ക്രിമിനല്‍ തിരിച്ചറിയല്‍ നടപടികള്‍ വിപുലമാക്കുന്ന കാലത്തെ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും 


ഗീതാഞ്ജലി

മാര്‍ച്ച് 28-ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ലോക്സഭയില്‍ അവതരിപ്പിച്ച ക്രിമിനല്‍ പ്രൊസീജിയര്‍ (ഐഡെന്റിഫിക്കേഷന്‍) ബില്‍ 2022 ചില ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കും വഴിമരുന്നിട്ടിരിക്കുകയാണ്. എന്താണ് ക്രിമിനല്‍ പ്രൊസീജിയര്‍(ഐഡന്റിഫിക്കേഷന്‍) ബില്‍ 2022? മാറുന്ന കാലത്തിന് അനുസൃതമായ നിയമങ്ങള്‍ ക്രിമിനല്‍ചട്ടങ്ങളില്‍ കൊണ്ടുവരുമ്പോള്‍ അവ ഉയര്‍ത്തുന്ന സ്വകാര്യതാ-വ്യക്തിസ്വാതന്ത്ര്യ ആശങ്കകള്‍ക്ക് എത്രമാത്രം സാധൂകരണമുണ്ട്?

പ്രതീകാത്മക ചിത്രം | Photo: AP

രണകൂടത്തിനും പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തിനും ഇടയിലുള്ള അതിര്‍ത്തിക്ക് എത്ര മാത്രം കടുപ്പമുണ്ട്? ക്രമസമാധാനപാലനത്തിനും നീതിനിര്‍വഹണത്തിനും വേണ്ടി ഭരണകൂടത്തിന് നടത്താവുന്ന പരമാവധി കരുനീക്കം എത്രത്തോളമാണ്? അത് പൗരന്റെ അന്തസ്സിനെ മുറിവേല്‍പിക്കാന്‍ പാടുണ്ടോ? മാറുന്ന കാലത്തിന് അനുസൃതമായ നിയമങ്ങള്‍ ക്രിമിനല്‍ചട്ടങ്ങളില്‍ കൊണ്ടുവരുമ്പോള്‍ അവ ഉയര്‍ത്തുന്ന സ്വകാര്യതാ-വ്യക്തി സ്വാതന്ത്ര്യ ആശങ്കകള്‍ക്ക് എത്ര മാത്രം സാധൂകരണമുണ്ട്? മാര്‍ച്ച് 28-ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ലോക്സഭയില്‍ അവതരിപ്പിച്ച ക്രിമിനല്‍ പ്രൊസീജിയര്‍ (ഐഡെന്റിഫിക്കേഷന്‍) ബില്‍ 2022 മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്കും ചില ഉപചോദ്യങ്ങള്‍ക്കും വഴിമരുന്നിട്ടിരിക്കുകയാണ്. കുറ്റവാളികളുടെയും കുറ്റാരോപിതരുടെയും ശാരീരിക സവിശേഷതകളും കൈയക്ഷരവുമെല്ലാം അനായാസേന ശേഖരിക്കാനുള്ള വിശാലസാധ്യത അധികാരികള്‍ക്കു മുന്നില്‍ തുറന്നിടുന്നതാണ് ഈ ബില്‍.

എന്താണ് ക്രിമിനല്‍ പ്രൊസീജിയര്‍(ഐഡന്റിഫിക്കേഷന്‍) ബില്‍ 2022?

