
പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി |ഫോട്ടോ:AP
രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെപ്പറ്റി ആരെന്തു പറഞ്ഞാലും അത് ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതൃത്വത്തെപ്പറ്റിയാണെന്നേ ആളുകള്‍ മനസ്സിലാക്കൂ. പറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാവുമ്പോള് പിന്നെ സംശയമേ വേണ്ട. ലക്ഷ്യം സോണിയാഗാന്ധിയും രണ്ടു മക്കളും തന്നെ.
ഇന്ത്യന്‍ ഭരണഘടനാദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതൃത്വത്തെ ഉന്നംവെച്ച് രൂക്ഷമായ അഭിപ്രായം പറഞ്ഞത്. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവും മറ്റും പങ്കെടുത്ത ചടങ്ങില്‍. കുടുംബാധിപത്യ പാര്‍ട്ടികള്‍ ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്നാണ് മോദി പറഞ്ഞത്. 'ഒരു കുടുംബത്തിനുവേണ്ടി ആ കുടുംബം ഭരിക്കുന്ന പാര്‍ട്ടി'യെന്ന് മോദി ശക്തമായ വാക്കുകളില്‍ തന്നെ കാര്യം പറഞ്ഞുവെച്ചു. ഇതില്‍ കൂടുതലായി ഞാനെന്തെങ്കിലും പറയണോ എന്ന കുത്തുന്ന ചോദ്യവും.
ഒരു കുടുംബം തലമുറകളോളം ഒരു പാര്‍ട്ടിയെ നയിക്കുന്നത് തീരെ ശരിയല്ലെന്നു മോദി പറഞ്ഞു. അതു ജനാധിപത്യത്തിനു ഭീഷണിയാണ്. ഒരു കുടുംബത്തില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ പേര് രാഷ്ട്രീയത്തില്‍ വരരുത് എന്നല്ല പറയുന്നതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. കടുത്ത മുസ്ലിം വിരോധം, വര്‍ഗീയതയെയും ജാതി രാഷ്ട്രീയത്തെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും രാജ്യത്തിന്റെ മൊത്തം ജനതയുടെയും ആദരവ് പിടിച്ചുപറ്റാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, പിന്നീട് രാജ്യം ഭരിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, രാജീവ്ഗാന്ധി, പി.വി. നരസിംഹറാവു, ഡോ. മന്മോഹന് സിങ്ങ് എന്നിങ്ങനെയുള്ള നേതാക്കളും രാജ്യത്തെ ജനതയുടെ പൂര്‍ണ ആദരവിനു പാത്രമായവരാണ്. രാഷ്ട്രീയമായ ചേരിതിരിവുകള്ക്കപ്പുറത്ത്. എങ്കിലും നരേന്ദ്രമോദി കുടുംബാധിപത്യത്തെപ്പറ്റി പറഞ്ഞതു വലിയ ശരി തന്നെ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ രാഷ്ട്രീയപാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ കുടുംബാധിപത്യത്തിലേയ്ക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് സമര്‍ത്ഥമായ നേതൃത്വം നല്കിയ സമുന്നത നേതാക്കളിലൊരാളായിട്ടു തന്നെയാണ് ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസ് നേതാവായി ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയായത്. കുറെ കൂടി ചൂടും ഉശിരും സ്വന്തമായുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പ്രധാനമന്ത്രിയാക്കാന്‍ ഒരു കൂട്ടം നേതാക്കള്‍ ശ്രമിച്ചെങ്കിലും നെഹ്റുവിനായിരുന്നു കൂടുതല്‍ പിന്തുണ. നീണ്ട 17 വര്‍ഷക്കാലമാണ് അദ്ദേഹം രാജ്യം ഭരിച്ചത്. അതും ഏറ്റവും സ്തുത്യര്‍ഹമായ നിലയില്‍.
അങ്ങേയറ്റത്തെ ജനാധിപത്യവാദിയായിരുന്നു നെഹ്റു. കളങ്കം തീരെയില്ലാത്ത തികഞ്ഞ ജനാധിപത്യവാദി. കറതീര്‍ന്ന മതേതരവാദിയും. 1957 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തിലെത്തിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വിമോചന സമരത്തിലൂടെ പിരിച്ചുവിടാന്‍ സംസ്ഥാന കോണ്‍ഗ്രസും സമുദായ ശക്തികളും കൈകോര്‍ത്തു നിന്നപ്പോഴും നെഹ്റു യോജിച്ചില്ല. കോണ്‍ഗ്രസ് പ്രസിഡന്റായ സ്വന്തം മകള്‍ ഇന്ദിരാഗാന്ധി ശുപാര്‍ശ ചെയ്തിട്ടും നെഹ്റു ഏറെക്കാലം സ്വന്തം അഭിപ്രായത്തില്‍ പിടിച്ചുനിന്നുവെന്നോര്ക്കണം.
വലിയ കാഴ്ചപ്പാടുണ്ടായിരുന്നു നെഹ്റുവിന്. വിശാലമായ ലോകവീക്ഷണവും. ലോകത്തിലെ മികച്ചതെന്തും സ്വന്തം രാജ്യത്തു കൊണ്ടുവരാന്‍ അദ്ദേഹം തുനിഞ്ഞു. ഇന്ത്യയില്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം കൊണ്ടുവന്നത് അദ്ദേഹമാണ്- ഐ.ഐ.ടി.യിലൂടെ. മാനേജ്മെന്റ് പഠനത്തിന് ഐ.ഐ.എമ്മും ഡിസൈന്‍ പഠനത്തിന് എന്‍.ഐ.ഡിയും ആരംഭിച്ചു അദ്ദേഹം. ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍, പ്രതിരോധ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിങ്ങനെ ഇന്ത്യയെ ലോകോത്തര നിലവാരത്തിലെത്തിക്കുന്ന സ്ഥാപനങ്ങളെത്രയെത്ര.
നെഹ്റു പങ്കെടുക്കുന്ന യോഗങ്ങളിലൊക്കെയും കൂടെ ഒരു കൊച്ചുപെണ്‍കുട്ടിയുമുണ്ടായിരുന്നു. ഏക മകള്‍ ഇന്ദിരാ പ്രിയദര്‍ശിനി. പ്രതിഭാശാലിയായ അച്ഛനോടൊപ്പം നടന്ന് ആ മകളും രാഷ്ട്രീയത്തിന്റെ ഉള്‍പ്പിരിവുകള്‍ നേരിട്ടു കണ്ടുപഠിച്ചു. ആ മകള്‍ പിന്നെ രാജ്യത്തിന്റെ ശക്തയായ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി.
പക്ഷേ ഇന്ദിര എങ്ങനെ പിതാവ് നെഹ്റുവിന്റെ രാഷ്ട്രീയ അനന്തരാവകാശിയായി? നെഹ്റുവിന്റെ കാലത്ത് തന്നെ ഉന്നയിക്കപ്പെട്ടിരുന്ന ചോദ്യമാണ് നെഹ്റുവിനുശേഷം ആര് എന്നതെന്ന് മാര്‍ക്സിസ്റ്റ് ചിന്തകനും മുന്‍ കേരള മുഖ്യമന്ത്രിയുമായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ചൂണ്ടിക്കാട്ടുന്നു. താന്‍ അതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ജനങ്ങള്‍ അതിന് മറുപടി നല്‍കുമെന്നുമാണ് നെഹ്റു അന്ന് അവകാശപ്പെട്ടത്.
എന്നാല്‍ പരസ്യമായ ഈ പ്രഖ്യാപനത്തോട് യോജിക്കുന്നതായിരുന്നില്ല നെഹ്റുവിന്റെ പ്രവൃത്തിയെന്ന് ഇ.എം.എസ്. വിശദീകരിക്കുന്നു. '1959-ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മകള്‍ ഇന്ദിരാഗാന്ധിയെ വാഴിക്കുന്നതില്‍ നെഹ്റുവിന് താല്പര്യമുണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. പിന്നീട് പ്രധാനമന്ത്രി എന്ന നിലയ്ക്ക് ചെയ്തു തീര്‍ക്കാനുള്ള ജോലികളില്‍ തന്നെ സഹായിക്കാനെന്ന പേരില്‍ അദ്ദേഹം ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ കേന്ദ്രമന്ത്രിസഭയിലേക്ക് കൊണ്ടുവരികയും ചെയ്തു' ഇ.എം.എസ്. 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍' എന്ന തന്റെ പ്രശസ്തമായ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍', പ്രസിദ്ധീകരണം: ചിന്ത പബ്ലിഷേഴ്സ്, പുറം: 315).
ഇതിന്റെ പിന്നാമ്പുറക്കഥയും വിശദീകരിക്കുന്നുണ്ട് ഇ.എം.എസ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടന്നുകൂടിയിട്ടുള്ള ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിന് 'കാമരാജ് പദ്ധതി' എന്ന പേരില്‍ ഒരു പരിഷ്കാരം കൊണ്ടുവന്നു. നെഹ്റുവിന്റെ അറിവോടും അനുമതിയോടും കൂടിയായിരുന്നു ഇതെന്ന് ഇ.എം.എസ്. പറയുന്നു. തമിഴ്നാട്ടില്‍ നിന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേയ്ക്കുയര്ന്ന കെ. കാമരാജായിരുന്നു ഈ പരിഷ്കാരത്തിന്റെ ഉപജ്ഞാതാവ്. അന്നദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു.
മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിങ്ങനെയുള്ള മന്ത്രിമാര്‍ ഭരണരംഗം വിട്ട് സംഘടനാപ്രവര്ത്തനത്തിറങ്ങണമെന്നതായിരുന്നു കാമരാജ് പദ്ധതി പ്രകാരമുള്ള പരിഷ്കാരം. മുഖ്യമന്ത്രി കാമരാജ് തന്നെയും ഇങ്ങനെ ഭരണം വിട്ട് സംഘടനാ പ്രവര്ത്തനത്തിനിറങ്ങിയവരില് ഉള്‍പ്പെടുന്നു. സംഘടനാ പ്രവര്‍ത്തനത്തിനിറങ്ങിയ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ 1964 ല്‍ നെഹ്റു രോഗബാധിതനായപ്പോള്‍ അദ്ദേഹത്തെ സഹായിക്കാനായി വീണ്ടും മന്ത്രിസഭയിലെടുത്തു.
ഈ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നതിനാല്‍ നെഹ്റു അന്തരിച്ചയുടനെത്തന്നെ അടുത്ത പ്രധാനമന്ത്രിയാവേണ്ടത് ആരെന്ന ചോദ്യത്തിന് എളുപ്പം ഉത്തരം കാണാന്‍ കഴിഞ്ഞുവെന്ന് ഇ.എം.എസിന്റെ നിരീക്ഷണം. ഇ.എം.എസിന്റെ തന്നെ വിശദീകരണം ഇങ്ങനെ: 'പരസ്യപ്രസ്താവനകളിലൂടെയല്ലെങ്കിലും പ്രധാനമന്ത്രി പദവിക്കുള്ള അവകാശിയായി അറിയപ്പെട്ടിരുന്ന മൊറാര്‍ജി ദേശായി ആ സ്ഥാനത്തേക്ക് കൊതിക്കേണ്ടതില്ല, ഒന്നുകില്‍ കാമരാജ് പദ്ധതി അനുസരിച്ച് സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതില്‍ പിന്നീട് കേന്ദ്രമന്ത്രിസഭയില്‍ തിരിച്ചെടുക്കപ്പെട്ട ലാല്‍ബഹദൂര്‍ ശാസ്ത്രി, അല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു പരിചയമുള്ള നെഹ്റുവിന്റെ വിശ്വസ്ത സഹായി ഇന്ദിരാഗാന്ധി- ഇവരില്‍ ഒരാളായിരിക്കണം പുതിയ പ്രധാനമന്ത്രി എന്ന് കാമരാജ് അടക്കം ഈ പ്രശ്നം ചര്‍ച്ചചെയ്തുകൊണ്ടിരുന്ന നേതാക്കള്‍ തമ്മില്‍ ധാരണയുണ്ടായി'.
സംഘടനാ പരിചയം, ഭരണ പരിചയം എന്നിവ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ മൊറാര്‍ജിയോടൊപ്പം തന്നെ നില്ക്കുന്ന നേതാവാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി. ഇന്ദിരാഗാന്ധി എങ്ങനെ നോക്കിയാലും ഈ രണ്ടു നേതാക്കളേക്കാള്‍ വളരെ താഴെയും. ഭരണപരിചയം തീരെയില്ല താനും. ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ പ്രധാനമന്ത്രിയാക്കി ആ മന്ത്രിസഭയില്‍ ഒരംഗമായി ഇന്ദിരാഗാന്ധിയെ ഉള്‍ക്കൊള്ളിക്കുക മാത്രമാണ് പ്രായോഗികം എന്ന് പ്രമുഖ നേതാക്കള്‍ കണ്ടു. അങ്ങനെ ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായി.
ഇന്ത്യ-ചൈന സംഘര്‍ഷം മൂര്‍ച്ഛിച്ചത് ഇക്കാലത്താണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതും ഈ സമയത്തു തന്നെ. ഈ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായി സോവിയറ്റ് യൂണിയനിലേക്കു പോയ ലാല്‍ ബഹദൂര്‍ ശാസ്ത്രി അവിടെ താഷ്ക്കെന്റില്‍ അപ്രതീക്ഷിതമായി അന്തരിച്ചു. 1965 ജനവരിയില്‍. ഇന്ത്യ-പാക്കിസ്ഥാന് ഒത്തുതീര്‍പ്പുരേഖയില്‍ ഒപ്പുവെച്ചശേഷമാണ് അദ്ദേഹം അന്തരിച്ചത്.
ലാല്‍ബഹദൂര്‍ ശാസ്ത്രിക്കുശേഷം ആര് എന്ന ചോദ്യം അദ്ദേഹത്തിന്റെ ജീവിതകാലത്തു ചര്‍ച്ചയായിരുന്നില്ല. പക്ഷേ മരണശേഷം സ്വാഭാവികമായും മൊറാര്‍ജി ദേശായി രംഗത്തുവന്നു. മുമ്പ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലാല്‍ ബഹദൂറിനെ വെല്ലുവിളിക്കാനും മാത്രമുള്ള ശേഷിയില്ലാതിരുന്ന മൊറാര്‍ജി ദേശായി ഇത്തവണ കളത്തിലിറങ്ങിയത് വലിയ കരുതലോടെ. പാര്‍ട്ടിയില്‍ പിന്തുണയും ഏറി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരുവന്നാലും താന്‍ മത്സരരംഗത്തുണ്ടാവുമെന്ന് മൊറാര്‍ജി വെട്ടിത്തുറന്നു തന്നെ പറഞ്ഞു.
അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മൊറാര്‍ജി പ്രധാനമന്ത്രിയാവരുതെന്ന് വാശിയുള്ള കോണ്ഗ്രസുകാരുമുണ്ടായിരുന്നുവെന്ന് ഇ.എം.എസ്. ചൂണ്ടിക്കാട്ടുന്നു. മൊറാര്‍ജിക്കെതിരെ ഇന്ദിരാഗാന്ധിയെ നിര്‍ത്താന്‍ അവര്‍ ആലോചിച്ചു. ഇ.എം.എസിന്റെ വാക്കുകള്‍: 'കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ പാരമ്പര്യം, ഭരണപരിചയം, എന്നിവ നോക്കുമ്പോള്‍ മൊറാര്‍ജി ദേശായിയുടെ പിന്നിലാണ് അവരെന്നതു ശരിയാണ്. പക്ഷേ നെഹ്റുവിന്റെ മകളാണെന്നത് വലിയൊരു കാര്യമാണ്. ആ നിലയ്ക്കുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യവും ഹ്രസ്വകാലത്തേക്കാണെങ്കിലും കോണ്‍ഗ്രസ് പ്രസിഡന്റായി ഇരുന്നിട്ടുള്ള പരിചയവും അവര്‍ക്കുണ്ട്. ഭരണപരിചയത്തിന്റെ കാര്യത്തിലാണെങ്കില്‍ ശാസ്ത്രി മന്ത്രിസഭയില്‍ ഏതാനും മാസം പ്രവര്‍ത്തിച്ചുവെന്നത് പ്രധാനമാണ്. ഇതെല്ലാം നിമിത്തം മൊറാര്‍ജി ദേശായിയെ പ്രധാനമന്ത്രി സ്ഥാനത്ത് വരാന്‍ അനുവദിക്കരുതെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അവതരിപ്പിക്കാവുന്ന ഒരേയൊരു സ്ഥാനാര്‍ഥി ഇന്ദിരാഗാന്ധിയാണ്'. ഇ.എം.എസ്. എന്ന മാര്‍ക്സിസ്റ്റ് നേതാവ് കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക കാലഘട്ടത്തെ കുറിച്ചു നടത്തുന്ന അതിപ്രഗത്ഭമായ അവലോകനം.

മൊറാര്‍ജി ദേശായിയും ഇന്ദിരാഗാന്ധിയും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്ദിരയ്ക്കായിരുന്നു വിജയം. അങ്ങനെ ജവഹര്‍ ലാല്‍ നെഹ്റുവിന്റെ മകള്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി. ആ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത് കാമരാജ്. മൊറാര്‍ജി ദേശായി ഉള്‍പ്പെടെ പ്രമുഖ നേതാക്കളെയൊക്കെയും ഭരണപദവിയില്‍ നിന്നു മാറ്റിയ 'കാമരാജ് പദ്ധതി'യാണ് ഇതിനൊക്കെയും കാരണമായതെന്നാണ് ഇ.എം.എസ്. വിശകലനം ചെയ്യുന്നത്.
ഇ.എം.എസിന്റെ നിരീക്ഷണമിങ്ങനെ: 'നെഹ്റു അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്ഗാമിയാവുന്നതു സംബന്ധിച്ച മൊറാര്‍ജിയുടെ ഉദ്ദേശ്യം വിഫലമാക്കാന്‍ കാമരാജിന് താരതമ്യേന നിഷ്പ്രയാസം കഴിഞ്ഞു. എന്നാല്‍ അതേ മൊറാര്‍ജിയുടെ രണ്ടാമത്തെ ശ്രമം പൊളിക്കാന്‍ മുമ്പത്തേതുപോലെ എളുപ്പമായിരുന്നില്ല. എങ്കിലും രാജ്യത്താകെയുള്ള സമാനചിന്താഗതിക്കാരുടെ സഹകരണവും താന്‍ സ്വയം നടത്തിയ പരിശ്രമവും മൂലം ഇത്തവണയും കാമരാജിന്റെ ലക്ഷ്യം നിറവേറി'.
ഇന്ദിരാഗാന്ധിയുടെ കാലത്തു തന്നെ ഇളയ മകന് സഞ്ജയ് ഗാന്ധി രാഷ്ട്രീയത്തില്‍ കുതിച്ചുയര്‍ന്നെങ്കിലും ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. അംഗരക്ഷകരുടെ വെടിയേറ്റ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മരണമടഞ്ഞതിനെ തുടര്‍ന്ന് മൂത്തമകന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. അദ്ദേഹം കൊല്ലപ്പെട്ടതോടെ ഭാര്യ ഇറ്റലിക്കാരി സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ്. 2004 ലും 2009 ലും സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കേന്ദ്രഭരണം പിടിച്ചു. രണ്ടു തവണയും സാമ്പത്തിക വിദഗ്ദ്ധനായ ഡോ. മന്മോഹന് സിങ്ങ് പ്രധാനമന്ത്രി. സോണിയാഗാന്ധി പ്രസിഡന്റായിരിക്കെ മകന് രാഹുല്‍ഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങി.
പക്ഷേ നെഹ്റു കുടുംബത്തിലെ അനന്തരാവകാശിയെന്നല്ലാതെ മികവുറ്റ ഒരു നേതാവായി വളരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല. കുടുംബ ബലത്തില്‍ പാര്‍ട്ടി പ്രസിഡന്റാവാന്‍ എളുപ്പമായിരുന്നു. പാര്‍ട്ടിയെ 2019 ലെ തിരഞ്ഞെടുപ്പില്‍ നയിക്കുകയും ചെയ്തു. പക്ഷേ കോണ്‍ഗ്രസിനു തുടര്‍ച്ചയായി രണ്ടാമതും ഭരണം നഷ്ടപ്പെട്ടു.

മന്മോഹന് സിങ്ങിന്റെ രണ്ടാം യു.പി.എ. സര്‍ക്കാരില്‍ രാഹുല്‍ ഗാന്ധിക്കു ഭേദപ്പെട്ട ഒരു വകുപ്പിന്റെ ചുമതല ഏല്ക്കാമായിരുന്നു. അവസാനഘട്ടത്തില്‍ വേണമെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്കു പ്രധാനമന്ത്രിയുമാവാമായിരുന്നു. രണ്ടു തവണ പ്രധാനമന്ത്രിയായ ഡോ. മന്മോഹന് സിങ്ങിനെ അവസാനം മാറ്റിനിര്‍ത്താന്‍ ഒരു സമവായമുണ്ടാക്കിയാല്‍ മതിയായിരുന്നു. ഇന്ദിരാഗാന്ധിയ്ക്ക് ലാല്‍ ബഹദൂര്‍ മന്ത്രിസഭയില്‍ മന്ത്രിയാവാന്‍ കഴിഞ്ഞതുപോലെയൊരവസരം.
ഇന്നിപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലും രാഹുല്‍ഗാന്ധിക്ക് പൂര്‍ണമായ പിന്തുണയില്ല. ഗ്രൂപ്പ് 23 എന്ന പേരില്‍ മുതിര്‍ന്ന നേതാക്കള്‍ ഒഴിഞ്ഞുനില്ക്കുന്നു. തിരഞ്ഞെടുപ്പു വിദഗ്ദ്ധന് പ്രശാന്ത് കിഷോര്‍ മമതാ ബാനര്‍ജിയെ കേന്ദ്രീകരിച്ച് പുതിയ തന്ത്രങ്ങള്‍ മെനയുന്നു. യു.പി.യില്‍ പോലും പ്രിയങ്കാ വധേരയ്ക്ക് ചുവടുറപ്പിക്കാന്‍ കഴിയുന്നില്ല. ഇപ്പോഴും പ്രതിപക്ഷത്ത് പ്രധാനകക്ഷി കോണ്‍ഗ്രസ് തന്നെയാണ്.
പക്ഷേ അടുത്ത തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാലോ? കുടുംബാധിപത്യ രാഷ്ട്രീയം ജനാധിപത്യപരമല്ലെന്ന് നരേന്ദ്രമോദി തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മിപ്പിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..