മഹാരാഷ്ട്രയിലെ ബി.ജെ.പി. തന്ത്രം ബിഹാറില്‍ ഒത്തില്ല, നീക്കം തിരിച്ചറിഞ്ഞ് നിതീഷിന്റെ കടുംവെട്ട്


അജ്മല്‍ മൂന്നിയൂര്‍

ബിഹാറില്‍ ഭരണപക്ഷത്തായിരുന്നെങ്കിലും നിതീഷിന് പിന്നില്‍ നില്‍ക്കാനെ ബിജെപിക്ക് സാധിച്ചിരുന്നുള്ളൂ

നിതീഷ്, അമിത് ഷാ

കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സംസ്ഥാനങ്ങളെ എളുപ്പത്തില്‍ പിടിച്ചെടുക്കാനായെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ഇടങ്ങള്‍ ബി.ജെ.പിക്ക് എന്നും വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങളില്‍ ഇടംലഭിക്കുന്നതിന് അവര്‍ക്ക് പ്രത്യേക പദ്ധതികളും ശ്രദ്ധയുമുണ്ട്. പശ്ചിമ ബംഗാള്‍ തെലങ്കാന, ബിഹാര്‍, തമിഴ്‌നാട് തുടങ്ങിയ ബി.ജെ.പി. പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനങ്ങളാണ്. വട്ടപ്പൂജ്യമായിരുന്ന ബംഗാളില്‍ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ബി.ജെ.പി. മുഖ്യപ്രതിപക്ഷമായത്. 2021-ലെ തിരിഞ്ഞെടുപ്പിന് മുമ്പ് നേതാക്കളെ അടര്‍ത്തിയെടുത്ത് മമതയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ബി.ജെ.പിയുടെ കോലാഹലങ്ങള്‍ തന്റെ വോട്ടുബാങ്കില്‍ ഒരു പോറലുമേല്‍പ്പിക്കാനായിട്ടില്ലെന്ന് മമത തിരഞ്ഞെടുപ്പില്‍ തെളിയിച്ചു. എന്നാല്‍, മൂന്ന് സീറ്റില്‍നിന്നും അഞ്ചുവര്‍ഷം കൊണ്ട് ബി.ജെ.പി. 70-ലധികം സീറ്റ് പിടിച്ചെടുത്തത് നിസാരമായി കാണാനാകില്ല. കോണ്‍ഗ്രസിന്റേയും സി.പി.എമ്മിന്റേയും വോട്ടുകളാണ് അവര്‍ സ്വന്തമാക്കിയതെന്ന് കണക്കുകള്‍ പറയുന്നുണ്ട്.

തമിഴ്‌നാട്ടില്‍ ജയലളിതയുടെ അഭാവത്തില്‍ എ.ഐ.എ.ഡി.എം.കെയെ വിഴുങ്ങാനുള്ള പദ്ധതി ബി.ജെ.പിക്ക് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ളതാണ്. രജനികാന്തിനെ രംഗത്തിറക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും ജയലളിതയുടെ പാര്‍ട്ടിയിലെ സമീപകാല പിളര്‍പ്പുകളിലും പൊട്ടിത്തെറികളിലും ബി.ജെ.പി. പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ലക്ഷ്യമിടുന്ന 'മിഷന്‍ ദക്ഷിണേന്ത്യ 2024' പ്രവര്‍ത്തനപരിപാടിക്ക് തെലങ്കാനയില്‍ രണ്ടുമാസം മുമ്പ് നടന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ അംഗീകാരം നല്‍കിയിരുന്നു. ദക്ഷിണേന്ത്യയില്‍ തങ്ങളുടെ ആദ്യലക്ഷ്യങ്ങള്‍ തെലങ്കാനയും തമിഴ്നാടുമാണെന്ന് ഈ യോഗത്തില്‍ ബി.ജെ.പി. പ്രഖ്യാപിച്ചതാണ്. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മുതലെടുത്ത് തെലങ്കാനയിലും എ.ഐ.എ.ഡി.എം.കെയുടെ ക്ഷീണം ഉപയോഗിച്ച് തമിഴ്നാട്ടിലും മുഖ്യപ്രതിപക്ഷമായി വളരുകയാണ് ആദ്യനടപടിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ്. മേധാവിയുമായ ചന്ദ്രശേഖര റാവുവിന്റെ സമീപകാല മോദി വിരുദ്ധത പാര്‍ട്ടി തെലങ്കാനയില്‍ ചുവടുറപ്പിച്ചതിന്റെ ലക്ഷണങ്ങളാണെന്നാണ് ബി.ജെ.പി. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ബിഹാറില്‍ ഭരണപക്ഷത്തായിരുന്നെങ്കിലും നിതീഷിന് പിന്നില്‍ നില്‍ക്കാനെ ബി.ജെ.പിക്ക് സാധിച്ചിരുന്നുള്ളൂ. എന്‍.ഡി.എയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ തന്നെ ബി.ജെ.പിയുടെ പലനിലപാടുകള്‍ക്കും നയങ്ങള്‍ക്കും എതിരായ സമീപനമാണ് നിതീഷ് സ്വീകരിച്ചിരുന്നത്. ഭരണമുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായിരുന്നിട്ടും ബി.ജെ.പിക്ക് തങ്ങളുടെ നയങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തി പുകഞ്ഞിരുന്നു. തങ്ങളേക്കാളും സീറ്റുകള്‍ കുറഞ്ഞിട്ടും നിതീഷിനെ തന്നെ മുഖ്യമന്ത്രിയാക്കാനുള്ള ബി.ജെ.പിയുടെ മഹാമനസ്‌കത ബിഹാറിലെ ജെ.ഡി.യു. വോട്ടുബാങ്കില്‍ കണ്ണുവെച്ചുകൊണ്ട് തന്നെയായിരുന്നു. വര്‍ഷങ്ങളോളം ബിഹാറിന്റെ മുഖ്യമന്ത്രിയായിട്ടുള്ള നിതീഷിന് തന്റെ പാര്‍ട്ടിയിലെ ഒരു രണ്ടാമനെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടില്ല. പ്രാദേശിക പാര്‍ട്ടികളേയും 'ഒറ്റനേതാവ്' പാര്‍ട്ടികളേയും കവര്‍ന്നെടുക്കാനുള്ള ബി.ജെ.പി. പദ്ധതികള്‍ക്ക് ഇത് ഏറെ സഹായകരവുമായിരുന്നു. 2020-ല്‍ മുതല്‍ നിതീഷിനെ അസ്ഥിരപ്പെടുത്താനും താഴെയിറക്കാനും ബിജെപി ഗൂഢാലോചന നടത്തുന്നുണ്ടെന്ന ആരോപണങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

