പ്രതിഷേധിച്ച അധ്യാപകര്‍ പുറത്ത്, കെഎസ്ടിഎയില്‍ നിന്ന് രാജി, വിദ്യാഭ്യാസ വകുപ്പിന് ഫോക്കസില്ലേ?


ശ്യാം മുരളി

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചോദ്യപേപ്പര്‍ തയ്യാറാക്കലും മൂല്യനിര്‍ണയവും സംബന്ധിച്ച് അധ്യാപകര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ക്കെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ ഉരുക്കുമുഷ്ടി പ്രയോഗം കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പയ്യന്നൂരിലെ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി. പ്രേമചന്ദ്രന്‍ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ നടപടികള്‍ തുടരുകയാണ്. ഇതിനിടയിലാണ് മൂല്യനിര്‍ണയത്തിനുള്ള ഉത്തര സൂചിക അട്ടിമറിച്ചെന്ന് ആരോപിച്ച് ഹയര്‍ സെക്കന്‍ഡറി കെമിസ്ട്രി മൂല്യനിര്‍ണയം അധ്യാപകര്‍ ബഹിഷ്‌കരിക്കുന്നത്. ഈ വിഷയത്തിലും പ്രതിഷേധിച്ച അധ്യാപകരുടെ തലയ്ക്കുമേല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുടെ വാള്‍ തൂങ്ങിനില്‍ക്കുകയാണ്.

ഫോക്കസ് ഏരിയ നിശ്ചയിച്ച് അതില്‍നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എസ്.എസ്.എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിലെ അപാകതകള്‍ക്കെതിരേ പ്രതികരിച്ചതിനാണ് പി. പ്രേമചന്ദ്രനെതിരേ വകുപ്പ് കാരണം കാണിക്ക് നോട്ടീസ് നല്‍കിയിരുന്നത്. ഫോക്കസ് ഏരിയ എന്ന സങ്കല്‍പം തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് ഇത്തവണത്തെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കലില്‍ നടന്നിരിക്കുന്നതെന്നാണ് പ്രേമചന്ദ്രന്‍ പ്രധാനമായി ചൂണ്ടിക്കാട്ടിയത്. മുന്‍ വര്‍ഷങ്ങളില്‍ കേരള സിലബസ് പഠിക്കുന്ന കുട്ടികള്‍ക്ക് ലഭിച്ചിരുന്ന ഉയര്‍ന്ന ഗ്രേഡ് അട്ടിമറിക്കുക എന്നതാണ് ഇതിനുപിന്നിലുള്ള ലക്ഷ്യമെന്നും സി.ബി.എസ്.ഇയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥ ലോബിയും തമ്മിലുള്ള ഒത്തുകളിയാണിതെണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

തുടര്‍ന്ന്, 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 60 എ വകുപ്പ് ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രേമചന്ദ്രന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നോട്ടീസ് നല്‍കി. വിദ്യാര്‍ഥികള്‍ക്കിടയിലും സമൂഹത്തിലും ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെ ആശയക്കുഴപ്പമുണ്ടാക്കി എന്നാണ് നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്. ഈ നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് അന്വേഷണം തുടരുകയാണ് ഇപ്പോഴും വിദ്യാഭ്യാസവകുപ്പ്. ഇതിന്റെ ഭാഗമായി അദ്ദേഹത്തെ വ്യാഴാഴ്ച വിദ്യാഭ്യാസ വകുപ്പ് ഹിയറിങ്ങിന് വിളിച്ചിരുന്നു. വകുപ്പിന്റെ ഇത്തരം നടപടികള്‍ക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

നിലപാടുകളും പ്രതിഷേധവും വിലക്കപ്പെടുമ്പോള്‍

ഇതോടൊപ്പം ചേര്‍ത്തുവെക്കേണ്ട മറ്റൊരു സംഭവമാണ് മൂല്യനിര്‍ണയം നിര്‍ത്തിവെച്ച് ഹയര്‍ സെക്കന്‍ഡറി കെമിസ്ട്രി അധ്യാപകര്‍ നടത്തിവരുന്ന സമരം. മൂല്യനിര്‍ണയത്തിനായി അധ്യാപകരെ പങ്കെടുപ്പിച്ച് തയ്യാറാക്കിയ ഉത്തര സൂചിക അട്ടിമറിച്ച് മറ്റൊരു ഉത്തരസൂചിക ക്യാമ്പുകളില്‍ നല്‍കിയതിനെതിരേയാണ് കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്‌കരിച്ച് രണ്ടുദിവസമായി പ്രതിഷേധിക്കുന്നത്. മൂല്യനിര്‍ണയവുമായി സഹകരിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രസ്താവനയിറക്കിക്കഴിഞ്ഞു.

പി. പ്രേമചന്ദ്രന്‍

മുന്‍പ് പ്രേമചന്ദ്രന്‍ ചൂണ്ടിക്കാണിച്ചതുപോലെ ഫോക്കസ് ഏരിയ, നോണ്‍ ഫോക്കസ് ഏരിയ തിരിച്ചുള്ള അശാസ്ത്രീയ വേര്‍തിരിവാണ് ഇവിടെയും പ്രശ്‌നത്തിനിടയാക്കിയത്. പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയ്ക്കാന്‍ കരുതിക്കൂട്ടി നടത്തുന്ന നടപടിയാണിതെന്നാണ് ഒരുവിഭാഗം അധ്യാപകര്‍ ആരോപിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വിജയശതമാനം കൂടുകയും വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ കോളേജുകളിലെ സീറ്റുകള്‍ തികയാതാവുകയും പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കേണ്ടിവരികയും ചെയ്തു.

ഇത്തരം പ്രശ്നങ്ങള്‍ ഈ വര്‍ഷം ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട മാര്‍ക്കില്‍ കുറവുവരുത്താനാണ് വിദ്യാഭ്യാസ വകുപ്പ് നീക്കം നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. ഇതിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് മികച്ച മാര്‍ക്ക് ലഭിക്കുംവിധം അധ്യാപകര്‍ തയ്യാറാക്കിയ കെമിസ്ട്രിയുടെ ഉത്തര സൂചിക ഒഴിവാക്കുകയും മാര്‍ക്ക് ലഭിക്കാനിടയില്ലാത്ത ഉത്തരസൂചിക നല്‍കുകയും ചെയ്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മൂല്യനിർണയവുമായി സഹകരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് ഈ അധ്യാപകർക്കും വിദ്യാഭ്യാസമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാര്‍ നയത്തിനെതിരേ സംസാരിക്കുന്നത് വിലക്കുന്ന കെഎസ്ആറിലെ ചട്ടം ചൂണ്ടിക്കാട്ടിയാണ് അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കുന്നത്. എന്നാല്‍ അക്കാദമിക് വിഷയത്തില്‍ അധ്യാപകര്‍ നടത്തുന്ന അഭിപ്രായപ്രകടനത്തെ ഈ ചട്ടത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്താനാകില്ല എന്നതാണ് അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്പെട്ട വിഷയം. മുന്‍ കാലങ്ങളില്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ക്ക് തടസ്സം ഉണ്ടായിട്ടില്ല. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം ഭരിക്കുമ്പോഴാണ് ഇത്തരം നടപടികള്‍ വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഉണ്ടാകുന്നതെന്നതാണ് ഇടതുപക്ഷ സംഘടനയില്‍പ്പെട്ട അധ്യാപകര്‍ത്തന്നെ ആരോപിക്കുന്നത്.

പ്രതിഷേധവുമായി അധ്യാപകര്‍, സംഘടനയില്‍നിന്ന് രാജി

അക്കാദമിക് വിഷയത്തില്‍ അഭിപ്രായം പറയാനുള്ള അധ്യാപകരുടെ അവകാശം ഹനിക്കുന്നതിനെതിരേ പാലക്കാടും കണ്ണൂരും ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎയില്‍നിന്ന് പാലക്കാട് ജില്ലയിലെ 11 അധ്യാപകര്‍ രാജിവെച്ചിട്ടുണ്ട്. പി. പ്രേമചന്ദ്രനെതിരായ നടപടികളില്‍ അദ്ദേഹം കൂടി ഉള്‍പ്പെടുന്ന ഇടതുപക്ഷ സംഘടനയായ കെ.എസ്.ടി.എ. ഇടപെടല്‍ നടത്തുന്നില്ല എന്നതാണ് ഇവർ ഉന്നയിക്കുന്ന പ്രധാന ആരോപണം. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നടപടി നീക്കത്തെ കെ.എസ്.ടി.എ തള്ളിപ്പറയുകയോ പ്രേമചന്ദ്രന് പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. അക്കാദമിക് വിഷങ്ങളില്‍ അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യവും ആത്മാഭിമാനവും സംരക്ഷിക്കാന്‍ ഇടതുപക്ഷ അധ്യാപക സംഘടനയ്ക്ക് ധാര്‍മികമായ ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കവിയും അധ്യാപകനുമായ പി. രാമന്‍ ഉള്‍പ്പെടെയുള്ള 11 അധ്യാപകര്‍ രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെയും ചില അധ്യാപകര്‍ ഈ വിഷയുമായി ബന്ധപ്പെട്ട് കെ.എസ്.ടി.എ വിട്ടിട്ടുണ്ട്.

പ്രേമചന്ദ്രന്‍ മാഷുടെ ലേഖനത്തിന്റെ അക്കാദമിക താല്പര്യം മുഴുവന്‍ വിസ്മരിച്ച് അതിലെ ഒന്നോ രണ്ടോ വാചകങ്ങളില്‍ പിടിച്ചായിരിക്കാം ഇപ്പോള്‍ നടപടിക്കൊരുങ്ങിയിട്ടുള്ളത്. അദ്ദേഹം നിരുപാധികം മാപ്പുപറഞ്ഞാല്‍ പ്രശ്‌നം തീരുമായിരിക്കാം. എന്നാല്‍ മാപ്പുപറയിക്കല്‍ എന്നത് ജനാധിപത്യകാലത്തിനു നിരക്കാത്ത ഫ്യൂഡല്‍ ബോധത്തില്‍ നിന്നുണ്ടാകുന്ന നടപടിക്രമമാണ് എന്നു തിരിച്ചറിയാന്‍ ഇടതുപക്ഷ തൊഴിലാളി സംഘടനക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? അക്കാദമിക താല്പര്യത്തോടെ എഴുതിയ ലേഖനത്തിന്റെ പേരില്‍ അച്ചടക്ക നടപടിയുണ്ടാകുന്നത് കേരളത്തില്‍ ഇതാദ്യമായാണ്. ഭാവിയില്‍ ഫാസിസ്റ്റ്, വലതുപക്ഷ അധികാരികള്‍ ഇത്തരം നടപടികളുമായി വരുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ധാര്‍മ്മികമായ അവകാശമാണ് ഇതോടെ ഇടതുപക്ഷത്തിന് നഷ്ടപ്പെടുന്നത്.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ചട്ടപ്രകാരം നടപടിയെടുക്കാനുള്ള അധികാരമുണ്ട് എന്നത് ശരി തന്നെ. എന്നാല്‍ വകുപ്പുകള്‍ വിവേകപൂര്‍ണ്ണമല്ലാത്ത അത്തരം നടപടികള്‍ക്കൊരുങ്ങുമ്പോള്‍ അതിനെതിരെ പ്രതികരിക്കുകയും അതു തിരുത്തിക്കുകയും ചെയ്യേണ്ടത് തൊഴിലാളി സംഘടനകളാണ്. എന്നാല്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ പി പ്രേമചന്ദ്രന്‍ മാഷിനെതിരെ എടുത്തു വരുന്ന നടപടികള്‍ക്കെതിരെ, അദ്ദേഹം ഒരു KSTA അംഗമായിട്ടുപോലും, ശക്തമായ ഒരു പ്രതിഷേധവും ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ KSTA ഇതുവരെ ഉയര്‍ത്തിയിട്ടില്ല. ഈ മൗനം അപകടകരമാണ്. നാളെ വിമര്‍ശനം പോട്ടെ, ഒരു കവിതയോ കഥയോ പ്രസിദ്ധീകരിച്ചാല്‍ പോലും ജീവനക്കാര്‍ക്കെതിരെ ഏതെങ്കിലും സര്‍ക്കാര്‍, ചട്ടപ്രകാരം നടപടിക്കൊരുങ്ങിയാല്‍ അതിനെ പ്രതിരോധിക്കാനുള്ള ധാര്‍മ്മികശേഷിയാണ് ഇതിലൂടെ സംഘടനക്ക് നഷ്ടമാകുന്നത് -പി. രാമന്‍, കവിയും അധ്യാപകനും

പി. പ്രേമചന്ദ്രന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അധ്യാപകര്‍ കഴിഞ്ഞ ദിവസം ആരംഭിച്ച മൂല്യനിര്‍ണയ ക്യാമ്പുകളിലും പ്രതിഷേധം നടന്നിരുന്നു. പി. പ്രേമചന്ദ്രന്‍റെ ഹിയറിങ് നടക്കുന്ന ദിവസംതന്നെയായായിരുന്നു ബാഡ്ജ് ധരിച്ചും പോസ്റ്റര്‍ പതിച്ചുമുള്ള പ്രതിഷേധം. പാഠ്യപദ്ധതിയിലും ചോദ്യപേപ്പര്‍ നിര്‍മാണത്തിലുമുള്ള തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ അധ്യാപകര്‍ക്ക് അവകാശമുണ്ടെന്ന് പ്രതിഷേധിച്ച അധ്യാപകര്‍ വ്യക്തമാക്കുന്നു.

പ്രേമചന്ദ്രന്‍ മാസ്റ്റര്‍ എന്ന വ്യക്തിയുടെ പ്രശ്‌നം എന്ന നിലയില്‍ മാത്രമല്ല അധ്യാപകര്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ സുജിത്ത് പറയുന്നു. അക്കാദമിക് വിഷയത്തില്‍ അഭിപ്രായം പറയാനുള്ള അധ്യാപകരുടെ അവകാശം ഹനിക്കപ്പെടുകയാണ്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിഷേധം. പി. പ്രേമചന്ദ്രന്റെ കാര്യത്തില്‍ മറ്റു നടപടികള്‍ ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞിട്ടും ഉദ്യോഗസ്ഥ തലത്തില്‍ നടപടികളുമായി മുന്നോട്ടുപോകുകയാണ്. കെമിസ്ട്രി ഉത്തര സൂചികയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ അധ്യാപകര്‍ക്കെതിരേ നടപടി സ്വീകരിക്കാനും വിദ്യാഭ്യാസ വകുപ്പ് ശ്രമം നടത്തുന്നുണ്ടെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

വേണ്ടിവന്നാല്‍ നടപടിയെടുക്കും; പ്രതിഷേധം സംഘടനയെ ബാധിക്കില്ല

വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടീസിന് സംഘടന നിര്‍ദേശിച്ചതനുസരിച്ച് മറുപടി നല്‍കാന്‍ പ്രേമചന്ദ്രന്‍ തയ്യാറായില്ലെന്ന് കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി വിനോദ് കുമാര്‍ പറഞ്ഞു. ഇടതുപക്ഷ സഹയാത്രികന്‍ എന്ന നിലയ്ക്ക് ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അതിനൊന്നും അദ്ദേഹം തയ്യാറായില്ല. പ്രേമചന്ദ്രന്‍ കാര്യങ്ങള്‍ മനസ്സിലാക്കുമെന്നും ഒപ്പം നില്‍ക്കുമെന്നുമുള്ള പ്രതീക്ഷയാണ് സംഘടനയ്ക്കുള്ളതെന്നും അങ്ങനെയല്ലെങ്കില്‍ പ്രേമചന്ദ്രനെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ടി.എയുടെ ആളെന്ന നിലയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായുള്ള ആളാണ് പി. പ്രേമചന്ദ്രന്‍. മുന്‍പ് ഇപ്പോഴത്തെ പാഠ്യപദ്ധതിയുടെ വക്താവായിരുന്നു അദ്ദേഹം. അടുത്ത കാലത്ത് ഭരണമാറ്റം ഉണ്ടായതിനു ശേഷം ഉദ്യോഗസംവിധാനത്തില്‍ സ്വാധീനക്കുറവുണ്ടായിട്ടുണ്ടാകാം. അതിലുള്ള അസ്വസ്ഥതയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കുട്ടികളില്‍ ആശങ്കയുണ്ടാക്കുന്ന വിധത്തില്‍ ലേഖനം എഴുതിയത്. സിബിഎസ്ഇ ലോബിക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനം മുട്ടിലിഴയുന്നു എന്ന ആരോപണമടക്കം പ്രേമചന്ദ്രന്‍ ഉന്നയിച്ചിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരിക്കലും നടത്താന്‍ പാടില്ലാത്ത പ്രസ്താവനയാണിത്. ഇതിനാണ് വിദ്യാഭ്യാസ വകുപ്പ് പ്രേമചന്ദ്രന് നോട്ടീസ് നല്‍കിയത്.

പ്രേമചന്ദ്രന്റെ വിഷയത്തില്‍ ഒറ്റപ്പെട്ട സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചില അധ്യാപകര്‍ അംഗത്വം രാജിവെച്ചത് സംഘടനയെ ഒരുവിധത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ താല്‍പര്യമാണ് ഇതിനു പിന്നിലുള്ളത്. പി. പ്രേമചന്ദ്രന്‍ അടക്കം പ്രവര്‍ത്തിക്കുന്ന മലയാളം ഐക്യവേദി എന്ന പേരിലുള്ള ഭാഷാ അധ്യാപകരുടെ ഗ്രൂപ്പില്‍ പെട്ടവരാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കെഎസ്ടിഎ അംഗങ്ങളായ ഇവര്‍ ഭാഷയുടെ പേരില്‍ തീവ്ര സ്വഭാവം പ്രകടിപ്പിക്കുന്ന നിലപാടെടുത്തതോടെ സംഘടന ഇവരുമായി അകലം പാലിച്ചുവരികയായിരുന്നു. പ്രേമചന്ദ്രനുവേണ്ടി ഈ വിഭാഗമാണ് പ്രതിഷേധ രംഗത്തുള്ളതെന്നും ഇത് സംഘടനയെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും സി.സി വിനോദ് കുമാര്‍ പറഞ്ഞു.

Content Highlights: disciplinary Action against teachers, Freedom of expression

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented