ബോയിങ്
കുന്‍മിങ്ങില്‍ നിന്നും പറന്നുയര്‍ന്ന MU5735 ഫ്ളൈറ്റ് ഏകദേശം 29,000 അടി (8,839 മീറ്റര്‍) ഉയരത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലാന്‍ഡ് ചെയ്യാന്‍ പോകുന്ന തെക്കന്‍ ചൈനയിലെ ഗ്വാഞ്ചോക്കിന് ഏകദേശം ഒരു 100 മൈല്‍ അകലെ വെച്ച് വിമാനം പെട്ടെന്ന് കുത്തനെയുള്ള ഇറക്കത്തിലേക്ക് നീങ്ങി. നിയന്ത്രണം നഷ്ടപ്പെട്ട് അടുത്ത ഒരു മിനിറ്റിനുള്ളില്‍ സഞ്ചരിച്ചുകൊണ്ടിരുന്നതിനേക്കാള്‍ വേഗതയില്‍ അതൊരു കുന്നിന്‍ചെരുവിലേക്ക് കൂപ്പുകുത്തി.

തകര്‍ന്നുവീണ സ്ഥലത്ത് നിന്നും
ഇക്കഴിഞ്ഞ മാർച്ച് 21ന് ചൈനയില്‍ ബോയിങ് 737-800 വിമാനം തകര്‍ന്നുവീണ വാര്‍ത്ത ഞെട്ടലോടെയാണ് നമ്മളെല്ലാവരും കേട്ടത്. രാജ്യത്തെ പ്രധാന എയര്‍ലൈന്‍ കമ്പനിയായ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റേതായിരുന്നു വിമാനം. മൂന്ന് പൈലറ്റുമാരുള്‍പ്പെടെ മൊത്തം 132 പേരര്‍ അപകടത്തില്‍ മരിച്ചു. ഒരു പതിറ്റാണ്ടിനിപ്പുറം ചൈന കണ്ട ഏറ്റവും വലിയ വിമാനാപകടമായിരുന്നു ഇത്.
കോക്ക്പിറ്റുണ്ടിലായിരുന്ന മൂന്ന് പൈലറ്റുമാരില്‍ ഒരാള്‍ രാജ്യത്തെ പ്രഗത്ഭനായ പൈലറ്റാണെന്നാണ് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. കാലാവസ്ഥ മോശമായിരുന്നില്ല. അപകടത്തിലേക്ക് നയിച്ചത് സാങ്കേതികത്തകരാറാണോ അതോ പൈലറ്റുമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണോ എന്ന് കണ്ടെത്താനുളള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. വിമാനം തകര്‍ന്നാലും അപകടത്തെ അതിജീവിക്കുന്ന ബ്ലാക്ക് ബോക്സിലെ ഡേറ്റ പോലും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ചൈനയില്‍ നടന്ന ഈ സംഭവം സമാനമായ മറ്റ് രണ്ട് വിമാനാപകടങ്ങള്‍ കൂടി ഓര്‍മപ്പെടുത്തുന്നുണ്ട്. വെറും 5 മാസത്തിന്റെ ഇടവേളയില്‍ ഇൻഡൊനീഷ്യയിലും എത്യോപ്യയിലുമായി നിലംപതിച്ച ബോയിങ് വിമാനങ്ങള്‍ കവര്‍ന്നെടുത്തത് മുന്നൂറില്‍പ്പരം ആളുകളുടെ ജീവനാണ്.
2018, ഒക്ടോബര്‍ 29
ഇൻഡൊനീഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും സുമാത്ര ഐലന്‍ഡിലേക്ക് പോയ ലയണ്‍ ഗ്രൂപ്പ് എയര്‍ലൈന്‍സിന്റെ വിമാനം പുലര്‍ച്ചെ ആറരയോടുകൂടി ജാവ കടലിടുക്കില്‍ പതിച്ചതായി കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നു. ബോയിങ് 737 ന്റെ അപ്‌ഡേറ്റഡ് വേര്‍ഷനായ ഒരു ബ്രാന്‍ഡ് ന്യൂ ബോയിങ് 737 മാക്‌സാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. അപകടമുണ്ടാവുന്നതിന് വെറും 2 മാസം മുന്‍പ് മാത്രമാണ് ഫളൈറ്റിന്റെ ഓപ്പറേഷന്‍സ് ആരംഭിച്ചത്. അന്ന് ജക്കാര്‍ത്തയില്‍ കൊല്ലപ്പെട്ടത് 189 പേര്.