മോദി-അമിത് ഷാ സഖ്യത്തോടുള്ള എതിര്‍പ്പ്

ബി.ജെ.പിയുമായി ദീര്‍ഘകാല ബന്ധം നിതീഷിനുണ്ടെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയുമായി അത്ര രസത്തിലല്ലായിരുന്നു നിതീഷ്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ജെ.ഡി.യു. എന്‍.ഡി.എ. സഖ്യത്തില്‍നിന്ന് പുറത്തുവന്ന് ആര്‍.ജെ.ഡിയുമായി സഖ്യം രൂപീകരിച്ചത്. തുടര്‍ന്ന് ആര്‍.ജെ.ഡിയുമായി ചേര്‍ന്ന് ബിഹാറില്‍ ഭരണം നിലനിര്‍ത്തി. തുടര്‍ന്ന് നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി. എന്നിവരെ കൂടെ ചേര്‍ത്ത് മഹാസഖ്യം രൂപീകരിച്ച് ഭരണത്തിലേറുകയും ചെയ്തു. അന്നത്തെ ഉപമുഖ്യമന്ത്രി ആയിരുന്ന തേജസ്വി യാദവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് ജെ.ഡി.യു. മഹാസഖ്യത്തില്‍ നിന്ന് പുറത്തുവന്നത്. പിന്നാലെ ബി.ജെ.പി. പിന്തുണയോടെ വീണ്ടും അധികാരത്തില്‍ എത്തുകയായിരുന്നു.

ഉദ്ധവിനെ അട്ടിമറിച്ചതിന് സമാനമായ നീക്കം

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറയെ അട്ടിമറിച്ചതിന് സമാനമായ ഒരും നീക്കം ബി.ജെ.പി. ബിഹാറിലും നടത്താന്‍ ശ്രമിച്ചെന്നും അത് തങ്ങള്‍ മുളയിലെ നുള്ളി കളഞ്ഞെന്നുമാണ് ജെ.ഡി.യു. നേതാക്കള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. അടുത്തിടെ പാര്‍ട്ടി വിട്ട നിതീഷിന്റെ മുന്‍ വിശ്വസ്തനും കേന്ദ്രമന്ത്രി കൂടിയായിരുന്ന ആര്‍.സി.പി. സിങിനെ മുന്‍നിര്‍ത്തിയാണ് ജെ.ഡി.യുവിനെ പിളര്‍ത്താന്‍ ശ്രമിച്ചതെന്നാണ് പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിരാഗ് പാസ്വാനെ മുന്‍നിര്‍ത്തി തങ്ങളുടെ സീറ്റുകള്‍ വെട്ടികുറയ്ക്കാന്‍ ബി.ജെ.പി. ഗൂഢനീക്കം നടത്തിയെന്നും ജെ.ഡി.യു. ആരോപിക്കുന്നു. ഈ രണ്ട് നീക്കങ്ങളിലും ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈകളുണ്ടെന്നാണ് നിതീഷ് ഉറച്ച് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നിതീഷുമായി അടുപ്പം പുലര്‍ത്തുന്നവരെ മന്ത്രിസഭയില്‍നിന്ന് മാറ്റി നിര്‍ത്തുകയും ചില അപ്രതീക്ഷിത മുഖങ്ങളെ കൊണ്ടുവരികയും ചെയ്തതിന് പിന്നിലും ഗൂഢാലോചനകളുണ്ടെന്നാണ് ജെ.ഡി.യു. പറയുന്നത്. ഉപമുഖ്യമന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ മോദിയെ അടക്കം മാറ്റിയതും ഇതിന്റെ ഭാഗമാണ്.

