പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി രാഹുൽ ഗാന്ധിക്കൊപ്പം| ഫോട്ടോ: പി.ടി.ഐ
ക്ഷമയും സമയവുമാണ് ഏറ്റവും ശക്തരായ രണ്ട് യോദ്ധാക്കള്‍. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥിനെ നിശ്ചയിച്ചതിന് പിന്നാലെ രാഹുലിന്റെ ശ്രദ്ധേയമായ ട്വീറ്റില്‍ ടോള്‍സ്‌റ്റോയിയുടെ ഈ വാക്കുകളാണ് കുറിച്ചിരുന്നത്. ഇടതും വലതുമായി കമല്‍നാഥും സിന്ധ്യയും രാഹുലിന്റെ കൈകോര്‍ത്ത് നില്‍ക്കുന്നതായിരുന്നു ചിത്രം. 2018 ഡിസംബര്‍ 13നായിരുന്നു ഈ ചിത്രം രാഹുല്‍ ട്വീറ്റ് ചെയ്തത്. 2020 മാര്‍ച്ചിലേക്ക് എത്തിയപ്പോള്‍ സിന്ധ്യ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞ് ബിജെപിയില്‍ ചേക്കേറി. ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായി.
ഈ ചിത്രവും മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ അധികാരം തകര്‍ത്ത് സിന്ധ്യയുടെ ബിജെപിയിലേക്കുള്ള പോക്കും അന്നത്തെ ട്വീറ്റിലെ വാക്കുകളും ഇപ്പോള്‍ പ്രസക്തമാകുന്നു. മധ്യപ്രദേശിലും പഞ്ചാബിലും ഏറക്കുറേ സമാനപ്രതിസന്ധിയാണ് ഹൈക്കമാന്‍ഡിന് തലവേദന സൃഷ്ടിച്ചത്. പഞ്ചാബില്‍ ക്ഷമയുടെ പുസ്തകം തുറക്കാനെ നിന്നില്ല. മിന്നല്‍ വേഗത്തിലായിരുന്നു നീക്കങ്ങള്‍. സിദ്ദു പിസിസി അധ്യക്ഷനായി രണ്ട് മാസം മാത്രം. അമരീന്ദറിന്റെ കസേര തെറിക്കുന്നു. പല പേരുകള്‍ക്കൊടുവില്‍ ചരണ്‍ജിത് സിങ് ചന്നി മുഖ്യമന്ത്രിയാകുന്നു. സത്യപ്രതിജ്ഞയ്ക്ക് രാഹുല്‍ നേരിട്ടെത്തി ആ അധികാരക്കൈമാറ്റത്തിലെ റോള്‍ വ്യക്തമാക്കുന്നു.
മധ്യപ്രദേശിലേക്ക് തന്നെ തിരിച്ചുപോകാം. കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ സിന്ധ്യ പകരം ചോദിച്ചത് പിസിസി അധ്യക്ഷ പദമാണ്. അത് നല്‍കാന്‍ കമല്‍നാഥും ദ്വിഗ് വിജയ് സിങ്ങും തയ്യാറായില്ല. സിന്ധ്യയെ ഒതുക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കുകയും ചെയ്തു എതിര്‍പക്ഷം. ഒടുവില്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള എംഎല്‍എമാരുമായി സിന്ധ്യ ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് ഹൈക്കമാന്‍ഡും കമല്‍നാഥും ഞെട്ടിയത്. ആദ്യം എതിര്‍ത്ത പിസിസി അധ്യക്ഷ പദം വച്ചുനീട്ടിയെങ്കിലും സിന്ധ്യ അതിനോടകം ബിജെപി ചൂണ്ടയില്‍ വീണുകഴിഞ്ഞിരുന്നു. കൈയിലിരുന്ന ഭരണം ബിജെപി കൊത്തിക്കൊണ്ടുപോകുന്നത് കണ്ട് നില്‍ക്കാനെ രാഹുലിനും കോണ്‍ഗ്രസിനും കഴിഞ്ഞുള്ളൂ.

സിന്ധ്യ ബിജെപിയില്‍ ചേര്‍ന്ന ദിവസവും രാഹുല്‍ പഴയ ക്ഷമയും സമയവും ട്വീറ്റ് വീണ്ടും പങ്കുവച്ചു. ആരുടെ സമയമാണ് തെറ്റിയത്. ആ പറഞ്ഞ ക്ഷമയ്ക്ക് 15 മാസത്തെ ആയുസ്സേ ഉണ്ടായുള്ളൂ. 2017ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോഴും ക്യാപ്റ്റനാകും മുഖ്യമന്ത്രി എന്ന് ഉറപ്പായിരുന്നു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സിദ്ദു അമരീന്ദര്‍ സര്‍ക്കാരില്‍ മന്ത്രിയായി. അമരീന്ദര്‍-സിദ്ദു പോര് കനത്തു. ബദ്ധശത്രുക്കളായി. അടിമൂത്ത് 2019 ജൂണില്‍ സിദ്ദു രാജിവച്ചു. അമരീന്ദര്‍ നിഗ്രഹമായി പിന്നെ സിദ്ദുവിന്റെ ഇന്നിങ്‌സ്. ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശന ശരങ്ങള്‍ തുടര്‍ന്നു.
കമല്‍നാഥ് മധ്യപ്രദേശില്‍ ചെയ്ത പോലെ പഞ്ചാബില്‍ സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കുന്നതിനെ അമരീന്ദര്‍ നഖശിഖാന്തം എതിര്‍ത്തു. വേണേല്‍ ഉപേക്ഷിച്ചു പോയ മന്ത്രിപ്പണി ഒഴിഞ്ഞുകിടപ്പുണ്ട് എന്നായിരുന്നു ക്യാപ്റ്റന്റെ മറുപടികള്‍. ഒടുവില്‍ സിദ്ദുവും പുറത്തേക്കെന്ന സൂചനകള്‍ കേട്ടുതുടങ്ങി. ഇതിനകം പ്രതിപക്ഷമായ എഎപിയിലേക്ക് സിദ്ദു ചുവടുമാറുന്നുവെന്ന ശ്രുതി പരന്നു. അങ്ങനെയാണ് എഎപിയിലേക്ക് പോകാന്‍ ഒരുങ്ങിയ സിദ്ദുവിനെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് ക്യാപ്റ്റന്റെ എതിര്‍പ്പ് വകവെക്കാതെ പിസിസി അധ്യക്ഷനാക്കിയത്. ഒരുരീതിയിലും യോജിക്കാതെ ബദ്ധശത്രുക്കളായി നില്‍ക്കുന്ന രണ്ട് നേതാക്കള്‍. അമരീന്ദറും സിദ്ദുവും. പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് 2016 ല്‍ ഭീഷണിപ്പെടുത്തിയ അമരീന്ദറിന് കൂച്ചുവിലങ്ങിടാനുള്ള അവസരമായി ഹൈക്കമാന്‍ഡും കണ്ടു.
പാര്‍ട്ടിയുടെ ചുമതല കിട്ടിയ സിദ്ദു തന്റെ അജണ്ട നടപ്പാക്കിയ അഹ്ലാദത്തിലാണ്. താനൊരു സൈനികനാണ് തോറ്റുമടങ്ങില്ല എന്ന് അമരീന്ദര്‍ പറയുന്നത് വെറുതെയല്ല. പ്രായം സായംസന്ധ്യയിലാണെങ്കിലും ഒരു ഇന്നിങ്‌സിന് ക്യാപ്റ്റന് ഇപ്പോഴും ആരോഗ്യവും ബന്ധങ്ങളും വേരുകളുമുണ്ട്. വ്രണിതഹൃദയനായ ക്യാപ്റ്റന്റെ കളിയാണ് ഇനി കാണേണ്ടത്. പാക് ബന്ധം പറഞ്ഞ് സിദ്ദുവിനെതിരെ യുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസിനെ പിളര്‍ത്താനുള്ള അറ്റകൈ നീക്കം ക്യാപ്റ്റനില്‍ നിന്നുണ്ടാകുമോ. കൂടെ എത്രപേര്‍ പോകും. അതോ സിദ്ദുവിന് കീഴില്‍ ശിഷ്ടകാലം ഒതുങ്ങാന്‍ ക്യാപ്റ്റന് കഴിയുമോ. സാധ്യത തീരെ കുറവാണ്. പുതിയ പാര്‍ട്ടിയോ എഎപിയോ അകാലിദളോ അങ്ങനെ പലവിധ സാധ്യതകള്‍.

ബിജെപിക്കാവട്ടെ ഇത് കണ്ടുനില്‍ക്കാം എന്നല്ലാതെ ഓപ്പറേഷന്‍ താമര പരീക്ഷിച്ചാലും കര്‍ഷകരോഷം കാരണം ആ കുട്ടയില്‍ ആളുകയറാന്‍ സാധ്യതയില്ല. അടുത്തെങ്ങും പച്ചപിടിക്കുന്ന ലക്ഷണമില്ല എന്നതാണ് പഞ്ചാബിലെ സ്ഥിതി. ബിജെപി ബന്ധം ഉപേക്ഷിച്ച് തിരിച്ചുവരവിനുള്ള പണിപ്പുരയിലാണ് അകാലിദളും ബാദലും. ബിഎസ്പിയെ കൂടെക്കൂട്ടി ദളിത് വോട്ടുബാങ്ക് ഉറപ്പിക്കാനുള്ള പദ്ധതിയാണ് സുഖ്ബീര്‍ സിങ് ബാദല്‍ മെനഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പില്‍ ദളിത് മുഖ്യമന്ത്രി എന്ന വാഗ്ദാനം ബിജെപി വച്ചപ്പോള്‍ എഎപിയും അകാലിദളും ദളിത് വിഭാഗത്തില്‍ നിന്ന് ഉപമുഖ്യമന്ത്രി എന്ന പ്രഖ്യാപനമാണ് നടത്തിയത്. ഒരുമുഴം മുന്നെ ചന്നിയിലൂടെ കോണ്‍ഗ്രസ് അത് നടപ്പാക്കി. സിദ്ദുവിന്റെ നിര്‍ദേശം ഹൈക്കമാന്‍ഡ് ചന്നിയെ വാഴിച്ചതില്‍ ദളിത്-സിഖ് വോട്ടുബാങ്കിന്റെ രാഷ്ട്രീയം കൃത്യമാണ്. ജാട്ട് സിഖുകാരനായ രണ്‍ധാവയെ സിദ്ദു പിന്തുണക്കാതിരുന്നതും ഭാവിയില്‍ മുഖ്യമന്ത്രി കസേര എന്ന കിനാവിന് ഒരു തടസ്സം ഒഴിവാക്കാനാണ്. സിദ്ദുവും ജാട്ട് സിഖ് തന്നെ. ജാട്ട് സിഖുകളും ദളിതുകള്‍ ഉള്‍പ്പെടുന്ന ഇതര സിഖുകളും തമ്മില്‍ ജാതി വിവേചനം ചര്‍ച്ചയാകുമ്പോഴാണ് ഈ നീക്കം വരുന്നത്

32 ശതമാനം ദളിത് വോട്ടുണ്ട് പഞ്ചാബില്‍. 50 വര്‍ഷത്തിന് ശേഷമാണ് പഞ്ചാബില്‍ ജാട്ട് സിഖുകാരനല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയാകുന്നത്. ആദ്യ ദളിത് മുഖ്യമന്ത്രിയും ചന്നി തന്നെ. നിയമസഭാ കക്ഷി നേതാവായി ദളിത് വിഭാഗത്തില്‍ നിന്നുള്ള ഹര്‍പാല്‍ സിങ് ചീമയേയും ഉപനേതാവായി സര്‍വിജ് കൗര്‍ മനൂഖയേയും നിയമിച്ച എഎപിയും ലക്ഷ്യമിട്ടത് ദളിത് വോട്ടുകളായിരുന്നു. ചന്നിയെ അവരോധിച്ചതിലൂടെ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തില്‍ എഎപിക്കും അകാലിദളിനും അവരുടെ അജണ്ട ഇനി മാറ്റാന്‍ നിര്‍ബന്ധിതരാവും.
ബിജെപി വെല്ലുവിളി ഭീഷണിയല്ലെങ്കിലും ഭരണത്തുടര്‍ച്ച നേടാന്‍ സിദ്ദുവിന് കഴിയുമോ. അതിന് കഴിഞ്ഞാല്‍ മോഹിക്കുന്ന മുഖ്യമന്ത്രി കസേര സിദ്ദുവിന് കരഗതമാകും. മുറിവേറ്റ അമരീന്ദര്‍ ആ സാധ്യത അടയ്ക്കാന്‍ എല്ലാ അടവും പയറ്റും. അത് പാര്‍ട്ടിയില്‍ നിന്ന് കൊണ്ടാവുമോ പുറത്തുപോയി ആകുമോ. ചന്നിയുടെ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ച് ക്യാപ്റ്റന്‍ അതിന്റെ സൂചന നല്‍കിക്കഴിഞ്ഞു. അമരീന്ദര്‍ നിശ്ചയിക്കും ഇനി സിദ്ദുവിന്റെ ആഗ്രഹങ്ങളും ഭാവിയും. ഒന്നും ക്ഷമിക്കുന്നവനല്ല ക്യാപ്റ്റന്‍. സമയവും ക്ഷമയും പോരാട്ടം തുടരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..