ശിക്ഷിക്കപ്പെട്ടവര്‍, അറസ്റ്റ് ചെയ്യപ്പെട്ടവര്‍ അല്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കപ്പെട്ടവര്‍ എന്നിവരുടെ വിവിധ ശാരീരിക സവിശേഷതകള്‍ ശേഖരിക്കാന്‍ പോലീസിനും ജയില്‍ അധികൃതര്‍ക്കും അധികാരം നല്‍കുന്നതാണ് ബില്‍. നിലവില്‍ വിരലടയാളവും കാല്‍പ്പാദ അടയാളവും ഫോട്ടോകളും ഉള്‍പ്പെടെയുള്ള നിര്‍ദിഷ്ട വിവരങ്ങള്‍ മാത്രമേ ശേഖരിക്കാനാകൂ. എന്നാല്‍, ഈ ബില്‍ നിയമാവുന്നതോടെ വിരല്‍ അടയാളം, കൈപ്പത്തി അടയാളം, പാദഅടയാളം, ഫോട്ടോകള്‍, ഐറിസ്- റെറ്റിന സ്‌കാന്‍, കയ്യൊപ്പ്, കയ്യക്ഷരം, രക്തം, മുടി, സ്വാബ് തുടങ്ങി ശാരീരികവും അല്ലാത്തതുമായ സവിശേഷതകളും പ്രത്യേകതകളും പോലീസിന് ശേഖരിക്കാന്‍ കഴിയും. ഇവയുടെ വിവരങ്ങള്‍ വിശകലനം ചെയ്ത് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഒറ്റനോട്ടത്തില്‍ സംഗതി നല്ലതാണ്. കുറ്റവാളികളുടെ സവിശേഷതകള്‍ പോലീസിന്റെ പക്കലുണ്ടെങ്കില്‍ കുറ്റം ചെയ്യുന്നതില്‍നിന്ന് അവരെ തടയാനും കുറ്റം ചെയ്താല്‍ അതിവേഗം പിടികൂടാനും സാധിക്കും. എന്നാല്‍ ഇത്തരത്തിലെ വിവരശേഖരണത്തിന് ചില പ്രശ്നങ്ങളില്ലേ?.

102 കൊല്ലം പഴക്കമുള്ള നിലവിലെ നിയമം

നിലവിലെ ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്സ് ആക്ട് നിലവില്‍ വന്നത് 1920-ലാണ്. കൃത്യമായി പറഞ്ഞാല്‍ 102 കൊല്ലത്തെ പഴക്കം. ചില പ്രത്യേക കുറ്റകൃത്യങ്ങള്‍(ചുരുങ്ങിയത് ഒരു കൊല്ലം കഠിനതടവിന് വിധിക്കപ്പെടുന്ന തരത്തിലുള്ളവ)ക്ക് ശിക്ഷിക്കപ്പെട്ടവര്‍, 1973-ലെ സി.ആര്‍.പി.സി. പ്രകാരം നല്ല പെരുമാറ്റത്തിനോ അല്ലെങ്കില്‍ സമാധാനപാലനത്തിനും ബോണ്ട് നല്‍കിയവര്‍, ചുരുങ്ങിയത് ഒരു വര്‍ഷം കഠിനതടവ് വിധിക്കാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് അറസ്റ്റിലായവര്‍ എന്നിവരുടെ മാത്രം വിരല്‍ അടയാളവും കാല്‍പ്പാദ അടയാളവും ഫോട്ടോകളും ഉള്‍പ്പടെയുളളവ ശേഖരിക്കാനാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്.

എന്നാല്‍, പുതിയ ബില്‍ പ്രകാരം, എല്ലാ കുറ്റവാളികളുടെയും ഏതു നിയമത്തിന്റെ കീഴില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെയും കരുതല്‍ തടങ്കല്‍ നിയമപ്രകാരം അറസ്റ്റിലാകുന്നവരുടെയും വിവരങ്ങള്‍ ശേഖരിക്കാനാകും. അത് മാത്രമല്ല, വിവരങ്ങളും സാമ്പിളുകളും നല്‍കാന്‍ വിസമ്മതിക്കുന്നതും പ്രതിരോധിക്കുന്നതും ഐ.പി.സി. പ്രകാരമുള്ള കുറ്റകൃത്യമായി പരിഗണിക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. വിസമ്മതം അറിയിച്ചാലും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജയില്‍ അധികാരികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ നിയമത്തില്‍ അനുശാസിക്കും വിധം വിവരശേഖരണം നടത്താനുള്ള അനുമതിയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

വിസമ്മതം അറിയിക്കാം, പക്ഷേ...

അതേസമയം, ചുരുങ്ങിയത് ഏഴു വര്‍ഷം തടവു ലഭിക്കുന്ന കുറ്റകൃത്യം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യം എന്നീ കാരണങ്ങളാലല്ല അറസ്റ്റിലാവുന്നതെങ്കില്‍ വിവരശേഖരണത്തിന് വ്യക്തികള്‍ക്ക് വിസമ്മതം അറിയിക്കാം. പുതിയ ബില്‍ പ്രകാരം, അറസ്റ്റിലോ കസ്റ്റഡിയിലോ ആകുന്നവര്‍ക്ക് സാമ്പിള്‍ ശേഖരണത്തോട് വിയോജിപ്പ് അറിയിക്കാമെങ്കിലും ഈ സാധ്യതയെ കുറിച്ച് എത്ര പേര്‍ക്ക് അറിയാമെന്നത് മറ്റൊരു ചോദ്യമാണ്.അറസ്റ്റിലായത് എന്തിനെന്ന് അറിയാത്തവര്‍ പോലുമുള്ള രാജ്യമാണ് ഇന്ത്യ. നിയമസാക്ഷരരായ വ്യക്തികളല്ല പലപ്പോഴും അറസ്റ്റിലാകുന്നതും. അറസ്റ്റിലാകുന്നവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചാലും പോലീസിനെ സംബന്ധിച്ചിടത്തോളം സാമ്പിള്‍ ശേഖരണം അത്ര കടുപ്പമുള്ള കാര്യമല്ല എന്ന വസ്തുത മറന്നുകൂടാ.പില്‍ക്കാലത്ത് വിവരശേഖരണത്തെ കുറിച്ച് ചോദ്യമുയര്‍ന്നാല്‍, അനുമതിയോടെയാണ് ശേഖരിച്ചതെന്ന് വരുത്തിത്തീര്‍ക്കാനാവും.

സാമ്പിള്‍-വിവര ശേഖരണം ആര്‍ക്കൊക്കെ നടത്താം

നിലവിലെ നിയമപ്രകാരം, സ്റ്റേഷന്‍ ചുമതലയുള്ള പോലീസ് ഓഫീസര്‍, കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍, കുറഞ്ഞത് സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കു മാത്രമേ വിവരശേഖരണം നടത്താനാകൂ. എന്നാല്‍, പുതിയ ബില്‍ പ്രകാരം- ഹെഡ് വാര്‍ഡന്‍ റാങ്കില്‍ കുറയാത്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്കും പോലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളിനും വിവരശേഖരണം നടത്താവുന്നതാണ്. അന്വേഷണത്തിന്റെ ഭാഗമായി വിവരശേഖരണം അനുവദിക്കാന്‍ മജിസ്‌ട്രേറ്റിന് നിര്‍ദേശിക്കാവുന്നതാണെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

വിവരങ്ങള്‍ സൂക്ഷിക്കുന്നത് എങ്ങനെ?

ശേഖരിച്ച തീയതി മുതല്‍ 75 വര്‍ഷത്തേക്ക് ഡിജിറ്റലായോ അല്ലെങ്കില്‍ ഇലക്ട്രോണിക് രൂപത്തിലോ ആണ് വിവരങ്ങള്‍ സൂക്ഷിക്കുക. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ(എന്‍.സി.ആര്‍.ബി.)യ്ക്കാണ് വിവരങ്ങള്‍ സൂക്ഷിക്കാനുള്ള ചുമതല. സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും കേന്ദ്ര ഭരണ പ്രദേശ അധികൃതരില്‍നിന്നും മറ്റ് നിയമ നിര്‍വഹണ ഏജന്‍സികളില്‍നിന്നും വ്യക്തിവിവരങ്ങള്‍ എന്‍.സി.ആര്‍.ബി. ശേഖരിക്കുകയും സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. വിവരങ്ങള്‍ ദേശീയതലത്തില്‍ സൂക്ഷിക്കുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും ചുമതല, വിവരങ്ങളുടെ വിശകലനം, വിവരങ്ങള്‍ നിയമ നിര്‍വഹണ ഏജന്‍സികള്‍ക്ക് വിതരണം ചെയ്യല്‍ എന്നിവയും ബില്‍ പ്രകാരം എന്‍.സി.ആര്‍.ബിയുടെ ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെടുന്നു. മുന്‍പ് ശിക്ഷിക്കപ്പെട്ടിട്ടില്ലാത്തവര്‍, വിചാരണയില്ലാതെ മോചിപ്പിക്കപ്പെട്ടവര്‍, വിട്ടയക്കപ്പെട്ടവര്‍, കോടതി കുറ്റവിമുക്തരാക്കിയവര്‍ എന്നിവരുടെ വിവരങ്ങള്‍ വേണമെങ്കില്‍ നശിപ്പിക്കാവുന്നതാണെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം കാരണമുണ്ടെങ്കില്‍ വിവരങ്ങള്‍ നിലനിര്‍ത്താന്‍ കോടതിക്കോ മജിസ്‌ട്രേറ്റിനോ നിര്‍ദേശം നല്‍കാവുന്നതുമാണ്. നിലവിലെ നിയമപ്രകാരം, വിഷയവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകളില്‍ മാത്രമായിരുന്നു നിക്ഷിപ്തമായിരുന്നത്. എന്നാല്‍ നിയമനിര്‍മാണത്തിനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനു കൂടി വ്യവസ്ഥ ചെയ്തുകൊണ്ടുള്ളതാണ് പുതിയ ബില്‍.

ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെ?

സാങ്കേതികവും ശാസ്ത്രീയവുമായ മാറ്റങ്ങളിലൂടെ ലോകം കടന്നുപോയെന്നും കുറ്റകൃത്യങ്ങളും പ്രവണതയും വര്‍ധിച്ചുവെന്നും ബില്‍ അവതരിപ്പിക്കവേ മന്ത്രി അജയ് മിശ്ര പറഞ്ഞിരുന്നു. നിലവിലെ നിയമം പഴഞ്ചനും പരിമിതികളുള്ളതും ആയതിനാലാണ് പുതിയ ബില്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണ ഏജന്‍സികളെ സഹായിക്കുക മാത്രമല്ല, ശിക്ഷാനിരക്ക് വര്‍ധിക്കാനും സാധ്യതയുണ്ടെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. മന്ത്രിയുടെ വാക്കുകള്‍ വളരെ ശരിയാണ്. കാരണം കുറ്റകൃത്യങ്ങളുടെ ലോകവും അതുമായി ബന്ധപ്പെട്ട രീതികളും പ്രവണതയും കുത്തനേ ഉയര്‍ന്നിട്ടുണ്ട്. അതിനെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും ഏറ്റവും മികച്ച മാര്‍ഗങ്ങള്‍ തന്നെ അവലംബിക്കേണ്ടതുമുണ്ട്. പക്ഷേ, അതിനായി ഉപയോഗപ്പെടുത്താവുന്ന ടൂളുകള്‍, പ്രത്യേകിച്ച് അവ വ്യക്തിയുടെ സ്വകാര്യതയോട് അത്രമേല്‍ ചേര്‍ന്നുനില്‍ക്കുന്നതാണെങ്കില്‍ പ്രശ്നങ്ങളുണ്ട് എന്നു തന്നെ പറയണം. മാത്രമല്ല, ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ സുരക്ഷയെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ബില്‍ ഇന്ത്യന്‍ ഭരണഘടനയിലെ 20-ാം അനുച്ഛേദം, ഇതേ അനുച്ഛേദത്തിലെ 3-ാം ഉപ അനുച്ഛേദം, 21-ാം അനുച്ഛേദം എന്നിവയ്ക്കു മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് എം.പി. മനീഷ് തിവാരി വിമര്‍ശിക്കുന്നു. ബില്‍ അവതരിപ്പിക്കാനുള്ള അനുമതി വോട്ടിനിട്ട് തീരുമാനിക്കണമെന്ന് തിവാരിയെ കൂടാതെ പ്രതിപക്ഷ എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, അധീര്‍ രഞ്ജന്‍ ചൗധരി, സൗഗത റോയ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രതിപക്ഷ ആവശ്യം 58-ന് എതിരേ 120 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

