-
1994-95 കാലഘട്ടത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി കെ കരുണാകരനെതിരെ ഉരുണ്ടുകൂടിയ പടനീക്കം അവസാനിച്ചത് ഒരു നേതൃമാറ്റത്തിലൂടെയായിരുന്നു. കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വീഴ്ത്തിയാണ് ആ പട അവസാനിച്ചത്. പകരം എ.കെ.ആന്റണി മുഖ്യമന്ത്രിയായി. 1969 ല്‍ ഒമ്പത് എം.എല്‍.എ മാരെയും കൂട്ടി ഐക്യജനാധിപത്യമുന്നണിക്ക് രൂപം നല്‍കിയ കരുണാകരനെയാണ് ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ തന്നെ ആന്റണി പക്ഷം താഴെയിറക്കിയത്. ഇതിനൊക്കെയും അതിസൂക്ഷ്മതയോടെയും തികഞ്ഞ കൗശലത്തോടെയും കരുക്കള്‍ നീക്കിയത് ആന്റണി പക്ഷത്തെ രണ്ടാമനായിരുന്ന ഉമ്മന്‍ചാണ്ടിയും. ഐ വിഭാഗം നേതാവായ കരുണാകരന്റെ കൈയില്‍ നിന്ന് മുഖ്യമന്ത്രിസ്ഥാനം ആന്റണി പക്ഷത്തിന്റെ പക്കലെത്തി. ഒപ്പം യു.ഡി.എഫ്. നേതൃത്വം ഉമ്മന്‍ചാണ്ടിയുടെ കൈകളിലേയ്ക്കുമൊതുങ്ങി.
2004 ല്‍ എ.കെ.ആന്റണി രാജിവെച്ചതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. എന്നും രണ്ടാമനായി കഴിയാന്‍ വിധിക്കപ്പെട്ടിരുന്ന ഉമ്മന്‍ചാണ്ടി അങ്ങനെ ഒന്നാമനായി. യു.ഡി.എഫ് നേതൃത്വവും മന്ത്രിസഭാ നേതൃത്വവും ഉമ്മന്‍ചാണ്ടിയുടെ കൈയ്യില്‍. മുമ്പൊരിക്കലുമില്ലാത്തവണ്ണം ഐക്യജനാധിപത്യമുന്നണി ശക്തമായ നിലയിലേക്കു വളര്‍ന്നു. നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി. ഒരുവശത്ത് കെ.എം.മാണി, മറുവശത്ത് പി.കെ.കുഞ്ഞാലിക്കുട്ടി. ഈ മൂന്നു നേതാക്കളായിരുന്നു ഐക്യജനാധിപത്യമുന്നണിയുടെ ആണിക്കല്ലുകള്‍. മുന്നണിക്കാലങ്ങളിലൊക്കെയും അവസാനവാക്ക് ഇവരുടേതായിരുന്നു. യു.ഡി.എഫ് രാഷ്ട്രീയം ഈ മൂവരിലേയ്ക്ക് ഉരുണ്ടുകൂടി.
കെ.എം.മാണി കേരള രാഷ്ട്രീയത്തില്‍ എന്നും തല ഉയര്‍ത്തിപ്പിടിച്ചു നിന്ന നേതാവായിരുന്നു.
1965 ലെ തിരഞ്ഞെടുപ്പുമുതല്‍ തുടര്‍ച്ചയായി 54 വര്‍ഷക്കാലം, അതായത് മരണം വരെ, പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാംഗം. മാണിയെ വെല്ലുവിളിക്കാന്‍ ആര്‍ക്കുമാവാതിരുന്ന അരനൂറ്റാണ്ടിലേറെ കാലം. 1980 ല്‍ ആന്റണി പക്ഷ കോണ്‍ഗ്രസിനൊപ്പം ഇടതുമുന്നണിയില്‍ ചേര്‍ന്ന ഹ്രസ്വകാലഘട്ടത്തില്‍പ്പോലും മാണിക്ക് ഒരു വലിയ തലയെടുപ്പുണ്ടായിരുന്നു. കേരളാകോണ്‍ഗ്രസിനുള്ളില്‍ മാണി കളികളേറെ കളിച്ചു. തന്ത്രങ്ങളും കുതന്ത്രങ്ങളുമൊക്കെ പരീക്ഷിച്ചുമുന്നേറി. തനിക്കെതിരെ തലപൊക്കുന്നവരെയൊക്കെ മാണി വെട്ടിവീഴ്ത്തി.
മാറിമാറി പ്രയോഗിച്ച തന്ത്രങ്ങളുടെ ഭാഗമായി കേരളാകോണ്‍ഗ്രസ് പാര്‍ട്ടിയെ സ്വന്തം ലക്ഷ്യം നേടാന്‍ പല തവണ പിളര്‍ത്തി. ആവശ്യം വന്നപ്പോള്‍ വേറിട്ടുനിന്ന കേരളാകോണ്‍ഗ്രസുകളെ മാണി തന്നെ സംയോജിപ്പിക്കുകയും ചെയ്തു. ഇതിനൊക്കെ ഒരു സിദ്ധാന്തവും അദ്ദേഹം അവതരിപ്പിച്ചു. പിളരും തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. ഇടതുമുന്നണിയിലായിരുന്ന പി.ജെ.ജോസഫിനെയും കൂട്ടരെയും യു.ഡി.എഫിലേയ്ക്കു കൊണ്ടുവരാനും സ്വന്തം പാര്‍ട്ടിയില്‍ ലയിപ്പിച്ചു പാര്‍ട്ടിയെ കൊഴുപ്പിക്കാനും മാണിക്കു കഴിഞ്ഞത് ഈ മെയ് വഴക്കം ഒന്നുകൊണ്ടുമാത്രമാണ്. കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മാണി തല ഉയര്‍ത്തി നിന്ന് പലവളയത്തിലൂടെയും ചാടി. വളയമൊന്നുമില്ലാതെയും ചാടി. തന്ത്രവും കുതന്ത്രവും തരംപോലെ പ്രയോഗിച്ചു.
കേരളാകോണ്‍ഗ്രസ് നേതൃത്വം മാണിയില്‍ നിന്ന് ജോസ് കെ മാണിയിലെത്തിയപ്പോഴേയ്ക്ക് കാര്യങ്ങളൊക്കെ കീഴ്മേല്‍ മറിഞ്ഞു. മാണിയുടെ പൈതൃകത്തില്‍ കെട്ടി ഉയര്‍ത്തിയ പാര്‍ട്ടിയെന്നു ജോസ് കെ മാണി തന്നെ കൊട്ടിഘോഷിച്ച കേരളാ കോണ്‍ഗ്രസിന് ആദ്യ തിരിച്ചടി തുടക്കത്തില്‍ തന്നെ കിട്ടി. അതും കേരളാകോണ്‍ഗ്രസിന്റെയും കെ.എം.മാണിയുടെ തന്നെയും തട്ടകമായ പാലായില്‍ നിന്ന്. ഉപതിരഞ്ഞെടുപ്പില്‍ പാലാ മാണിയുടെ പൈതൃകത്തെയും കേരളാ കോണ്‍ഗ്രസിനെയും പാടെ മറന്നു. 54 വര്‍ഷത്തെ മാണി ചരിതമാണ് പാലാ തിരുത്തിക്കുറിച്ച് ഇടതുപക്ഷത്തേയ്ക്ക് ചരിഞ്ഞത്.

ഇവിടെയാണ് ജോസ് കെ മാണിയുടെ നേതൃത്വം വിലയിരുത്തപ്പെടുന്നത്. സമകാലിക കേരള രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ പ്രസക്തിയെന്ത്? കേരള രാഷ്ട്രീയത്തില്‍ ജോസ് കെ മാണിയുടെ മൂല്യം എന്താണ്? അദ്ദേഹം നേതൃത്വം കൊടുക്കുന്ന കേരളാകോണ്‍ഗ്രസിനെക്കൊണ്ട് യു.ഡി.എഫിന് എന്തു പ്രയോജനം? ഒരു മുന്നണിയില്‍ നിന്ന് നിഷ്‌കരുണം പുറത്തേയ്ക്ക് വലിച്ചെറിയാനും മാത്രം വിലകുറഞ്ഞുവോ ജോസ് കെ മാണിക്കും കേരളാ കോണ്‍ഗ്രസിനും?
കേരളത്തില്‍ ഒരു മുന്നണിയും സ്വന്തം ഘടകകക്ഷികളിലൊന്നിനെ ഇങ്ങനെ ഒറ്റയടിക്ക് പുറത്താക്കാന്‍ ധൈര്യം കാണിക്കില്ല തന്നെ. ഐക്യജനാധിപത്യമുന്നണിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഇവിടെ മുഖത്തോടുമുഖം നോക്കി നിന്ന് ഏറ്റുമുട്ടുന്നത് ഏറെക്കുറെ തുല്യശക്തികളെന്ന നിലയ്ക്കാണ്. ചില സീറ്റുകളില്‍ ഏതെങ്കിലുമൊരു മുന്നണി സ്ഥാനാര്‍ത്ഥി ജയിക്കുന്നത് പലപ്പോഴും വിരലിലെണ്ണാവുന്നത്രയും വോട്ടിനും. ഇക്കാര്യം നോക്കുമ്പോള്‍ യു.ഡി.എഫ് നേതൃത്വം കാണിച്ചത് അതിസാഹസം തന്നെയെന്നെ പറയാനാവൂ.
ജോസ് കെ മാണിയെ ഒറ്റയടിക്ക് കൊച്ചാക്കാന്‍ കഴിഞ്ഞുവെന്ന കാര്യത്തില്‍ ഈ നീക്കത്തിനു മുന്‍കൈ എടുത്ത യു.ഡി.എഫ് നേതാക്കള്‍ക്ക് അഭിമാനിക്കാം. കേരളാ കോണ്‍ഗ്രസ് മുന്നണി വിഭാഗത്തിന്റെ മൂല്യം പെട്ടെന്നു കുറഞ്ഞിരിക്കുന്നു. യു.ഡി.എഫില്‍ കെ.എംമാണി പ്രതാപത്തോടെ കഴിയുന്ന കാലത്ത് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി ഉമ്മന്‍ചാണ്ടി ഭരണം അട്ടിമറിക്കാന്‍ സി.പി.എം രഹസ്യാലോചന നടത്തിയെന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ച ഒരു കാലമുണ്ടായിരുന്നുവെന്നും ഓര്‍ക്കണം. ചരല്‍ക്കുന്നു സമ്മേളനത്തില്‍ മുന്നണി വിടാന്‍ തീരുമാനിച്ച കെ.എം.മാണിയുടെ മൂല്യം എത്രയായിരുന്നു! ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ.കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചാണ് പാലായില്‍ കെ.എം.മാണിയുടെ വീട്ടിലെത്തി അദ്ദേഹത്തെ തിരികെ ക്ഷണിച്ചത്. ഇന്നിപ്പോള്‍ ജോസ് കെ മാണിക്ക് എത്രയുണ്ട് മൂല്യം? കൈയിലുള്ളത് രണ്ട് സായാഹ്ന സീറ്റുകള്‍. പിന്നെ ഒരു ലോക്സഭാ സീറ്റും ഒരു രാജ്യസഭാംഗത്വവും.
വിലപേശാനുള്ള ബലവും ഊര്‍ജ്ജവും തീരെ കുറഞ്ഞ് ചെറുതായിരിക്കുന്നു ജോസ് കെ മാണി. എന്‍.സി.പിക്കുപോലുമുണ്ട് മൂന്നു സീറ്റ്. അതില്‍ ഒന്ന് തോമസ് ചാണ്ടിയുടെ മരണം മൂലം ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍പോലും.
നാണക്കേടില്‍ നിന്നു തല ഉയര്‍ത്തി നേരെ നില്‍ക്കാന്‍ ജോസ് കെ മാണിക്ക് എന്തു ചെയ്യാനാവും? കണ്ണുമടച്ച് ഇടതു മുന്നണിയുമായി ധാരണയുണ്ടാക്കുക. ആഞ്ഞുപിടിച്ച് ഒരു മന്ത്രിസ്ഥാനം കൈക്കലാക്കുക. എന്‍.ജയരാജിനൊരു മന്ത്രിസ്ഥാനം മേടിച്ചു കൊടുക്കുക. ഇനിയുമുണ്ട് ഇടതുമുന്നണി ഭരണത്തിന് 11 മാസം. അല്ലെങ്കില്‍ ഡല്‍ഹിയിലേയ്ക്കു നോക്കാം. ജോസ് കെ മാണിക്ക് കൈയില്‍ ഒരു ലോക്സഭാ സീറ്റും രാജ്യസഭാസീറ്റുമുണ്ട്. പോരാത്തതിന് ഇതു കേരളവും. ബി.ജെ.പി സന്തോഷം കൊണ്ടു തുള്ളിച്ചാടും. ജോസ് കെ മാണിക്കു മന്ത്രിയാകാന്‍ പെടാപ്പാടുപെടേണ്ടി വരില്ല തീര്‍ച്ച. മന്ത്രിയായാല്‍ നാലുവര്‍ഷം കൈയില്‍ കിട്ടും. എന്തായിരിക്കും ജോസ് കെ മാണിയുടെ പുതിയമൂല്യം?
കെ.എം.മാണിയായിരുന്നെങ്കില്‍ യു.ഡി.എഫ് നേതൃത്വം ഇതുപോലൊരു നടപടി സ്വീകരിക്കാന്‍ തയ്യാറാവുമായിരുന്നോ? തയ്യാറായാല്‍ തന്നെ തിരിച്ചടിക്കാന്‍ കെ.എം.മാണി എത്രയെത്ര വഴികള്‍ കണ്ടുപിടിക്കുമായിരുന്നു? അതു കെ.എം.മാണി. ഇതു ജോസ് കെ മാണി.
മാണിയോളം വരുമോ ജോസ് കെ മാണി.
Contente Highlights: Jose K Mani, P J Joseph
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..