അപകടത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി പൂക്കൾ നിരത്തിയപ്പോൾ
2019, മാര്‍ച്ച് 10
149 യാത്രക്കാരും 8 ക്രൂ മെമ്പേഴ്‌സുമടക്കം മൊത്തം 157 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടം നടക്കുന്നത് എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ വെച്ചാണ്. നൈറോബിയിലേക്ക് പോവുകയായിരുന്ന എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ 737 മാക്‌സ് 8 വിമാനം ടേക്ക് ഓഫ് ചെയ്ത് വെറും ആറ് മിനിറ്റുകള്‍ക്ക് ശേഷമാണ് അപകടത്തില്‍പ്പെടുകയായിരുന്നു. എത്യോപ്യന്‍ നഗരമായ ബിഷോഫ്ടുവില്‍ നിലംപതിച്ച വിമാനം പൊടുന്നനെ കത്തിയമരുകയായിരുന്നു.

കത്തിയമർന്ന സ്ഥലത്ത് നിന്നും
ബോയിങ് വിമാനങ്ങള്‍ എന്നും ഗുണേമേന്‍മയ്ക്കും സുരക്ഷിതത്വത്തിനും പേരുകേട്ടവയായിരുന്നു. സുരക്ഷിതത്വത്തിനേക്കാള്‍ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ലെന്നും അതിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും ലോകം കണ്ട ഏറ്റവും വലിയ വിമാനനിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ വിവാദങ്ങളുടെ അകമ്പടിയോടെയാണ് ബോയിങ് എന്ന പേര് കുറച്ചധികം വര്‍ഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നത്. ലോകോത്തര വിമാനനിര്‍മാതാക്കളുടെ വിശ്വാസ്യതയും അവര്‍ മുന്നോട്ടുവെയ്ക്കുന്ന സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഫീച്ചേഴ്‌സുമാണ് ഇതോടെ ചോദ്യം ചെയ്യപ്പെട്ടത്. തുടരെത്തുടരെയുള്ള അപകടങ്ങളുടെ ഉറവിടം തേടിയുള്ള അന്വേഷണം ഞെട്ടിക്കുന്ന ചില സത്യങ്ങളാണ് പുറത്തുകൊണ്ടുവന്നത്.
അപകട സാഹചര്യങ്ങളില്‍ വിമാനത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കാന്‍ സഹായിക്കുന്ന ഒന്നാണ് Maneuvering Characteristics Augmentation System അഥവാ (MCAS) എന്നറിയപ്പെടുന്ന ഒരു സോഫ്റ്റ്വെയർ. ഈ സിസ്റ്റം പൈലറ്റുമാര്‍ അറിയാതെ തന്നെ ആക്ടിവേറ്റ് ചെയ്യപ്പെടുമെന്നും ഇവ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ അറിയാതെ പോയതുമാണ് മുന്‍പ് പറഞ്ഞ രണ്ട് അപകടങ്ങള്‍ക്കും കാരണമായത്. അതായത് വിമാനത്തിന്റെ രൂപകല്‍പ്പനയിലെ പിഴവുകളും അപര്യാപ്തമായ പരിശീലനവുമാണ് ഒഴിവാക്കാമായിരുന്ന അപകടങ്ങളിലേക്ക് നയിച്ചതെന്ന് സാരം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അനുശോചനം അറിയിച്ച് കമ്പനിയുടെ അന്നത്തെ സി.ഇ. ഒ ഡെന്നിസ് മൂലന്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ പൈലറ്റുമാരുടെ മേല്‍ പഴി ചാരി പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞെങ്കിലും നാളുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സത്യം പുറത്തുവന്നപ്പോള്‍ ബോയിങ്ങിന് നില്‍ക്കക്കള്ളിയില്ലാതെയായി. പുതിയ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സോഫ്റ്റ്വെയറിനെപ്പറ്റി പൈലറ്റുമാരെ അറിയിക്കാതിരുന്നത് അവര്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ആശയക്കുഴപ്പം ഒഴിവാക്കാനായിരുന്നു എന്നാണ് പിന്നീടവര്‍ വാദിച്ചത്.
.jpg?$p=812cf7d&&q=0.8)
18 മാസങ്ങള്‍ നീണ്ട സമഗ്രമായ അന്വേഷണത്തിനൊടുവില്‍ യു.എസ്. ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചില കാമ്പുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ട് തുറന്നുകാട്ടിയത്. എയര്‍ബസിന്റെ പുതിയ A320neo വിമാനവുമായി മത്സരിക്കാന്‍ ബോയിങ്ങിനും ബോയിങ്ങിന്റെ 737 മാക്സ് പ്രോഗ്രാമിനും മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഴിയാവുന്ന തരത്തില്‍ മറ്റ് ചെലവുകള്‍ വെട്ടിച്ചുരുക്കി 737 മാക്‌സിന്റെ നിര്‍മാണം തുടര്‍ന്നുകൊണ്ടുപോകാന്‍ കമ്പനി തീരുമാനിച്ചു. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുക എന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ലാഭമുയര്‍ത്താനും ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാനും വേണ്ടി ജനങ്ങളുടെ ജീവന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തീരുമാനിച്ചത് ബോയിങ്ങിന് കനത്ത പ്രഹരമായി.
പിന്നീട് യു.എസ് സര്‍ക്കാര്‍ വിലക്കിയതോടെ 22 മാസത്തോളം 737 മാക്‌സ് വിമാനങ്ങള്‍ പറക്കാതെ നിലംപറ്റിക്കിടന്നു. എം.കെ.എ.എസിനെപ്പറ്റിയുള്ള ഇന്‍ഫോര്‍മേഷന്‍ ഓപ്പറേഷന്‍ മാന്വലില്‍ ഉള്‍പ്പെടുത്താഞ്ഞത് വലിയൊരു പിഴവായി ചൂണ്ടിക്കാണിക്കപ്പെട്ടു. സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി ബോഡിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ അറിവോടുകൂടിയാണ് ഇതെല്ലാം നടന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി.
1996ല്‍ അമേരിക്കയിലെ വന്‍കിട Aerospace Manufacturing കോര്‍പ്പറേഷനായ മക്ഡൊണല്‍ ഡഗ്ളസുമായി പാര്‍ട്ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെടുന്നതോടെയാണ് ബോയിങ്ങ് എന്ന പ്രീമിയം വിമാനനിര്‍മാണക്കമ്പനിയ്ക്ക് നിലവാരത്തകര്‍ച്ചയുണ്ടാകുന്നത്. അതുവരേയും നിര്‍മാണത്തില്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഫീച്ചേഴ്‌സിന് മുന്‍തൂക്കം നല്‍കിയിരുന്ന കമ്പനി അതുവിട്ട് എങ്ങനെ ലാഭം കൊയ്യാം എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. പുതിയ സി.ഇ.ഒയുടെ നേതൃത്തിലുള്ള മാനേജ്‌മെന്റ് ടീം കമ്പനിയെ മൊത്തത്തില്‍ മാറ്റിയെടുക്കാന്‍ തീരുമാനിച്ചു.

ബോയിങ്ങിന്റെ ജോലി ഇനി വിമാനങ്ങള്‍ ഉണ്ടാക്കുകയല്ല, മറിച്ച് എല്ലാറ്റിനുമുപരിയായി വാള്‍ സ്ട്രീറ്റിലെ ഓഹരിമൂല്യം ഉയര്‍ത്തുക എന്നതായി. ക്വാളിറ്റി കണ്‍ട്രോള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. എഞ്ചിനീയര്‍മാരേയും തൊഴിലാളികളേയും അവരുടെ യൂണിയന്‍ നിലപാടുകളുമൊക്കെ മേലധികാരികള്‍ വക വെയ്ക്കാതെയായി. ബോയിങ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനേക്കാളും മഹത്തരമായി മറ്റൊരു ജോലിയില്ലെന്ന് വിശ്വസിച്ചിരുന്നവരും കമ്പനിയോട് അത്രയും തന്നെ കൂറും പുലര്‍ത്തിയിരുന്നവരാണ് ഇവരെന്ന് ഓര്‍ക്കണം. സ്ഥാപിക്കപ്പെട്ടതിനുശേഷം ഒരു ലോകോത്തര ബ്രാന്‍ഡായി ബോയിങ് മാറുന്നതും വാണിജ്യവിമാനങ്ങളുടെ നിര്‍മാണത്തിലെ തുടക്കക്കാരാകുന്നതുമൊക്കെ സിയാറ്റിലില്‍ വെച്ചാണ്. അവിടെ നിന്നും കമ്പനിയുടെ ആസ്ഥാനം ഷിക്കാഗോയിലേക്ക് മാറ്റിയതും അപ്രതീക്ഷിതമായിരുന്നു.
If it ain't Boeing, I ain't going' എന്നൊരു പ്രസ്താവനയുണ്ട്. ബോയിംഗല്ലെങ്കില്‍ ഞാന്‍ പോകുന്നില്ലെന്ന് സാരം. അമേരിക്കയെ ജെറ്റ് യുഗത്തിലേക്ക് കൊണ്ടുവന്ന സിയാറ്റില്‍ എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാവിനോടുള്ള ബഹുമാനസൂചകമാണ് ഈ വാചകമെന്നാണ് പറയപ്പെടുന്നത്. വില്യം ഇ. ബോയിംഗ് എന്ന് പേരുള്ള ഒരു അമേരിക്കന്‍ തടി വ്യവസായിയാണ് ലോകം വാഴ്ത്തിയ ഈ ഏവിയേഷന്‍ ഹീറോ.
1909ല്‍ സിയാറ്റിലില്‍ വെച്ച് നടന്ന ഒരു ഒരു പ്രദര്‍ശനത്തില്‍ 'പറക്കുന്ന യന്ത്രം' കണ്ടപ്പോള്‍ വില്യമിനും അതൊന്ന് പറത്തിനോക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായി. ആഗ്രഹത്തിന്റെ പുറത്ത് അദ്ദേഹം വിമാനം പറപ്പിക്കുന്നതില്‍ പരിശീലനം നേടി. ഗ്ലെന്‍ എല്‍ മാര്‍ട്ടിന്‍ എന്ന് പേരുള്ള ഒരു അമേരിക്കന്‍ ഏവിയേഷന്‍ പൈനീയറുടെ ഫ്‌ളൈയിങ് സ്‌കൂളിലാണ് അദ്ദേഹം പരിശീലിച്ചത്. പരിശീലത്തിനൊടുവില്‍ അദ്ദേഹത്തിന്റെ തന്നെ ഒരു വിമാനം വില്യം വില കൊടുത്ത് വാങ്ങി. പക്ഷേ അധികം താമസിയാതെ അദ്ദേഹത്തിന്റെ ടെസ്റ്റ് പൈലറ്റ് വിമാനം കേടാക്കിക്കളഞ്ഞു. മാറ്റിവെയ്ക്കാനുള്ള ഭാഗങ്ങള്‍ കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നറിഞ്ഞ വില്യം തന്റെ സുഹത്തായ യുഎസ് നേവി ഓഫീസര്‍ കോണ്‍റാഡ് വെസ്റ്റര്‍വെല്‍റ്റിനോട് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചോദിച്ചു. നമ്മളാല്‍ കഴിയുന്ന രീതിയില്‍ മികച്ച വിമാനങ്ങള്‍ പെട്ടന്നുണ്ടാക്കാന്‍ നമ്മളെക്കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി. അവരിരുവരും ചേര്‍ന്ന് ബോയിങ് മോഡല്‍ 1 എന്നറിയപ്പെടുന്ന ബി ആന്‍ഡ് ഡബ്ലിയു സീ പ്ലെയിന്‍ ഉണ്ടാക്കി. എയര്‍ക്രാഫ്റ്റ് ബിസിനസ് രംഗത്തേക്ക് വില്യം ഇ.ബോയിങ് കാലെടുത്ത് വെക്കുന്നത് അങ്ങനെയാണ്.
1916ല്‍ വില്യമും വെസ്റ്റര്‍വെല്‍റ്റും ചേര്‍ന്ന്എയ്‌റോ പ്രൊഡക്ട്‌സ് കമ്പനി സ്ഥാപിക്കുന്നതോടെയാണ് ബോയിംഗിന് ആദ്യ അടിത്തറയാകുന്നത്. പിന്നീട് 1917-ല്‍ 'ബോയിംഗ് എയറോപ്ലെയിന്‍ കമ്പനി' എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സ്ഥാപനം ഒന്നാം ലോകമഹായുദ്ധസമയത്ത് അമേരിക്കന്‍ നാവികസേനയ്ക്കായി Flying Boats അഥവ 'പറക്കുന്ന ബോട്ടുകള്‍' നിര്‍മ്മിച്ചു. അവിടെ നിന്ന് തുടങ്ങിയ കമ്പനിയുടെ പ്രയാണമാണ് ഇപ്പോള്‍ ബോയിംഗ് ബിസിനസ് ജെറ്റുകളിലും, 737 MAX, 777, Next Generation 737 തുടങ്ങിയ ആധുനിക വിമാനങ്ങളിലും അതിനെത്തുടര്‍ന്നുള്ള വിവാദങ്ങളിലും എത്തിനില്‍ക്കുന്നത്.
ഇനി ഇന്ത്യയിലേക്ക് വരാം. ബോയിങ്ങിന്റെ മാക്‌സ് വിമാനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യത്തെ ഒരേയൊരു എയര്‍ലൈന്‍ കമ്പനി സ്‌പൈസ്‌ജെറ്റാണ്. പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കൃത്യമായ പരിശീലനം ലഭിക്കുന്നത് വരേയും ബോയിങ്ങിന്റെ 737 മാക്‌സ് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്നും സ്‌പൈസ്‌ജെറ്റിന്റെ 90 പൈലറ്റുമാരെ ഡി.ജി.സി.എ വിലക്കിയിരിക്കുകയാണ്. നോയ്ഡയില്‍ വെച്ച് അവര്‍ക്ക് നല്‍കിയ സിമുലേറ്റര്‍ ട്രെയിനിങ്ങില്‍ അപാകതകള്‍ കണ്ടെത്തിയിരുന്നു. പരിശീലന സമയത്ത് എം.കെ.എ.എസ് കൃത്യമായി പ്രവര്‍ത്തിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചിരക്കുന്നത്.
ചൈനയിലുണ്ടായ അപകടത്തിന് കാരണം എന്താണെന്നുള്ള അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അക്കാര്യത്തില്‍ ഒരുപക്ഷം പിടിക്കാന്‍ നമുക്കാവില്ല. ഓരോ അപകടങ്ങള്‍ക്ക് ശേഷവും കൂടുതല്‍ സുരക്ഷിതത്വവും ഗുണമേന്മയും ഉറപ്പാക്കി ബോയിങ് വിമാനങ്ങള്‍ പിന്നേയും പറന്നുയരുകയാണ്. ഏവിയേഷന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സീരീസാണ് ബോയിങ് 737ന്റേത്. അപ്‌ഡേറ്റഡ് സോഫ്റ്റ്വെയർ, ആഡഡ് പ്രൊട്ടക്ഷന്‍ എന്നൊക്കെയുള്ള ഗുണഗണങ്ങള്‍ കമ്പനി എണ്ണിപ്പറയുമ്പോഴും യാത്രക്കാരന് അത് പൂര്‍ണമായും വിശ്വസിക്കാനാകുമോ? ഉത്തരം നല്‍കേണ്ടത് ബോയിങ് തന്നെയാണ്.
Content Highlights: continuous controversies and crashes of boeing flights
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..