സ്വീകാര്യന്‍ സിപിഎമ്മിന് തലവേദനയാകുമ്പോള്‍; കത്തെഴുതി കുടുങ്ങിയ 'അബ്ദുള്‍ ജലീല്‍'


By അജ്മല്‍ മൂന്നിയൂര്‍

3 min read
Read later
Print
Share

കെ.ടി.ജലീൽ മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി

മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് സിപിഎമ്മിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ കെ.ടി.ജലീല്‍ ആയിരുന്നു മുന്നണിപ്പോരാളി. പാലോളിക്ക്ശേഷം മുസ്ലിം സമുദായത്തില്‍ നിന്ന് സിപിഎമ്മിന് കിട്ടിയ മികച്ച സംഘാടകന്‍. തീപ്പൊരി പ്രസംഗം കൊണ്ട് ലീഗിന്റെ മടയില്‍ തന്നെ ലീഗിനെതിരെ കിട്ടിയ ആയുധം. അതുകൊണ്ട് തന്നെ ഇടതുമുന്നണിയിലെ മറ്റു സ്വതന്ത്ര എംഎല്‍എമാരെ അപേക്ഷിച്ച് കെ.ടി.ജലീലിന് സിപിഎമ്മിലും നേതൃത്വത്തിനിടയിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ബന്ധുനിയമന വിവാദത്തോടെയാണ് ഈ സ്വീകാര്യതക്ക് വിള്ളല്‍ വീണത്. അത് തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ജലീല്‍. എന്നാല്‍ സ്വീകാര്യത നേടുന്നതിന് നേടുന്നതിന് പരിധി വിട്ടുള്ള ഇടപെടലുകളും കത്തെഴുത്തും ജലീലിന്റെ വിശ്വാസ്യതയ്ക്ക് പോലും വെല്ലുവിളിയായി മാറി. ഒപ്പം കെ.ടി ജലീലിന് അബ്ദുള്‍ ജലീല്‍ എന്നൊരു പേരുകൂടിയുണ്ടെന്ന് ജനം അറിഞ്ഞതും അതോടെയാണ്‌.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് രണ്ടാം തവണയാണ് കെ.ടി.ജലീലിനെ പരസ്യമായി തള്ളി പറയുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കൊണ്ടുവന്ന സഹകരണബാങ്ക് കള്ളപ്പണമിടപാട് ആരോപണത്തിലായിരുന്നു ജലീലിനെ മുഖ്യമന്ത്രി ആദ്യം തള്ളിയത്‌. മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് യുഎഇ അധികൃതര്‍ക്ക് എഴുതിയ കത്തിനേയും മുഖ്യമന്ത്രി ഏറ്റവും ഒടുവിലായി തള്ളി.

ജലീല്‍ മന്ത്രിയായിരുന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനാണ് കെ.ടി.ജലീല്‍. എന്നാല്‍ യുഎഇ കോണ്‍സുലേറ്റുമായി വഴിവിട്ട ഒരു ഇടപാടും താന്‍ നടത്തിയിട്ടില്ലെന്ന കടുത്ത ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ടിരുന്ന കെ.ടി.ജലീല്‍ സ്വപ്‌നയുടെ പുതിയ സത്യവാങ്മൂലം വന്നതോടെ പതറി. മന്ത്രിയായിരിക്കുമ്പോഴാണ് ജലീല്‍ ഒരു പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സ്വപ്‌ന വഴി യുഎഇ അധികൃതര്‍ക്ക് കത്തെഴുതിയത്. കോണ്‍സുലേറ്റ് ജനറലിന്റെ പി.എ.ആണെന്ന നിലക്കാണ് സ്വപ്നക്ക് കത്ത് നല്‍കിയതെന്ന ജലീലിന്റെ വാദം അവര്‍ രേഖമൂലം തള്ളുന്നുണ്ട്. കത്തെഴുതിയ സമയത്ത് താന്‍ സ്‌പേസ് പാര്‍ക്കിലെ ജീവനക്കാരിയാണെന്നും സ്വപ്‌ന വെളിപ്പെടുത്തുന്നു.

പ്രോട്ടോക്കോള്‍ ലംഘിച്ച് കത്തെഴുതിയെന്ന് സമ്മതിച്ച ജലീല്‍ അതുകൊണ്ട് തന്നെ തൂക്കി കൊല്ലുമോ എന്നായിരുന്നു ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായിട്ടുകൂടിയായിരുന്നു ഒരു മാധ്യമ സ്ഥാപനത്തിനെതിരായ നടപടി ആവശ്യപ്പെട്ടുള്ള ജലീലിന്റെ കത്ത്. ജലീല്‍ സൃഷ്ടിച്ച കുരുക്ക് മനസ്സിലാക്കികൊണ്ട് തന്നെയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളിയതും.


ആദ്യം സ്വീകാര്യന്‍ പിന്നെ തലവദേന

യൂത്ത്ലീഗ് നേതാവ്, പിന്നീട് ഫണ്ട് വിവാദത്തില്‍ ലീഗില്‍നിന്ന് പുറത്തുപോയപ്പോള്‍ താങ്ങായി ഇടതുമുന്നണിയെത്തി. വൈകാതെ കുറ്റിപ്പുറം മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി മത്സരം. രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചുകൊണ്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ അട്ടിമറിവിജയം. ഇതോടെ ജലീല്‍ കേരളരാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായി. മണ്ഡല പുനര്‍നിര്‍ണയത്തോടെ ഇടതിന് മേല്‍ക്കൈ വന്ന തവനൂര്‍ എന്ന പുതിയ മണ്ഡലത്തില്‍ സുരക്ഷിതനായി. 2011-ല്‍ നേടിയതിനേക്കാള്‍ ഇരട്ടിയിലധികം ഭൂരിപക്ഷമാണ് എല്‍ഡിഎഫ് അധികാരത്തില്‍ കയറിയ 2016-ല്‍ ജലീലിന് തവനൂരില്‍ നിന്ന് ലഭിച്ചത്. വൈകാതെ മന്ത്രിയുമായി.

മന്ത്രിയായി ചുമതലയേറ്റ് രണ്ടുമാസത്തിനകം തന്നെ രാജിയിലേക്ക് നയിച്ച ബന്ധുനിയമന വിവാദത്തിന് തുടക്കമിട്ടു. സംസ്ഥാന ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയുടെ യോഗ്യതയില്‍ മാറ്റംവരുത്താന്‍ ഇടപെട്ടതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. 2018 ഒക്ടോബറിലാണ് ഇത് വിവാദമായി ആളിക്കത്തുന്നത്. തുടര്‍ന്ന് രണ്ടര വര്‍ഷത്തോളം ആരോപണങ്ങളും പ്രത്യാരോപണങ്ങളും.

ബന്ധു അദീബ് സ്ഥാനം രാജിവെച്ചെങ്കിലും മന്ത്രിയുടെ വാദങ്ങളും എതിര്‍വാദങ്ങളും വിവാദങ്ങളായിക്കൊണ്ടിരുന്നു. ഇതിനിടയില്‍ മലപ്പുറം സിപിഎമ്മില്‍ ജലീലിനെതിരെ അതൃപ്തി പുകഞ്ഞിരുന്നു. ജലീല്‍ പാര്‍ട്ടിക്കതീതനായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആരോപണം. പാര്‍ട്ടിയിലെ അതൃപ്തി തിരിച്ചറിഞ്ഞ് ഇനി മത്സരത്തിനില്ലെന്നും അധ്യാപക ജോലിയിലേക്ക് തിരിച്ചുപോകുകയാണെന്നും ജലീല്‍ തീരുമാനമെടുത്തെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലില്‍ തവനൂരില്‍ വീണ്ടും മത്സരത്തിനിറങ്ങി. ഭൂരിപക്ഷം കുത്തനെ കുറഞ്ഞെങ്കിലും വീണ്ടും എംഎല്‍എ ആയി.

സ്വയം കുഴിച്ച കുഴിയില്‍

രണ്ടാം പിണറായി സര്‍ക്കാരില്‍ ജലീല്‍ മന്ത്രിയായില്ല. അതോടെ ഇനി കുഞ്ഞാലിക്കുട്ടിക്കും തന്റെ മന്ത്രി കസേര കളഞ്ഞതിന് പിന്നില്‍ പ്രവര്‍ത്തിച്ച ലീഗിനും പിറകെ താനുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ആ പോരാട്ടമാണ് എ.ആര്‍. നഗര്‍ സഹകരണബാങ്കിലെ കള്ളപ്പണ ആരോപണത്തില്‍ എത്തിനിന്നത്. രാഷ്ട്രീയ പ്രതിയോഗിയായ പി.കെ.കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടിലാക്കികൊണ്ട് എ.ആര്‍.നഗര്‍ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാടിന്റെ രേഖകള്‍ ഒന്നന്നായി ജലീല്‍ പുറത്തുവിട്ടുകൊണ്ടിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിക്കൂട്ടിലാക്കിയ യുഡിഎഫിനെതിരെയുള്ള മികച്ച ആയുധമായി മാറുമെന്നും അത് വഴി തനിക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നും ജലീല്‍ കരുതി.

എന്നാല്‍ സ്ഥിതി മറിച്ചായിരുന്നു. ജലീല്‍ കളിക്കുന്നത് കൈവിട്ട കളിയാണെന്ന് കണ്ട് മുഖ്യമന്ത്രി തുടക്കത്തിലേ തള്ളി. സഹകരണബാങ്കില്‍ കള്ളപ്പണമെന്ന ആരോപണവുമായി ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിലെത്തിയാല്‍ അത് കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തിലെ സഹകരണസ്ഥാപനങ്ങളില്‍ കയറിയിറങ്ങാനുള്ള വഴിയൊരുക്കലാകുമെന്ന് സി.പി.എം. വിലയിരുത്തി. സംസ്ഥാനസര്‍ക്കാരിനും അത് പ്രതിസന്ധിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് തന്നെയാണ് മുഖ്യമന്ത്രി ജലീലിനെ തള്ളിയത്. മാത്രമല്ല പാര്‍ട്ടിയോട് ജലീല്‍ ഒരു രീതിയിലും ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തിയില്ലെന്നും സിപിഎം വ്യക്തമാക്കി. ജലീല്‍ വ്യക്തിവിരോധമാണ് തീര്‍ക്കുന്നത് എന്നായിരുന്നു മന്ത്രി വി.എന്‍.വാസവന്‍ അന്ന് പ്രതികരിച്ചത്.

ഇപ്പോള്‍ ഒരിക്കല്‍ കൂടി ജലീലിനെ തള്ളി പറയുമ്പോഴും വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കലാണ് ഇതിന് പിന്നിലെന്നും സിപിഎം വ്യക്തമാക്കുന്നു. പ്രവാസികളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലുകളെ വിമര്‍ശിച്ച പത്രത്തിനെതിരെ നടപടി ഉണ്ടായാല്‍ പാര്‍ട്ടിയില്‍ തനിക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും ജലീല്‍ പറഞ്ഞിരുന്നതായുള്ള സ്വപ്‌നയുടെ ആരോപണങ്ങളും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. എന്നാല്‍ അവിടെയും ജലീലിന് അടിതെറ്റി. സിപിഎമ്മിലെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ജലീല്‍ ഇനി മറ്റുവഴികള്‍ തേടേണ്ടി വരും.


Content Highlights: Crack in CPM KT Jaleel relationship

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sha and manik
Premium

5 min

തിപ്ര മോത പ്രതിഭാസം, കൊഴിഞ്ഞുപോക്കും ഇടത്-കോൺഗ്രസ് സഖ്യവും; എളുപ്പമാവില്ല ബി.ജെ.പിക്ക് ത്രിപുര

Jan 20, 2023


dollar
Premium

4 min

ഡോളറിനെ 'അവഗണിക്കാന്‍' രാഷ്ട്രങ്ങള്‍; അവസാനിക്കുമോ അപ്രമാദിത്വം? കളം പിടിക്കാന്‍ രൂപയും!

May 25, 2023

Most Commented