിലെത്തി. അഭിമുഖം നീണ്ടത് രണ്ട് മണിക്കൂറോളം നേരം. പിന്നെ ചെറിയൊരു ചായ സല്‍ക്കാരം. അകത്തെ ഊണ്‍മുറിയില്‍ ആതിഥേയ മുഖ്യമന്ത്രിയുടെ ഭാര്യ കമല തന്നെ. ക്ലിഫ് ഹൗസ് വളപ്പിലെ പച്ചക്കറി തോട്ടവും തോമസ് ജേക്കബിന് മുഖ്യമന്ത്രി കാണിച്ചുകൊടുത്തു. അപ്പോഴും ഭാര്യ കമല ഒപ്പമുണ്ട്. പിന്നെ കാറിനടുത്ത് വന്ന് സ്‌നേഹപൂര്‍വം യാത്രയയച്ചു മുഖ്യമന്ത്രി. കാര്‍ മറയുന്നത് വരെ മുഖ്യമന്ത്രി പടിവാതിക്കലില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് തോമസ് ജേക്കബ്.
പിണറായിയുടെ സൗഹൃദങ്ങള്‍ ഇപ്പോള്‍ പുതിയൊരു രാഷ്ട്രീയമായി മാറുകയാണ്. ഈയിടെ മുസ്ലീംലീഗും സമസ്തയും തമ്മില്‍ അകല്‍ച്ചയുണ്ടായതിലും മുഖ്യമന്ത്രിയുടെ 'സൗഹൃദരാഷ്ട്രീയം' നിര്‍ണായകമായതായി കാണാം. സമസ്ത നേതാക്കള്‍ക്ക് നേരിട്ട് എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കാം. കണ്ടു സംസാരിക്കേണ്ട വിഷയമാണെങ്കില്‍ അതിനും ബുദ്ധിമുട്ടില്ല. മുഖ്യമന്ത്രി കാണിക്കുന്ന ഈ ആത്മാര്‍ത്ഥതയും കരുതലും സമസ്ത നേതാക്കളെ ആകര്‍ഷിച്ചിരുന്നു. വഖഫ് ബോര്‍ഡ് നിയമനം സംബന്ധിച്ച് മുസ്ലീംലീഗ് സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചാരണം നടത്താന്‍ ഒരുങ്ങിയപ്പോള്‍ ആ സൗഹൃദം പിണറായിക്ക് രാഷ്ട്രീയമായി ഗുണം ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് പള്ളികളെ ഉപയോഗിക്കാനാവില്ലെന്ന നിലപാട് സമസ്ത നേതൃത്വം കൈക്കൊണ്ടു. ഗവര്‍ണറുമായുള്ള ഏറ്റവും അവസാനത്തെ സംഘര്‍ഷത്തിലും പിണറായിയുടെ സൗഹൃദ നയതന്ത്രം നിര്‍ണായകമായി. സര്‍ക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സര്‍വകലാശാല ചാന്‍സലര്‍ എന്ന പദവി ഉപേക്ഷിക്കുകയാണെന്നു തീരുമാനമെടുത്ത ഗവര്‍ണര്‍ രണ്ടു മാസത്തോളം നീണ്ടുനിന്ന വിവാദങ്ങള്‍ക്കു വിരാമമിട്ട് ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ തീരുമാനിച്ചത് ഇരുവരും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയായിരുന്നു. ഗവര്‍ണറുടെ ബി.ജെ.പി ബന്ധം നോക്കാതെ വലിയൊരു വ്യക്തിബന്ധം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രദ്ധിച്ചിരുന്നു. സര്‍വകലാശാലകളുടെ ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവില്ലെന്നു കാണിച്ച് മുഖ്യമന്ത്രി എഴുതിയ നാലുകത്തുകള്‍ക്കൊപ്പം വ്യക്തിബന്ധങ്ങളില്‍ പിണറായി സൂക്ഷിച്ച ഊഷ്മളതയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖവിലയ്‌ക്കെടുത്തു. കേരളം കണ്ട മുഖ്യമന്ത്രിമാരില്‍ പിണറായിയെ വേറിട്ടു നിര്‍ത്തുന്ന തലത്തിലേക്ക് രാഷ്ട്രീയത്തിനതീതമായി നിലനിര്‍ത്തുന്ന ഒരു 'സൗഹൃദരാഷ്ട്രീയം' അദ്ദേഹം വളര്‍ത്തിയെടുത്തിരിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..