തരൂര്‍ നിന്നാല്‍ എത്ര? സോണിയയ്ക്കെതിരേ പ്രസാദയ്ക്ക് കിട്ടിയത് 94 വോട്ട്; 2000 ആവര്‍ത്തിക്കുന്നു


അജ്മല്‍ മൂന്നിയൂര്‍

രാഹുൽ ഗാന്ധി, വേണു ഗോപാൽ, സോണിയ ഗാന്ധി, ശശി തരൂർ

2000-ല്‍ സോണിയ ഗാന്ധിയെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് അവരോധിക്കുമ്പോഴുണ്ടായ അതേ ആരോപണങ്ങള്‍ 22-വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചൊല്ലിയാണ് തര്‍ക്കം. തിരുത്തല്‍വാദി സംഘമായ ജി-23 നേതാക്കളില്‍ പ്രധാനിയായിരുന്ന ഗുലാംനബി ആസാദ് പാര്‍ട്ടി വിട്ടുപോയെങ്കിലും അവശേഷിക്കുന്ന നേതാക്കള്‍ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നു. 2000-ത്തെ അനുസ്മരിപ്പിക്കും വിധമുള്ള രംഗങ്ങളിലേക്കോ അതിനേക്കാള്‍ വലിയ പൊട്ടിത്തെറികളിലേക്കോ വരാനിരിക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പ് എത്തുമെന്ന് ഉറപ്പാണ്.

2000-ല്‍ സോണിയയ്‌ക്കെതിരെ ജിതേന്ദ്ര പ്രസാദയെ മത്സരിപ്പിച്ചുകൊണ്ട് മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗം പരസ്യമായി നേതൃത്വത്തെ വെല്ലുവിളിച്ചു. ഇത്തവണയും ഔദ്യോഗിക പക്ഷ സ്ഥാനാര്‍ഥിക്ക് എതിരായി ഒന്നോ അതില്‍ കൂടുതലോ എതിരാളികളുണ്ടാകുമെന്ന് ഉറപ്പാണ്. അന്നത്തെ ജിതേന്ദ്ര പ്രസാദ ഇന്ന് ശശി തരൂര്‍ ആകുമോ എന്നത് കണ്ടറിയാം. രാഹുല്‍ ഗാന്ധി മത്സരിച്ചാലും ജി-23 സംഘത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് അവര്‍ വ്യക്തമായ സൂചനകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്.

2000-ല്‍ സംഭവിച്ചതും ഇപ്പോള്‍ സംഭവിക്കുന്നതും

രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം 1999-ല്‍ പാര്‍ട്ടി ചുമതല സോണിയ ഗാന്ധിയെ ഏല്‍പ്പിച്ചത് കോണ്‍ഗ്രസിനുള്ളില്‍ വലിയ കലാപം സൃഷ്ടിച്ചിരുന്നു. സോണിയയുടെ ഇറ്റാലിയന്‍ പൗരത്വവും പരിചയക്കുറവും ചൂണ്ടിക്കാട്ടി അവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് ശരത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ടു. താരിഖ് അന്‍വറും പി.എ. സാങ്മയും പവാറിനെ അനുഗമിച്ചു. വിമത പതാക രാജേഷ് പൈലറ്റിനേയും ജിതേന്ദ്ര പ്രസാദയേയും ഏല്‍പ്പിച്ചായിരുന്നു ഇവരുടെ പാര്‍ട്ടി വിടല്‍.

സോണിയയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് അവര്‍ പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ 55-കാരനായ രാജേഷ് പൈലറ്റ് ഒരു കാറപകടത്തില്‍ മരിച്ചു. എന്നാല്‍ അന്ന് പ്രസാദ തന്റെ പോരാട്ടവുമായി മുന്നോട്ടുപോയി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പും ശേഷവും വോട്ടവകാശമുള്ള പിസിസി പ്രതിനിധികളുടെ പട്ടികയില്‍ കൃത്രിമം നടന്നതായി ആരോപണം ഉന്നയിച്ചിരുന്നു.

അതേ ആരോപണമാണ് ഇന്നത്തെ വിമതരായി കണക്കാക്കപ്പെടുന്ന ജി23 നേതാക്കളും ഉന്നയിക്കുന്നത്. വോട്ടര്‍മാരായി ഒമ്പതിനായിരം അംഗങ്ങള്‍ എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് മുതിര്‍ന്ന പ്രവര്‍ത്തകസമിതിയംഗം ആനന്ദ് ശര്‍മ ചോദ്യമുന്നയിച്ചതിനുപിന്നാലെ, പിന്തുണച്ച് മനീഷ് തിവാരിയും മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരവും രംഗത്തെത്തി. സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കണമെന്ന് ശശി തരൂരും ആവര്‍ത്തിക്കുന്നു.

ജിതേന്ദ്ര പ്രസാദ- സോണിയ

വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നെന്ന ആരോപണം നിലനില്‍ക്കെ തന്നെ 2000-ല്‍ ജിതേന്ദ്ര പ്രസാദ സോണിയയ്‌ക്കെതിരെ മത്സരിച്ചു. 2000 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 7542 വോട്ടുകളില്‍ 94 വോട്ടുകള്‍ മാത്രമാണ് പ്രസാദയ്ക്ക് കിട്ടിയത്. വന്‍ ഭൂരിപക്ഷം നേടി സോണിയ കോണ്‍ഗ്രസ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.

'എനിക്ക് ഒരു ഇന്നിങ്‌സ് തോല്‍വി സമ്മാനിച്ചതോടെ അവര്‍ക്കിപ്പോള്‍ (സോണിയ) ആശ്വാസം തോന്നുന്നുണ്ടാകാം. മത്സരം ഒത്തുകളിയായിരുന്നു. പക്ഷേ അവര്‍ നേരെ കളിച്ചിരുന്നെങ്കിലും ഞാന്‍ ജയിക്കുമെന്ന് അവകാശപ്പെടുന്നില്ല', മത്സരത്തിന് ശേഷം ജിതേന്ദ്ര പ്രസാദ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ പ്രസാദ മരിച്ചു. ജിതേന്ദ്ര പ്രസാദയുടെ മകന്‍ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് പടിയിറങ്ങി, ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ യോഗി മന്ത്രിസഭയിലാണ്. ജി-23 നേതാക്കളില്‍ ഒരാളായിരുന്ന ജിതിന്‍ പ്രസാദ കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ജിതേന്ദ്ര പ്രാസദയ്‌ക്കൊപ്പം നേതൃത്വത്തെ വെല്ലുവിളിച്ച രാജേഷ് പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റ് നിലവില്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട്. ജി-23യുടെ ഭാഗമല്ലെങ്കിലും രാജസ്ഥാന്‍ മുഖ്യമന്ത്രി പദത്തിനായി ഇതിനോടകം വിമത നീക്കം നടത്തിയിട്ടുള്ള സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയുടെ നിരീക്ഷണത്തില്‍ തുടരുകയാണ്.

പ്രസാദയുടെ വഴിയേ തരൂരും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സന്നദ്ധത തരൂര്‍ ഇതിനോടകം വ്യക്തിമാക്കിക്കഴിഞ്ഞു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തെ പൂര്‍ണ്ണമായും വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു നീക്കം നടത്താന്‍ അദ്ദേഹത്തിന് താത്പര്യമില്ല. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതാണ് ജി-23യുടെ പ്രഖ്യാപിത ലക്ഷ്യം. അത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി തുറന്നിടുന്ന ജനാധിപത്യ വേദി വിനിയോഗിക്കുക എന്നത് പ്രധാനമാണ്. ഔദ്യോഗിക പക്ഷത്തോട് മത്സരിച്ച് ജയിക്കുക എന്നത് പ്രയാസകരമാണെന്ന കാര്യത്തില്‍ തരൂരിന് സംശയമുണ്ടാകില്ല. എന്നാല്‍ തങ്ങളുടെ നിലപാടുകള്‍ തുറന്ന് പ്രഖ്യാപിക്കാനുള്ള വലിയൊരു അവസരമായിട്ടാണ് തരൂര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ കാണുന്നതെന്നുവേണം മനസ്സിലാക്കാന്‍.

ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിക്കുകയാണെങ്കില്‍ തരൂരിന് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടുക സ്വന്തം സംസ്ഥാനത്തുനിന്ന് തന്നെയാകും. മത്സരിക്കാനുള്ള തരൂരിന്റെ ആഗ്രഹത്തെ സ്വാഗതംചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അതിന് ഞങ്ങള്‍ ജനാധിപത്യ രീതിയില്‍ പരിഹാരം കാണുമെന്ന് വ്യക്തമാക്കി കൊണ്ടാണ് അവസാനിപ്പിച്ചത്. മത്സരിച്ചാല്‍ പരാജയപ്പെടുത്തുമെന്ന് തന്നെയാണ് അദ്ദേഹം പറയാതെ പറഞ്ഞിരിക്കുന്നത്.

അതേസമയം, ജി-23യിലെ മറ്റുനേതാക്കളെ പോലെ നേതൃത്വത്തോട് പൂര്‍ണ്ണമായും അകന്നുനിന്നുള്ള വിമര്‍ശനങ്ങളല്ല തരൂരിന്‍റേത്. മത്സരത്തിനുള്ള സൂചന നല്‍കുമ്പോഴും രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രധാന സംഘാടകനാണ് അദ്ദേഹമെന്നതും ശ്രദ്ധേയമാണ്.

അനുയോജ്യനായ ഒരാളെ കണ്ടെത്തനായില്ലെങ്കില്‍ നെഹ്‌റു കുടുംബം തരൂരില്‍ എത്തിനില്‍ക്കുമോ എന്നത് കണ്ടറിയണം. നെഹ്‌റു കുടുംബം മാറിനില്‍ക്കുകയാണെങ്കില്‍ അശോക് ഗെഹലോട്ടിനെയോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയോ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. എന്നാല്‍, അധ്യക്ഷ പദവിയിലേക്കുള്ള താത്പര്യം ഇരുവരും ഇതുവരെ തുറന്ന് പ്രകടിപ്പിച്ചിട്ടില്ല. രാഹുല്‍ തന്നെ വരട്ടെയെന്നാണ് ഇരുനേതാക്കളും ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.

Content Highlights: congress president election-Jitendra Prasada challenged Sonia Gandhi and lost-2000 once again


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented