ഹൈപ്പര്‍സോണിക് മിസൈല്‍ തൊടുത്ത് ഇറാന്‍; റഷ്യന്‍ സൗഹൃദം തലവര മാറ്റുമോ?


അഖില്‍ ശിവാനന്ദ്In-Depth

പ്രതീകാത്മക ചിത്രം | Photo : SEPAH NEWS / AFP

ലോകത്തെ എല്ലാ പ്രതിരോധ കവചങ്ങളെയും ഭേദിക്കാന്‍ ശേഷിയുള്ള അത്യാധുനിക ഹൈപ്പര്‍സോണിക് മിസൈല്‍ നിര്‍മിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഇറാന്റെ റെവലൂഷണറി ഗാര്‍ഡ്‌സ് എയ്‌റോസ്‌പേസ് യൂണിറ്റിന്റെ കമാന്‍ഡര്‍ ജനറല്‍ അമീറലി ഹാജിസാദെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പ്രതിരോധ സംവിധാനം എന്ന നിലയിലാണ് തങ്ങള്‍ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചതെന്നും എല്ലാ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയും തകര്‍ക്കാന്‍ ഇതിന് കഴിയുമെന്നുമാണ് ഹാജിസാദെ അവകാശപ്പെട്ടത്. ശത്രുരാജ്യങ്ങളുടെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യംവെയ്ക്കുന്ന ഇറാന്റെ ഈ ഹൈപ്പര്‍സോണിക് മിസൈല്‍ പ്രതിരോധ മേഖലയില്‍ വലിയൊരു കുതിച്ചുചാട്ടമാണെന്നാണ് ഹാജിസാദെ പറഞ്ഞത്.

ആണവനിരായുദ്ധീകരണം സംബന്ധിച്ച ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയുമില്ലെന്ന് ഐക്യരാഷ്ട്രസഭാ ഏജന്‍സി ആവര്‍ത്തിച്ച് വിലപിക്കുന്നതിനിടെയാണ് ഹൈപ്പര്‍സോണിക് മിസൈല്‍ നിര്‍മിച്ചെന്ന ഇറാന്റെ പ്രഖ്യാപനം. പിന്നാലെ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി അന്താരാഷ്ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി തലവന്‍ റാഫേല്‍ ഗ്രോസി രംഗത്തെത്തി. ഇത്തരത്തിലുള്ള എല്ലാ പ്രഖ്യാപനങ്ങളും ഇറാന്റെ ആണവ പരീക്ഷണം സംബന്ധിച്ച ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന പതിവ് പല്ലവി റാഫേല്‍ ഗ്രോസി ഇത്തവണയും ആവര്‍ത്തിച്ചു. ഉപഗ്രഹവാഹക ശേഷിയുള്ള ബാലസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പ്രഖ്യാപിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇറാന്റെ പുതിയ പ്രഖ്യാപനമെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യരാഷ്ട്രങ്ങളുടെ ഉപരോധം നിലനില്‍ക്കുന്നതിനിടയിലും വലിയ തോതിലുള്ള പ്രതിരോധ ഗവേഷണങ്ങള്‍ രാജ്യത്ത് നടക്കുന്നു എന്നത് അവരെ തീര്‍ച്ചയായും അസ്വസ്ഥപ്പെടുത്തിയേക്കാം. ഒപ്പം അമേരിക്കന്‍ വിരുദ്ധ ചേരിയിലുള്ള ഇറാനും റഷ്യയും കൂടുതല്‍ അടുക്കുന്നതും അവര്‍ക്ക് തലവേദന സൃഷ്ടിച്ചേക്കും.ഹൈപ്പര്‍സോണിക് മിസൈല്‍

പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളില്‍ നിന്ന് വ്യത്യസ്തമായി ഹെപ്പര്‍സോണിക് മിസൈലുകള്‍ക്ക് അന്തരീക്ഷത്തിലൂടെ താഴ്ന്നു പറന്ന് ലക്ഷ്യത്തിലെത്താന്‍ സാധിക്കും. ഇതുവഴി കൂടുതല്‍ വേഗത്തില്‍ ലക്ഷ്യത്തെ ഭേദിക്കാനും ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് കഴിയും. അതിനാല്‍തന്നെ ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ പറക്കാനും ലക്ഷ്യത്തിലെത്താനും കഴിയും. ഇത്തരത്തിലുള്ള ആയുധങ്ങള്‍ വിക്ഷേപിച്ച ശേഷവും നിയന്ത്രിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയും. എല്ലാ മിസൈല്‍ സാങ്കേതികവിദ്യകളും സങ്കീര്‍ണമാണെങ്കിലും ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യ അതിസങ്കീര്‍ണമാണ്. അതിനാല്‍ തന്നെ ഒരു ഹൈപ്പര്‍സോണിക് മിസൈലിനെ ട്രാക്ക് ചെയ്യാനും പ്രതിരോധിക്കാനുമുള്ള ശേഷി നിലവില്‍ ഒരു രാജ്യവും കൈവരിച്ചിട്ടില്ല. അതിനാല്‍ തന്നെ ഒരു രാജ്യത്തിന് പ്രതിരോധ രംഗത്ത് വലിയ ചുവടുവെപ്പാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍ കൊണ്ടുവരിക.

റഷ്യയാണ് ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യയില്‍ മുന്നിട്ട് നില്‍ക്കുന്നത്. യുഎസ്, ചൈന എന്നിവര്‍ തൊട്ടുപിന്നിലും. ഹൈപ്പര്‍സോണിക് മിസൈലുകളില്‍ ആണവപോര്‍മുന ഉപയോഗിക്കില്ല എന്നാണ് അമേരിക്കയുടെ പക്ഷം. അതിനാല്‍ തന്നെ റഷ്യയും ചൈനയും വികസിപ്പിക്കുന്ന മിസൈലുകളേക്കാള്‍ കൃത്യത തങ്ങളുടെ ആയുധങ്ങള്‍ക്ക് ഉണ്ടാകുമെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ റഷ്യയും ചൈനയും ഹൈപ്പര്‍സോണിക് മിസൈലുകളില്‍ ആണവപോര്‍മുന ഉപയോഗിക്കും എന്നാണ് ആമേരിക്ക കുറ്റപ്പെടുത്തുന്നത്. ഇതിനിടെ യുദ്ധത്തില്‍ റഷ്യ ഹൈപ്പര്‍ സോണിക് ആയുധം ഉപയോഗിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം മാര്‍ച്ചിച്ചില്‍ യുക്രൈനെതിരേ ഒരു ഹൈപ്പര്‍സോണിക് ആയുധത്തിന്റെ ആദ്യപതിപ്പ് അവര്‍ ഉപയോഗിച്ചിരുന്നു. ഇതിന് പുറമേ ഏതാനും രാജ്യങ്ങള്‍ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലുമാണ്.

Photo: Iranian state television via AP

2020 ജൂലായില്‍ യു.എസ് വ്യോമസേന രണ്ട് ഹൈപ്പര്‍സോണിക് മിസൈലുകളാണ് പരീക്ഷിച്ചത്. 2030 ഓടെ ഹൈപ്പര്‍സോണിക് മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ജപ്പാനും. വടക്കന്‍ കൊറിയ കഴിഞ്ഞവര്‍ഷം ഇത്തരത്തിലൊരു മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ക്കിടയില്‍ തന്നെ ചില സംശയങ്ങളുണ്ട്. ഹൈപ്പര്‍സോണിക് മിസൈലുകള്‍ എന്ന് പരിചയപ്പെടുത്തി സൈനിക പരേഡുകളില്‍ വടക്കന്‍ കൊറിയ ചില ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും അവ പ്രവര്‍ത്തനക്ഷമമാണോ എന്ന സംശയമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഇനി ഇറാന്റെ കാര്യത്തിലേക്ക് വന്നാല്‍ ഇത്തരത്തിലുള്ള ആയുധം വികസിപ്പിക്കുന്ന കാര്യം ഇറാന്‍ ഇതിനു മുന്‍പ് പുറത്തു വിട്ടിരുന്നില്ല.

ചര്‍ച്ചയാകുന്ന റഷ്യ- ഇറാന്‍ കൂട്ടുകെട്ട്

റഷ്യക്ക് ഡ്രോണുകള്‍ നല്‍കിയതായി സമ്മതിച്ചതിനു പിന്നാലെയാണ് ഇറാന്‍ ഹൈപ്പര്‍സോണിക് മിസൈല്‍ നിര്‍മിച്ചെന്ന പ്രഖ്യാപനവും നടത്തിയത്. റഷ്യയിലേക്ക് ഡ്രോണുകള്‍ അയച്ചെന്ന് ആരോപണം പുറത്തുവന്ന് ഒരു മാസത്തിന് ശേഷമാണ് ഇക്കാര്യം ഇറാന്‍ ഔദ്യോഗികമായി അംഗീകരിച്ചത്. എന്നാല്‍ ഫെബ്രുവരിയില്‍ യുക്രൈന്‍ യുദ്ധം ആരംഭിക്കുന്നതിനു മുമ്പാണ് റഷ്യയ്ക്ക് ഡ്രോണുകള്‍ നല്‍കിയതെന്നാണ് ഇറാന്റെ വിശദീകരണം.ഇക്കാര്യത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അവകാശവാദം തള്ളി അമേരിക്ക രംഗത്തെത്തി. യുദ്ധത്തിന് മുമ്പല്ല, ഇറാന്‍ ഡ്രോണുകല്‍ നല്‍കിയതെന്നും ഡസണ്‍ കണക്കിന് ഡ്രോണുകള്‍ അടുത്തിടെയാണ് നല്‍കിയെന്നുമാണ് അമേരിക്ക വ്യക്തമാക്കുന്നത്. റഷ്യയിലേക്ക് കൂടുതല്‍ മിസൈലുകള്‍ അയയ്ക്കാന്‍ ഇറാന്‍ തയ്യാറെടുക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇറാന്‍ തള്ളിക്കളഞ്ഞിരുന്നു.

ആണവ കരാറില്‍ നിന്നും പിന്മാറിയതിനു ശേഷം ഇറാനും യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയും പാശ്ചാത്യരാഷ്ട്രങ്ങളുടെ ഉപരോധം നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇറാന്‍, റഷ്യയുമായി കൂടുതല്‍ അടുക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇറാന് ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ സുഹൃത്തുക്കളില്ല. ആണവനിരായുദ്ധീകരണത്തിന്റെ പേരില്‍ അമേരിക്കയും മറ്റ് പാശ്ചാത്യശക്തികളും ഇറാനെ വരിഞ്ഞുമുറിക്കുമ്പോള്‍ യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ സമാന ഉപരോധങ്ങള്‍ നേരിടുകയാണ് റഷ്യയും. റഷ്യക്ക് ഡ്രോണ്‍ നല്‍കിയതിന് പിന്നാലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇറാനില്‍നിന്നുള്ള കൂടുതല്‍ വ്യക്തികള്‍ക്കും ആസ്ഥികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി. വിഷയത്തില്‍ യുക്രൈന്‍ ഇറാന്‍ നയതന്ത്രബന്ധം ഉലയുകയും ചെയ്തു.

Iran's President Ebrahim Raisi and Russian President Vladimir Putin | Photo: IRANIAN PRESIDENCY / AFP

ഡ്രോണ്‍ വിവാദം, പിന്നാലെ തുറന്നു സമ്മതിച്ച് ഇറാന്‍

യുക്രൈനിലെ ജനവാസകേന്ദ്രങ്ങള്‍ ആക്രമിക്കാനായി റഷ്യ ഇറാന്‍ നിര്‍മിത ഷഹേദ് -136 ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചെന്നായിരുന്നു യുക്രൈന്റെ ആരോപണം. ഒട്ടേറെ സ്‌ഫോടനങ്ങള്‍ നടത്തിയെന്നും ജനവാസകേന്ദ്രങ്ങള്‍ തകര്‍ത്തെന്നുമാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ആരോപിച്ചത്. ഒക്ടോബര്‍ 17-ന് റഷ്യ യുക്രൈനുനേരെ വീണ്ടും ആക്രമണം കടുപ്പിച്ചപ്പോള്‍ ഇറാന്‍നിര്‍മിത 43 ആളില്ലാവിമാനങ്ങള്‍ ഒരേസമയം ആക്രമണത്തിന് വന്നുവെന്നും കീവ് ആക്രമിക്കാന്‍ മാത്രം 28 വിമാനങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ പിന്നീട് റഷ്യക്ക് ആളില്ലാവിമാനം നല്‍കിയിട്ടുണ്ടെന്ന് ഇറാന് തുറന്ന് സമ്മതിക്കേണ്ടിവന്നു. എന്നാലത് യുക്രൈന്‍ യുദ്ധത്തിനു മുമ്പാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ഹൊസ്സീന്‍ അമീറബ്ദുള്ളാഹിയാന്‍ പറഞ്ഞു. കുറച്ച് വിമാനങ്ങളേ നല്‍കിയുള്ളൂയെന്നും അത് യുക്രൈന്‍ യുദ്ധം മുന്നില്‍ക്കണ്ടായിരുന്നില്ലെന്നുമാണ് ഹൊസ്സീന്‍ പറഞ്ഞത്. യുദ്ധത്തില്‍ ഇറാന്റെ നിലപാട് നിഷ്പക്ഷമാണെന്നും റഷ്യക്ക് ആയുധം നല്‍കുന്നെന്ന കാര്യം അടിസ്ഥാനരഹിതമാണെന്നും യു.എന്നിലെ ഇറാന്റെ പ്രതിനിധി അമിര്‍ സയീദും പറഞ്ഞിരുന്നു.

ഷാഹെദ് ആളില്ലാ വിമാനങ്ങള്‍

  • 2500 കിലോമീറ്റര്‍ വരെ തുടര്‍ച്ചയായി പറക്കാന്‍ ശേഷി
  • പരമാവധി വേഗം മണിക്കൂറില്‍ 185 കിലോമീറ്റര്‍
  • 8.2 അടി നീളം
  • 50 കിലോഗ്രാം വരെ സ്ഫോടക വസ്തുക്കള്‍ വഹിക്കാനുള്ള ശേഷി
  • ഷാഹെദ് 136 ഡ്രോണുകളെ റഡാറുകളില്‍ കണ്ടെത്തുക എളുപ്പമല്ല
അമേരിക്കയുമായുള്ള ശത്രുതയും റഷ്യയും

ഇറാനെ റഷ്യയുമായി അടുപ്പിക്കുന്നത് ഒരര്‍ത്ഥത്തില്‍ അമേരിക്കയുമായി കാലങ്ങളായി നിലനില്‍ക്കുന്ന ശത്രുതയാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് അതിന്. 1953-ല്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ ഇറാനില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ മുഹമ്മദ് മുസാദിഖിനെ യു.എസ്-ബ്രിട്ടീഷ് ചാരസംഘടനകള്‍ ചേര്‍ന്ന് അട്ടിമറിച്ചത് മുതല്‍ തുടങ്ങിയതാണ് ആ വൈര്യം. ഇറാനിയന്‍ എണ്ണവിപണിയിലെ നിര്‍ണായക ശക്തികളായിരുന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും എണ്ണക്കമ്പനികളെ ദേശസാത്കരിക്കാനുള്ള മുസാദിഖിന്റെ തീരുമാനമാണ് അട്ടിമറിക്ക് പ്രധാനകാരണമായത്. മുസാദിഖിന് പിന്നാലെ അധികാരത്തിലെത്തിയത് അമേരിക്കയുമായി അടുപ്പമുണ്ടായിരുന്ന മുഹമ്മദ് റേസാ പഹ്ലാവിയായിരുന്നു. എന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളുടെ പിന്നാലെ അദ്ദേഹത്തിന് രാജ്യം വിടേണ്ടി വന്നു.

1979 ഏപ്രില്‍ ഒന്നിന് ആയത്തുള്ള ഖൊമേയ്നിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ നിലവില്‍വന്നിന് പിന്നാലെ പിന്നാലെ യു.എസും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കൂടിവന്നു. 1979- ഇറാനുമേല്‍ ആദ്യമായി ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്ക തൊട്ടടുത്ത വര്‍ഷം അവരുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. 1995-ല്‍ ഇറാനു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ യു.എസ്. 2006-ല്‍ ഉപരോധം ശക്തിപ്പെടുത്തി. 2015-ല്‍ ആണവ കരാറില്‍ ഇറാന്‍ ഒപ്പിട്ടതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടേക്കുമെന്ന തോന്നലുണ്ടായെങ്കിലും വലിയ മാറ്റം ഉണ്ടായില്ല. യൂറോപ്യന്‍ യൂണിയന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ, ജര്‍മനി, യു.എസ് എന്നിവര്‍ ഉള്‍പ്പെട്ട ആണവക്കരാറില്‍നിന്ന് പിന്മാറുന്നുവെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി തീരിമാനമെടുത്തതിന് പിന്നാലെ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമായി. ഇതിനു പിന്നാലെ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചു. ഇതോടെ റഷ്യയെപ്പോലെ ഒരു രാജ്യത്തിന്റെ പിന്തുണ ഇറാന് ആവശ്യമായി വന്നു.

റഷ്യയെ ഇറാന്‍ സഹായിക്കുന്നു, തിരിച്ചും

ഇറാന്‍ ഹൈപ്പര്‍സോണിക് മിസൈല്‍ വികസിപ്പിച്ചത് റഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നാണ് ആരോപണം. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യക്ക് ആയുധങ്ങള്‍ നല്‍കിയാണ് ഇറാന്‍ ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യ സ്വന്തമാക്കിയതെന്നാണ് അമേരിക്കയടക്കമുള്ളവര്‍ ആരോപിക്കുന്നത്. ഇത്തരത്തിലുള്ള ആയുധം വികസിപ്പിക്കുന്ന കാര്യം ഇറാന്‍ ഇതിനു മുന്‍പ് പുറത്തു വിട്ടിരുന്നില്ല. ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേരിത വിദ്യയില്‍ ഇറാന്‍ ഗവേഷണങ്ങള്‍ നടത്തുന്നതായും പാശ്ചാത്യരാഷ്ട്രങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നില്ല. യുക്രൈന്‍ യുദ്ധത്തിനായി ആയുധങ്ങള്‍ നല്‍കി അണവായുധങ്ങള്‍ വികസിപ്പിക്കാനാക്കം ഇറാന്‍ റഷ്യയുടെ സഹായം തേടുന്നതായാണ് അമേരിക്കയുടെ ആരോപണം.

Iran's President Ebrahim Raisi and Russia's Secretary of the Security Council Nikolai Patrushev | Photo: IRANIAN PRESIDENCY / AFP

സെപ്റ്റംബര്‍ 13-നാണ് ഇറാന്‍ നിര്‍മിത ഷാഹെദ് ഡ്രോണുകള്‍ റഷ്യ ഉപയോഗിക്കുന്നുവെന്ന ആരോപണം യുക്രെയ്ന്‍ ഉന്നയിച്ചത്. ജനവാസകേന്ദ്രങ്ങള്‍ ആക്രമിക്കാനായി റഷ്യ 400 ഇറാന്‍ നിര്‍മിത ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. ആയുധം നല്‍കിയെന്ന ആരോപണം ഇറാന്‍ നിഷേധിച്ച പശ്ചാത്തലത്തിലായിരുന്നു യുക്രൈന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. സെപ്റ്റംബര്‍ അവസാനത്തില്‍ തെക്കന്‍ യുക്രെയ്ന്‍ നഗരമായ മയ്കൊലായ്വില്‍ നിന്നും ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഒട്ടേറെ ആളില്ലാ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നായിരുന്നു യുക്രൈന്‍ സൈന്യം പറഞ്ഞത്. എന്നാല്‍, എത്ര ഷാഹെദ് 136 ഡ്രോണുകള്‍ റഷ്യക്ക് കൈമാറിയെന്ന കാര്യത്തില്‍ വ്യക്തയില്ല.

റഷ്യക്ക് ആയുധം നല്‍കുന്നതിന്റെ പേരില്‍ ഇറാനെതിരേ പാശ്ചാത്യ രാഷ്ട്രങ്ങള്‍ വലിയ വിമര്‍ശനമാണ് ഉന്നയിച്ചത്. യുക്രൈനില്‍ ക്രൂസ് മിസൈലുകള്‍ ഉപയോഗിക്കുന്നതിനേ അപേക്ഷിച്ച് ചെലവ് കുറവാണെന്നതാണ് റഷ്യ ഡ്രോണുകളെ ആയുധമായി പ്രയോഗിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഓരോ ഡ്രോണിനും 20,000 ഡോളര്‍ ചെലവു വരുമെന്നാണ് കണക്കുകൂട്ടല്‍. ഉപരോധങ്ങളെത്തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്ന ഇറാന് വലിയ പിന്തുണയാണ് റഷ്യ നല്‍കുന്നത്. ലോകരാഷ്ട്രങ്ങള്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും റഷ്യയും ഇറാനും പരസ്പര ധാരണയില്‍ മുന്നോട്ട് നീങ്ങുന്നുവെന്നാണ് പുതിയ സംഭവവികാസങ്ങളും ചൂണ്ടിക്കാണിക്കുന്നത്. അമേരിക്ക നേതൃത്വത്തിലുള്ള പാശ്ചാത്യസംഘത്തോട് പരസ്യമായി പോരടിക്കുന്ന രണ്ട് രാഷ്ട്രങ്ങള്‍ കൂടുതല്‍ അടുക്കുന്നതോടെ അത് മധ്യേഷ്യയുടെ തന്നെ രാഷ്ട്രീയത്തെ മാറ്റിമറിച്ചേക്കാം.

Content Highlights: Did Russia help Iran build a hypersonic weapon?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented