
പ്രതീകാത്മക ചിത്രം
ലോകത്തിലെ ആദ്യ വനിതാപ്രധാനമന്ത്രിമാരില് ഒരാളായിരുന്നു ഇന്ദിരാഗാന്ധി. പക്ഷേ ഇന്ദിരാഗാന്ധിക്ക് ശേഷം സ്വതന്ത്ര ഇന്ത്യ മറ്റൊരു വനിതാപ്രധാനമന്ത്രിയെ കണ്ടിട്ടില്ല. സുഷമ സ്വരാജ്, ജയലളിത, മമതാ ബാനര്‍ജി, സോണിയാഗാന്ധി തുടങ്ങി നിരവധി വനിതാനേതാക്കന്മാര് ദേശീയ രാഷ്ട്രീയത്തിലേക്കുയര്‍ന്നു. സോണിയ ഗാന്ധി പ്രധാനമന്ത്രിപദത്തിന് അടുത്തുവരെയെത്തി. പക്ഷേ മറ്റൊരു വനിതാപ്രധാനമന്ത്രി നമുക്കുണ്ടായില്ല.
പൊതുജനങ്ങളുടെ അമ്മയായും ദീദിയായും വിവിധ സംസ്ഥാനങ്ങളില്‍ സ്ത്രീ മുഖ്യമന്ത്രിമാര്‍ ഭരണമികവ് കാഴ്ചവെച്ചപ്പോഴും സാക്ഷരകേരളത്തിലെ പുരോഗമന സമൂഹം വനിതാമുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അറച്ചുനിന്നു. (നിപയെയും കോവിഡിനെയും ശക്തമായി പ്രതിരോധിച്ച് കേരളത്തിന്റെ ആരോഗ്യമേഖലയെ ലോകശ്രദ്ധയിലേക്കെത്തിച്ച കെ.കെ.ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്ത്തിക്കാണിച്ചില്ലെന്നുമാത്രമല്ല, വീണ്ടും ആരോഗ്യമന്ത്രിയാക്കുകയാണെങ്കില് കോവിഡ് പ്രതിരോധത്തിന് തുടര്‍ച്ച കിട്ടുമെന്നത് പോലും പരിഗണിക്കാതെ പാര്‍ട്ടി തീരുമാനം ഇരുമ്പുലക്കയാണെന്ന നിലപാടില്‍ അതും നിഷേധിച്ചു.)
വീണ്ടും സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഉയരുകയാണ്. മറ്റൊരു വനിതാദിനം കൂടി കടന്നുവരികയും ചെയ്യുന്നു. പുരുഷന്മാരോളം പ്രഗത്ഭരാണ് സ്ത്രീകളെന്ന് സമൂഹത്തില്‍ പാതിയിലധികം പേര് അംഗീകരിക്കുന്നതായാണ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വേ റിപ്പോര്‍ട്ട് നല്കുന്ന സൂചന.
2019-2020 കാലയളവിലാണ് 29,999 പേരില്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ സര്‍വേ നടത്തിയത്. ഇതില്‍ 55 ശതമാനം പേരും രാഷ്ട്രീയ നേതാക്കള്‍ സ്ത്രീയായാലും പുരുഷനായാലും പ്രഗത്ഭരാണെന്ന് അഭിപ്രായപ്പെട്ടത്. 14 ശതമാനം പേര് പുരുഷന്മാരേക്കാള് മികച്ച നേതാക്കള്‍ സ്ത്രീകളാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സര്‍വേയില്‍ പങ്കെടുത്ത 25 ശതമാനം പേര് പുരുഷന്മാരാണ് സ്ത്രീകളേക്കാള്‍ മികച്ചവരെന്ന് അഭിപ്രായവും രേഖപ്പെടുത്തി.
കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ സ്ത്രീയും പുരുഷനും ഒരുപോലെ പങ്കിടണമെന്ന് അഭിപ്രായപ്പെട്ടവരായിരുന്നു 62 ശതമാനം പേര്. എന്നാല്‍ ശിശുപരിപാലനം സ്ത്രീകളുമാത്രം ഉത്തരവാദിത്തമാണെന്ന് 34 ശതമാനം പേരും അഭിപ്രായപ്പെട്ടു. കുടുംബത്തിന്റെ ഉത്തരവാദിത്തമെന്ന പോലെ കുടുംബത്തിനായി പണം സമ്പാദിക്കേണ്ടതിലും സ്ത്രീ പുരുഷന്മാര്ക്ക് ഒരേ ഉത്തരവാദിത്തമാണെന്നാണ് 54 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഭര്‍ത്താവിനെ അനുസരിക്കുന്നവളാകണം ഭാര്യയെന്ന കാഴ്ചപ്പാടിനോട് 64 ശതമാനം പേരാണ് യോജിച്ചത്.
ഭൂരിഭാഗം ഇന്ത്യക്കാരും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രക്ഷിതാക്കളുടെ സ്വത്തില്‍ തുല്യാവകാശമുണ്ടെന്നും രക്ഷിതാക്കളെ പ്രായമാകുമ്പോള്‍ പരിപാലിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അഭിപ്രായപ്പെട്ടപ്പോള്‍, 10 ശതമാനം ഇന്ത്യന്‍ പൗരന്മാരും പ്രായമായ രക്ഷിതാക്കളെ നോക്കേണ്ട ഉത്തരവാദിത്തം ആണ്മക്കള്ക്കാണെന്ന് പറഞ്ഞു. 2 ശതമാനം പേര് അതുപെണ്കുട്ടികളുടെ മാത്രം ഉത്തരവാദിത്തമാണെന്നും അഭിപ്രായപ്പെട്ടു.
എന്നാല്‍ പരമ്പരാഗത ചിന്തകളില്‍ നിന്ന് മാറി ചിന്തിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അല്പം വൈമുഖ്യമുണ്ടെന്നുളളതിന് സാക്ഷ്യം നല്‍കുന്നതായിരുന്നു അന്ത്യോപചാര ചടങ്ങുകള്‍ സംബന്ധിച്ചുളള ചോദ്യത്തിനുളള മറുപടി. മാതാപിതാക്കളുടെ സംസ്കാര ചടങ്ങുകള്‍ ആണ്മക്കളാണ് ചെയ്യേണ്ടതെന്നാണ് 63 ശതമാനം പേരും വ്യക്തമാക്കിയത്. ആണ്മക്കള്ക്ക് ഇന്ത്യന്‍ കുടുംബം നല്കുന്ന പ്രധാന്യം വ്യക്തമാക്കുന്നതായിരുന്നതാണ് ഈ പ്രതികരണം.
സ്ത്രീകള്‍ നേരിടുന്ന വിവേചനവും, അവര്ക്കെതിരേയുളള അതിക്രമങ്ങളും രാജ്യം നേരിടുന്ന വലിയ പ്രശ്നങ്ങളാണെന്ന് ബോധ്യമുളള ഒരു സമൂഹം തന്നെയാണ് ഇന്ത്യയിലുളളത് എന്ന് വ്യക്തമാക്കുന്നുണ്ട് ഈ സര്‍വേ.
ഏതായാലും ലിംഗസമത്വത്തിലേക്കുളള അല്ലെങ്കില്‍ തുല്യതയിലേക്കുളള യാത്ര ആദ്യകാലത്തെ അപേക്ഷിച്ച് വേഗത്തില്‍, കൂടുതല്‍ കരുത്തോടെയാണെന്ന് സൂചിപ്പിക്കുന്നതാണ് ജന്‍ഡര്‍ റോളുകളോടുളള ഇന്ത്യന്‍ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വന്നിരിക്കുന്ന മാറ്റം.
2019 മുതല്‍ 2020 വരെ 29,999 പേര്ക്കിടയില് പ്യൂ റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട് ഒരു സര്‍വേ നടത്തിയിരുന്നു. അതുപ്രകാരം പത്തില്‍ എട്ടുപേരും സ്ത്രീക്കും പുരുഷനും ഒരേ അവകാശങ്ങള്‍ വേണമെന്ന് അഭിപ്രായപ്പെട്ടവരാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..