അനിൽ ആന്റണിയും എ.കെ. ആന്റണിയും. ഫയൽ ചിത്രം. Photo Courtesy: FB/anil antony
കോണ്‍ഗ്രസില്‍നിന്ന് വലിയൊരു നേതാവിനെ കിട്ടിയ സന്തോഷത്തിലാണ് കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും വി. മുരളീധരനും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മറ്റു ബി.ജെ.പി. നേതാക്കളും ഡല്‍ഹിയില്‍ വ്യാഴാഴ്ച മൂന്ന് മണിക്ക് പത്രസമ്മേളനം നടത്തിയത്. വലിയ അഭിമാനത്തോടെ അവര്‍ അനില്‍ കെ. ആന്റണിയെ അവതരിപ്പിച്ചു. സാക്ഷാല്‍ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി.
തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനിയറിങ് കോളേജില്‍ നിന്ന് എഞ്ചിനിയറിങ് ബിരുദമെടുത്ത് അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ നിന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമെടുത്തതിന് ശേഷം എം.ഐ.ടിയില്‍നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രത്യേക കോഴ്സും പൂര്‍ത്തിയാക്കിയിട്ടുള്ള വ്യക്തിയാണ് അനില്‍ ആന്റണിയെന്ന് പരിചയപ്പെടുത്തി പീയുഷ് ഗോയല്‍ വിസ്തരിച്ചുതന്നെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. പിന്നെ അനില്‍ ആന്റണി, ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും കോണ്‍ഗ്രസിനെ അധിക്ഷേപിച്ച്, രാഹുല്‍ ഗാന്ധിയെയും കുടുംബത്തെയും കുറ്റപ്പെടുത്തി മുന്നേറിയപ്പോള്‍ ദേശീയ രാഷ്ട്രീയം തന്നെ ഒന്നു വിറച്ചു. കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്തംഭിച്ചു നിന്നു.
ഇനി കേരളവും തങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഈയിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചത്. ഇടതുപക്ഷവും ഐക്യ ജനാധിപത്യ മുന്നണിയും നിറഞ്ഞുനില്‍ക്കുന്ന കേരളത്തില്‍ ബി.ജെ.പി. വളരണമെങ്കില്‍ രണ്ടിലൊരു മുന്നണി ക്ഷയിക്കണം. രണ്ടാം തവണയും തുടര്‍ച്ചയായി ഭരണം കിട്ടാതെ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് എളുപ്പമെന്ന് ബി.ജെ.പി. നേതൃത്വം മനസ്സിലാക്കിയിരിക്കുന്നു. അല്ലെങ്കില്‍ തന്നെ കോണ്‍ഗ്രസ് മുക്തഭാരതമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടിയാണല്ലോ ബി.ജെ.പി.
അനില്‍ ആന്റണിയിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത് എ.കെ. ആന്റണിയുടെ പൈതൃകത്തെയാണ്. സംശുദ്ധ രാഷ്ട്രീയത്തിന്റെ പര്യായമായി രാജ്യം മുഴുവന്‍ അറിയപ്പെട്ട ആന്റണിയുടെ സല്‍പ്പേരിനെയാണ്. ബി.ജെ.പി. സ്വപ്നം കണ്ടത് അനില്‍ ആന്റണിയിലൂടെ കൈവരിക്കാവുന്ന രാഷ്ട്രീയ നേട്ടങ്ങളെയാണ്. പക്ഷേ, 1958 മുതല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ നേടിയ സ്വന്തം പേരും പെരുമയും ബി.ജെ.പിക്ക് അങ്ങനെയങ്ങ് അടിയറ വെക്കാന്‍ എ.കെ. ആന്റണി തയ്യാറല്ല, അത് സ്വന്തം മകനിലൂടെയായാല്‍ പോലും. അനില്‍ ആന്റണിയുടെ ബി.ജെ.പി. പ്രവേശം കഴിഞ്ഞ് വൈകാതെ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആന്റണി ബി.ജെ.പി.ക്കെതിരേ ആഞ്ഞടിച്ചു.
രാഹുല്‍ ഗാന്ധിയെയും കുടുംബത്തെയും അധിക്ഷേപിച്ചു കൊണ്ടായിരുന്നു അനില്‍ ആന്റണിയുടെ സംസാരമെങ്കില്‍, പിതാവ് എ.കെ. ആന്റണി തന്റെ മരണം വരെയും നെഹ്‌റു കുടുംബത്തോടൊപ്പം നില്‍ക്കുക തന്നെ ചെയ്യുമെന്ന് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. വേട്ടക്കാരുടെയിടയിലും പോരാടുന്ന കുടുംബമാണതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 82 വയസ്സുള്ള താന്‍ മരിക്കുന്നത് കോണ്‍ഗ്രസുകാരനായി തന്നെയായിരിക്കുമെന്നും ആന്റണി പറഞ്ഞു. തികച്ചും വികാരഭരിതനായിത്തന്നെ. ഒരേസമയം ബി.ജെ.പിക്കും മകന്‍ അനില്‍ ആന്റണിക്കും എതിരായ ഒരാക്രമണം തന്നെയായിരുന്നു ആന്റണിയുടെ വാര്‍ത്താസമ്മേളനം. തന്റെ സല്‍പ്പേര് മകനിലൂടെ അടിച്ചുമാറ്റി രാഷ്ട്രീയം കളിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിനെതിരായ പോരാട്ടത്തിന് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം.

ഒരുവിധത്തില്‍ പറഞ്ഞാല്‍ എ.കെ. ആന്റണിയുടെ മകന്‍ എന്നതില്‍ കവിഞ്ഞ രാഷ്ട്രീയ പശ്ചാത്തലമോ പരിചയമോ അനില്‍ ആന്റണിയില്‍ അവകാശപ്പെടാനില്ല. അതുകാണ്ടു തന്നെ അനില്‍ ആന്റണി പാര്‍ട്ടിവിട്ടുപോകുന്നത് കോണ്‍ഗ്രസിനു പ്രത്യക്ഷമായി ക്ഷീണമൊന്നുമുണ്ടാക്കുന്നില്ല. പക്ഷെ, എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നത് കോണ്‍ഗ്രസിന് ക്ഷീണം തന്നെയാണ്. സ്വാതന്ത്ര്യസമര സേനാനിയും ആദ്യത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റിലെ കരുത്തനായ ആഭ്യന്തരമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ബി.ജെ.പി. കൈക്കലാക്കിയതോര്‍ക്കുക. സര്‍ദാര്‍ പട്ടേലിന്റെ പേരും പെരുമയും പൈതൃകവുമായിരുന്നു ബി.ജെ.പിക്ക് വേണ്ടിയിരുന്നത്.
കെ.എസ്.യു. പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, കെ.പി.സി.സി. പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചാണ് എ.കെ. ആന്റണി കേരള രാഷ്ട്രീയത്തില്‍ എണ്ണപ്പെട്ട നേതാവായി വളരുന്നത്. 1970 ആയപ്പോഴേക്കും കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും കേരളത്തിലെ രണ്ട് പ്രബല ശക്തികളായി മാറിയിരുന്നു. 1970-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അഞ്ച് യുവാക്കളാണ് നിയമസഭയിലെത്തിയത്- എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, എ.സി. ഷണ്‍മുഖദാസ്, കൊട്ടറ ഗോപാലകൃഷ്ണന്‍, എന്‍. രാമകൃഷ്ണന്‍ എന്നിവര്‍. എല്ലാവരും 30 വയസ്സില്‍ താഴെ മാത്രം പ്രായമുള്ളവര്‍.
1972-ല്‍ ഫീസ് ഏകീകരണവും കോളേജ് അധ്യാപകര്‍ക്ക് നേരിട്ടുള്ള ശമ്പളവും ആവശ്യപ്പെട്ട് കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും സമരത്തിനിറങ്ങിയപ്പോള്‍ അതിനെ ചെറുത്തത് കാത്തോലിക്ക സഭയാണ്. സമരത്തെ മഴുത്തായകൊണ്ടും കുറുവടികൊണ്ടും നേരിടുമെന്നായിരുന്നു തൃശൂര്‍ ബിഷപ്പായിരുന്ന മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ ഭീഷണി. 'വാളെടുത്തവന്‍ വാളാലെ' എന്ന് ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു. 1957-ലെ ഇ.എം.എസ്. സര്‍ക്കാര്‍ വിദ്യാഭ്യാസ ബില്‍ കൊണ്ടുവന്ന് കാത്തോലിക്ക സഭയെ ചൊടിപ്പിച്ചുവെങ്കില്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസ സമരത്തിലൂടെ കാത്തോലിക്ക സഭയുടെ ശത്രുത ക്ഷണിച്ചുവരുത്തുകയായിരുന്നു.
കേരള സമൂഹത്തിന് വേണ്ടത് അല്‍പ്പം ഇടതുചേര്‍ന്ന നിലപാടാണെന്ന് ആന്റണി മനസ്സിലാക്കി. സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനരീതിയും അദ്ദേഹം അവലംബിച്ചു. ഒപ്പം നിലപാടുകളുടെ കാര്യത്തില്‍ പിടിവാശി കാണിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ മൂര്‍ധന്യത്തില്‍ നിന്നപ്പോള്‍ നടന്ന ഗോഹട്ടി എ.ഐ.സി.സി. യോഗത്തില്‍ ഇന്ദിര ഗാന്ധി വേദിയിലിരിക്കേ അടിയന്തരാവസ്ഥയ്ക്കെതിരേ ആന്റണി ആവേശപൂര്‍വം പ്രസംഗിച്ചു. പ്രസംഗം കഴിഞ്ഞ് ആന്റണി ശാന്തനായി വേദിവിട്ടിറങ്ങിയപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അന്തംവിട്ട് നോക്കിനില്‍ക്കുകയായിരുന്നു. അടിയന്തരാവസ്ഥയുടെ പേരില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ച പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നടപടിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ആന്റണിയുടെ പ്രസംഗം.
.jpg?$p=8fbfc7e&&q=0.8)
1972 ല്‍ കെ.പി.സി.സി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ആന്റണിക്ക് 32 വയസായിരുന്നു പ്രായം. 1977-ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായ കെ. കരുണാകരന്‍, രാജന്‍ കേസിന്റെ പേരില്‍ രാജി വെച്ചപ്പോള്‍ മുഖ്യമന്ത്രിയാവാനുള്ള നിയോഗം കിട്ടിയത് ആന്റണിക്ക്. അന്ന് അദ്ദേഹത്തിന്റെ പ്രായം 37 വയസ്. 1985-ല്‍ എ.കെ. ആന്റണി വിവാഹിതനായത് പുരോഹിതരുടെ കാര്‍മികത്വം ഇല്ലാതെ ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു. എപ്പോഴും മതത്തിനും വിശ്വാസത്തിനും അതീതമായൊരു നിലപാടാണ് ആന്റണി സ്വീകരിച്ചത്.
കോണ്‍ഗ്രസിലെ ശക്തികേന്ദ്രമായിരുന്ന ഇന്ദിര ഗാന്ധിയോട് പിണങ്ങാനും ആന്റണിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. 1978 ജനുവരി ഒന്നിന് കോണ്‍ഗ്രസ് പിളര്‍ന്ന് ഇന്ദിര കോണ്‍ഗ്രസ് രൂപപ്പടുത്തിയപ്പോള്‍ എതിര്‍പക്ഷത്ത് നിലയുറപ്പിച്ച മുഖ്യമന്ത്രി എ.കെ. ആന്റണി നവംബര്‍ ആദ്യം കര്‍ണാടകയിലെ ചിക്കമംഗലൂരുവില്‍ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധി മത്സരിച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചൊഴിയാനുള്ള സാധ്യത ആന്റണിക്ക് മുന്നില്‍ തെളിയുകയായിരുന്നു. ഇന്ദിര ഗാന്ധിയെ കോണ്‍ഗ്രസ് അനുകൂലിച്ചാല്‍ എതിര്‍ക്കുമെന്ന് ആന്റണി പറഞ്ഞിരുന്നു. ജനത പാര്‍ട്ടിയെ എതിര്‍ത്ത് ഇന്ദിര ഗാന്ധിയെ പിന്തുണയ്ക്കാന്‍ അവസാനം കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് അധികാരത്തിന്റെ പടിയിറങ്ങി ആന്റണി.
ഇന്ദിര കോണ്‍ഗ്രസിനെതിരായ ചേരിയില്‍ നിലയുറപ്പിച്ച് ആന്റണിയും കൂട്ടരും കോണ്‍ഗ്രസ് ദേവരാജ് അരശ് വിഭാഗമായി മാറി. പേര് കോണ്‍ഗ്രസ് (യു). ഈ വിഭാഗമാണ് കോണ്‍ഗ്രസിലെ ആന്റണി വിഭാഗമായി പിന്നീട് മാറിയത്. 1980-ല്‍ ഇടതുപക്ഷത്തിന്റെ ഭാഗമായി മത്സരിച്ച കേണ്‍ഗ്രസ് (യു) 21 സീറ്റ് നേടി ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ചേരുകയും ചെയ്തു. എ.കെ. ആന്റണിയെ തിരികെ കൊണ്ടുവരാന്‍ ഇന്ദിര ഗാന്ധി തന്നെ മുന്‍കൈ എടുത്തു. കരുണാകരന്‍ അതിനോട് യോജിച്ചു. നായനാര്‍ മന്ത്രിസഭയെ താഴെയിട്ട് ആന്റണിയും കൂട്ടരും കൂറുമാറി ഇന്ദിരാപക്ഷവുമായി അനുരഞ്ജനത്തിലെത്തി. 1982-ലെ തിരഞ്ഞെടുപ്പില്‍ കെ.. കരുണാകരന്‍ മുഖ്യമന്ത്രിയായി.
കരുണാകരനും എ.കെ. ആന്റണിയും തമ്മിലുള്ള പോര് കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗമാണ്. പാര്‍ട്ടിക്കുള്ളില്‍ ഇരുനേതാക്കളും തമ്മില്‍ പോരടിക്കുമ്പോഴും സി.പി.എമ്മിനെ നേരിടേണ്ട ഘട്ടം വരുമ്പോള്‍ ഇരുവരും ഒരുമിച്ചു. ഗ്രൂപ്പ് പ്രവര്‍ത്തനം കോണ്‍ഗ്രസിനെ പോഷിപ്പിച്ച രാഷ്ട്രീയപ്രവര്‍ത്തനമായി മാറുകയായിരുന്നു. 1991-ലെ കെ.പി.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആന്റണി പക്ഷക്കാരനായിരുന്ന വയലാര്‍ രവിയെ കൂടെനിര്‍ത്തി ആന്റണിക്കെതിരേ സ്ഥാനാര്‍ഥിയാക്കി കരുണാകരന്‍. തിരഞ്ഞെടുപ്പില്‍ ആന്റണി പരാജയപ്പെട്ടു. 1995-ല്‍ ആന്റണി പകരംവീട്ടി. ഉമ്മന്‍ചാണ്ടിയുടെ സമര്‍ഥമായ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടായിരുന്ന പിന്തുണ കുറഞ്ഞ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു. പകരം മുഖ്യമന്ത്രിയായത് എ.കെ. ആന്റണി. പക്ഷേ, അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയാണ് ജയിച്ചത്. വീണ്ടും 2001-ല്‍ ആന്റണി മുഖ്യമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു. പകരം മുഖ്യമന്ത്രിയായത് ഉമ്മന്‍ചാണ്ടി. ആന്റണിയോടൊപ്പം എക്കാലവും രണ്ടാമനായി സഞ്ചരിച്ച ഉമ്മന്‍ചാണ്ടി അങ്ങനെ ഒന്നാമനായി.
പിന്നീട് ഹൈക്കക്കമാന്‍ഡ് ആന്റണിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു. അവിടെ രാജ്യരക്ഷാ മന്ത്രിയായി രണ്ടു തവണ നിയോഗിക്കപ്പെട്ട ആന്റണി ഒരിക്കലും പേരുദോഷവും കേള്‍പ്പിച്ചില്ല. എക്കാലത്തും ആന്റണിയുടെ കരുത്ത് ശുദ്ധമായ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം തന്നെയായിരുന്നു.

സംഭവബഹുലമായിരുന്നു ആന്റണിയുടെ ജീവിതം. അതേസമയം, കുറ്റമറ്റതും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആന്റണിക്ക് പേരും പെരുമയുമുണ്ട്. ആന്റണിക്ക് മാത്രം അവകശാപ്പെട്ട ഒന്നാണത്. ആന്റണിയുടെ സല്‍പ്പേരിന്റെ മഹത്വം കണ്ടറിഞ്ഞിട്ടു തന്നെയാണ് ബി.ജെ.പി. നേതൃത്വം അദ്ദേഹത്തിന്റെ മകന്‍ അനില്‍ ആന്റണിയെ സ്വന്തമാക്കിയത്. അനില്‍ ആന്റണിയെ സ്വന്തമാക്കുക വഴി ആന്റണിയുടെ സല്‍പ്പേരും പെരുമയുമൊക്കെ സ്വന്തമാക്കാമെന്ന് ബി.ജെ.പി. നേതൃത്വം കണക്കുകൂട്ടയിരിക്കണം.
പക്ഷേ, സ്വന്തം പേരും അതിന്റെ വിശ്വാസ്യതയും മകനിലൂടെ ബി.ജെ.പി. തട്ടിയെടുക്കുന്നത് ആ തലമൂത്ത കോണ്‍ഗ്രസ് നേതാവിന് സഹിക്കാനാവുന്നതായിരുന്നില്ല. ആന്റണി ശക്തമായി തിരിച്ചടിച്ചു. തന്റെ പേരില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് ബി.ജെ.പിയുടെ പെരുമ വര്‍ധിപ്പിക്കാനിറങ്ങിയ മകന്‍ അനില്‍ ആന്റണിയെ അദ്ദേഹം തള്ളിപ്പറഞ്ഞു. അനില്‍ നിശിതമായി വിമര്‍ശിച്ച നെഹ്റു കുടുംബത്തെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ മുന്‍പില്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. കോണ്‍ഗ്രസ് രാജ്യദ്രോഹ പാര്‍ട്ടിയാണെന്നു പറഞ്ഞ മകനെ നിരാകരിച്ചുതന്നെ അദ്ദേഹം സംസാരിച്ചു. മരിക്കുംവരെ ഒരു കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കും താനെന്ന് ആവര്‍ത്തിച്ചു പറഞ്ഞു.
പെസഹ വ്യാഴാഴ്ച ദിവസം അനില്‍ ആന്റണി മുപ്പത് വെള്ളിക്കാശിന് കോണ്‍ഗ്രസിനെ ബി.ജെ.പിക്ക് ഒറ്റുകൊടുത്തുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് പ്രസ്താവനയിറക്കുമ്പോള്‍, ഇന്ദിരാഭവനില്‍ മകനെ തള്ളിപ്പറയുകയായിരുന്നു എ.കെ. ആന്റണി എന്ന കോണ്‍ഗ്രസുകാരന്‍. തന്റെ സല്‍പ്പേര് ബി.ജെ.പിക്ക് അടിയറ വയ്ക്കാനുള്ള മകന്റെ നീക്കത്തെയാണ് നിമിഷങ്ങള്‍ കൊണ്ട് ആന്റണി പൊളിച്ചത്. ഒരിക്കല്‍ക്കൂടി ഉറച്ച കോണ്‍ഗ്രസുകാരന്‍ തന്നെയാണ് താനെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു എ.കെ. ആന്റണി. അതും സ്വന്തം പുത്രനെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട്.
Content Highlights: anil antony, akantony, bjp, inc, oommen chandy, politics, narendra modi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..