കോഴിക്കോട് സൈബർ പാർക്ക് | ഫയൽ ചിത്രം/ മാതൃഭൂമി
വേൾഡ് എക്കണോമിക് ഫോറത്തിന്റെ സാമ്പത്തിക വിദഗ്ധരുടെ കമ്മ്യൂണിറ്റി നടത്തിയ ഒരു സർവേയുടെ ഫലം വർഷാദ്യം പുറത്തുവന്നിരുന്നു. ഇതിൽ പങ്കെടുത്ത സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായപ്രകാരം 2023-ൽ ആഗോളമാന്ദ്യമുണ്ടാവാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ 18 ശതമാനവും ഈ വർഷം ഉറപ്പായും ഒരു മാന്ദ്യം പ്രതീക്ഷിക്കുന്നുണ്ട്. 45 ശതമാനം പേരും മാന്ദ്യത്തിന്റെ സാധ്യത തള്ളിക്കളയുന്നുമില്ല.
കോവിഡ് മഹാമാരിയിൽനിന്ന് കരകയറാൻ സമയമെടുക്കുന്നതും പണപ്പെരുപ്പമടക്കം ആഗോളതലത്തിൽ മാന്ദ്യത്തിന്റെ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ ഏറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈനയിലെ സീറോ കോവിഡ് പോളിസിയും റഷ്യയും യുക്രൈനും തമ്മിൽ തുടരുന്ന സംഘർഷവുമടക്കം നിരവധി കാരണങ്ങളാണ് മാന്ദ്യത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2008-ന് ശേഷം ഏറ്റവും വലിയ മാന്ദ്യമാണ് 2023-ൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതിനിടയിലാണ് മെറ്റയും ആമസോണും ഗൂഗിളുമടക്കം ആഗോള ടെക് കമ്പനികൾ കൂട്ടപിരിച്ചുവിടൽ നടത്തുന്നതിന്റെ വാർത്തകളും പുറത്ത് വരുന്നത്.
2008-ൽ അമേരിക്കയിലും യൂറോപ്പിലും വലിയ മാന്ദ്യമുണ്ടായപ്പോൾ പിടിച്ചുനിന്ന ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. അമേരിക്കയും ഇംഗ്ലണ്ടും അടക്കം വലിയ പ്രതിസന്ധികളിലേക്ക് നീങ്ങിയപ്പോൾ ഇന്ത്യയിലെ സാമ്പത്തികരംഗം പിടിച്ചുനിന്നു. എന്നാൽ, ഈ വർഷം പ്രവചിക്കപ്പെട്ട മാന്ദ്യവും അതിന്റെ ഫലമായി ഉണ്ടാവാൻ സാധ്യതയുമുള്ള പിരിച്ചുവിടലുകളും രാജ്യത്തേയും കാര്യമായി ബാധിച്ചേക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
വലിയ കമ്പനികളും സ്റ്റാർട്ടപ്പുകളുമടക്കം നിരവധി ടെക് കമ്പനികളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. പ്രധാനമായും മൂന്ന് നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ ഐ.ടി. കമ്പനികളേയും പിരിച്ചുവിടലുകൾ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. ഇത്തരത്തിൽ ചില വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിൽ വാസ്തവമെന്തെന്ന് അന്വേഷിക്കുകയാണ് ഇവിടെ. കേരളത്തിലും ഐ.ടി. മേഖലയിൽ പിരിച്ചുവിടൽ ഭീഷണി നിലനിൽക്കുന്നുണ്ടോ?
പിരിച്ചുവിടൽ ഭീതി
ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലുകൾ നിരീക്ഷിക്കുന്ന ലേ ഓഫ്‌സ്.എഫ്.വെെ.ഐ. എന്ന പോർട്ടലിന്റെ കണക്ക് പ്രകാരം 2023-ൽ ഇതുവരെ 1.7 ലക്ഷത്തിലേറെ പേരെയാണ് 607 കമ്പനികളിൽനിന്നായി പിരിച്ചുവിട്ടത്. 2022-ലെ 12 മാസത്തെ കണക്ക് ഇതിലും താഴെയാണ് എന്നതുകൂടി പരിഗണിക്കുമ്പോഴാണ് പിരിച്ചുവിടലിന്റെ വ്യാപ്തി വ്യക്തമാകുന്നത്. 1.6 ലക്ഷത്തിൽ താഴെ പേരെയാണ് കഴിഞ്ഞ കലണ്ടർ വർഷം 1,056 കമ്പനികളിൽനിന്നായി പിരിച്ചുവിട്ടത്.
ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് കൂട്ടപ്പിരിച്ചുവിടലുകളിൽ ഏറ്റവും മുമ്പിൽ. കഴിഞ്ഞ വർഷം നവംബറിൽ മാത്രം 11,000 ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടത്. 10,000ത്തിലേറെ പേരെക്കൂടി പിരിച്ചുവിടുമെന്ന് മാർച്ചിൽ മെറ്റ സി.ഇ.ഒ. മാർക്ക് സക്കർബെർഗ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ പിരിച്ചുവിടൽ നോട്ടീസുകൾ നൽകി തുടങ്ങിയിട്ടുണ്ട്. ഇതിൽ പലർക്കും ഉറങ്ങിക്കിടക്കുമ്പോഴും പുലർച്ചെ നാലു മണിക്കും മറ്റുമാണ് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ വർഷാവസാനത്തോടെ മെറ്റയ്ക്ക് കീഴിലുള്ള വിവിധ കമ്പനികളിലായി 86,000ത്തോളം ജീവനക്കാരാണ് ഉണ്ടായിരുന്നത്. വൻകിട കമ്പനികളായ ആമസോണും ഗൂഗിളും മൈക്രോസോഫ്റ്റും പിരിച്ചുവിടലുകളുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല.

കേരളത്തിലെ ഐ.ടി. പാർക്കുകൾ
കേരളത്തിൽ പ്രധാനമായും മൂന്ന് നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഐ.ടി. മേഖല പ്രവർത്തിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചിയിലെ ഇൻഫോപാർക്ക്, കോഴിക്കോട്ടെ സൈബർ പാർക്ക് എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐ.ടി. പാർക്കുകളിലൊന്നായ ടെക്‌നോപാർക്കിൽ 470 കമ്പനികളിലായി 70,000-ത്തോളം ജീവനക്കാരാണുള്ളത്. ടെക്- ഐ.ടി. രംഗത്തെ വമ്പന്മാരായ ഇൻഫോസിസ്, യു.എസ്.ടി. ഗ്ലോബൽ, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്.), ഒറാക്കിൾ തുടങ്ങിയ കമ്പനികൾ ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്.
കൊച്ചിയിലെ കാക്കനാട് കേന്ദ്രമാക്കിയാണ് ഇൻഫോപാർക്ക് പ്രവർത്തിക്കുന്നത്. തൃശൂരിലെ കൊരട്ടിയിലും ആലപ്പുഴയിലെ ചേർത്തലയിലും ഇൻഫോപാർക്കിന് രണ്ട് സാറ്റ്‌ലൈറ്റ് ക്യാമ്പസുകളുണ്ട്. വിപ്രോ, കെ.പി.എം.ജി. കോഗ്നിസെന്റ്, എച്ച്.സി.എൽ, ബൈജൂസ് അടക്കം 430 കമ്പനികളിലായി 51,000-ത്തിലേറെ ഐ.ടി. പ്രൊഫഷണലുകൾ ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്നു. വടക്കൻ കേരളത്തിലെ പ്രധാന ഐ.ടി. പാർക്കാണ് സൈബർപാർക്ക്. 42.5 ഏക്കറിൽ പ്രവർത്തിച്ചുവരുന്ന സൈബർ പാർക്കിൽ 63 കമ്പനികളിലായി 1000-ത്തിലേറെ ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
പിരിച്ചുവിടൽ മുമ്പ് കേരളത്തിൽ
മലയാളിയായ ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന എഡ്യുക്കേഷൻ ടെക് കമ്പനിയായ ബൈജൂസിന്റെ തിരുവനന്തപുരത്തെ ഡെവലപ്‌മെന്റ് സെന്റർ ബെംഗളൂരുവിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിൽ നേരത്തെ പിരിച്ചുവിടലിന്റെ ഭീതി നിലനിന്നിരുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ജീവനക്കാരെ ബെംഗളൂരുവിലെ ഓഫീസിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതോടൊപ്പം ഏതാനും പേരെ പിരിച്ചുവിടാനും നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതിനെതിരെ ജീവനക്കാരും അവരുടെ സംഘടനയും തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയെക്കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ യോഗം വിളിച്ചു.
മുഖ്യമന്ത്രിയുമായി ബൈജൂസ് സ്ഥാപകൻ നേരിട്ട് നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് കമ്പനി കേരളം വിടില്ലെന്നും 140 ജീവനക്കാരെ പിരിച്ചുവിടില്ലെന്നും പ്രഖ്യാപിച്ചത്. അന്ന് കേരളത്തിൽ 11 ഓഫീസുകളിലായി 3,000-ത്തോളം ജീവനക്കാരാണ് ബൈജൂസിനുണ്ടായിരുന്നത്. അതേ സാമ്പത്തിക വർഷത്തിൽ മൂന്ന് ഓഫീസുകൾ കൂടി സ്ഥാപിച്ച് 600 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബൈജൂസ് അറിയിച്ചിരുന്നു. നേരത്തെ, പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച 140 പേരിൽ അൻപതോളം പേരെ മതിയായ ആനുകൂല്യങ്ങൾ നൽകി വിടുതൽ നൽകിയതായാണ് നിലവിൽ മനസിലാക്കാൻ കഴിഞ്ഞത്.
കോവിഡ് കാലത്ത് ഏതാനും കമ്പനികൾ വരുമാനനഷ്ടവും മറ്റും ചൂണ്ടിക്കാണിച്ച് പിരിച്ചുവിടൽ നടത്തയിരുന്നതായി വാർത്തകളുണ്ടായിരുന്നു. നേരിട്ട് പിരിച്ചുവിടൽ നോട്ടീസ് നൽകാതെ സമ്മർദ്ദത്തിലാക്കി പിരിഞ്ഞുപോകാൻ നിർബന്ധിക്കുന്നുവെന്നായിരുന്നു അന്ന് ഉയർന്ന ആരോപണം. ജോലിസമയത്തിന്റെ കാര്യവും മറ്റും പറഞ്ഞും ജോലി ഉപേക്ഷിക്കാൻ നിർബന്ധിക്കുന്നുവെന്നും പലരും ചൂണ്ടിക്കാണിച്ചിരുന്നു. താത്കാലികമായി അവധിയിൽ പോയി പിന്നീട് പിരിച്ചുവിടുന്ന രീതിയും അന്നുണ്ടായിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. അടിസ്ഥാന വേതനം മാത്രം നൽകി മറ്റ് ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്നുവെന്നും പരാതികളുണ്ടായിരുന്നു.

ആശങ്കയുണ്ടോ കേരളത്തിൽ?
ആഗോളമാന്ദ്യത്തിന്റേയും പിരിച്ചുവിടലിന്റേയും അനുരണങ്ങൾ കേരളത്തിലെ ഐ.ടി. മേഖലയിലും പ്രതിഫലിക്കുന്നുവെന്ന ആശങ്ക പങ്കുവെക്കുന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അവ പൂർണ്ണമായി തള്ളിക്കളയാൻ കഴിയില്ലെങ്കിലും വ്യാപകമായി കേരളത്തിൽ പിരിച്ചുവിടൽ ഭീഷണിയില്ലെന്ന് തന്നെയാണ് മനസിലാക്കുന്നത്. കേരളത്തിലെ പ്രധാന ഐ.ടി. പാർക്കുകളിൽ തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏതാനും കമ്പനികൾ പിരിച്ചുവിടലിന് ഒരുങ്ങുന്നുവെന്നാണ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ നൽകുന്ന സൂചന. മറ്റ് ഇടങ്ങളിൽ പരസ്യമായല്ലെങ്കിലും ഇത്തരം നടപടികൾ നടക്കുന്നുണ്ടാവാമെന്നും ഇവർ പറയുന്നു. എന്നാൽ, വ്യാപകമായ പിരിച്ചുവിടൽ ആശങ്ക നിലവിൽ ഇല്ലെന്ന് തന്നെയാണ് പലരും സാക്ഷ്യപ്പെടുത്തുന്നത്. സമീപഭാവയിൽ കൂട്ടപ്പിരിച്ചുവിടലുകൾ ഉണ്ടാവാനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയുന്നുമില്ല.
ആഗോള കൺസൾട്ടിങ് കമ്പനിയായ മക്കിൻസിയിലെ 250-ഓളം ജീവനക്കാരാണ് നിലവിൽ പിരിച്ചുവിടൽ ഭീഷണയിലുള്ളത്. ഇവരോട് രാജിവെക്കാനോ അല്ലെങ്കിൽ കമ്പനിയുടെ മറ്റ് സംസ്ഥാനങ്ങളിലെ ഓഫീസുകളിലേക്ക് പ്രവർത്തനം മാറ്റാനോ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് മാറാനാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ അവസാനത്തോടെ കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. മധ്യനിരയിലും ഉയർന്ന തലത്തിലും പ്രവർത്തിക്കുന്നവർക്കാണ് രാജിയോ പ്രവർത്തനം മാറ്റാനോ ഉള്ള നിർദേശം ലഭിച്ചിരിക്കുന്നത്. എന്നാൽ, സംസ്ഥാനം വിട്ട് പോകാൻ കഴിയാത്ത ജീവനക്കാർക്ക് രാജിവെക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റ് രണ്ട് കമ്പനികൾ കൂടി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടികളുമായി മുന്നോട്ട് പോയിരുന്നു. സോഫ്റ്റ്‌വെയർ ഡെവല്പമെന്റ്- കോൾ സെന്റർ സർവീസസ്- ഡാറ്റാ മാനേജ്മെന്റ്- മാർക്കറ്റ് റിസേർച്ച് മേഖയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- ബ്ളോക്ക് ചെയിൻ ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയുമാണ് ഇത്തരത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന നടപടികളിലേക്ക് നീങ്ങിയത്. ഇവ കൂടാതെ മറ്റൊരു ആഗോള ടെക് കമ്പനി കൂടി പിരിച്ചുവിടലുകൾക്ക് ഒരുങ്ങുന്നുവെന്ന സൂചനയും മേഖലയിൽ പ്രവർത്തിക്കുന്നവർ പങ്കുവെക്കുന്നു.
എന്നാൽ, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നീ ഐ.ടി. പാർക്കുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിലവിൽ പിരിച്ചുവിടൽ ഭീഷണിയില്ലെന്നാണ് ലഭ്യമാകുന്ന സൂചനകൾ. നിലവിൽ ചെറിയ കമ്പനികളും കുറഞ്ഞ ജീവനക്കാരിൽ പ്രവർത്തിക്കുന്ന പ്രൊജക്ടുകളും കൈകാര്യം ചെയ്യുന്ന കമ്പനികളാണ് സൈബർ പാർക്കിൽ പ്രവർത്തിക്കുന്നത്. ഇതാണ് ഇവിടെ പിരിച്ചുവിടൽ കാര്യമായി ബാധിക്കാതിരിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആഗോള മാന്ദ്യ ഭീഷണിയെ മറികടന്നും നിലവിൽ സാധാരണ നിലയിലുള്ള പ്രൊജക്ടുകൾ ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, മേഖലയുടെ സ്വഭാവം കണക്കിലെടുത്ത് എന്തും എപ്പോഴും സംഭവിച്ചേക്കാമെന്നും മേഖലയിൽ പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നു. വ്യാപകമായും പരസ്യമായും പിരിച്ചുവിടൽ ഉണ്ടാകുന്നില്ലെങ്കിലും രഹസ്യമായി ചെറിയ തോതിൽ നടന്നുവരുന്നുവെന്നുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് പരസ്യപ്രതികരണത്തിന് പലരും തയ്യാറാവുന്നുണ്ടാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആശങ്ക വേണ്ട!
കേരളത്തിൽ ഐ.ടി. മേഖലയുമായി ബന്ധപ്പെട്ട് പിരിച്ചുവിടൽ ആശങ്കയില്ലെന്നാണ് കേരളത്തിലെ ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ ജി.ടെക്. വ്യക്തമാക്കുന്നത്. ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന കമ്പനികൾ പിരിച്ചുവിടലിനൊരുങ്ങുന്നവെന്ന പ്രചാരണം ശരിയല്ലെന്നാണ് ജി.ടെക്. പ്രതിനിധി മാതൃഭൂമി ഡോട്കോമിനോട് പ്രതികരിച്ചത്. ഇത്തരമൊരു വാർത്ത വന്നപ്പോൾ തങ്ങൾ കമ്പനികളുമായി ബന്ധപ്പെട്ടുവെന്നും അവർ അത് തള്ളിക്കളയുകയാണ് ഉണ്ടായതെന്നും പറയുന്നു. എന്നാൽ, ജീവനക്കാരുടെ പെർഫോമൻസുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകിയിട്ടുണ്ടാവാമെന്നും അത്തരമൊരു സാഹചര്യം ഉണ്ടായാൽതന്നെ നേരിട്ട് പിരിച്ചുവിടൽ നടപടിയിലേക്കല്ല നീങ്ങുകയെന്നും ജി.ടെക്. വിശദീകരിക്കുന്നു. മോശം പെർഫോമൻസ് ഉള്ള ജീവനക്കാർക്ക് നോട്ടീസ് നൽകുകയും മെച്ചപ്പെടുത്താൻ സമയം നൽകുമെന്നും അവർ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് നിലവിൽ പിരിച്ചുവിടൽ ഭീഷണിയില്ലെന്ന് മാത്രമല്ല, കൂടുതൽ തൊഴിലവസരങ്ങൾ പുതിയ സാമ്പത്തിക വർഷം ഉണ്ടാവുകയാണ് ചെയ്യുന്നതെന്നും ജി.ടെക്. അറിയിക്കുന്നു. ഏപ്രിലിൽ ആരംഭിച്ച സാമ്പത്തിക വർഷത്തിൽ അടുത്ത 12 മാസം കൊണ്ട് 8,000ത്തിലേറെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അവർ പറയുന്നു.

എന്തുകൊണ്ട് പിരിച്ചുവിടൽ?
കോവിഡ് കാലത്ത് ലോകമാകെ അടച്ചിടലിലേക്ക് നീങ്ങിയപ്പോൾ ആഗോളതലത്തിൽ തന്നെ വിവിധ കമ്പനികൾക്ക് അവരുടെ സേവനങ്ങൾ ഡിജിറ്റലിലേക്ക് മാറ്റേണ്ടിവന്നു. ഈ സാഹചര്യത്തിൽ ഇത്തരം സേവനങ്ങൾ നൽകുന്ന ടെക്- ഐ.ടി. കമ്പനികൾക്ക് വലിയ ഡിമാൻഡാണ് ഉണ്ടായിരുന്നത്. ഇവരെ തേടി വലുതും
എണ്ണത്തിൽ കൂടുതലുമുള്ള പ്രൊജക്ടുകളും വന്നു. ഇവ യഥാസമയത്ത് പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ പ്രൊഫഷണലുകൾക്ക് കടുത്ത ക്ഷാമമായിരുന്നു നേരിട്ടത്. ഈ സാഹചര്യത്തിൽ വലിയ തോതിലുള്ള റിക്രൂട്ട്മെന്റുകൾ ഉണ്ടായി എന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. മറ്റ് പല മേഖലയിലും ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന സാഹചര്യമുണ്ടായപ്പോൾ, ഐ.ടി. മേഖലയിൽ വലിയ തോതിലുള്ള ജോലിസാധ്യതകളാണ് ഉണ്ടായത്. എന്നാൽ, കോവിഡ് ഭീഷണി മാറി, ലോകം സാധാരണനിലയിലേക്ക് വന്നപ്പോൾ, ജീവനക്കാരുടെ എണ്ണം കൂടുതലായി വരികയും അതിനനുസരിച്ച് പ്രൊജക്ടുകൾ ലഭിക്കാതിരിക്കുകയും ചെയ്തത് പിരിച്ചുവിടൽ എന്ന സാധ്യത പരിഗണിക്കാൻ കമ്പനികളെ നിർബന്ധിതമാക്കി.
ഉയർന്ന സ്‌കില്ലും പ്രവൃത്തിപരിചയവുമുള്ള പലരും അധികകാലം ഒരേ കമ്പനിയിൽ തുടരില്ല എന്നതാണ് ഈ മേഖലയിലെ പൊതുവേയുള്ള ട്രെൻഡ്. ഇവർ മികച്ച ഓപ്ഷൻ നോക്കി കമ്പനികൾ മാറും. ഈ സമയത്ത് കമ്പനി ഏറ്റെടുത്ത പ്രൊജക്ടുകൾ പാതിവഴിയിലായി പോകാതിരിക്കാൻ, ഒരു പ്രൊജക്ട് സാധാരണനിലയിൽ പൂർത്തിയാക്കാൻ വേണ്ടതിനേക്കാൾ കൂടുതൽ ആളുകളെ ഹയർ ചെയ്യുന്നതാണ് വലിയ കമ്പനികളുടെ രീതി. പ്രൊജക്ടുകളുടെ എണ്ണം കുറയുന്നതോടെ ഇത്തരത്തിൽ അധികമായി വരുന്നവരെ വെട്ടിക്കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതമാകുന്നു. ഇതും പിരിച്ചുവിടലുകൾക്ക് കാരണമാവുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ചെറിയ പ്രൊജക്ടുകൾ ലഭിക്കുന്ന, വളരെ കുറച്ച് ജീവനക്കാരുമായി പ്രവർത്തിക്കുന്ന സൈബർ പാർക്ക് പോലെയുള്ള സ്ഥലങ്ങളിൽ പിരിച്ചുവിടൽ കാര്യമായി ബാധിക്കാതിരിക്കുന്നതും ഇക്കാരണങ്ങൾ കൊണ്ടാണെന്നും വിലയിരുത്തപ്പെടുന്നു.
ചെറിയ കമ്പനികളെ വലിയ കമ്പനികൾ ഏറ്റെടുക്കുന്നതും തൊഴിൽനഷ്ടത്തിന് കാരണമാവുന്നുണ്ട്. അമേരിക്കയിലെ പ്രമുഖ ബാങ്കുകളുടെ തകർച്ചയ്ക്ക് പിന്നാലെ ബ്ലോക്ക് ചെയിൻ മാർക്കറ്റിലുണ്ടായ ഇടിവും കേരളത്തിൽ ഒരു കമ്പനിയെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്ന നടപടികളിലേക്ക് പോകാൻ നിർബന്ധിതമാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം പുതിയ പ്രൊജക്ടുകൾ കേരളത്തിലേക്കും വരുന്നതിൽ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും രാജ്യത്താകെ തന്നെ പിരിച്ചുവിടൽ വലിയ ഭീഷണി ഉയർത്തുന്നില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ആഗോളതലത്തില്‍ നടന്ന പിരിച്ചുവിടലുകളില്‍ 30 ശതമാനത്തോളം എച്ച്.ആര്‍. വിഭാഗത്തില്‍ നിന്നാണെന്ന് പ്രമുഖ ടെക് അഡൈ്വസറായ ബെര്‍ണാഡ് മെര്‍ ചൂണ്ടിക്കാട്ടുന്നത്. ഭാവിയില്‍ റിക്രൂട്ട്‌മെന്റുകള്‍ കുറയുമെന്നതിന്റെ സൂചനയാണിതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല, എച്ച്.ആര്‍. വിഭാഗം ചെയ്യുന്ന പല ജോലികളും നിര്‍വഹിക്കാന്‍ ഓട്ടോമേഷനിലേക്കും നിര്‍മിത ബുദ്ധിയിലധിഷ്ടിതമായ രീതികളിലേക്കും മാറുന്നതിന്റെ കൂടി മുന്നറിയിപ്പാണിതെന്നും കരുതുന്നു. മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ ആമസോണ്‍ എ.ഐ. സഹായം തേടിയത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പിരിച്ചുവിട്ടാൽ?!
ആഗോളതലത്തിലെ ഭീഷണിയുടെ ഭാഗമായി കേരളത്തിലും ഏതെങ്കിലും തരത്തിലുള്ള പിരിച്ചുവിടൽ ഉണ്ടായാൽ, മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ജീവനക്കാർ ജോലിയില്ലാതായി പോകുന്ന സാഹചര്യമൊന്നും ഉണ്ടാവില്ലെന്ന സൂചനയും മേഖലയിൽനിന്ന് ലഭിക്കുന്നുണ്ട്. പിരിച്ചുവിടുന്നവരെ റിക്രൂട്ട് ചെയ്യാൻ തയ്യാറായി ടി.സി.എസ്. പോലുള്ള കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്ക് റിക്രൂട്ട്മെന്റിൽ മുൻഗണന നൽകാമെന്നാണ് ടി.സി.എസിന്റെ വാഗ്ദാനം.
ജോലിയിൽ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന, നൈപുണി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ കാലവും കടന്നുപോകാമെന്നാണ് കേരളത്തെ സംബന്ധിച്ച സാഹചര്യം. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പുതിയ ജോലി ലഭ്യമാക്കാനും മറ്റ് ആനുകൂല്യങ്ങൾ നേടിയെടുക്കാനും സഹായിക്കാനായി പ്രതിധ്വനി പോലുള്ള സംഘടനകളും പ്രവർത്തിച്ചുവരുന്നുണ്ട്. പിരിച്ചുവിടുന്നവരിൽ നിന്ന് കമ്പനികൾക്ക് ആവശ്യമായവരുടെ പ്രൊഫൈലുകൾ മുൻഗണനാക്രമത്തിൽ ലഭ്യമാക്കുന്നതടക്കമുള്ള നടപടികൾ ഇവർ സ്വീകരിച്ചുവരുന്നുണ്ട്.
Content Highlights: global recession it tech layoffs in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..