ബില്‍ ഉയര്‍ത്തുന്നത് വ്യക്തിയുടെ സ്വകാര്യതയും അന്തസ്സുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍- കാളീശ്വരം രാജ്
സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അതുപോലെ വ്യക്തിയുടെ അന്തസ്സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഈ ബില്‍ ഉയര്‍ത്തുന്നതെന്ന്‌ സുപ്രീം കോടതി അഭിഭാഷകന്‍ കാളീശ്വരം രാജ് പറയുന്നു. ക്രിമിനല്‍ കേസില്‍ ഒരാള്‍ പ്രതിയായി എന്നതുകൊണ്ടോ അല്ലെങ്കില്‍ പ്രതിയെന്ന നിലയില്‍ ശിക്ഷിക്കപ്പെട്ടു എന്നതു കൊണ്ടുപോലുമോ ഒരു പൗരന്‍, അല്ലെങ്കില്‍ വ്യക്തി എന്ന നിലയിലുള്ള അവരുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ ഇല്ലാതാകുന്നില്ല. ഇത്തരത്തിലുള്ള പ്രതികളുടെയും മറ്റും വ്യക്തിഗതവിവരങ്ങള്‍ ശേഖരിക്കുന്നു എന്നു പറയുമ്പോള്‍, അത് ഒരു അന്വേഷണത്തിന്റെ ഭാഗമായി ചെയ്യുന്നതല്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം. അന്വേഷണത്തിന്റെ ഭാഗമായി ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍നിന്ന് വ്യത്യസ്തമായി ക്രിമിനല്‍ കേസ് പ്രതികളെ മാത്രം ഒരു വിഭാഗമായി കാണുന്നു എന്നുള്ളത് ഒരു പരിഷ്‌കൃത ജനാധിപത്യത്തിന് ചേര്‍ന്നതല്ല.പൊതുവേ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട തത്വങ്ങള്‍ക്കും ഇത് എതിരാണ്. പ്രതിയായി എന്നതുകൊണ്ടു മാത്രം സംശയത്തിന്റെ ആനുകൂല്യം അയാള്‍ക്ക് നല്‍കാതിരിക്കാന്‍ പാടില്ല. സംശയത്തിന്റെ ആനുകൂല്യം എന്നത് ഇപ്പോഴും ഇന്ത്യന്‍ ക്രിമിനല്‍ സിസ്റ്റത്തിന്റെ അടിസ്ഥാന തത്വം തന്നെയാണ്. സാധാരണ ഒരു ജനാധിപത്യത്തിന്റെ ഗുണനിലവാരം തന്നെ നിശ്ചയിക്കുന്നത് ആ രാജ്യം അവിടുത്തെ ക്രിമിനല്‍ കേസിലെ പ്രതികളെ എങ്ങനെ കൈകാര്യം ചെയ്യുന്നു, കാണുന്നു, സമീപിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. അല്ലാതെ സര്‍വതന്ത്രസ്വതന്ത്രനായ ഒരു മനുഷ്യനെ ഒരു ഭരണകൂടം എങ്ങനെ പരിഗണിക്കുന്നു എന്നതിന് വലിയ പ്രസക്തിയില്ല. ഒരു രാജ്യത്തിന്റെ ഡെമോക്രാറ്റിക് ഇന്‍ഡക്‌സ് എന്നു പറയുന്നത്, ആ രാജ്യം എങ്ങനെ അവിടുത്തെ ക്രിമിനല്‍ കേസ് പ്രതികളെ പരിഗണിക്കുന്നു എന്നതിനെ ആസ്പദമാക്കിയാണ്. അപ്പോള്‍ പ്രതിയാകുന്നത് കൊണ്ടുമാത്രം അവരുടെ അന്തസ്സ് ഇല്ലാതാകുന്നില്ല, മനുഷ്യാവകാശം ഇല്ലാതാവുന്നില്ല, മൗലികാവകാശവും ഇല്ലാതാകുന്നില്ല.രാജ്യത്ത് ഇപ്പോള്‍ ഒരു വ്യക്തിയെ ക്രിമിനല്‍ കേസില്‍ കുടുക്കുക എന്നത് പലപ്പോഴും എത്ര സാധാരണമായാണ് എന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതുപോലൊരു രാഷ്ട്രീയ കാലാവസ്ഥയില്‍ പ്രത്യേകിച്ചും ഒരാളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുക എന്നത് അയാളുടെ അന്തസ്സിനെ ഇടിച്ചു താഴ്ത്തുന്ന ഏര്‍പ്പാടാണ്. അതുപോലെ തന്നെ അയാളുടെ മൗലികാവകാശങ്ങളുടെ ലംഘിക്കുന്ന നടപടിയാണ്, പുട്ടസ്വാമി കേസിനു ശേഷം പ്രത്യേകിച്ചും. സ്വകാര്യത എന്ന മൗലികാവകാശത്തെ കുറിച്ചുള്ളതാണ് പുട്ടസ്വാമി കേസ്. യഥാര്‍ഥത്തില്‍ അത് മനുഷ്യന്റെ അന്തസ്സിനെ കുറിച്ചുള്ള വിധിയാണ്. സ്വകാര്യത എന്നത് മനുഷ്യന്റെ അന്തസ്സിന്റെ ഭാഗമായുള്ള അവാകാശമാണ്. ആ രീതിയില്‍ നോക്കുമ്പോള്‍ ഈ ബില്‍ രാജ്യത്തെ മനുഷ്യാവകാശ സംബന്ധമായ, നാം നേടിയിട്ടുള്ള പല നേട്ടങ്ങളെയും ഇല്ലാതാക്കുന്ന വിധത്തില്‍ രാജ്യത്തെ പിന്നോട്ടടിക്കുന്നതാണ്. പുട്ടസ്വാമി കേസിലൊക്കെ തത്വത്തിലെങ്കിലും കൈവരിച്ച നേട്ടങ്ങളെ പ്രയോഗതലത്തില്‍ ഇല്ലാതാക്കുന്ന നടപടിയാണിത്. ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇത് self incriminationലേക്കും നയിച്ചേക്കാം.ഭരണഘടനയുടെ 20(3) അനുച്ഛേദത്തിലാണ്- ഒരാളെ അയാള്‍ക്കെതിരേ തെളിവു കൊടുക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന 'No person accused of an offence shall be compelled to be a witness against himself' വ്യവസ്ഥയുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ഈ ബില്‍ ഈ അനുച്ഛേദത്തിന് കടകവിരുദ്ധമാണെന്ന് കാണാം. ഏതു തരത്തില്‍ ആയാലും ക്രിമിനല്‍ കേസ് പ്രതികളെ ഈ വിധത്തിലുള്ള പരിശോധനയ്ക്ക് വിധേയമാക്കുന്നത് പരിഷ്‌കൃത ജനാധിപത്യ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. നമ്മുടെ ഭരണഘടനയ്ക്കും ചേര്‍ന്നതല്ല. യഥാര്‍ഥത്തില്‍ ഈ ബില്‍ ഭരണഘടനാപരമായി ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ്.

Content Highlights: criminal procedure identification bill 2022, privacy concerns, Indian democracy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section
Most Commented