വധശ്രമം വഴിത്തിരിവായി; മകനെ പോലും കൈവിട്ട രാഷ്ട്രീയ നീക്കങ്ങളും അടവുകളും പയറ്റിയ നേതാജി


സ്വന്തംലേഖകന്‍

മുലായം സിങ് യാദവ് അമിത് ഷായ്‌ക്കൊപ്പം..2014 എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ |ഫോട്ടോ:PTI

ഗുസ്തിക്കാരനില്‍ നിന്ന് സമ്പൂര്‍ണ്ണ രാഷ്ട്രീയക്കാരനായി മാറിയ മുലായം സിങ് യാദവിന്റെ അരനൂറ്റാണ്ടിലേറെയുള്ള രാഷ്ട്രീയ ജീവിതം സംഭവബഹുലവും വഴിത്തിരിവുകളും നിറഞ്ഞതായിരുന്നു. 55 വര്‍ഷത്തോളം നീണ്ടു നിന്ന തന്റെ രാഷ്ട്രീയ ഇന്നിങ്‌സില്‍ മുലായം 10 തവണ എംഎല്‍എയും ഏഴു തവണ ലോക്‌സഭാ അംഗവുമായിട്ടുണ്ട്. മൂന്ന് തവണ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി ആയിട്ടുള്ള മുലായം ഒറ്റത്തവണയും അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

1996-ല്‍ പ്രധാനമന്ത്രിപദം കൈയെത്തുംദൂരത്ത് എത്തിയെങ്കിലും അവസാന ലാപ്പില്‍ മത്സരത്തില്‍ നിന്ന് അദ്ദേഹം പുറത്താകുകയായിരുന്നു. 1939 നവംബര്‍ 22-ന് ഉത്തര്‍പ്രദേശിലെ ഇതാവ ജില്ലയിലെ സൈഫായി ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാം മനോഹര്‍ ലോഹ്യയുടെ എഴുത്തുകളില്‍ ആകൃഷ്ടനായി ഒരു ഗുസ്തിക്കാരന്‍ ആകാനുള്ള ആഗ്രഹം ഉപേക്ഷിച്ച് 15-ാം വയസ്സില്‍ രാഷ്ട്രീയത്തിലേക്ക് കടന്നു. മനുഷ്യ സമത്വത്തെ സംബന്ധിച്ചും സാമൂഹിക നീതി വിഷയങ്ങള്‍ സംബന്ധിച്ചുമുളള ലോഹ്യയുടെ ആശയങ്ങള്‍ മുലായത്തില്‍ കടുത്ത സ്വാധീനം ചെലുത്തിയിരുന്നു. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വ്യക്തി ജീവിതത്തെ രൂപപ്പെടുത്തി.രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍

തന്റെ നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ പാര്‍ട്ടിഭേദമന്യേ നിരവധി സുഹൃത്തുക്കളെ സമ്പാദിച്ചിട്ടുള്ള മുലായം അവരുടെ പൂര്‍ണ്ണ വിശ്വാസം നേടിയെടുക്കുന്നതില്‍ വിജയിച്ചിട്ടില്ല. നേതാജി എന്നാണ് സുഹൃത്തുക്കളും അണികളും വിളിച്ചുപോന്നിരുന്നത്. രാഷ്ട്രീയ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റുന്നതില്‍ വിദഗ്ദ്ധനായിരുന്നതുകൊണ്ട് ഒപ്പം നില്‍ക്കുന്നവര്‍ എപ്പോഴും ഒരു അട്ടിമറി പ്രതീക്ഷിച്ചിരുന്നു. ഒരു രാത്രി കൊണ്ട് ഉറച്ച സഖ്യകക്ഷിയില്‍ നിന്ന് മുലായം രാഷ്ട്രീയ എതിരാളിയായി മാറിയ അനുഭവം പലര്‍ക്കമുണ്ടായിട്ടുണ്ട്. ചന്ദ്രശേഖര്‍, അജിത് സിങ്, കാന്‍ഷി റാം, സോണിയ ഗാന്ധി, എന്തിനേറെ പറയുന്നു സ്വന്തം മകനായ അഖിലേഷ് യാദവും സഹോദരന്‍ ശിവ്പാല്‍ യാദവും ഇത് അനുഭവിച്ചറിഞ്ഞവരാണ്.

അധികാരത്തിലിരിക്കുമ്പോഴും രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍ മുലായത്തില്‍ നിന്ന് പല തവണ ഉണ്ടായിട്ടുണ്ട്. സോഷ്യലിസ്റ്റ് പ്രത്യേയശാസ്ത്രത്തോടുള്ള തന്റെ കൂറ് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ അദ്ദേഹം നടപ്പാക്കിയ സ്വകാര്യ വത്കരണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

രാജ് ബബ്ബാറിനൊപ്പം മുലായം

എപ്പോഴും ചുളിഞ്ഞ ധോത്തിയും കുര്‍ത്തയും ധരിച്ചെത്തിയിരുന്ന മുലായം സിങ് യാദവ് പൊതുവേദികളില്‍ തന്റെ ലാളിത്യം പ്രദര്‍ശിപ്പിച്ചിരുന്നു. ഒരിക്കല്‍ ഒരു സ്വകാര്യ വിരുന്നിനിടെ മുലായത്തിന് മുന്നില്‍ ന്യൂഡില്‍സും മറ്റു ചൈനീസ് വിഭവങ്ങളുമെത്തി. ഒരു ഫോര്‍ക്കുമായി ഭക്ഷണത്തിന് മുന്നില്‍ പരുങ്ങുന്നത് അന്ന് എസ്പിയുടെ എംപിയായിരുന്ന രാജ് ബബ്ബാര്‍ കാണുകയുണ്ടായി. തുടര്‍ന്ന് അദ്ദേഹം ഇന്ത്യന്‍ ഭക്ഷണം സംഘടിപ്പിച്ച് മുലായത്തിന് എത്തിച്ച് നല്‍കുകയായിരുന്നു.

അതേ സമയം തന്നെ ഉന്നതരുമായുള്ള ബന്ധങ്ങളുടെ പേരില്‍ മുലായം പലതവണ വിവാദങ്ങളിലാകുകയും ചെയ്തിട്ടുണ്ട്. അനില്‍ അംബാനി, സഹാറ മേധാവി സുബ്രത റോയ്, അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍ തുടങ്ങിയ വ്യവസായ പ്രമുഖരുമായും ബോളിവുഡ് താരങ്ങളുമായുമുള്ള മുലായത്തിന്റെ അന്തര്‍ധാരയ്ക്ക് പിന്നില്‍ അടുത്ത അനുയായി ആയ അമര്‍ സിങായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

രാഷ്ട്രീയ പ്രതികാരം

1967-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും രാഷ്ട്രീയ ജൈത്രയാത്ര തുടങ്ങുന്നത് 1980 കളിലാണ്. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മുലായത്തിന് നേരെ 1984 മാര്‍ച്ചില്‍ മെയിന്‍പുരിയില്‍ നിന്ന് ഇതാവയിലേക്കുള്ള യാത്രയ്ക്കിടെ ഒരു വധശ്രമം ഉണ്ടായി. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വന്‍ വഴിത്തിരിവാണുണ്ടാക്കിയത്. വധശ്രമത്തോടെ മുലായം പ്രശസ്തനായി മാറി.

അന്ന് കോണ്‍ഗ്രസായിരുന്നു യുപിയില്‍ അധികാരത്തില്‍. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ ഭാരതീയ ലോക് ദളില്‍ (ബിഎല്‍ഡി) വളര്‍ന്നുവരുന്ന താരമായിട്ടാണ് മുലായത്തെ കണ്ടിരുന്നത്. വധശ്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിച്ചു. തുടര്‍ന്നുണ്ടായ വിവദങ്ങള്‍ തന്റെ രാഷ്ട്രീയ മേല്‍വിലാസത്തെ പടുത്തുയര്‍ത്താന്‍ മുലായം വിദഗ്ദ്ധാമായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിനേക്കാള്‍ മുലായത്തിന് വെല്ലുവിളി നേരിടേണ്ടി വന്നത് സ്വന്തം പാര്‍ട്ടിയായ ബിഎല്‍ഡിയില്‍ നിന്നായിരുന്നു. ചരണ്‍ സിങ്ങിന്റെ ആരോഗ്യനില മോശമാകാന്‍ തുടങ്ങിയതോടെ ജാട്ട് പ്രമുഖന്‍ തന്റെ യുഎസിലുള്ള കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ മകന്‍ അജിത് സിങ്ങിനെ ഇന്ത്യയിലേക്ക് തിരികെ വിളിപ്പിച്ചു. ബിഎല്‍ഡിയുടെ നേതൃസ്ഥാനം അജിത് സിങ് ഏറ്റെടുക്കണമെന്ന് ചരണ്‍ സിങ് അനുകൂലികളുടെ ആവശ്യമുയര്‍ന്നു.

1987 മാര്‍ച്ചോടെ, രാജ്യസഭാ എംപിയായി തന്റെ രാഷ്ട്രീയ അരങ്ങേറ്റം നടത്തി എട്ട് മാസത്തിനുള്ളില്‍, അജിത് സിങ് ഹേമവതി നന്ദന്‍ ബഹുഗുണയെയും മുലായത്തെയും പിന്തള്ളി ബിഎല്‍ഡിയുടെ നേതൃത്വം ഏറ്റെടുത്തു. മുലായത്തെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ഇതോടെ ബഹുഗുണയും മുലായവും ബിഎല്‍ഡിയെ പിളര്‍ത്തി. അജിത് സിങ് ലോക് ദള്‍ (അജിത്) എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചു. മുലായത്തിന്റെ പിന്തുണയോടെ ഹേമവതി നന്ദന്‍ ബഹുഗുണ ലോക് ദള്‍ (ബഹുഗുണയും) രൂപീകരിച്ചു.

രണ്ടു വര്‍ഷത്തിന് ശേഷം യുപി നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് വന്നു. ബൊഫോഴ്സ് അഴിമതി ആരോപണത്തില്‍ മുങ്ങിയ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കേന്ദ്രത്തിലും യുപിയിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. കേന്ദ്രത്തിലും യുപിയിലും കോണ്‍ഗ്രസ് വിരുദ്ധ പാര്‍ട്ടികള്‍ ജനതാ ദളിന്റെ (ജെഡി) ബാനറില്‍ ഒറ്റക്കെട്ടായി. എന്നാല്‍ ആരെ പ്രധാനമന്ത്രിയാക്കും ആരെ മുഖ്യമന്ത്രിയാക്കും എന്നതില്‍ തീരുമാനമായില്ല. രാഷ്ട്രീയമായും വ്യക്തിപരമായും ചന്ദ്രശേഖറിനോട് അടുത്ത് നില്‍ക്കുന്ന മുലായം അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് കരുതിയതെങ്കിലും തെറ്റി. വി.പി.സിങിനായിരുന്നു മുലായത്തിന്റെ പിന്തുണ. വി.പി.സിങിന്റെ മൗന പിന്തുണയോടെ യുപിയില്‍ മുലായത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു. അജിത് സിങിനോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു ആ രാഷ്ട്രീയ നീക്കം.

അജിത് സിങിനും എല്‍കെ അദ്വാനിക്കുമൊപ്പം മുലായം

എന്നാല്‍ രണ്ടു വര്‍ഷം മാത്രമാണ് മുലായത്തിന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനായത്. മണ്ഡല്‍ (സാമൂഹ്യനീതി), കമണ്ഡല് (തീവ്ര ഹിന്ദുത്വ) രാഷ്ട്രീയത്തിന്റെ കാലഘട്ടം കൂടിയായിരുന്നു അത്. വിപി സിംഗ്, ചന്ദ്രശേഖര്‍, അജിത് എന്നിവരുടെ രാഷ്ട്രീയ ഗ്രാഫ് ഡെല്‍ഹിയിലും ലഖ്നൗവിലും ഭരണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അവരുടെ രാഷ്ട്രീയ ഗ്രാഫ് ക്രമാനുഗതമായി കുറഞ്ഞപ്പോള്‍ 1992-ല്‍ സമാജ്വാദി പാര്‍ട്ടി (എസ്പി) സ്ഥാപിച്ച മുലായം ശക്തനായി മാറുകയും ചെയ്തു.

മുല്ല-മുലായം

മൂന്ന് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ അനുഭവങ്ങളിലൂടെ ഉത്തര്‍പ്രദേശിലെ സങ്കീര്‍ണ്ണമായ ജാതി-സാമൂഹിക-രാഷ്ട്രീയ സമവാക്യങ്ങളെ ആഴത്തില്‍ മനസ്സിലാക്കാന്‍ മുലായത്തിന് സാധിച്ചിരുന്നു. ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആര്‍എസ്എസും അതിന്റെ അനുബന്ധ സംഘടനകളും നടത്തിയ രാമക്ഷേത്ര മുന്നേറ്റങ്ങളെ അടിച്ചമര്‍ത്താന്‍ മുലായം ഉത്തരവിട്ടിരുന്നു. ഇത് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ മുലായത്തിനെ സ്വീകാര്യനാക്കി. മുല്ല മുലായം എന്നാണ് വിമര്‍ശകര്‍ അദ്ദേഹം പരിഹസിച്ചിരുന്നതെങ്കിലും അദ്ദേഹം അത് ബഹുമതിയായി കണ്ടു.

സമാജ് വാദി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ നിര്‍ണായകമായ ജാതികളില്‍ നിന്നും സമുദായങ്ങളില്‍ നിന്നുമുള്ള പ്രമുഖര്‍ക്ക് പാര്‍ട്ടിയില്‍ അദ്ദേഹം പ്രധാന സ്ഥാനങ്ങള്‍ നല്‍കിയിരുന്നു. യാദവ വോട്ട് ബാങ്ക് ഉറപ്പിച്ചുനിര്‍ത്തുന്നതിനൊപ്പം അസംഖാനെ കൂടെ നിര്‍ത്തി മുസ്ലിം വോട്ട് ബാങ്കും ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. മുലായത്തിന്റെ മറ്റു അനുയായികളായ ജനേശ്വര്‍ മിശ്ര, മാതാ പ്രസാദ് പാണ്ഡെ, രേവതി രമണ്‍ സിംഗ്, ബേനി പ്രസാദ് വര്‍മ്മ എന്നിവര്‍ സംസ്ഥാനത്തെ ബ്രാഹ്‌മണ, ഠാക്കൂര്‍, കുര്‍മി വോട്ടര്‍മാരെ പലതരത്തില്‍ സ്വാധീനിച്ചു.

ബിഎസ്പിയും മായാവതിയും

1991-ല്‍ സംസ്ഥാനത്ത് അധികാരത്തിലേറിയ ബിജെപിയുടെ കല്യാണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നതിന് കളമൊരുക്കിയതിനെ തുടര്‍ന്നാണിത്. ഇതാണ് 1993-ലെ തിരഞ്ഞെടുപ്പിലേക്ക് വഴിവെച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം വര്‍ഗീയമായി വിഭജിക്കപ്പെട്ടിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ എസ്പിയും ബിഎസ്പിയും സഖ്യത്തിലേര്‍പ്പെട്ടു.

മുസ്ലിം-യാദവ-ദളിത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടുള്ള സഖ്യത്തിന് പക്ഷേ ഭൂരിപക്ഷം ലഭിച്ചില്ല. ബിജെപി 177 സീറ്റുകള്‍ നേടിയപ്പോള്‍ എസ്പി-ബിഎസ്പി സഖ്യം 176 സീറ്റ് നേടി. എന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനായി ജെഡിയും കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യത്തെ പിന്തുണച്ചു. ഇതോടെ മുലായം രണ്ടാമതും മുഖ്യമന്ത്രിയായി.

അഖിലേഷ്, മുലായം, മായാവതി 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍

തന്റെ ആദ്യ ടേം പോലെ തന്നെ രണ്ടാം തവണയും മുലായത്തിന് കസേര രണ്ടു വര്‍ഷത്തിനുള്ളില്‍ ഒഴിയേണ്ടി വന്നു. 1995-ല്‍ ഇരുപാര്‍ട്ടികളിലേയും നേതാക്കളുടെ അധികാര മോഹങ്ങള്‍ സഖ്യംപിളര്‍ത്തി. ഇതിനിടെ ബിഎസ്പിയുടെ തലപ്പത്തേക്ക് കാന്‍ഷിറാം മായാവതിയെ നിയോഗിച്ചിരുന്നു. മുലായത്തെ താഴെയിറക്കാന്‍ മായാവതി തീരുമാനിച്ചു. അന്ന് മുതല്‍ ഇരുപാര്‍ട്ടികളും തമ്മിലുണ്ടായ ശത്രുത 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തുടര്‍ന്നു. 2019-ല്‍ കുറഞ്ഞ കാലത്തേക്ക് ഇരുപാര്‍ട്ടികളും സഖ്യത്തിലായെങ്കിലും വീണ്ടും പഴയടപടിയിലാണ്.

1995 ഒക്ടോബറില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനാല്‍ മുലായത്തിന്റെ രണ്ടാം ടേം അവസാനിച്ചു. തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ മായാവതി മുഖ്യമന്ത്രിയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

കൈവിട്ട പ്രധാനമന്ത്രി പദം

1996-ലാണ് മെയിന്‍പുരിയില്‍ നിന്ന് മുലായം സിങ് യാദവ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രത്തില്‍ അധികാരത്തിലേറാന്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. മുന്‍ ജനതാദള്‍ സര്‍ക്കാരില്‍ നിന്ന് പിളര്‍ന്ന പാര്‍ട്ടികളും ഇടതുപാര്‍ട്ടികളും പ്രാദേശിക പിന്തുണയോട് കൂടി ഐക്യ മുന്നണി രൂപീകരിച്ചു. പ്രധാനമന്ത്രി പദം നിരസിക്കാന്‍ ജ്യോതി ബസു നിര്‍ബന്ധിതനായതിനെ തുടര്‍ന്ന് മുലായത്തിന്റെ പേര് ഉയര്‍ന്നു. എന്നാല്‍ അദ്ദേഹം പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നാണ് എതിര്‍പ്പുയര്‍ന്നത്. ലാലുപ്രസാദ് യാദവ് മുലായത്തെ പ്രധാനമന്ത്രിയാക്കുന്നതിന് പിന്തുണച്ചില്ല. അങ്ങനെ എച്ച്.ഡി.ദേവഗൗഡ അപ്രതീക്ഷിത പ്രധാനമന്ത്രിയായി.

ലാലു പ്രസാദ് യാദവിനും പ്രധാനമന്ത്രി മോദിക്കുമൊപ്പം മുലായം

2003-ല്‍ മുലായം മൂന്നാമതും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരിച്ചെത്തി. എന്നാല്‍ ഇത്തവണ അദ്ദേഹം മുഖ്യമന്ത്രിയായത് ജനവിധിയടെ അടിസ്ഥാനത്തിലായിരുന്നില്ല. 200-ലെ തിരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ മായാവതി മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍ സഖ്യത്തിലെ വിള്ളലിനെ തുടര്‍ന്ന് 2003-ല്‍ മായാവതി രാജിവെക്കാന്‍ നിര്‍ബന്ധിതമായി. തുടര്‍ന്നാണ് മുലായം മുഖ്യമന്ത്രിയായത്. ബിഎസ്പി വിമതരുടെ പിന്തുണയോടെയാണ് മുലായം മുഖ്യമന്ത്രിയായതെങ്കിലും ബിജെപിയുടെ രഹസ്യപിന്തുണയുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.

അഖിലേഷിനെ ബാറ്റണ്‍ ഏല്‍പ്പിക്കുന്നു

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എസ്പിയെ കേവലഭൂരിപക്ഷത്തിലേക്ക് നയിക്കുന്നതില്‍ മുലായം വിജയിച്ചത് 2012ലാണ്. എന്നാല്‍ മുഖ്യമന്ത്രിക്കസേര സ്വയം ഏറ്റെടുക്കുന്നതിനുപകരം, തന്റെ രാഷ്ട്രീയ അവകാശിയായി മകന്‍ അഖിലേഷ് യാദവിനായി മുലായം വഴിമാറി. എന്നാല്‍ മുലായത്തിന്റെ ഈ തീരുമാനം കുടുംബത്തിനകത്ത് പൊട്ടിത്തെറിയുണ്ടാക്കി. സഹോദരങ്ങളും അനന്തരവകാളികളുമടക്കം നിരവധി പേരെ മുലായം ഇതിനോടകം രാഷ്ട്രീയത്തിലേക്കിറക്കിയിരുന്നു. എസ്പിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന സഹോദരന്‍ ശിവ്പാല്‍ യാദവിനാണ് മുലായത്തിന്റെ തീരുമാനം ഏറ്റവും വലിയ തിരിച്ചടിയുണ്ടാക്കിയത്. പാര്‍ട്ടിയില്‍ മുലായത്തിന് ശേഷം താന്‍ എന്നായിരുന്നു ശിവ് പാല്‍ യാദവ് അതുവരെ കരുതിയിരുന്നത്.

ശിവ്പാല്‍ യാദവിനൊപ്പം മുലായം

2017-ലെ തിരഞ്ഞെടുപ്പില്‍ കുടുംബ കലഹം പരസ്യമാകുകയും പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുകയും ചെയ്തു. പാര്‍ട്ടി കേഡറില്‍ അഖിലേഷിനേക്കാള്‍ നല്ല പിടി ശിവ്പാലിനുണ്ടെന്ന് മുലായത്തിന് അറിയാമായിരുന്നു, തര്‍ക്കത്തില്‍ കുറച്ചുകാലം സഹോദരനൊപ്പമാണ് മുലായം നിന്നത്. എന്നാല്‍ പിന്നീടദ്ദേഹം അഖിലേഷിനെ പിന്തുണച്ചു. അതേ സമയം തന്നെ
ബിഎസ്പിയുമായുള്ള സഖ്യം പോലെയുള്ള അഖിലേഷിന്റെ പല രാഷ്ട്രീയ നീക്കങ്ങളെയും അദ്ദേഹം പിന്തുണച്ചില്ല.

സജീവ രാഷ്ട്രീയത്തില്‍ നിന്ന് നിഴലിലേക്ക്

അഖിലേഷ് പാര്‍ട്ടിയില്‍ വ്യക്തമായ മേധാവിത്വം സ്ഥാപിച്ചതോടെ മുലായം സജീവ രാഷ്ട്രീയത്തില്‍ പുറത്താകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാര്‍ട്ടിയുടെ കുലപതിയായി തുടരുമ്പോള്‍ തന്നെ തന്റെ കുടുംബത്തിലെ തര്‍ക്കങ്ങള്‍ വഷളാകുന്നത് നിസ്സഹായനായി നോക്കിക്കൊണ്ടിരുന്ന മുലായം ക്രമേണ നിഴലിലേക്ക് മറഞ്ഞു. ശിവ് പാല്‍ യാദവ് എസ്പി വിട്ടു പുതിയ പാര്‍ട്ടി രൂപീകരിച്ചു. 2022-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മരുമകള്‍ അപര്‍ണ ബിജെപിയിലേക്ക് പോയപ്പോള്‍ മുലായം അവരെ ആശിര്‍വാദം നല്‍കിയതും വാര്‍ത്തയായിരുന്നു.


Content Highlights: Astute politician-mulayam singh yadav


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented