ജോസ് പോയ ഒഴിവുകളില്‍ കണ്ണുനട്ട് നേതാക്കള്‍: കോട്ടയം സീറ്റുകളില്‍ ആരൊക്കെ?


3 min read
Read later
Print
Share

പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി| Photo: Mathrubhumi

ജോസ് പക്ഷത്തിന്റെ വേര്‍പിരിയലില്‍ യുഡിഎഫിന്റെ പ്രതികരണം കരുതലോടെയാണെങ്കിലും ഒഴിവ് വരുന്ന സീറ്റുകളിലാണ് നഷ്ടബോധം ഗൗനിക്കാതെ കോണ്‍ഗ്രസ് നേതാക്കളുടെ കണ്ണ്.

കോട്ടയം ജില്ലയിലെ ഒമ്പത് സീറ്റുകളില്‍ ഇടതുപക്ഷത്തിന് സ്ഥിരമായി ജയിക്കാനായത് പഴയ കോട്ടയവും വൈക്കവും മാത്രമായിരുന്നു. പി.സി ജോര്‍ജിലൂടെ പൂഞ്ഞാറും. മണ്ഡലപുനരേകീകരണത്തോടെ പഴയ കോട്ടയത്തിന്റെ സ്വഭാവം മാറിയതോടെ അത് തിരുവഞ്ചൂരിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തപ്പോള്‍ ഏറ്റുമാനൂര്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് സിപിഎം പിടിച്ചെടുത്തു. വൈക്കത്ത് ഇടതുകോട്ടയ്ക്ക് ഇളക്കമില്ലാതെ തുടരുന്നു.

ജോസ് പക്ഷം ഇടത്തോട്ട് പോയതോടെ അവര്‍ കാലങ്ങളായി മത്സരിച്ചുവന്ന അഞ്ച് സീറ്റുകളാണ് ജില്ലയില്‍ യുഡിഎഫില്‍ ഒഴിവ് വരുന്നത്. ജോസഫ് പക്ഷം വിലപേശുമെങ്കിലും ഇതില്‍ ഒന്നോ രണ്ടോ സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസ് നല്‍കാനിടയില്ല. ഇടുക്കിയില്‍ ജോസഫിന് വഴങ്ങി കോട്ടയത്ത് കൂടുതല്‍ സീറ്റാണ് കോണ്‍ഗ്രസ് ചോദിക്കുക. റോഷിയുടെ ഇടുക്കി സീറ്റ് ജോസഫിന് കൊടുത്താല്‍ കോട്ടയം ജില്ലയില്‍ ഒരു സീറ്റ് കോണ്‍ഗ്രസ് അധികം ചോദിച്ചേക്കും

പാലാ
രാജ്യസഭ വിട്ടെറിഞ്ഞുള്ള ജോസ് കെ മാണിയുടെ വരവ് പാലാ തന്നെ ലക്ഷ്യമിട്ടാണ്. ജോസ് എല്‍ഡിഎഫില്‍ നിന്നുകൊണ്ട് രാജ്യസഭയിലേക്ക് പോയാല്‍ മാത്രമേ മറ്റൊരു പേര് ഉയര്‍ന്നുവരൂ. അങ്ങനെയെങ്കില്‍ ഇടുക്കി വിട്ട് രാമപുരംകാരനായ റോഷി പാലാ അങ്കത്തിന് വരാം. അല്ലെങ്കില്‍ റോഷി രാജ്യസഭയിലേക്കും ജോസ് പാലായിലും ആകാം. യുഡിഎഫില്‍ പാലായിലെ സസ്‌പെന്‍സ് കാപ്പന്റെ തീരുമാനത്തിന് വിധേയമായിരിക്കും. രാജ്യസഭാ ഓഫര്‍ കാപ്പന്‍ സ്വീകരിച്ചില്ലെങ്കില്‍ കാപ്പന്റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഒരുവിഭാഗം യുഡിഎഫിലേക്കും വന്നേക്കാം. അങ്ങനെയെങ്കില്‍ കാപ്പനെ തന്നെ അടുത്ത തവണ യുഡിഎഫ് കളത്തിലിറക്കും. ജോസഫിനും ശക്തനായ സ്ഥാനാര്‍ഥിയുടെ അഭാവം പാലായിലുണ്ട്. കാപ്പനെ കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജോസഫ് വാഴക്കന്റെ പേരിനാണ് സാധ്യത കൂടുതല്‍.

പൂഞ്ഞാര്‍
പാലായില്‍ വാഴയ്ക്കന്‍ വന്നാല്‍ പൂഞ്ഞാറില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയുടെ പേരിനാണ് യുഡിഎഫില്‍ സാധ്യത കൂടുതല്‍. ജോസഫ് പക്ഷത്ത് നിന്ന് സജി മഞ്ഞക്കടമ്പന്‍ സീറ്റിനായി അവകാശമുന്നയിക്കുമെന്നും ഉറപ്പ്. എല്‍ഡിഎഫില്‍ ജോസ് പക്ഷം ഉറപ്പായും മത്സരിക്കുന്ന സീറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ തന്നെ മത്സരിക്കാനാണ് എല്ലാ സാധ്യതയും

കാഞ്ഞിരപ്പള്ളി
സിപിഐയും ജോസ് പക്ഷവും അവകാശം ഉന്നയിക്കുന്ന കാഞ്ഞിരപ്പള്ളിയാണ് പാലാ കഴിഞ്ഞാല്‍ ഇടതിന്റെ തലവേദന. സിറ്റിങ് എംഎല്‍എ എന്ന നിലയില്‍ ജയരാജിന് തന്നെ ഒടുവില്‍ സീറ്റ് കൊടുത്തേക്കും. പകരം സിപിഐക്ക് ജില്ലയില്‍ കൊടുക്കാന്‍ സാധ്യത കോട്ടയം സീറ്റാകും. യുഡിഎഫില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ സാധ്യതയുള്ള സീറ്റാണിത്. ജി ഗോപകുമാര്‍, ജോഷി ഫിലിപ്പ്, ടോമി കല്ലാനി എന്നീ പേരുകള്‍ ഉയര്‍ന്നുവന്നേക്കാം. ജില്ലയ്ക്ക് പുറത്തുനിന്ന് ഒരാള്‍ സ്ഥാനാര്‍ഥിയായി ഇവിടെ എത്താനുള്ള സാധ്യത തള്ളാനും കഴിയില്ല.

ചങ്ങനാശ്ശേരി
സി.എഫിന്റെ സീറ്റായിരുന്നതിനാല്‍ ജോസഫ് പക്ഷത്തിനാണ് സാധ്യത കൂടുതല്‍. സി.എഫിന്റെ മകള്‍ സിനി, വി.ജെ ലാലി, മുനിസിപ്പല്‍ ചെയര്‍മാനും സി.എഫിന്റെ സഹോദരനുമായ സാജന്‍ ഫ്രാന്‍സിസ് എന്നീ പേരുകളാകും പരിഗണനയില്‍. കോണ്‍ഗ്രസില്‍ നിന്ന് ഈ സീറ്റിനായി സജീവമായി രംഗത്തുള്ളത് മുന്‍ മന്ത്രി കെ.സി ജോസഫാണ്. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസി സെബാസ്റ്റിയന്‍ എന്നീ പേരുകളും കോണ്‍ഗ്രസില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ഏറ്റുമാനൂര്‍
സുരേഷ് കുറുപ്പിലൂടെ എല്‍ഡിഎഫ് തിരിച്ചുപിടിച്ച സീറ്റില്‍ കഴിഞ്ഞ രണ്ട് തവണയും തോറ്റത് തോമസ് ചാഴികാടനായിരുന്നു. സിറ്റിങ് സീറ്റായതിനാല്‍ സിപിഎം തന്നെ ഏറ്റുമാനൂരില്‍ തുടര്‍ന്നും മത്സരിക്കുമെന്നത് ഉറപ്പാണ്. കുമരകം അടങ്ങുന്ന മേഖല പഴയ കോട്ടയത്ത് നിന്ന് ഏറ്റുമാനൂരിന്റെ ഭാഗമായതാണ് എല്‍ഡിഎഫിന് കരുത്ത് കൂട്ടിയത്. ഇവിടെ ജോസഫ് വിഭാഗത്തില്‍ നിന്ന് യൂത്ത് ഫ്രണ്ട് മുന്‍ പ്രസിഡന്റ് പ്രിന്‍സ് ലൂക്കോസ്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ എന്നീ പേരുകള്‍ വരാം. കോണ്‍ഗ്രസിനാണെങ്കില്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്നത് ലതികാ സുഭാഷിനാണ്. രണ്ടാമതായി വരാന്‍ സാധ്യത കെപിസിസി സെക്രട്ടറി നാട്ടകം സുരേഷിന്റെ പേരായിരിക്കും. ഇവര്‍ രണ്ടുമല്ലെങ്കില്‍ ജി. ഗോപകുമാറിന്റെ പേരിനും സാധ്യതയുണ്ട്.

കടുത്തുരുത്തി
ജോസഫ് പക്ഷത്തിന്റെ ജില്ലയിലെ ഏക സീറ്റായ കടുത്തുരുത്തിയില്‍ മോന്‍സ് തന്നെ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പ്. എല്‍ഡിഎഫില്‍ സ്‌കറിയ തോമസ് വിഭാഗത്തിന് പകരം ജോസ് പക്ഷത്തിന് കിട്ടുന്ന സീറ്റാകും ഇത്. മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ് തന്നെ ഇവിടെ എല്‍ഡിഎഫിനായി വരാനാണ് എല്ലാ സാധ്യതയും. ജോസ് കെ മാണിയുടെ പേര് കേള്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം മത്സരിക്കുന്നെങ്കില്‍ പാലായില്‍ തന്നെ ആകാനാണ് എല്ലാ സാധ്യതയും.

ജോസ് പക്ഷത്തിന് സിപിഎം ഉറപ്പ് നല്‍കിയിരിക്കുന്നത് പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഇടുക്കി, തൊടുപുഴ, ഇരിക്കൂര്‍ സീറ്റുകളാണ്. ഇതിന് പുറമെ തിരുവല്ലയ്ക്ക് പകരം റാന്നിയും ഇരിങ്ങാലക്കുടയ്ക്ക് പകരമായി പെരുമ്പാവൂരും പേരാമ്പ്രയ്ക്ക് പകരം കുറ്റ്യാടിയും ജോസ് പക്ഷം ചോദിക്കുന്നു. കാഞ്ഞിരപ്പള്ളി സിപിഐ വിട്ടുകൊടുത്തില്ലെങ്കില്‍ പകരം കോട്ടയം പരിഗണിച്ചേക്കും. പുതുപ്പള്ളി സീറ്റും ഒടുവില്‍ ജോസ് പക്ഷത്തിന് വിട്ടുകൊടുക്കാനും സാധ്യതയുണ്ട്.

ജോസ് പക്ഷത്തിന് എല്‍ഡിഎഫില്‍ 10 സീറ്റെങ്കിലും ലഭിക്കുമെന്ന് ഉറപ്പാണ്. ഇത് ജോസഫ് പക്ഷത്തിനും വെല്ലുവിളിയുണ്ടാക്കും അത്രയും സീറ്റ് നേടിയെടുക്കാന്‍ ജോസഫും സമ്മര്‍ദം ശക്തമാക്കും.

കഴിഞ്ഞ തവണ ഇരുവിഭാഗവും ഒന്നിച്ച് നിന്നപ്പോള്‍ 14 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ ആലത്തൂരും പേരാമ്പ്രയിലും അടുത്ത തവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുണ്ടാകില്ലെന്ന് ഉറപ്പാണ്.

മുന്നണി മാറിയ ജോസിന് സ്വീകരണം മോശമല്ലെന്നാണ് ഇതുവരെയുള്ള സൂചനകള്‍. യുഡിഎഫില്‍ നിന്നപ്പോള്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ സീറ്റ് അവര്‍ക്ക് എല്‍ഡിഎഫ് കൊടുക്കുമെന്ന് ഉറപ്പാണ്. വിജയിച്ച് മുന്നേറുക. അതുവഴി മേല്‍വിലാസം ഉറപ്പാക്കുക എന്നതാണ് ജോസ്.കെ മാണിക്ക് നിര്‍ണായകം.

Content Highlights: Jose faction may get 12 seats from LDF

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented