കെ.ടി ജലീൽ| ഫോട്ടോ: അജിത് ശങ്കരൻ
നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ...
ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ദിനത്തില്‍ മന്ത്രി ജലീല്‍ പ്രതികരിച്ചത് മഹാകവി ഉള്ളൂരിന്റെ കവിതാശകലം ഉദ്ധരിച്ചാണ്. സത്യം ജയിക്കും സത്യമേ ജയിക്കൂ... എന്ന് നാഴികയ്ക്ക് നാല്പത് വട്ടം വിളിച്ചുപറഞ്ഞ ജലീലിന് സര്‍ക്കാരിന്റെ കാലാവധി തീരാന്‍ കഷ്ടിച്ച് 20 ദിവസം മുമ്പ് രാജിവച്ച് ഇറങ്ങേണ്ടി വരുന്നു. ഒരു പക്ഷേ, കാലാവധി തീരാന്‍ ഇത്രയും ചുരുങ്ങിയ കാലം ബാക്കിനില്‍ക്കെ രാജിവച്ച് ഇറങ്ങേണ്ടി വന്ന മന്ത്രിയും ജലീല്‍ ആയിരിക്കും.
ഒരു മുഴം മുന്നെ. അതായിരുന്നു ജലീലിന്റെ പതിവ്. എപ്പോഴൊക്കെ വിവാദത്തില്പെട്ടോ അപ്പോഴൊക്കെ മുനവച്ച വാക്കുകളും പ്രയോഗങ്ങളുമായി എതിരാളികള്‍ക്ക് നേരെ തിരിച്ചടിച്ച് പ്രതിരോധത്തില്‍നിന്ന് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റുന്നതായിരുന്നു പതിവ്. ബന്ധുനിയമന വിവാദം ആളിക്കത്തിയപ്പോഴും പിഎച്ച്.ഡി പ്രബന്ധം വിവാദത്തിലായപ്പോഴും മാര്‍ക്ക് ദാനം വിവാദം കണ്ടുപിടിക്കപ്പെട്ടപ്പോഴും സ്വര്‍ണക്കടത്തില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോഴും എല്ലാം ഇതായിരുന്നു ജലീലിന്റെ പതിവ്.
എന്നാല്‍, എല്ലാ പ്രതിരോധകോട്ടയും പൊളിക്കുന്നതായി ലോകായുക്ത കര്‍ക്കശ സ്വഭാവത്തിലുള്ള വിധി. സ്വജനപക്ഷപാതം കാട്ടിയ മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നുമുള്ള ഒരു വിധി ഇന്ത്യയില്‍തന്നെ മറ്റേതെങ്കിലും ലോകായുക്ത ബഞ്ചില്‍നിന്നും വന്നിട്ടുണ്ടാവുമോ എന്നു സംശയമാണ്.
യോഗ്യതാ മാനദണ്ഡം പോലും മാറ്റി സ്വന്തം ബന്ധുവിനെ നിയമിച്ചതിന് പകല്‍ പോലെ തെളിവായി മന്ത്രിയുടെ കത്ത്. കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ ബന്ധുവിനെ രാജിവെപ്പിച്ച് കൈകഴുകാന്‍ നോക്കി. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ പരാതി കോടതിയില്‍ ഫലിക്കാതെ വന്നപ്പോള്‍ ജലീല്‍ രക്ഷപെട്ടു എന്ന് എല്ലാവരും കരുതി, അദ്ദേഹവും. പിന്നാലെ, ജലീല്‍ കൂടുതല്‍ ശക്തനായി. എന്നാല്‍, സ്വജനപക്ഷപാതം നടത്തി അത് പിടിക്കപ്പെടുമ്പോള്‍ ബന്ധുവിനെ രാജിവെപ്പിച്ചാല്‍ കുറ്റം കുറ്റമല്ലാതാകില്ല എന്നാണ് ലോകായുക്തയുടെ വിധി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിടിക്കപ്പെടുമ്പോള്‍ കളവ് മുതല്‍ തിരികെ കൊടുത്ത് മാതൃകയാകുന്നതുപോലൊരു ഒഴിവുകഴിവ് മാത്രമായി അത് മാറുകയായിരുന്നു.
രണ്ട് ടേം നിബന്ധന എല്ലാവര്ക്കും കര്‍ശനമാക്കി സുധാകരനേയും ഐസക്കിനേയും അടക്കം എല്ലാവരേയും മാറ്റി നിര്‍ത്തിയപ്പോള്‍ ജലീലിന് ആ നിബന്ധന ബാധകമായില്ല. സി.പി.എം. സ്വതന്ത്രന് മാനദണ്ഡം ബാധകമില്ല എന്നാണ് പാര്‍ട്ടി ബൈലോയില്‍ പറയുന്നത്. ഇ.പി ജയരാജന്റെ രാജി ചോദിച്ചവര്‍ ജലീലിന്റെ രാജി തേടാത്തതും ചര്‍ച്ചയായി. ഒരേ തെറ്റിന് രണ്ട് സമീപനവും ചര്‍ച്ചയായി.
അധ്യാപകവൃത്തിയിലേക്ക് മടങ്ങാനാണ് ആഗ്രഹിച്ചത്, എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധിച്ചതു അതുകൊണ്ട് വീണ്ടും മത്സരിക്കുന്നു എന്നായിരുന്നു ജലീലിന്റെ വ്യാഖ്യാനം. ഒരു തരത്തില്‍ സര്‍ക്കാരിനും മുന്നണിക്കും കനത്ത ആഘാതമായി ലോകായുക്ത വിധിയും ജലീലിന്റെ രാജിയും സംഭവിക്കുമ്പോഴും വോട്ടെടുപ്പ് ദിനത്തിന് മുമ്പ് ഈ വിധി വരാഞ്ഞതില്‍ സര്‍ക്കാരിനും ആശ്വസിക്കാം. പിണറായി പേടിച്ച ആ ബോംബ് ഇതായിരുന്നെങ്കില്‍ അതിന്റെ ആഘാതം വലുതായേനേ.
Content Highlights: K T Jaleel controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..