നമ്പര്‍ ഗെയിം

243 ബിഹാര്‍ നിയമസഭയിലേക്ക് 2020-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി ആര്‍.ജെ.ഡി. ആയിരുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി. 74 സീറ്റുകള്‍ നേടി ബി.ജെ.പി. രണ്ടാമതെത്തി. 43 സീറ്റുകള്‍ ജെ.ഡി.യുവിനും ലഭിച്ചു. ജെ.ഡി.യു.-ബി.ജെ.പി. സഖ്യം അധികാരത്തിലേറി. ഇതിനിടെ എന്‍.ഡി.എ. സഖ്യകക്ഷിയായ വികാസ്ഷീല്‍ ഇഹ്‌സാന്‍ പാര്‍ട്ടിയെ പിളര്‍ത്തി അവരുടെ നാലില്‍ മൂന്ന് എം.എല്‍.എമാരേയും ബി.ജെ.പിയില്‍ ചേര്‍ത്തി. ഇതോടെ 77 സീറ്റുകളോടെ ബി.ജെ.പി. ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. കൃത്യമായ അജണ്ടകളോടെയായിരുന്നു ബി.ജെ.പി. ഈ നീക്കം നടത്തിയതെന്നാണ് ജെ.ഡി.യു. ഇപ്പോള്‍ ആരോപിക്കുന്നത്.

തൊട്ടുപിന്നാലെ ഒവൈസിയുടെ പാര്‍ട്ടിയുടെ നാല് എം.എല്‍.എമാരെ അടര്‍ത്തികൊണ്ട് ആര്‍.ജെ.ഡി. ഈ സ്ഥാനം തിരിച്ചുപിടിക്കുന്ന കാഴ്ചയും കണ്ടു. ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പിടിച്ചെടുത്തത് അടക്കം ആര്‍.ജെ.ഡിക്ക് നിലവില്‍ 80 സീറ്റുകളാണ് ഉള്ളത്. ഒരു രാഷ്ട്രീയ അസ്ഥിരത വന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ആദ്യം വിളിക്കുക ഏറ്റവും വലിയ ഒറ്റകക്ഷിയെ ആയിരിക്കുമെന്നത് കൊണ്ട് തന്നെ ബി.ജെ.പിയുടേയും ആര്‍.ജെ.ഡിയുടേയും കണക്കിലെ കളികളിലും കാര്യമുണ്ട്.

ആരാണ് ആര്‍.സി.പി. സിങ്

ഒരു കാലത്ത് നിതീഷിന്റെ അടുത്ത അനുയായി ആയിരുന്നു കഴിഞ്ഞ ദിവസം രാജിവെച്ച ആര്‍.സി.പി. സിങ്. 1984 ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1996-ല്‍ അന്നത്തെ കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായപ്പോഴാണ് നിതീഷുമായി ആര്‍.സി.പി. സിങ് അടുക്കുന്നത്. ഇരുവരും ബിഹാറിലെ നളന്ദ ജില്ലയില്‍ നിന്നുള്ളവരാണ്, ഒപ്പം കുര്‍മി സമുദായക്കാരുമാണ്, ഇത് അവര്‍ക്കിടയില്‍ ഒരു ബന്ധം സൃഷ്ടിച്ചു. ഒപ്പം തന്നെ ഒരു ബ്യൂറോക്രാറ്റ് എന്ന നിലയില്‍ ആര്‍സിപി സിംഗിന്റെ പ്രവര്‍ത്തനവും നിതീഷിന് മതിപ്പുണ്ടാക്കി. കേന്ദ്ര റെയില്‍വേ മന്ത്രി ആയതിന് പിന്നാലെ ആര്‍.സി.പി. സിങിനെ നിതീഷ് സ്‌പെഷ്യല്‍ സെക്രട്ടറിയാക്കി നിയമിച്ചു. ഇതോടെ ഇരുവരും കൂടുതല്‍ അടുത്തു.

ആര്‍.സി.പി. സിങ്

നിതീഷ് മുഖ്യമന്ത്രി ആയതോടെ ആര്‍.സി.പി. സിങ് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി. യുപി കേഡറുകാരനായ ആര്‍സിപി സിങിനെ ഈ പദവിയിലിരുത്തിയത് ബിഹാറിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തി സൃഷ്ടിച്ചിരുന്നു. 2010-ല്‍ ഐ.എ.എസ്. പട്ടം ഒഴിവാക്കി രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹത്തിന് നിതീഷ് രാജ്യസഭാ സീറ്റ് നല്‍കി. 2016-ല്‍ വീണ്ടും തിരഞ്ഞെടക്കപ്പെട്ടു. നിതീഷിന്റെ പാര്‍ട്ടിയിലെ രണ്ടാമനായി വളര്‍ന്ന ആര്‍.സി.പി. സിങ് ജെ.ഡി.യുവിന്റെ നിര്‍ണായക തീരുമാനങ്ങളില്‍ പങ്കാളിയായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി, രാജ്യസഭാ എം.പി., ദേശീയ പ്രസിഡന്റ് തുടങ്ങി പാര്‍ട്ടി അധ്യക്ഷന്‍ വരെയുള്ള ഉയര്‍ന്ന പദവികള്‍ വഹിച്ച സിങിന്റെ വളര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ പലരും ആശ്ചര്യത്തോടെയാണ് നോക്കി കണ്ടത്.

ആര്‍.സി.പി. സിങുമായുള്ള വിള്ളല്‍

രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണ സമയത്താണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. നിതീഷ് കുമാറിന്റെ പാര്‍ട്ടി ആദ്യം മോദി സര്‍ക്കാരില്‍ ചേര്‍ന്നിരുന്നില്ല. 2019-ല്‍ തന്റെ നിലപാടില്‍ അദ്ദേഹം അയവ് വരുത്തി. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട നിതീഷ് ഒന്ന് ആര്‍.സി.പി. സിങിനും മറ്റൊന്ന് ലാലന്‍ സിങിനുമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, അത് ഫലവത്തായില്ല. കേന്ദ്ര മന്ത്രിസഭയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. 2021-ല്‍ മോദി സര്‍ക്കാര്‍ മന്ത്രിസഭ വിപുലീകരിച്ചപ്പോള്‍ ആര്‍.സി.പി. സിങിനെ മന്ത്രിയാക്കി. നിതീഷുമായി കൂടിയാലോച നടത്താതെയുള്ള നീക്കമായിരുന്നു ഇത്. മാസങ്ങള്‍ക്ക് ശേഷം ആര്‍.സി.പി. സിങിന്റെ രാജ്യസഭാ കാലവധി അവസാനിക്കാനായതോടെ വീണ്ടും സീറ്റ് നല്‍കാന്‍ നിതീഷ് തയ്യാറായില്ല. ജെ.ഡി.യുവിന്റെ ജാര്‍ഖണ്ഡ് മേധാവി ഖീറു മെഹ്തുവിന് പകരം സീറ്റ് നല്‍കി. കാലാവധി തീര്‍ന്ന ആര്‍.സി.പി. സിങിന് മന്ത്രിസ്ഥാനം നഷ്ടമായി. പാര്‍ട്ടിയിലെ രണ്ടാമനെ കണ്ടെത്താനുള്ള നിതീഷിന്റെ രണ്ടാത്തെ ശ്രമമാണ് ആര്‍സിപി സിങിലൂടെ പാളിയത്. നേരത്തെ പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലെത്തിച്ച് ഉപാധ്യക്ഷനാക്കി അവരോധിച്ചെങ്കിലും അധികകാലം അദ്ദേഹം തുടര്‍ന്നില്ല.

മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നാലെയാണ് ആര്‍സിപി സിങ് ജെഡിയുവിനെ പിളര്‍ത്താന്‍ ശ്രമിച്ചതെന്നാണ് പറയപ്പെടുന്നത്. ഇതിന് ബിജെപിയുടെ പിന്തുണയും ഉണ്ടായിരുന്നതായി ജെഡിയു ആരോപിക്കുന്നു. വിമതനീക്ക സൂചനകളില്‍ വ്യക്തത വന്നതിന് പിന്നാലെയാണ് ബിജെപിയുമായി ബന്ധം അവസാനിപ്പിക്കുന്നതിനുള്ള അതിവേഗ നടപടികളിലേക്ക് നിതീഷ് കടന്നത്.

Content Highlights: BJP's strategy in Maharashtra does not work in Bihar, Nitish realizes the move


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented