'ആക്‌സിഡന്റല്‍' പ്രസിഡന്റിന് കാര്യങ്ങള്‍ എളുപ്പമാകില്ല, ചില്ലറയല്ല പ്രതിസന്ധികള്‍


അജ്മല്‍ മൂന്നിയൂര്‍

സോണിയയ്ക്കും രാഹുലിനുമൊപ്പം മല്ലികാർജുൻ ഖാർഗെ |ഫോട്ടോ:PTI

'രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃത്വ പ്രതിസന്ധി ഉടലെടുത്തു. നേതൃത്വത്തിലേക്ക് ഇല്ലെന്ന് സോണിയ ഗാന്ധി സ്വയം വ്യക്തമാക്കിയ സാഹചര്യത്തിലായിരു ഈ ആശയകുഴപ്പം. പലപേരുകളും ഉയര്‍ന്നുവെങ്കിലും ഒടുവില്‍ പ്രധാനമന്ത്രി പദത്തിലേക്ക് ശങ്കര്‍ ദയാല്‍ ശര്‍മ എത്തുകയും അദ്ദേഹം അത് നിരസിച്ചതോടെ നരംസിഹ റാവുവിനെ തിരഞ്ഞെടുക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ടതിന്റെ പരിഭവത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുമായി നില്‍ക്കുന്ന നരസിംഹ റാവുവിന്റെ അടുക്കലേക്കാണ് ഞങ്ങള്‍ സോണിയയുടെ നിര്‍ദേശവുമായി ചെല്ലുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങി നിന്ന റാവു പ്രധാനമന്ത്രിയായി. മികച്ച പ്രധാനമന്ത്രി', നട്‌വര്‍ സിങ് അടുത്തിടെ മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. മന്‍മോഹന്‍ സിങ്ങിന് മുമ്പ് രാജ്യത്തെ ആദ്യ 'ആക്സിഡന്റല്‍' പ്രധാനമന്ത്രിയായിരുന്നു നരസിംഹ റാവു. പ്രധാനമന്ത്രി പദത്തിലേക്ക് ഇല്ലെന്ന് സോണിയ ഒരിക്കല്‍ കൂടി അറിയിച്ചതോടെ മറ്റൊരു ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ്ങും വന്നു.

സമാനമായ സ്ഥിതിവിശേഷമാണ് പുതിയ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുക്കുമ്പോഴും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായത്. ഗാന്ധി കുടുംബം ആദ്യം പരിഗണിച്ച അശോക് ഗഹ്‌ലോത് അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തിയതോടെ കമല്‍നാഥിലേക്കും ദിഗ് വിജയ്‌ സിങിലേക്കും നീണ്ട ചര്‍ച്ചകള്‍ അവസാന ദിവസമാണ് ഖാര്‍ഗെയില്‍ ചെന്നവസാനിച്ചത്. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള ആലോചനയിലേക്ക് കടക്കുമ്പോഴാണ് 80-കാരനായ ഖാര്‍ഗെയിലേക്ക് അപ്രതീഷിതമായി ഈ പദവി എത്തുന്നത്. ഖാര്‍ഗെ ഇതോടെ കോണ്‍ഗ്രസിന്റെ 'ആക്‌സിഡന്റല്‍' പ്രസിഡന്റായി.ഓഗസ്റ്റ് 28-ന് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള തീയതി അന്തിമമാക്കിയത്. പുതിയ അധ്യക്ഷനേച്ചൊല്ലി അന്നുതൊട്ട് ആരംഭിച്ച കിംവദന്തികള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമായത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ രംഗപ്രവേശത്തോടെയാണ്. തിരഞ്ഞെടുപ്പില്‍ ഒരു തരത്തിലും ഇടപെടില്ലെന്ന് സോണിയാ ഗാന്ധി ആവര്‍ത്തിച്ചെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ അവര്‍ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയ എ.കെ.ആന്റണി ഖാര്‍ഗെയുടെ പത്രികയില്‍ ഒന്നാമതായി ഒപ്പുവെച്ചതോടെ അദ്ദേഹത്തിന് ഔദ്യോഗിക സ്ഥാനാര്‍ഥി പരിവേഷം ലഭിച്ചു. ഒപ്പം, മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം ഖാര്‍ഗെയ്ക്കൊപ്പം പരസ്യമായി അണിനിരക്കുകയും ചെയ്തു. ഇതിനിടെ നേരത്തെ തന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശശി തരൂര്‍ ജി23യുടെ പ്രതിനിധിയാകുമെന്ന് കരുതിയെങ്കിലും പത്രികാ സമര്‍ണപ്പവേളയില്‍ കാര്യങ്ങള്‍ ആകെ മാറിമറഞ്ഞു. ജി23യിലെ പ്രബലര്‍ ഒന്നടങ്കം ഖാര്‍ഗെയ്ക്കൊപ്പം ചേര്‍ന്നു. ദിവസങ്ങള്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍, 22 വര്‍ഷത്തത്തിന് ശേഷം കോണ്‍ഗ്രസിന് ആദ്യമായി നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ അധ്യക്ഷനായിരിക്കുന്നു.

അപ്രതീക്ഷിതമായി പ്രധാനമന്ത്രി സ്ഥാനത്തെത്തിയ നരസിംഹ റാവുവുവില്‍നിന്നും മന്‍മോഹനില്‍നിന്നും ലഭിച്ച മികച്ച പ്രകടനം, പാർട്ടിയെ നയിക്കുന്നതില്‍ ഖാർഗെയില്‍‌നിന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ്‌ 80-കാരനായ ഖാര്‍ഗെയെ നിയോഗിക്കപ്പെട്ടിരിക്കുന്നത്. നേതൃത്വപ്രതിസന്ധി, സംഘടനാപരമായ പോരായ്മകള്‍, പ്രത്യയശാസ്ത്രപരമായ അവ്യക്തത എന്നിങ്ങനെ കഴിഞ്ഞ കുറച്ചുകാലങ്ങളായി കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ ഖാര്‍ഗെ ഏതുരീതിയില്‍ കൈകാര്യം ചെയ്യുമെന്നത് തന്നെയാണ് പ്രധാനം.

കാല്‍നൂറ്റാണ്ടോളം കോണ്‍ഗ്രസിനെ നയിച്ച സോണിയാ ഗാന്ധിക്ക് ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനായിട്ടില്ലെന്നതാണ് പാര്‍ട്ടി ഇന്നത്തെയിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. രാഷ്ട്രീയത്തില്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചതിന്റെ പരിചയം, സൗഹൃദ ബന്ധങ്ങള്‍, ദളിത് സ്വത്വം തുടങ്ങിയവയ്ക്കപ്പുറം, മേല്‍പ്പറഞ്ഞ വെല്ലുവിളികള്‍ മറികടക്കാനുതകുന്ന മെയ് വഴക്കങ്ങളൊന്നും തന്റെ പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഖാർഗെ പ്രകടിപ്പിച്ചിട്ടില്ല എന്നത് ഓര്‍മിക്കേണ്ടതാണ്. ഏറ്റവും അവസാനമായി രാജസ്ഥാനിലെ പാര്‍ട്ടി പ്രതിസന്ധി പരിഹരിക്കാന്‍ പോയി നാണംകെട്ട് മടങ്ങേണ്ടിവന്ന ഹൈക്കമാന്‍ഡ് പ്രതിനിധികളിലൊരാളായിരുന്നു ഖാര്‍ഗെ.

ഇങ്ങനെയൊക്കെയാണെങ്കിലും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടത് ആവശ്യമാണെന്ന തോന്നല്‍ നേതൃത്വത്തിന് ഉണ്ടായതും അധ്യക്ഷസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ ചിന്തിക്കാന്‍ കഴിയുന്നതും തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.

കോണ്‍ഗ്രസ് നേരിടുന്ന എല്ലാ ചോദ്യങ്ങളും ബുദ്ധിമുട്ടേറിയതാണ് എന്നുള്ളതുകൊണ്ട് തന്നെ എളുപ്പത്തില്‍ ഉത്തരം നല്‍കാന്‍ ഖാര്‍ഗെയ്ക്കാകില്ല. നിലവിലെ സംവിധാനത്തില്‍ മാറ്റം വരുത്തുക എന്നുള്ളതാണ് തന്നെ ഏല്‍പ്പിച്ച പ്രധാന ദൗത്യമെന്ന് ഖാര്‍ഗെ തിരിച്ചറിയാതിരിക്കില്ല. അതുകൊണ്ട് ഒരു പൊളിച്ചെഴുത്ത് എത്രവേഗത്തിലാണോ നടപ്പാക്കുന്നത് അത്രയും നന്നാകും. നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധമുണ്ട് എന്നതാണ് മറ്റെന്തിനേക്കാളും അദ്ദേഹത്തിന്റെ പ്രധാന അനുകൂല ഘടകം. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അന്തിമ ലാപ്പില്‍ ലഭിച്ച പരീക്ഷണം കൂടിയാണ് ഖാര്‍ഗെയ്ക്കിത്.

കേന്ദ്രത്തിലെ അധികാരം നഷ്ടം, രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ കനത്ത തോല്‍വി, പ്രതിപക്ഷ നേതൃസ്ഥാനം പോലും നേടിയെടുക്കാന്‍ പറ്റാത്ത സ്ഥിതി, ഉത്തര്‍പ്രദേശിലെ നാണംകെട്ട തോല്‍വിയടക്കം പല സംസ്ഥാനങ്ങളിലേയും തോല്‍വി, പ്രാദേശിക പാര്‍ട്ടികളുടെ സ്വാധീനം, പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക്, ജയിച്ചിട്ടും എംഎല്‍എമാരെ പിടിച്ചുനിര്‍ത്താന്‍ പറ്റാത്ത സാഹചര്യങ്ങള്‍ തുടങ്ങി നൂറായിരം പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്.

സ്വന്തം പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ ഒരുഭാഗത്ത് നില്‍ക്കുമ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഉയര്‍ത്തുന്ന രാഷ്ട്രീയ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിലും കോണ്‍ഗ്രസിന് കാര്യമായി ഒന്നുംചെയ്യാനായിട്ടില്ല. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനെതിരെ എടുത്തുപറയത്തക്ക രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ എട്ടു വര്‍ഷത്തിനിടെ കോണ്‍ഗ്രസിനായിട്ടില്ല. അതേസമയം, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ആത്മവിശ്വാസം നേടികൊടുത്തിട്ടുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ ആത്യന്തികമായി തിരഞ്ഞെടുപ്പിലെ വിജയം തന്നെയാണ് പ്രധാനം.

2024- ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയെങ്കിലും അടുത്ത 17 മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പുകളുടെ ഒരു പരമ്പര തന്നെയാണ് വരാനിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഒരു ഡസനോളം സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പായിരിക്കും ഖാര്‍ഗെയ്ക്ക് മുന്നിലുള്ള പ്രധാന പരീക്ഷണം.

ഇതിനോടകം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഹിമാചല്‍ പ്രദേശ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും തട്ടകമായി ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും ഇതിലുള്‍പ്പെടും. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി ഈ രണ്ട് സംസ്ഥാനങ്ങളില്‍ പുതിയ സര്‍ക്കാര്‍ വരും. കേന്ദ്രഭരണ പ്രദേശമാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന് ജമ്മു കശ്മീരും അടുത്ത ആറ് മാസത്തിനുള്ളില്‍ തയ്യാറെടുക്കും. കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവടങ്ങളില്‍ അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ഭരണം അവശേഷിക്കുന്ന ഛത്തീസ്ഗഢും രാജസ്ഥാനും ഇതില്‍ പ്രധാനമാണ്.

അതുകൊണ്ടുതന്നെ 2024-ലേക്ക് കാത്തിരിക്കാനാകില്ല കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്. അധ്യക്ഷസ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുന്ന ദിവസംതന്നെ കോണ്‍ഗ്രസില്‍ ഒരു ശുദ്ധികലശത്തിന് തുടക്കമിടേണ്ടിവരും ഖാര്‍ഗെയ്ക്ക്.

Content Highlights: congress accidental president-mallikarjun kharge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented