ഷവർമ വേണമെന്നില്ല, ജീവന്‍ പോവാന്‍ ഒരു ഗ്ലാസ് ജ്യൂസ് ആയാലും മതി; ഭക്ഷ്യവിഷബാധയുടെ കാണാപ്പുറങ്ങൾ


By രാജി പുതുക്കുടി

7 min read
in-depth
Read later
Print
Share

പൊതുചടങ്ങുകളില്‍ വിളമ്പുന്ന ഭക്ഷണത്തില്‍ നിന്നും ഹോട്ടല്‍  ഭക്ഷണത്തില്‍ നിന്നും മാത്രമല്ല ചെറിയ അശ്രദ്ധ ഉണ്ടായാല്‍ വീട്ടിലെ അടുക്കളയും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകാമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. 

.

കാസര്‍കോട് ചെറുവത്തൂരില്‍ 16 വയസ്സുകാരി ഷവര്‍മ കഴിച്ച് മരിച്ച ശേഷം ഷവര്‍മ, മന്തി, ഐസ്‌ക്രീം, വിവാഹ വീട്ടിലെ സദ്യ അങ്ങനെ പലതില്‍നിന്നും പലയിടത്തുനിന്നുമായി പലര്‍ക്കും ഭക്ഷ്യവിഷബാധയേറ്റെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. ഒപ്പം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകള്‍ക്ക് കൂടി ജീവന്‍വച്ചതോടെ ഭക്ഷ്യവിഷബാധ എന്ന വിഷയവും സജീവ ചര്‍ച്ചയാകുന്നു.

ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും ഉണ്ടാവുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമാക്കുന്നത്. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ (മെര്‍ക്കുറി, ലെഡ്) അല്ലെങ്കില്‍ വിഷവസ്തുക്കള്‍, ഭക്ഷണം പഴകുമ്പോള്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച, പൊടിപടലങ്ങള്‍, മലിനജലം ഇങ്ങനെ ഭക്ഷ്യവിഷബാധയ്ക്കുളള കാരണങ്ങള്‍ പലതാണ്. വൃത്തിയല്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകളില്‍നിന്നു രോഗാണുക്കള്‍ പകരും. രോഗമുള്ള മൃഗങ്ങളേയോ പക്ഷികളേയോ അറക്കുന്നത്, അറക്കാനുപയോഗിക്കുന്ന പ്രതലം നല്ല രീതിയില്‍ വൃത്തിയാക്കാതെ വെക്കുന്നത്‌.... തുടങ്ങിയവയെല്ലാം ഭക്ഷ്യവിഷബാധയിലേക്ക് നയിക്കും. പൊതുചടങ്ങുകളില്‍ വിളമ്പുന്ന ഭക്ഷണത്തില്‍നിന്നും ഹോട്ടല്‍ ഭക്ഷണത്തില്‍നിന്നും മാത്രമല്ല, ചെറിയ അശ്രദ്ധ ഉണ്ടായാല്‍ വീട്ടിലെ അടുക്കളയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ഷവര്‍മ പോലുളള മാംസാഹാരങ്ങളാണ് പ്രധാനമായും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുക എന്നാണ് പൊതുവേയുള്ള ധാരണ. ഷവര്‍മയില്‍നിന്നു ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെങ്കിലും ചെറിയ അശ്രദ്ധ ഉണ്ടായാല്‍ ജ്യൂസ് വരെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാമെന്നതാണ് യാഥാര്‍ഥ്യം. വൃത്തിഹീനമായ ചുറ്റുപാടില്‍ ഇത്തരം ഭക്ഷണങ്ങള്‍ പാകം ചെയ്താല്‍ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ബാക്ടീരിയകള്‍ വളരാം. കോഴിയിറച്ചിയില്‍ മാത്രമല്ല, മുട്ടയിലും സാല്‍മൊണല്ല പോലെയുള്ള ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാവുന്നതും ഉപയോഗിക്കുന്ന പച്ചക്കറികളിലെ കീടനാശിനികളുടെ സാന്നിധ്യവും കൃത്യമായി കഴുകി വൃത്തിയാക്കാത്ത പച്ചക്കറികളുടെ ഉപയോഗവും വേവിക്കാത്ത മുട്ടയുടെ ഉപയോഗവുമാണ് ഷവര്‍മയില്‍ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂട്ടുന്നത്.

വൃത്തിയാക്കാത്തതും കൃത്യമായ താപനിലയില്‍ സൂക്ഷിക്കാത്തതുമായ ഇറച്ചി, കടകളില്‍ തുറസ്സായ അന്തരീക്ഷത്തില്‍ പാകം ചെയ്യുമ്പോള്‍ പറ്റിപ്പിടിക്കുന്ന പൊടി, ബാക്കി വരുന്ന ഇറച്ചി അടുത്ത ദിവസങ്ങളില്‍ വീണ്ടും ഉപയോഗിക്കുന്നത് തുടങ്ങി ഷവര്‍മ വില്ലനാകാനുള്ള സാധ്യതകള്‍ പലതാണ്. ഇറച്ചി, മീന്‍, പാല്‍, പാലുല്പന്നങ്ങള്‍, മുട്ട തുടങ്ങിയ പെട്ടന്ന് ബാക്ടീരിയ വളരുന്ന ഭക്ഷ്യ വസ്തുക്കള്‍ പാകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവില്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും. പഴകിയ മത്സ്യം, മാസം എന്നിവയില്‍ ബാക്ടീരിയ ദ്രുതഗതിയില്‍ വളരും. ചീഞ്ഞ പച്ചക്കറികളിലേയും പഴങ്ങളിലേയും ബാക്ടീരിയകള്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കുമ്പോള്‍ ശരീയായ രീതിയില്‍ വൃത്തിയാക്കാത്ത പച്ചക്കറികളും പഴങ്ങളും അതിലെ കീടനാശിനികളുടെ അമിത സാന്നിധ്യവും പാചകം ചെയ്യാനുപയോഗിക്കുന്ന വെള്ളത്തിലെ അണുക്കളുടെ സാന്നിധ്യവും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം.

ജ്യൂസ് ഉള്‍പ്പടെയുള്ള ശീതള പാനീയങ്ങള്‍ തയ്യാറാക്കാന്‍ തിളപ്പിച്ചാറിയതോ ഫില്‍ട്ടര്‍ ചെയ്തതോ ആയ വെള്ളവും അതില്‍നിന്നുള്ള ഐസ് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് മാനദണ്ഡം. ഐസ് കൈ കൊണ്ട് എടുക്കുകയോ നിലത്തുവെക്കുകയോ ചെയ്യുകയും അരുത്. എന്നാല്‍, എത്രപേര്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്നതാണ് പ്രശ്‌നം. ജ്യൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാല്‍ ശുദ്ധീകരിക്കാത്തതാണെങ്കിലും ഭക്ഷ്യവിഷബാധ ഉണ്ടാവും. വൃത്തിയില്ലാത്ത ചുറ്റുപാടിലും പാത്രത്തിലും ഭക്ഷണത്തിനുള്ള ചേരുവകള്‍ തയ്യാറാക്കുന്നതിലൂടേയും പാകം ചെയ്യുന്നതിലൂടെയും രോഗാണുക്കള്‍ ശരീരത്തില്‍ എത്താം. ഹോട്ടലുകളിലും പൊതു ചടങ്ങുകളിലും ഭക്ഷണം തയ്യാറാക്കുന്നവര്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതും ഏതെങ്കിലും പകര്‍ച്ചവ്യാധികള്‍ ഉള്ള ആളുകള്‍ ഭക്ഷണമുണ്ടാക്കുന്നതും ഭക്ഷ്യവിഷബാധ ഉണ്ടാക്കാം. ഭക്ഷണം പാഴ്‌സല്‍ വാങ്ങിക്കുകയാണെങ്കില്‍ അത് ഉടന്‍ കഴിക്കുകയും വേണം. ഭക്ഷ്യസുരക്ഷാനിയമം അനുസരിച്ച് വില്പനയ്ക്കായി പാകപ്പെടുത്തിയ ഭക്ഷണസാധനം ഫ്രിഡ്ജിലോ പുറത്തോ സൂക്ഷിച്ച് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷെ, പല ഹോട്ടലുകളും ഈ രീതി പിന്തുടരുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ കലവറയാണ് ഇത്തരം ഭക്ഷണങ്ങള്‍.

കല്യാണം അടിയന്തരമാവരുത്

ഹോട്ടലുകളിലില്‍ നിന്നെന്ന പോലെ തന്നെ സമീപകാലത്ത് കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷ പരിപാടികളില്‍നിന്നും ആളുകള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം മുതല്‍ ഇതിനുപയോഗിക്കുന്ന സാധനങ്ങള്‍ വരെ എല്ലാത്തിലും കരുതല്‍ ഉണ്ടായില്ലെങ്കില്‍ നിരവധി പേരുടെ ആരോഗ്യം അപകടത്തിലാക്കും ഇത്തരം ആഘോഷവേദികള്‍. ആഘോഷ പരിപാടികള്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ വൃത്തിയുളള സ്ഥലം വേണം തിരഞ്ഞെടുക്കാന്‍. പാത്രങ്ങളുടെ കാര്യത്തിലും വേണം അതീവ ശ്രദ്ധ. ചടങ്ങുകളില്‍ ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ എല്ലാം തന്നെ വാടകയ്ക്ക് എടുക്കുന്നത് ആയിരിക്കും, ഒരു പരിപാടി കഴിഞ്ഞ ശേഷം വൃത്തിയായി കഴുകാതെ അത് തിരിച്ച് ഏല്‍പ്പിക്കുമ്പോള്‍ അതില്‍ പറ്റിക്കിടക്കുന്ന ഭക്ഷണാവിശിഷ്ടങ്ങളില്‍ ബാക്ടീരിയകള്‍ പെരുകും.

തിളച്ച വെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കിയ പാത്രങ്ങള്‍ വേണം ഉപയോഗിക്കാന്‍. ഒപ്പം ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുകയും പഴം, പച്ചക്കറി, ഇറച്ചി, മത്സ്യം തുടങ്ങി ഭക്ഷണത്തിന് വേണ്ട എല്ലാത്തിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തുകയും നന്നായി കഴുകി ഉപയോഗിക്കുകയും വേണം. ഭക്ഷണം തയ്യാറാക്കുന്ന ആളുകളും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇത്തരം കടകളിലെ വൃത്തിഹീനമായ സാഹചര്യവും ഇറച്ചി വെട്ടാനുപയോഗിക്കുന്ന പ്രതലവും കത്തിയും വൃത്തിയാക്കാതെ സൂക്ഷിക്കുന്നതും ഏതെങ്കിലും രോഗമുള്ള പക്ഷികളേയോ മൃഗങ്ങളേയോ കശാപ്പ് ചെയ്യുന്നതും എല്ലാം ഭക്ഷണം വിഷലിപ്തമാക്കും.

വില്ലന്മാര്‍ പലതരമുണ്ട്

സ്റ്റഫൈലോ കോക്കസ്, ഷിഗല്ല, സാല്‍മോണല്ല, ഈകോളി, ക്‌ളോസ്ട്രീഡിയം ബോട്ടുലിനം, അമീബ എന്നിങ്ങനെ ഭക്ഷണവും വെള്ളവും വിഷലിപ്തമാക്കുന്ന രോഗാണുക്കള്‍ പലതാണ്. നമ്മുടെ കാലാവസ്ഥയാവട്ടെ ബാക്ടീരിയകള്‍ പെരുകാന്‍ ഏറെ അനുകൂലവും. ഹോട്ട് ഹ്യുമിഡ് അഥവാ ചൂടുള്ള ജലബാഷ്പം ഏറെയുള്ള കാലാവസ്ഥയില്‍ ഭക്ഷ്യവിഷബാധയുള്ള ബാക്ടീരിയകള്‍ പെരുകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ബാക്ടീരിയകളുടെ പ്രവര്‍ത്തനം പല രീതിയിലാണ്. സ്റ്റഫൈലോകോക്കസിന്റെ സാന്നിധ്യമുള്ള ഒരു ഭക്ഷ്യവസ്തു എത്ര ചൂടാക്കി കഴിച്ചാലും ഭക്ഷ്യവിഷ ബാധയുണ്ടാകാം. ചൂടാക്കുമ്പോള്‍ ബാക്ടീരിയ നശിക്കുമെങ്കിലും ഇത് ഉത്പാദിപ്പിച്ച വിഷവസ്തു ചൂടാക്കിയാലും നശിക്കുന്നില്ലെന്നതാണ് ഇതിന് കാരണം. അകിട് വീക്കമുളള പശുവിന്റെ പാലില്‍ പോലും സ്റ്റഫൈലോകോക്കസ് ബാക്ടീരിയകള്‍ ഉണ്ടാവാറുണ്ട്. സാല്‍മൊണല്ലയാവട്ടെ നന്നായി വേവിക്കാത്ത മാംസ പദാര്‍ത്ഥങ്ങളിലൂടെയാണ് ശരീരത്തില്‍ എത്തുക. സാല്‍മോണല്ലയുടെ സാന്നിധ്യമുള്ള മാംസം 60 ഡിഗ്രിയില്‍ അരമണിക്കൂറെങ്കിലും വെന്തില്ലെങ്കില്‍ നശിക്കില്ല. മുട്ട, പാല്‍ മത്സ്യം മാംസം, വെള്ളം എന്നിവയെല്ലാം മലിനമാകുന്നതിലൂടെ ഷിഗെല്ല ബാധയുണ്ടാകാം.

പഴകിയതോ മലിനമായതോ ആയ ഭക്ഷണം ചൂടാക്കിയത് കൊണ്ട് ഭക്ഷ്യയോഗ്യമാകുന്നില്ലെന്ന് സാരം. ഗുണനിലവാരം ഉള്ള വസ്തുക്കള്‍ ഉപയോഗിച്ച് പാകം ചെയ്ത് സൂക്ഷിച്ച് വച്ചിരിക്കുന്ന ഭക്ഷണത്തിലും പിന്നീട് ബാക്ടീരിയകള്‍ ഉണ്ടാവും. നമ്മുടെ നാട്ടില്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലെങ്കിലും ക്‌ളോസ്ട്രീഡിയം ബോട്ടുലിനം ആണ് ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാക്ടീരിയകളില്‍ ഏറ്റവും അപകടകരം. ടിന്നുകള്‍ക്ക് അകത്ത് ഉള്ള ഭക്ഷ്യവസ്തുക്കള്‍ പഴകുമ്പോളാണ് ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉണ്ടാവുന്നത്. ടിന്നിലടച്ച് വരുന്ന മാംസാഹാരങ്ങളിലാണ് ഈ ബാക്ടീരയയുടെ സാന്നിധ്യം കൂടുതലായും കാണാറ്. ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാക്ടീരയകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുക പലരീതിയിലാണ് സ്റ്റെഫൈലോകോക്കസ് ശരീരത്തില്‍ എത്തിയാല്‍ പെട്ടന്ന് തന്നെ ലക്ഷണങ്ങള്‍ ഉണ്ടാവും. എന്നാല്‍ ചില ബാക്ടീരിയകള്‍ ഭക്ഷണം കഴിച്ചാല്‍ ആറ് മണിക്കൂറിനുള്ളിലോ, 12 മണിക്കൂറിനുളളിലോ ചിലപ്പോള്‍ 24 മണിക്കൂറിന് ശേഷമോ വരെ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കും. അതായത് ലക്ഷണങ്ങള്‍ കാണിക്കുന്നതിന്റെ തൊട്ട്മുമ്പ് കഴിച്ച ഭക്ഷണമാവില്ല ഒരുപക്ഷേ തലേദിവസം കഴിച്ച ഭക്ഷണമാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിട്ടുണ്ടാവുക എന്ന് ചുരുക്കം

ചില്ലറക്കാരനല്ല ക്രോസ്‌ കണ്ടാമിനേഷന്‍

മുട്ട, പാല്‍, മത്സ്യം, മാംസം തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഒരുമിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിലൂടെ ഒരു വസ്തുവില്‍നിന്ന് ബാക്ടീരിയ മറ്റൊന്നിലേക്ക് പരക്കുന്നതാണ് ക്രോസ്‌ കണ്ടാമിനേഷന്‍. പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ ഒന്നിച്ച് സൂക്ഷിക്കുമ്പോളും ബാക്ടീരിയകള്‍ പടരും. ഭക്ഷണസാധനങ്ങള്‍ വേറെ വേറെ പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കണമെന്നാണ് മാനദണ്ഡം. പച്ചക്കറികളും പഴങ്ങളും ശീതീകരിക്കുമ്പോള്‍ ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക്കില്‍ ഉപയോഗിച്ച തിയ്യതി ഇട്ട് സൂക്ഷിക്കണമെന്നാണെങ്കിലും പല കടകളിലും സാധാരണ പ്ലാസ്റ്റിക്കുകളില്‍ പൊതിഞ്ഞ് കെട്ടിയാണ് സൂക്ഷിക്കാറുള്ളത്. ഈ രീതിയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും

വീട്ടിലെ അടുക്കളയും പണി തരും

ഹോട്ടലുകളില്‍നിന്ന് മാത്രമല്ല വീട്ടിലെ അടുക്കളയില്‍നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാകും. ശുചിത്വമാണ് ഹോട്ടലില്‍ എന്ന പോലെ വീട്ടിലും ഭക്ഷ്യവിഷബാധയെ അകറ്റാനുള്ള പ്രധാന വഴി. ഭക്ഷ്യവസ്തുക്കള്‍ മുറിക്കാനുപയോഗിക്കുന്ന ചോപ്പിങ്ങ് ബോര്‍ഡുകള്‍ ബാക്ടീരയകള്‍ പടരുന്ന പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ്. മത്സ്യം, മാംസം, പച്ചക്കറി, പഴങ്ങള്‍ എന്നിവ മുറിക്കാന്‍ വേറേ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഉപയോഗശേഷം നല്ല രീതിയില്‍ വൃത്തിയാക്കി സൂക്ഷിക്കുകയും വേണം. പച്ചക്കറി, മീന്‍, മുട്ട, ഇറച്ചി തുടങ്ങിയവ മുറിക്കുമ്പോളുള്ള അവശിഷ്ടങ്ങള്‍ അടുക്കളയില്‍ കൂട്ടിയിടരുത്. ഇത് യഥാസമയം വൃത്തിയാക്കുക തന്നെ വേണം. ഒപ്പം ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീന്‍, മുട്ട, ഇറച്ചി, തുടങ്ങിയവ ഉപയോഗിക്കരുത്. പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, എക്സ്പയറി ഡേറ്റ് കഴിഞ്ഞ വസ്തുക്കള്‍ എന്നിവ കഴിക്കാനോ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കാനോ പാടില്ല. ഫ്രിഡ്ജില്‍ കേടായ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനും പാടില്ല, പഴകിയ ഭക്ഷണം മാത്രമല്ല, പാകം ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞ ഭക്ഷണം കഴിക്കുന്നതും വിനയാകും. പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറില്‍ കൂടുതല്‍ വെക്കുകയാണെങ്കില്‍ അത് നിയന്ത്രിത ഊഷ്മാവില്‍ തണുപ്പിച്ച് സൂക്ഷിക്കുന്നതാവും നല്ലത്. അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയുള്ള പാത്രങ്ങളില്‍ മാത്രം ഭക്ഷണം ഉണ്ടാക്കുകയും കഴിക്കുകയും വേണം.

ജലാംശം നിലനിര്‍ത്തുക പരമപ്രധാനം

യഥാസമയം കൃത്യമായ ചികിത്സ കിട്ടിയാല്‍ ഭക്ഷ്യവിഷബാധയേല്‍ക്കുന്ന ആളുകളുടെ ജീവന്‍ അപകടത്തിലാവുന്നതില്‍ നിന്നും രക്ഷിക്കാനാകുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.

പെട്ടന്ന് അനുഭവപ്പെടുന്ന വിറയോലോട് കൂടിയ പനിയ്ക്കും വയറുവേദനയ്ക്കുമൊപ്പം തുടര്‍ച്ചയായ വയറിളക്കവും ചര്‍ദ്ദിയുമാണ് ഭക്ഷ്യ വിഷബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഇത്മൂലം ജലാശവും ധാതുലവണങ്ങളും നഷ്ടപ്പെടുമെന്നതിനാല്‍ രോഗിയുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയാണ് ചികിത്സയില്‍ പ്രധാനം. അധികം ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധയാണെങ്കില്‍ വളരെ പെട്ടന്ന് തന്നെ ഭേദമായേക്കാം. രോഗി ഉപ്പിട്ട കഞ്ഞിവെള്ളം, നാരാങ്ങാ വെള്ളം, ഓആര്‍എസ് ലായനി എന്നിവ നന്നായി കുടിക്കുക. ചര്‍ദ്ദിയോ, വയറിളക്കമോ കൂടിയാല്‍ വെള്ളത്തിന്റെ അളവ് കൂട്ടണം. സാധാരണ രീതിയില്‍ ചര്‍ദ്ദിയോ വയറിളക്കമോ അനുഭവപ്പെടുമ്പോള്‍ അത് കുറയ്ക്കാന്‍ വെള്ളം കുടിക്കാതിരിക്കലാണ് പലരും ചെയ്യാറ്. ഇത് ബ്ലഡ് പ്രഷര്‍ കുറയാനും ശരീരത്തില്‍ ബാക്കി ധാതുലവണങ്ങള്‍ കുറയാനും വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കാനും കാരണമാകും. ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണം വരെ സംഭവിക്കാനുള്ള സാധ്യതയും ഉണ്ട്. തുടര്‍ച്ചയായ വയറിളക്കവും ചര്‍ദ്ദിയും, ബോധക്ഷയം അനുഭവപ്പെട്ടാല്‍ ഐവി ഫ്‌ലൂയിഡുകള്‍ ഉപയോഗിച്ചുള്ള ആശുപത്രി ചികിത്സ ആവശ്യമായി വരും. - ഡോ:ജാബിര്‍ എംപി സീനിയര്‍ സ്‌പെഷ്യലിസ്റ്റ്, ജനറല്‍ മെഡിസിന്‍ ആസ്റ്റര്‍ മിംസ് കോഴിക്കോട്

തകൃതിയായി നടക്കുന്ന പരിശോധനകള്‍ നടപടികള്‍

ആളില്ല, മതിയായ സംവിധാനങ്ങളില്ല തുടങ്ങിയ പതിവ് ന്യായങ്ങള്‍ പറഞ്ഞിരുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ക്ക് ചെറുവത്തൂരിലെ ദേവനന്ദയുടെ മരണ ശേഷമാണ് ജീവന്‍ വെച്ചത്. പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുക്കുന്നു, കേസെടുക്കുന്നു അങ്ങനെ പരിശോധനകള്‍ തകൃതി. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ജ്യൂസ് കടകളില്‍ വരെ ഇപ്പോള്‍ പരിശോധന നടക്കുന്നുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2500-ഓളം പരിശോധനങ്ങള്‍ നടന്നുകഴിഞ്ഞെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്, പരിശോധനകളുടെ ദൃശ്യങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ച പഴകിയതും അഴുകിയതുമായ ഭക്ഷ്യവസ്തുക്കളുടെ കണക്കും എല്ലാം ഹോട്ടല്‍ ഭക്ഷണം നിത്യജീവിതത്തിന്റെ ഭാഗമായ നമ്മളെ ഞെട്ടിക്കുന്നതും. സമീപകാലത്ത് കോഴിക്കോട് ജില്ലയിലാണ് ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പ്രോസിക്യൂഷന്‍ കേസുകളും അഡ്ജ്യൂഡിക്കേഷന്‍ കേസുകളും രജിസ്‌ററര്‍ ചെയ്തിട്ടുള്ളത്. 2006-ല്‍ നിലവില്‍ വന്ന ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്ട് 2012ലാണ് പ്രാബല്യത്തില്‍ വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസുകള്‍ എടുക്കുന്നത്. ഇത്പ്രകാരം സുരക്ഷിതമല്ലാതെ ഭക്ഷണം വില്‍ക്കുകയോ അത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കോ മരണത്തിനോ കാരണമാകുകയോ ചെയ്താല്‍ തടവ്ശിക്ഷയ്ക്കും പിഴയ്ക്കും കാരണമാകും. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അനുസരിച്ച് ജീവപര്യന്തംവരെ തടവിനും 10 ലക്ഷം രൂപ വരെ പിഴയ്ക്കും ശിക്ഷിക്കാം. ചെറിയ പിഴവുകള്‍ കണ്ടെത്തിയാല്‍ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നോട്ടീസ് നല്‍കുകയും ചെയ്യും.

ആളെ കൊല്ലിയല്ല ഷവര്‍മ

ഷവര്‍മയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലം സംസ്ഥാനത്ത് ആദ്യമായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് 2012-ലാണ്. പിന്നീട് കോഴിക്കോട്ടും ഇപ്പോള്‍ കാസര്‍ക്കോട്ടും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. നന്നായി വേവിച്ച ഇറച്ചിയും പാസ്ചറൈസ് ചെയ്ത മുട്ടയും വൃത്തിയുള്ള പച്ചക്കറികളും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഷവര്‍മ ഒരിക്കലും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകില്ല എന്നാണ് ഷെഫുമാരുടെ പക്ഷം.

മൂന്ന് ബര്‍ണര്‍ ഉള്ള മെഷീനില്‍ 25 മിനിറ്റ്‌ സമയമെങ്കിലും വേവിച്ചാല്‍ മാത്രമേ ഷവര്‍മയ്ക്കുള്ള ഇറച്ചി പാകമാകൂ. ആദ്യത്തെ ലെയര്‍ മുറിച്ചെടുത്ത ശേഷം രണ്ടാമത്തെ ലെയര്‍ വീണ്ടും വേവിച്ച ശേഷം മാത്രമേ മുറിച്ചെടുക്കാവൂ. സ്റ്റീക്കില്‍ കോര്‍ത്ത ഇറച്ചി തീരുന്നത് വരെയും ഈ രീതിയില്‍ ചെയ്യണമെന്ന് മാത്രമല്ല ഇടയ്ക്ക് വെച്ച് ബര്‍ണര്‍ ഓഫ് ചെയ്യാനോ സ്റ്റീക്ക് മറ്റെവിടേക്കേങ്കിലും മാറ്റി വെക്കാനോ പാടില്ല. വേവിച്ച് മുറിച്ചെടുത്ത ഇറച്ചി റോള്‍ ചെയ്യാന്‍ പാസ്ചറൈസ് ചെയ്ത മുട്ട കൊണ്ടുള്ള മയോണൈസും കേടാവത്തതും വൃത്തിയാക്കിയതുമായ പച്ചക്കറികളും ഉപയോഗിക്കണം. ഷവര്‍മ ഉണ്ടാക്കുന്ന ആള്‍ കയ്യുറ ഉള്‍പ്പടെ എല്ലാ ശുചിത്വ മാനദണ്ഡങ്ങളും പാലിക്കണം, ഇറച്ചിയും പച്ചക്കറികളും മുറിക്കാന്‍ വേറെ വേറെ കട്ടിംങ് ബോര്‍ഡുകള്‍ ഉപയോഗിക്കണം. ഓരോ ദിവസവും ഷവര്‍മ ഉണ്ടാക്കി കഴിഞ്ഞ ശേഷം ബര്‍ണര്‍ വൃത്തിയാക്കുകയും വേണം. ഷവര്‍മ പാര്‍സല്‍ വാങ്ങിക്കുന്നവര്‍ അത് ഉടന്‍ തന്നെ കഴിക്കുന്നതാവും നല്ലത്. - സിദ്ദിഖ് പിഎം, ഷെഫ്, അല്‍ താസ

Content Highlights: food poisoning and food safety

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nirmala, Balagopal
Premium

3 min

10 വർഷത്തിനിടെ കേന്ദ്രം നൽകിയത് 2 ലക്ഷം കോടി, ജി.എസ്.ടിയിൽ നേട്ടം ഉണ്ടാക്കാനാവാതെ കേരളം

Feb 14, 2023


George Alencherry
In Depth

13 min

അൾത്താരയിൽ കൈമുത്ത്, അരമനയിൽ അങ്കംവെട്ട്; സിറോ മലബാർ സഭ എങ്ങോട്ട്?

Aug 6, 2022

Most Commented