മേക്കോവർ രാഹുലിന് മാത്രമോ? പാതി പിന്നിട്ട യാത്രയ്ക്ക് എത്ര മാർക്കി​ടാം?


കെ.പി നിജീഷ് കുമാര്‍ശ്വാസം മുട്ടിക്കുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് അത് മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്കും ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയ്ക്കും പ്രസക്തി കുറഞ്ഞിട്ടില്ല എന്നത് സത്യമാണ്. പക്ഷെ തിരിച്ചുവരാന്‍ ശ്രമിക്കുന്നതിന് പകരം പല വഴിക്ക് തെറിച്ചുപോവുന്ന കോണ്‍ഗ്രസിനെയാണ് കഴിഞ്ഞ കുറച്ചു കാലമായി കണ്ടുവരുന്നത്.

In Depth

രാഹുൽഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ|AP

രാഹുല്‍ ഗാന്ധിയിപ്പോള്‍ പുതിയ രൂപത്തിലാണ്. കട്ടത്താടിയും തവിട്ട് നിറവും നീണ്ട മുടിയും. തന്റെ പ്രായത്തിനപ്പുറത്തുള്ള രൂപത്തിലേക്ക് ഭാരത് ജോഡോ യാത്ര രാഹുലിനെ മാറ്റിയിരിക്കുന്നു. വരുന്ന അഞ്ചുമാസത്തിനുള്ളില്‍ അദ്ദേഹം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന യാത്ര രാഹുലിന്റെ മേക്കോവറായി. ഗൗരവമേറിയതും കഠിനാധ്വാനിയുമായ ഒരു രാഷ്ട്രീയ നേതാവിന്റെ ചിത്രമാണ് ഓരോ യാത്രയും പൂര്‍ത്തിയാക്കുമ്പോള്‍ രാഹുല്‍ കോണ്‍ഗ്രസിന് സമ്മാനിക്കുന്നത്. രാഷ്ട്രീയ ധാര്‍മിക നഷ്ടപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയത്തിന് രാഹുല്‍ നല്‍കുന്ന നവീകരണമാണ് ഭാരത് ജോഡോ യാത്രയെന്നാണ് കോണ്‍ഗ്രസുകാര്‍ യാത്രയെ വിശേഷിപ്പിക്കുന്നത്. പക്ഷേ, രാഹുലിന്റെ യാത്രകൊണ്ട് മാത്രം കോണ്‍ഗ്രസിന് തിരിച്ചുവരാനുമോ?

രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ|AP

രാജീവ് ഗാന്ധിമുതല്‍ എല്‍.കെ ആദ്വാനിയടക്കമുള്ളവരുടെ പദയാത്രകള്‍ ആ പാര്‍ട്ടിയേയും നേതാവിനേയും ആ കാലത്ത് വളര്‍ത്തിയിട്ടേയുള്ളൂവെന്നാണ് രാഷ്ട്രീയ ചരിത്രം നല്‍കുന്ന പാഠം. പക്വതയുള്ള നരച്ച താടിയുള്ള വിന്റേജ് ലുക്കുള്ള നേതാവിലേക്കുള്ള രാഹുലിന്റെ മാറ്റത്തില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെങ്കിലും കോണ്‍ഗ്രസിസ് ഒരു പുതിയ തുടക്കത്തിനുള്ള സാധ്യതയാണ് ജോഡോ യാത്ര നല്‍കുന്നത്. സാധാരണ ജനങ്ങള്‍ക്കിടയിലുള്ള കോണ്‍ഗ്രസിന്റെ പരമ്പരാഗത വേരുകളെ ഒരിക്കല്‍കൂടെ തിരിച്ചുപിടിക്കാന്‍ കഴിയും. 3570 കി.മി നീണ്ട റോഡ് യാത്ര രാഹുലിനെ മാറ്റുന്നത്
പപ്പുവെന്ന കളിയാക്കലില്‍ നിന്നും ഗൗരവമുള്ള രാഷ്ട്രീയ നേതാവിലേക്കാണ്. യാത്രയിലുടനീളം രാഹുല്‍ ആളുകളെ കാണുന്നു അവരോട് ചേര്‍ന്ന് നില്‍ക്കുന്നു. ജനങ്ങളെ ആലിംഗനം ചെയ്യുകയും സംസാരിക്കുകയും ചെയ്യുന്നു. ഇത് രാഹുലിനോടുള്ള ജനങ്ങള്‍ക്കുള്ള അടുപ്പം വര്‍ധിപ്പിച്ചുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷെ ദക്ഷിണേന്ത്യ കഴിഞ്ഞ് ഉത്തരേന്ത്യയിലൂടെ രാഹുലിന്റെ യാത്ര കടന്നുപോവുമ്പോള്‍ സംഘടന തന്നെ നാമാവശേഷമായ നിരവധി സംസ്ഥാനങ്ങളെയാണ് ജാഥാ ക്യാപ്റ്റന് അഭിമുഖീകരിക്കേണ്ടി വരുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പെ ഇവിടങ്ങളില്‍ പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ എന്ത് മാജിക്ക് വടിയാണ് രാഹുല്‍ പ്രയോഗിക്കുക എന്നതാണ് കണ്ടറിയേണ്ടത്.

അദ്വാനിയുടെ രഥയാത്ര ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് ഹിന്ദുത്വ അജണ്ട ഉറപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ആറ് പതിറ്റാണ്ടിലേറെ രാജ്യത്തുണ്ടായിരുന്നുവെങ്കിലും ബിജെപിയുടേയും ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവും അജണ്ടയും വോട്ടര്‍മാര്‍ക്കിടയില്‍ തുറന്നുകാട്ടാന്‍ ആദ്വാനിയുടെ യാത്രയ്ക്കാണ് സാധിച്ചത്. ഹിന്ദുത്വ എന്നത് പ്രധാന ചർച്ചാവിഷയമായി. കോണ്‍ഗ്രസിന്റെ മതേതര അജണ്ടയ്ക്ക് പകരം മറ്റൊരു രാഷ്ട്രീയം അദ്വാനി മുന്നോട്ടുവെച്ചു. വാജ്പേയിക്ക് ശേഷം നരേന്ദ്രമോദി അധികാരത്തിലേറിയതോടെ അത് ബിജെപിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായി. രൂപം കൊണ്ടും ഭാവം കൊണ്ടും മോദി ബിജെപിയുടെ പുതിയ മുഖമായി. തുടര്‍ന്നിങ്ങോട്ട് നെഹ്റൂവിയന്‍ കാഴ്ചപ്പാടില്‍ നിന്നും വിട്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്ന കാഴ്ച കണ്ടു. സോണിയാഗാന്ധിയെ അടക്കം ചോദ്യം ചെയ്യുന്ന ജി.23 നേതാക്കള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നു.

രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്ക് മുന്‍പ്‌|AP

ഹിന്ദുത്വ രാഷ്ട്രീയമാണ് മോദിയുടെ മുഖമുദ്രയെങ്കിലും ഇത് വോട്ട് രാഷ്ട്രീയമായി മാറുന്നുവെന്ന് കണ്ടതോടെ പ്രതിപക്ഷവും കോപ്പിയടിച്ചു. അഴിമതിക്കെതിരേ മാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് രംഗത്ത് വന്ന ആം ആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഹിന്ദുത്വ അജണ്ടയ്ക്ക് പുറകെ പോവുന്നു. ഏക സിവില്‍ കോഡ്, കറന്‍സികള്‍ക്ക് മുകളില്‍ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്റേയും ചിത്രം ഉള്‍പ്പെടുത്തണം തുടങ്ങിയ പരാമര്‍ശങ്ങള്‍ കെജ്രിവാളിന്റെ ഹിന്ദുത്വ അജണ്ടയുടെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെട്ടു. ഇതിനിടെയാണ് രാഷ്ട്രീയ ബദല്‍തേടിയുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര. ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദല്‍ മൃദുഹിന്ദുത്വമല്ലെന്ന് പറയുന്നു രാഹുല്‍. പക്ഷെ ഹിന്ദുത്വത്തെ അപ്പാടെ നിരസിക്കാനും വയ്യ.

രാഹുലിന്റെ യാത്രയ്ക്ക് കോണ്‍ഗ്രസുകാരെ പ്രചോദിപ്പിക്കാനും അവരെ യുദ്ധസജ്ജരാക്കാനും ദീര്‍ഘനാളത്തേക്ക് നിലനിര്‍ത്താനും കഴിയുമെങ്കില്‍ അത് വലിയ വിജയമായിരിക്കും. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സിപിഎമ്മിന്റേയുമൊക്കെ ഏറ്റവും വലിയ ശക്തികളിലൊന്ന് അവരുടെ സംഘടനാ ബോധവും അച്ചടക്കവുമാണ്. കോണ്‍ഗ്രസിന് അതില്ല. അവരുടെ നേതാക്കള്‍ മടിയന്മാരായി, പോരാടാനുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ടു. പുതിയ കേഡര്‍ വികസിപ്പിക്കേണ്ടതുണ്ട്. ഇതാണ് ഏറ്റവും കഠിനമായ ദൗത്യം.

രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ|AP

2024-ല്‍ മോദിക്കെതിരേയുള്ള ദേശീയ ബദലാണ് രാഹുലിന്റെ ലക്ഷ്യമെങ്കില്‍ പ്രമുഖ പ്രതിപക്ഷ നേതാക്കളായ കെജ്രിവാള്‍, മമത ബാനര്‍ജി, ചന്ദ്രശേഖര്‍ റാവു, നിതീഷ് കുമാര്‍ എന്നിവരൊക്കെ പല വഴിക്കാണ്. പലരും പ്രധാനമന്ത്രി സ്ഥാനം സ്വപ്നം കണ്ട് നടക്കുന്നവര്‍. ഇവരെ ഒരുമിപ്പിക്കുക എന്നത് അത്ര നിസ്സാരമായ കാര്യമില്ല. ഇതിനിടയിലേക്കാണ് രാഷ്ട്രീയ ബദല്‍ തേടിയുള്ള ജോഡോ യാത്ര മുന്നേറുന്നത്. ശ്വാസംമുട്ടിക്കുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് അത് മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്കും ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയ്ക്കും പ്രസക്തി കുറഞ്ഞിട്ടില്ല എന്നത് സത്യമാണ്. പക്ഷെ തിരിച്ചുവരാന്‍ ശ്രമിക്കുന്നതിന് പകരം പല വഴിക്ക് തെറിച്ചുപോവുന്ന കോണ്‍ഗ്രസിനെയാണ് കഴിഞ്ഞ കുറച്ചു കാലമായി കണ്ടുവരുന്നത്.

ഹിമാചല്‍, ഗുജറാത്ത് ആദ്യ വെല്ലുവിളി
വരാനിരിക്കുന്ന ഗുജറാത്ത് ഹിമാചല്‍ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന് മുന്നിലെ നിലവിലെ പ്രധാന വെല്ലുവിളി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ട് രാഹുല്‍ നടത്തുന്ന ജോഡോ യാത്രയുടെ ആദ്യ പ്രതിഫലനം കൂടിയായി മാറും ഈ തിരഞ്ഞെടുപ്പ്. ഒപ്പം പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കീഴിലെ ആദ്യ പോരാട്ടവും. ഗുജറാത്തില്‍ വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും ഹിമാചലിലെ പോരാട്ടം കോണ്‍ഗ്രസിന്റെ അഭിമാന പോരാട്ടം കൂടിയാണ്. രണ്ടിടത്തും തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ|ANI

1995-ല്‍ ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം പിന്നീട് കോണ്‍ഗ്രസിന് സംസ്ഥാനത്ത് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇവിടെ ബി.ജെ.പിയെ ഞെട്ടിച്ചുവെങ്കിലും സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെ 16 എം.എല്‍.എമാര്‍ രാജിവെച്ചു. മിക്കവാറും ബി.ജെ.പി പാളയത്തില്‍ ചേക്കേറി. നിലവില്‍ കോണ്‍ഗ്രസിന്റെ അംഗബലം 66 ആണ്‌. കോണ്‍ഗ്രസിന് പകരക്കാരനായി ഇവിടെ ഇന്ന്‌ ആം ആദ്മി പാര്‍ട്ടിയുണ്ട്. ബിജെപി വിരുദ്ധ യുവമുഖങ്ങളെന്ന് അറിയപ്പെട്ട ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവരില്‍ കോണ്‍ഗ്രസിന് ബാക്കിയുള്ളത് മേവാനി മാത്രമാണ്. ബാക്കി രണ്ടുപേരും ബിജെപിയില്‍ ചേര്‍ന്നു.

രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ|AP

അഞ്ചുവര്‍ഷം കൂടുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ചിരുന്ന ഹിമാചലില്‍ പുതിയ ചരിത്രം എഴുതിച്ചേര്‍ക്കാനുള്ള പ്രവര്‍ത്തനമാണ് ആം ആദ്മി മുന്നോട്ട് വെക്കുന്നത്. ഓഫര്‍പൊളിറ്റിക്സ് പയറ്റുന്നതിനൊപ്പം മോദിയുടെ ഹിന്ദുത്വ അജണ്ട കൂടി കോപ്പിയടിച്ചുള്ള പ്രചാരണം. ഹിമാചലില്‍ ഭരണവിരുദ്ധ വികാരത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കോണ്‍ഗ്രസുള്ളതെങ്കില്‍ നേതൃത്വ ബാഹുല്യവും വിമതശല്യവും പ്രശ്നം രൂക്ഷമാണ്. ആറുവട്ടം മുഖ്യമന്ത്രി പദം വഹിച്ച തലപ്പൊക്കമുള്ള നേതാവായ വിരഭദ്രസിങ്ങിന്റെ വിയോഗമാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായത്. ആ ശൂന്യത അദ്ദേഹത്തിന്റെ ഭാര്യ പ്രതിഭാസിങ്ങിനെ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് നികത്താന്‍ ശ്രമിക്കുന്നത്. ഇവിടെ പ്രതിഭാസിങ്ങിന്റെ എതിരാളിയായി മത്സരിക്കുന്നത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിജയ് സിങ് മന്‍കോടിയ ആണ്. മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതിനാല്‍ ബി.ജെ.പിക്കുമുണ്ട് വിമത ശല്യം. ബി.ജെ.പി-കോണ്‍ഗ്രസ് പോരാട്ടം എന്നതിലപ്പുറം ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തുന്ന വെല്ലുവിളി കോണ്‍ഗ്രസിനെ മാത്രമല്ല ഇവിടെ ബിജെപിയേയും ആശങ്കയിലാക്കുന്നുണ്ട്.

യു.പി, പഞ്ചാബ്, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൊന്നും തങ്ങളുടെ ശക്തിവീണ്ടെടുക്കാന്‍ കോണ്‍ഗ്രസിന്റെ ഒരു മായാജാലത്തിനും ഇപ്പോള്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു-കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് ഇറങ്ങിപ്പോയവര്‍ തന്നെയാണ് അവര്‍ക്ക് വെല്ലുവിളിയായിരിക്കുന്നത്. രാജസ്ഥാനില്‍ പാര്‍ട്ടിക്കുള്ളിലുള്ള പ്രശ്നം ഇപ്പോഴും പരഹരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനിടെ വ്യക്തമായതാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതും-സച്ചിന്‍ പൈലറ്റും തമ്മിലുള്ള ശീതസമരം തന്നെയാണ് പ്രധാന പ്രശ്‌നം. അധ്യക്ഷ തിരഞ്ഞെടുപ്പിനിടെ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് നേതൃത്വത്തോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട് സച്ചിന്‍. അശോക് ഗെഹ്‌ലോതിനെ മുതിര്‍ന്ന മുഖ്യമന്ത്രിയെന്ന് മോദി വിശേഷിപ്പിച്ചതിനെ കരുതിയിരിക്കണമെന്നാണ് കഴിഞ്ഞദിവസം സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞത്.ഗുലാംനബി ആസാദിനെ ചൂണ്ടിക്കാട്ടിയിരുന്നു സച്ചിന്റെ പരാമര്‍ശം. ഇത് കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിനും തുടക്കമിട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കഴിഞ്ഞ തവണ കിട്ടിയ 19 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന്റെ ആശ്വാസമെങ്കിലും അടുത്ത തവണ ഇത് ഇത് നിലനിര്‍ത്താനാവുമോയെന്ന് നേതൃത്വത്തിന് പോലും ഉറപ്പില്ല.

രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ|AP

പഞ്ചാബ്, ഡല്‍ഹി മോഡലാണ് കെജ്രിവാള്‍ ഗുജറാത്തിലും ഹിമാചലിലും മുന്നോട്ട് വെക്കുന്ന തിരഞ്ഞെടപ്പ് വാഗ്ദാനമെങ്കിലും വോട്ട് നേടാന്‍ ഹിന്ദുത്വ അജണ്ടയുടെ പിന്നാലെ പോവുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കറന്‍സികള്‍ക്ക് മുകളിലെ ലക്ഷ്മിദേവി ചിത്രം, ഏകസിവില്‍കോഡ് പരാമര്‍ശം എന്നിവയൊക്കെ ഉദാഹരണം മാത്രം. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചതെങ്കിലും സ്ഥാനാര്‍ഥി പട്ടികകള്‍ വിവിധ ഘട്ടങ്ങളിലായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് എ.എ.പി. ഇതിനിടയിലാണ് ജനതയുടെ ഐക്യത്തിനും ഇന്ത്യയെന്ന ആശയത്തിന്റെ വീണ്ടെടുപ്പിനുമായുള്ള രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മുന്നേറിക്കൊണ്ടിരിക്കുന്നത്

ഉദയ്പുര്‍ ചിന്തന്‍ശിവിര്‍ പരിശീലന പരിപാടികള്‍ക്ക് ശേഷം നേതൃത്വം വന്‍ തീരുമാനങ്ങളെടുത്തുവെങ്കിലും അത് കൃത്യമായി മുന്നോട്ട് കൊണ്ടുപോവാന്‍ പോലും തയ്യാറാവാത്ത നേതാക്കളാണ് ഇപ്പോഴും കോണ്‍ഗ്രസിനുള്ളത്. ഒരു തീരുമാനത്തില്‍ പോലും ഉറച്ച് നില്‍ക്കാന്‍ കഴിയാത്തവര്‍. ഇവര്‍ക്കിടയില്‍ മഴയും വെയിലും കൊണ്ട് ഓടി നടന്ന് യാത്ര തീര്‍ക്കുന്ന രാഹുലിന് ബാക്കിയാവുക തന്റെ മേക്കോവര്‍ മാത്രമാവുമോയെന്ന ചോദ്യമാണ് രാഷ്ട്രീയ വിമര്‍ശകര്‍ പോലും ചോദിക്കുന്നത്.

Content Highlights: Bharat jodo yatra rahul gandhi make over congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented