ചൈനീസ് ചാരക്കപ്പല്‍ വീണ്ടും ഇന്ത്യന്‍ മഹാസമുദ്രത്തില്‍; യുവാന്‍ വാങ്- 6 ലക്ഷ്യമിടുന്നതെന്ത്?


അഖില്‍ ശിവാനന്ദ്ഇന്‍ഡൊനീഷ്യന്‍ തീരത്തുകൂടി ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ യുവാന്‍ വാങ് - 6 നീങ്ങുന്നതായാണ് കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഓണ്‍ലൈന്‍ സേവനദാതാക്കളായ മറൈന്‍ ട്രാഫിക്ക് നല്‍കുന്ന വിവരം.

Yuan Wang-6 | Phoro: twitter.com/srdmk01

ന്ത്യയുടെ മിസൈല്‍ പരീക്ഷണം നടക്കാനിരിക്കെ വീണ്ടും ചാരക്കപ്പല്‍ ഭീഷണിയുയര്‍ത്തി ചൈന. അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടക്കാനിരിക്കെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന ചാരപ്പണിക്ക് കപ്പലയച്ചിരിക്കുന്നത്. മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ നീക്കങ്ങളുമടക്കം നിരീക്ഷിക്കുന്ന യുവാന്‍ വാങ് - ആറ് എന്ന ചൈനീസ് നാവികസേനാ കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കടന്നിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്കിടയില്‍ മേഖലയിലെത്തുന്ന രണ്ടാമത്തെ ചൈനീസ് ചാരക്കപ്പലാണ് യുവാന്‍ വാങ്-6. നേരത്തെ ഇന്ത്യ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചു ശ്രീലങ്കന്‍ തുറമുഖമായ ഹമ്പന്‍ടോട്ടയില്‍ ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് -5 നങ്കൂരമിട്ടിരുന്നു. യുവാന്‍ വാങ് -5 ന് സമാനമായ കപ്പലാണ് വീണ്ടും ചൈന വിന്യസിച്ചിരിക്കുന്നതെന്നതാണ് പ്രശ്‌നത്തെ ഗുരുതരമാക്കുന്നത്.

ലംബോക് കടലിടുക്ക് പിന്നിട്ട് ഇന്‍ഡൊനീഷ്യന്‍ തീരത്തുകൂടി ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ യുവാന്‍ വാങ് - 6 നീങ്ങുന്നതായാണ് കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഓണ്‍ലൈന്‍ സേവനദാതാക്കളായ മറൈന്‍ ട്രാഫിക്ക് നല്‍കുന്ന വിവരം. മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് വൈമാനികര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചൈനീസ് കപ്പലിന്റെ വരവ്. മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ ചലനങ്ങളുമടക്കം നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാണ് കപ്പലുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.ഒഡീഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപില്‍നിന്ന് നവംബര്‍ പത്തിനോനോ പതിനൊന്നിനോ ഇന്ത്യ മിസൈല്‍ പരീക്ഷിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് മുന്‍നിര്‍ത്തി മുന്നറിയിപ്പും ഇന്ത്യ പുറത്തിറക്കിയിരുന്നു. 2200 കിലോ മീറ്റര്‍ മിസൈല്‍ സഞ്ചരിച്ചേക്കാമെന്നും നോട്ടീസിലുണ്ടായിരുന്നു. എന്നാല്‍ ചൈനീസ് കപ്പല്‍ മേഖലയില്‍ എത്തുന്ന പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണം മാറ്റിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിസൈലിന്റെ പാത, വേഗം, പരിധി, കൃത്യത എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നേക്കുമോ എന്നതാണ് ആശങ്ക.

മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

അത്യാധുനിക ബാലസ്റ്റിക് മിസൈല്‍ ഈ മാസം പത്തിനോ പതിനൊന്നിനോ പരീക്ഷിക്കുമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. മിസൈല്‍ പരീക്ഷണ സമയത്ത് ശ്രീലങ്കയുടെ പടിഞ്ഞാറന്‍ മേഖലയ്ക്കും ഇന്‍ഡൊനീഷ്യയുടെ കിഴക്കന്‍ മേഖലയ്ക്കും ഇടയ്ക്കുള്ള പ്രദേശത്താണ് ഇന്ത്യ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ ഔദ്യോഗികമായി പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെങ്കിലും അന്തര്‍വാഹിനികളില്‍നിന്ന് വിക്ഷേപിക്കാവുന്ന കെ-4 ബാലസ്റ്റിക് മിസൈലാണ് പരീക്ഷിക്കുക എന്നാണ് വിവരം. 3500 കിലോ മീറ്റര്‍ ദൂരപരിധിയുള്ളതാണ് കെ-4 മിസൈല്‍.

Photo: twitter.com/detresfa

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്തില്‍ നിലവില്‍ കെ-12 ബാലിസ്റ്റിക് മിസൈലാണ് ഉപയോഗിക്കുന്നത്. 750 കിലോ മീറ്റര്‍ ദൂരപരിധിയാണ് കെ-12 ബാലിസ്റ്റിക് മിസൈലിനുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് വിക്ഷേപിച്ചാല്‍ ചൈനയിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ മിസൈലിന്റെ പരിധിയില്‍ വരില്ല. ഇത് മുന്നില്‍ക്കണ്ടാണ് ഉയര്‍ന്ന ദൂരപരിധിയുള്ള മിസൈലുകള്‍ ഇന്ത്യ വികസിപ്പിക്കുന്നത്. 35,00 കിലോ മീറ്റര്‍ ദൂരപരിധിയുള്ള കെ-4 മിസൈല്‍ സജ്ജമാകുന്നതോടെ, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് വിക്ഷേപിച്ചാല്‍ ബെയിജിങ് അടക്കമുള്ള ചൈനയുടെ വലിയൊരു ഭാഗവും മിസൈലിന്റെ പരിധിയില്‍ വരും.

എന്നാല്‍, കെ-12 ബാലിസ്റ്റിക് മിസൈലല്ല, അഗ്നി പരമ്പരയിലുള്ള മിസൈലാകും ഇന്ത്യ പരീക്ഷിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യ മിസൈല്‍ പരീക്ഷണത്തിന് പദ്ധയിട്ട അതേസമയത്താണ് ചൈനീസ് ചാരക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ എത്തുന്നത്. എന്നാല്‍, ഈ മാസം 12-ന് ചൈന ഒരു ഉപഗ്രഹ പരീക്ഷണം നടത്തുന്നുന്നെന്ന് അഭ്യൂഹങ്ങളുണ്ട്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഉപഗ്രഹത്തെ നിരീക്ഷക്കുകയാണ് യുവാന്‍ വാങ് 6-ന്റെ ദൗത്യമെന്നും നിരീക്ഷണങ്ങളുണ്ട്. ചൈന ഒരേ സമയം രണ്ട് ലക്ഷ്യങ്ങള്‍ വെയ്ക്കുന്നതായാണ് പ്രതിരോധ മേഖലയിലുള്ളവര്‍ പറയുന്നത്. ഉപഗ്രഹത്തെ നിരീക്ഷക്കുകയാണ് ദൗത്യമെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയുടെ മിസൈല്‍ പരീക്ഷണത്തെ നിരീക്ഷിക്കുകയാണ് ചൈന ലക്ഷ്യം വെയ്ക്കന്നതെന്നാണ് കരുതുന്നത്.

തുടരുന്ന ചൈനീസ് ചാരപ്രവര്‍ത്തനങ്ങള്‍

ഇന്ത്യയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചൈനയുടെ ചാരപ്രവര്‍ത്തനങ്ങള്‍ ഇതാദ്യമല്ല. ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ അടുത്ത കാലത്തായി തുടരുന്ന ചൈനീസ് നേവിയുടെ സാന്നിധ്യം ഓരേ സമയം ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. നേരത്തെ ഏഴോളം ചൈനീസ് യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ നാവികസേന ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തിരിച്ചറിഞ്ഞിരുന്നു. 2019-ല്‍ ചൈനീസ് ചാരക്കപ്പലായ സി യാന്‍ ഒന്ന് ആന്തമാനിലെ പോര്‍ട്ട് ബ്ലെയറിന് സമീപം എത്തിയിരുന്നു. ഇന്ത്യന്‍ നാവികസേന ഇടപെട്ടാണ് കപ്പലിനെ തുരത്തിയത്. വിഷയത്തെച്ചൊല്ലി ചൈനയുമായുള്ള നയതന്ത്രബന്ധത്തില്‍ ഉലച്ചിലുമുണ്ടായിരുന്നു. പിന്നീട് ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയുടെ കടുത്ത എതിര്‍പ്പും ആശങ്കകളും അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ 'യുവാന്‍ വാങ് 5' ശ്രീലങ്കന്‍ തുറമുഖത്ത് അടുത്തിരുന്നു. ഹംബന്‍ടോട്ട തുറമുഖത്ത് എത്തിയ കപ്പല്‍ ആറ് ദിവസത്തിന് ശേഷമാണ് മടങ്ങിയത്.

യുവാന്‍ വാങ് 5 ലങ്കന്‍ തീരത്തേക്ക് എത്തിയതില്‍ കടുത്ത ആശങ്കയാണ് ഇന്ത്യ ഉയര്‍ത്തിയത്. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ യാത്ര നീട്ടിവെയ്ക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളും ശ്രീലങ്കയും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന നിലപാടിലായിരുന്നു ചൈന. ശ്രീലങ്കയെ ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് ചൈന ആരോപിച്ചത്. ചൈനയും ശ്രീലങ്കയും തമ്മിലുള്ള സഹകരണം തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണണെന്ന് ചില കക്ഷികളോട് അഭ്യര്‍ഥിക്കുന്നു എന്നാണ് ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെ ചൈന വിഷയത്തില്‍ പ്രതികരിച്ചത്.

യുവാന്‍ വാങ് -5

ഒരേസമയം ഗവേഷണ ആവശ്യങ്ങള്‍ക്കും ചാരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന കപ്പലായിരുന്നു യുവാന്‍ വാങ് -5. യുവാന്‍ വാങ് ശ്രേണിയിലേ മൂന്നാം തലമുറ കപ്പലായ യുവാന്‍ വാങ് 5-ന് 222 മീറ്റര്‍ നീളവും 25.2 മീറ്റര്‍ വീതിയുമാണുള്ളത്. ഉപഗ്രഹങ്ങളെയും ബാലസ്റ്റിക് മിസൈലുകളേയും നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനുമുള്ള ശേഷി ഇതിനുണ്ട്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സിന്റെ (എസ്എസ്എഫ്) യൂണിറ്റിന്റെ നിയന്ത്രണത്തിലാണ് കപ്പല്‍. ചൈനയുടെ 708 റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്‍പ്പന ചെയ്ത കപ്പല്‍ 2007 സെപ്റ്റംബര്‍ 29-ന് ചൈനയിലെ ജിയാങ്‌നാന്‍ ഷിപ്പ് യാര്‍ഡിലാണ് നിര്‍മിച്ചത്.

മിസൈലുകളുടേയും റോക്കറ്റുകളുടേയും വിക്ഷേപണത്തിനും ട്രാക്കിംഗിനും സഹായകരമാകുന്ന മികച്ച ആന്റിനകളും അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്. കപ്പലില്‍ സമുദ്രാന്തര ബഹിരാകാശ നിരീക്ഷണത്തിനായി അത്യാധുനിക ട്രാക്കിംഗ് സാങ്കേതികവിദ്യയുണ്ട്. ചൈനയുടെ 'ലോംഗ് മാര്‍ച്ച് 5 ബി' റോക്കറ്റിന്റെ വിക്ഷേപണമായിരുന്നു യുവാന്‍ വാങ് 5-ന്റെ അവസാന നിരീക്ഷണദൗത്യം. ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തിന്റെ ആദ്യ ലാബ് മൊഡ്യൂളിന്റെ വിക്ഷേപണത്തില്‍ സമുദ്ര നിരീക്ഷണത്തിലും യുവാന്‍ വാങ് 5 ഉപയോഗിച്ചിരുന്നു.

Yuan Wang 5 | Photo: Ishara S. KODIKARA / AFP

യുവാന്‍ വാങ് - 6

 • യുവാന്‍ വാങ് 5-ന് സമാനമായി ഈ ശ്രേണിയിലേ മൂന്നാം തലമുറ കപ്പലാണ് യുവാന്‍ വാങ് ആറും. ഒരേ സമയം ഗവേഷണ ആവശ്യങ്ങള്‍ക്കും ചാരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന കപ്പല്‍.
 • ചൈനയുടെ 708 റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്‍പ്പന ചെയ്ത കപ്പല്‍ 2007 മാര്‍ച്ചില്‍ ചൈനയിലെ ജിയാങ്‌നാന്‍ ഷിപ്പ്യാര്‍ഡിലാണ് നിര്‍മിച്ചത്. 2008 ഏപ്രില്‍ 12ന് സേനയുടെ ഭാഗമായ കപ്പല്‍ ആ വര്‍ഷം ജൂലായിലാണ് പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമായത്.
 • 222.2 മീറ്റര്‍ നീളവും 25.2 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്.
 • ഉപഗ്രഹങ്ങളെയും ബാലസ്റ്റിക് മിസൈലുകളേയും നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനുമുള്ള ശേഷി ഇതിനുണ്ട്. കപ്പലില്‍ സമുദ്രാന്തര, ബഹിരാകാശ നിരീക്ഷണങ്ങള്‍ക്കായി അത്യാധുനിക ട്രാക്കിംഗ് സാങ്കേതികവിദ്യയുണ്ട്.
യുവാന്‍ വാങ് ചാരക്കപ്പലുകള്‍

 • യുവാന്‍ വാങ് -1, യുവാന്‍ വാങ് -2 എന്നിവ 1978-ല്‍ കമ്മിഷന്‍ ചെയ്തു
 • 191 മീറ്റര്‍ നീളവും 22.6 മീറ്റര്‍ വീതിയുമാണ് യുവാന്‍ വാങ് -1 ന് ഉണ്ടായിരുന്നത്. 192 മീറ്ററായിരുന്നു യുവാന്‍ വാങ് - രണ്ടിന്റെ നീളം
 • യുവാന്‍ വാങ് -1, യുവാന്‍ വാങ് -2 എന്നിവ 2010-ല്‍ ഡീക്കമ്മിഷന്‍ ചെയ്തു
 • പരമ്പരയിലെ രണ്ടാം തലമുറ കപ്പലായ യുവാന്‍ വാങ് -3 1994 ലാണ് കമ്മിഷന്‍ ചെയ്തത്.
 • 180 മീറ്റര്‍ നീളവും 22.2 വീതിയുമുള്ള യുവാന്‍ വാങ് -3 ജിയാങ്‌നാന്‍ ഷിപ്പ്യാര്‍ഡില്‍ തന്നെയാണ് നിര്‍മിച്ചത്.
 • 1998 കമ്മിഷന്‍ ചെയ്ത യുവാന്‍ വാങ് -4 2010-ല്‍ നിശിപ്പിച്ചുകളഞ്ഞു
 • യുവാന്‍ വാങ് ശ്രേണിയിലേ മൂന്നാം തലമുറ കപ്പലായ യുവാന്‍ വാങ് 5 2007-ലാണ് കമ്മിഷന്‍ ചെയ്തത്.
 • യുവാന്‍ വാങ് 5-ന് സമാന സവിശേഷതകളുള്ള യുവാന്‍ വാങ് -6
 • യുവാന്‍ വാങ് -7 ആണ് ഈ ശ്രേണിയിലെ മറ്റൊരു കപ്പല്‍
യുവാന്‍ വാങ് - 6 ലക്ഷ്യമിടുന്നതെന്ത്?

കപ്പല്‍ നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബാലിക്ക് സമീപമാണുള്ളത്. യുവാന്‍ വാങ്- 6 എവിടേക്കാണ് പോകുന്നതെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ മാസം നടക്കുന്ന രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങള്‍ നിരീക്ഷിക്കാനാണ് കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിക്കുന്നതെന്നാണ് ചൈനീസ് അധികൃതര്‍ നല്‍കുന്ന വിവരം. ചൈനീസ് ദൗത്യത്തിന്റെ സമയത്ത് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സമുദ്ര മേഖലയ്ക്ക് സമീപത്തേക്ക് കപ്പല്‍ എത്തിയേക്കുമെന്നാണ് വിവരം. ഇന്ത്യന്‍ മഹാസമുദ്ര മേഖയിലെ ചൈനീസ് നിയന്ത്രണത്തിലുള്ള ഏതെങ്കിലും തുറമുഖത്ത് കപ്പല്‍ അടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് കപ്പല്‍ പ്രവേശിച്ചാല്‍ ഇന്ത്യന്‍ നേവി നേരിടാനാണ് സാധ്യത.

നേരത്തെ യുവാന്‍ വാങ് -5 ഹംബന്‍ടോട്ടയില്‍ എത്തിയിരുന്നുവെങ്കിലും ഇതില്‍നിന്ന് വ്യത്യസ്തമായി യുവാന്‍ വാങ് - 6 ശ്രീലങ്കന്‍ തുറമുഖത്ത് അടുക്കുന്നതിനേക്കുറിച്ച് ചൈന ഒന്നും മിണ്ടിയിട്ടില്ല. ശ്രീലങ്കയിലേക്ക് കപ്പല്‍ അടുത്താലും ഇപ്പോഴത്തെ സ്ഥതിയില്‍ അത്ഭുതപ്പെടാനില്ല. സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ഇതുവരെ കരകയറാന്‍ സാധിക്കാത്ത ശ്രീലങ്ക ചൈനയില്‍നിന്ന് കൂടുതല്‍ സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ഒരു ആവശ്യം അവര്‍ മുന്നോട്ട് വെച്ചാല്‍ ലങ്കയ്ക്ക് തള്ളിക്കളയാനാകില്ല. ശ്രീലങ്കയിലോ പാകിസ്താനിലോ കപ്പല്‍ നങ്കൂരമിടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

യുവാന്‍ വാങ് - ആറിന്റെ നിലവിലെ സ്ഥാനം | Photo: Screengrab from marinetraffic.com

അതേസമയം, ഇന്ത്യന്‍ മഹാസമുദ്രത്തെക്കുറിച്ച് ചൈന കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടലിടുക്കുകളുടെ ദൂരപരിധിയും ആഴവും അളക്കാന്‍ ചാരക്കപ്പലിന്റെ മാപ്പിങ്ങിലൂടെ സാധിക്കും. ഇതിലൂടെ ചൈനീസ് അന്തര്‍വാഹിനികള്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലെ സാഹചര്യത്തെ കുറിച്ച് പഠിക്കാനാകുമെന്നാണ് വിവരം. മലാക്ക കടലിടുക്കിന് ബദലായി ചൈന മറ്റൊരു പാത തിരയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ മലാക്ക, സുന്ദ, ലംബോക്, ഒംബായ് കടലിടുക്കുകള്‍ വഴിയാണ് ചൈനീസ് കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിക്കുന്നത്. ഈ റൂട്ടുകളെല്ലാം പൂര്‍ണമായോ, ഭാഗികമായോ ഇന്‍ഡൊനീഷ്യയുടെ നിയന്ത്രണത്തിലാണ്. ആഫ്രിക്കയിലെ ജിബൂട്ടിയിലേക്ക് പിഎല്‍എ മറ്റൊരു സുരക്ഷിത പാത തേടുകയാണെനനാണ് വിവരം.

സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ

യുവാന്‍ വാങ് - ആറിന്റെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ എല്ലാ നീക്കങ്ങളും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. യുവാന്‍ വാങ് - 6 ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിച്ചുവെങ്കിലും ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് നിലപാടിലാണ് ഇന്ത്യ. 2019-ല്‍ ആന്തമാന്‍ തീരത്ത് ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ എത്തിയ ചൈനീസ് കപ്പല്‍ സി യാന്‍ ഒന്നിനെ നേരിട്ട അതേ രീതിയിലാകും യുവാന്‍ വാങ്ങിനേയും കൈകാര്യം ചെയ്യുകയെന്നാണ് നാവികവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Content Highlights: Chinese Spy Ship's Entry Into Indian Ocean Complicates India's Missile Test Plans


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented