വിലപേശലിന് വഴങ്ങാതെ കോണ്‍ഗ്രസ്, ജോസഫിന് കൈ കൊടുത്തപ്പോള്‍ ജോസ് പുറത്ത്


സ്വന്തം ലേഖകന്‍

ന്നായി നിന്നിട്ടും രണ്ടായി പ്രവര്‍ത്തിച്ചവര്‍ ഇനി രണ്ടു വഴിക്ക്. ബാര്‍ കോഴ വിവാദത്തില്‍ തുടങ്ങി കെ.എം. മാണിയുടെ രാജി മുതല്‍ ഇങ്ങോട്ട് കേരള കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗവും മാണിപക്ഷവും ഒരു പാര്‍ട്ടിയില്‍ രണ്ടായി പിരിഞ്ഞായിരുന്നു വാസം. ബാര്‍ കോഴ വിവാദം കത്തി,കോടതി പരാമര്‍ശം വന്നപ്പോള്‍ രാജിക്ക് വഴങ്ങാതെ നിന്ന മാണി ഒടുവില്‍ ജോസഫിനെ കൂടി രാജിവെപ്പിച്ച് സമ്മര്‍ദമുണ്ടാക്കാനുള്ള രാഷ്ട്രീയനീക്കവും നടത്തി. അപകടം മണത്ത കോണ്‍ഗ്രസ് ക്യാമ്പ് കെ.സി. ജോസഫിനെ ദൂതനായി ജോസഫിന് അടുത്തേക്ക് അയച്ചാണ് ആ നീക്കം പൊളിച്ചത്. ജോസഫ് അത് മുടക്കിയത് മുതല്‍ മാണിഗ്രൂപ്പിന് അവിശ്വാസം തുടങ്ങി.

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയോടെ മാണി ബന്ധം മുറിക്കാന്‍ തീരുമാനിച്ചു. ചരല്‍കുന്നില്‍വച്ച് യു.ഡി.എഫ്. വിട്ട് ഒറ്റയ്ക്ക് നില്‍ക്കാന്‍ മാണി തീരുമാനിച്ചപ്പോള്‍ മനസ്സില്ലാ മനസ്സോടെയാണ് ജോസഫ് സമ്മതം മൂളിയത്. എല്‍.ഡി.എഫിലേക്കില്ല എന്ന ഉറപ്പിലായിരുന്നു ജോസഫ് ആ തീരുമാനം അംഗീകരിച്ചത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കേരള കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവന്നത് കോണ്‍ഗ്രസ് സ്വന്തം രാജ്യസഭാ സീറ്റ് ദാനം നല്‍കിയാണ്. സുധീരനും പി.ജെ. കുര്യനും അടക്കം പല നേതാക്കളും നഖശിഖാന്തം എതിര്‍ത്തിട്ടും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങി. വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയെ കോണ്‍ഗ്രസ് കാലുവാരിയേക്കാമെന്ന് കണക്കുകൂട്ടിയാണ് മാണി മകന് വേണ്ടി രാജ്യസഭാ സീറ്റ് ചോദിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ജോസഫ് സീറ്റ് ചോദിച്ചു. രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് കിട്ടിയതോടെ ഇത് തങ്ങള്‍ക്ക് വേണമെന്ന് ജോസഫ് ശഠിച്ചു. താന്‍ തന്നെ മത്സരിക്കുമെന്നും ജോസഫ് പ്രഖ്യാപിച്ചു. ഒന്നും സംഭവിച്ചില്ല. മാണി പറഞ്ഞ ചാഴികാടന്‍ തന്നെ കോട്ടയത്ത് സ്ഥാനാര്‍ഥിയായി. ജയിച്ചു. മുറിവേറ്റ ജോസഫ് അവിടം മുതല്‍ യുദ്ധം പ്രഖ്യാപിച്ചതാണ്. കെ.എം. മാണിയുടെ വിയോഗത്തോടെ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസഫ് സ്ഥാനക്കയറ്റത്തിന് നീക്കം തുടങ്ങി. ജോസ് പക്ഷം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. പരസ്പരം പോര്‍ വിളിച്ചു. ഓരോ ഘട്ടത്തിലും വിടാതെ വാശി തുടര്‍ന്നു.

ഇതാദ്യമായല്ല കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തര്‍ക്കവിഷയമാകുന്നത്. ഡി.സി.സി. പ്രസിഡന്റായി ജോഷി ഫിലിപ്പ് വന്നതോടെ അദ്ദേഹം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. പകരം സണ്ണി പാമ്പാടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ഇടത് പിന്തുണയോടെ കേരള കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം നേടി. അന്ന് പക്ഷേ സി.പി.ഐ. അതിനെ പിന്തുണച്ചില്ല.

യു.ഡി.എഫ്. വിട്ട് മാണി തിരികെ യു.ഡി.എഫിലെത്തുന്നത് വരെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്-സി.പി.എം. ബന്ധം തുടര്‍ന്നു. പിന്നീട് പ്രസിഡന്റായ സണ്ണി പാമ്പാടിയുടെ ടേം കഴിഞ്ഞപ്പോള്‍ ധാരണപ്രകാരം വീണ്ടും 14 മാസം കേരള കോണ്‍ഗ്രസിന് അധ്യക്ഷ പദം എന്നായിരുന്നു. ആ ഘട്ടത്തില്‍ പ്രസിഡന്റ് പദത്തിനായി ജോസ് പക്ഷവും ജോസഫ് പക്ഷവും വടംവലി തുടര്‍ന്നു. ഒടുവില്‍ കോണ്‍ഗ്രസ് ഇടപെട്ട് തട്ടകം കോട്ടയമായതുകൊണ്ട് എട്ട്, ആറ് മാസം എന്ന ധാരണയുണ്ടാക്കി. അപ്പോള്‍ അതില്‍ ആദ്യത്തെ ടേമിനായി അടി. ഒടുവില്‍ കോണ്‍ഗ്രസ് ജോസിന് വഴങ്ങി. വഞ്ചനയാണിതെന്നും കോണ്‍ഗ്രസ് നീതികാട്ടിയില്ല എന്നും ജോസഫ് പറഞ്ഞു.