ഡിസംബറിലെ കൂട്ടക്കൊല ബി.ജെ.പിക്ക് വെല്ലുവിളിയാകുമോ? നാഗാലാൻഡിൽ നിർണായകം പ്രാദേശിക പാർട്ടികൾ


അനന്യലക്ഷ്മി ബി.എസ്. | bsananyalekshmi@mpp.co.inPremium

നെയ്ഫ്യൂ റിയു, നരേന്ദ്രമോദി | ഫോട്ടോ: ANI

2021 ഡിസംബറിലെ കൂട്ടക്കുരുതിയാകും ഇത്തവണ നാഗാലാന്‍ഡില്‍ ബി.ജെ.പി. നേരിടേണ്ടി വരുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി. ഒരു കാലത്ത് ആധിപത്യം ഉറപ്പിച്ചിരുന്ന തങ്ങളെ തകര്‍ത്തെറിഞ്ഞ മണ്ണില്‍ വീണ്ടും പിടിച്ചുകയറാന്‍ കോണ്‍ഗ്രസിനാകുമോ? ഇത്തവണ നാഗാലന്‍ഡ് ആരെ പിന്തുണയ്ക്കും....?

സ്വതന്ത്ര സംസ്ഥാനത്തിനു വേണ്ടിയുള്ള നാഗന്മാരുടെ നീണ്ട പോരാട്ടത്തിനു ശേഷം 1963-ല്‍ ഇന്ത്യയുടെ പതിനാറാമത്‌ സംസ്ഥാനമായി നാഗലാന്‍ഡ് പിറവിയെടുത്തു.. അസം പ്രവിശ്യയില്‍നിന്നു വേര്‍പ്പെട്ട് സ്വതന്ത്ര സംസ്ഥാനമായി പരിണമിച്ച ശേഷം രണ്ടു ദശാബ്ദക്കാലത്തോളം നാഗാലാന്‍ഡ് രാഷ്ട്രീയത്തിന്റെ പൂര്‍ണ ആധിപത്യം പ്രാദേശിക പാര്‍ട്ടികളുടെ കൈകളിലായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ അന്ന് ഏകശിലാ ശക്തിയായിരുന്ന കോണ്‍ഗ്രസ് 1970-കളുടെ അവസാനം വരെ തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിരുന്നില്ല. എന്നാല്‍, 1980-കളോടെ നാഗാലാന്‍ഡില്‍ കോണ്‍ഗ്രസ് ആധിപത്യം ഉറപ്പിച്ചു. തുല്യ ശക്തിയായി നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും ഉയര്‍ന്നു വന്നു. ഭരണത്തിന്റെ കടിഞ്ഞാണ്‍ ഇരു പാര്‍ട്ടികളുടേയും കൈകളിലായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ആധിപത്യം അധികനാള്‍ നീണ്ടു നിന്നില്ല. പല രാഷ്ട്രീയ അട്ടിമറികള്‍ക്കും നാഗാലന്‍ഡ് മണ്ണ് വേദിയായി. വര്‍ഷങ്ങള്‍ക്കപ്പുറം നാഗാലന്‍ഡ് സാക്ഷിയായത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും നെയ്ഫ്യൂ റിയു എന്ന മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ വളര്‍ച്ചയ്ക്കുമായിരുന്നു.

നെയ്ഫ്യൂ റിയോ | Photo: PTI

നെയ്ഫ്യൂ റിയോയുടെ പ്രതികാരം

1989-ലെ നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പിലൂടെയാണ് മുഖ്യധാര രാഷ്ട്രീയത്തിലേക്ക് നെയ്ഫ്യൂ റിയോയുടെ കടന്നുവരവ്. പിന്നീട് 1993-ലും 1998-ലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് റിയോ മന്ത്രിസഭയിലെത്തി. 2002-ല്‍ നാഗാ നാഷണല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രാജി വെക്കുമ്പോൾ ആഭ്യന്തര മന്ത്രിയായിരുന്നു റിയോ. രാജിയ്ക്കു ശേഷം കോണ്‍ഗ്രസ് വിട്ട റിയോ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നു. ബി.ജെ.പിയേയും മറ്റു പ്രാദേശിക പാര്‍ട്ടികളേയും സഖ്യകക്ഷികളാക്കി ഡെമോക്രാറ്റിക് അലയന്‍സ് ഓഫ് നാഗാലാന്‍ഡ് രൂപികരിച്ചു. പത്തു വര്‍ഷത്തോളം കോണ്‍ഗ്രസ് കുത്തകയായിരുന്ന നാഗാലന്‍ഡ് 2003-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് അലയന്‍സ് സഖ്യം പിടിച്ചടക്കി. നെയ്ഫ്യൂ റിയോ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. 2013-ലും എന്‍.പി.എഫ് ഭൂരിപക്ഷമുറപ്പാക്കി. റിയോയുടെ നേതൃത്വത്തില്‍ എന്‍.പി.എഫ്. 47% വോട്ട് ഷെയറോടെ അറുപതിൽ 38 സീറ്റുകള്‍ നേടി. റിയോ മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനത്തെത്തുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയായി തുടരാന്‍ നാലു വര്‍ഷങ്ങള്‍ ബാക്കി നില്‍ക്കെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് റിയോ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങി.

ഏഴു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പത്തു പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് റീജണല്‍ പൊളിറ്റിക്കല്‍ ഫ്രന്റ് (എന്‍.ഇ.ആര്‍.പി.എഫ്.) എന്ന പേരില്‍ പുതിയൊരു മുന്നണിയുണ്ടാക്കി. കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ കൂട്ടുകക്ഷി മന്ത്രിസഭ വരികയാണെങ്കില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധിയായി കേന്ദ്ര മന്ത്രിസഭയിലെത്താം എന്നായിരുന്നു പ്രതീക്ഷ.

Photo: PTI

പെരെനിലെ സെലിയാങ് ഗോത്രത്തില്‍ നിന്നുള്ള ടി.ആര്‍. സെലിയാങ്ങിനെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തിയാണ് റിയോ ഡല്‍ഹിക്കു തിരിച്ചത്. എന്നാല്‍ തനിച്ചു ഭൂരിപക്ഷം നേടാനായതു കൊണ്ടു തന്നെ ബി.ജെ.പിക്ക് റിയോയുടെ സഹായം വേണ്ടിവന്നില്ല. അതിനിടെ സെലിയാങ്ങും റിയോയും തമ്മില്‍ ഇടയുകയും ചെയ്തു. അതോടെ എന്‍.പി.എഫ് വിട്ട റിയു നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി( എന്‍. ഡി.പി.പി) എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചു.

കളം മാറ്റിച്ചവിട്ടി ബി.ജെ.പി

2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഇടപെടലുകള്‍ക്കും തുടക്കമിട്ടു. 2015-ല്‍ നാഗാ കലാപകാരികളുമായി കേന്ദ്രസര്‍ക്കാര്‍ സമാധാന ഉടമ്പടി ഒപ്പിടുകയും ചെയ്തു. 2018-ലെ നിയമസഭ തിരഞ്ഞെടുപ്പായിരുന്നു അന്ന് ബി.ജെ.പിയുടെ ലക്ഷ്യവും. 2018 തിരഞ്ഞെടുപ്പിനു മുമ്പ് വരെയും സഖ്യകക്ഷിയായിരുന്ന എന്‍. പി.എഫുമായുള്ള കൂട്ടുകെട്ട് തിരഞ്ഞെടുപ്പ് അടുത്തതോടെ എന്‍.പി.എഫ് വിട്ട് എന്‍.ഡി.പി.പിയുമായി ബി.ജെ.പി. സഖ്യമുണ്ടാക്കി. ആത്മഹത്യാപരമായ നീക്കം എന്നാണ് ബി.ജെ.പിയുടെ ആ തീരുമാനത്തെ പലരും വിശേഷിപ്പിച്ചത്.

Photo: ANI

എന്‍.ഡി.പി.പി 40 സീറ്റുകളിലും ബി.ജെ.പി 20 സീറ്റിലും മത്സരിച്ചു. ഫലം വന്നപ്പോള്‍ 58 സീറ്റില്‍ 27 സീറ്റുകള്‍ എന്‍.ഡി.പി.പി.- ബി.ജെ.പി സഖ്യം സ്വന്തമാക്കി. ഒരു സീറ്റു പോലും നേടാനാകാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 2013-ല്‍ ഒറ്റ സീറ്റില്‍ ഒതുങ്ങേണ്ടി വന്ന ബി.ജെ.പി. അന്ന് നേടിയത് 11 എണ്ണമാണ്. എന്‍.സി.പിയുടെ നാല് എം.എല്‍.എമാരില്‍ മൂന്നു പേര്‍ കൂടെ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ നാഗാലാന്‍ഡിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായും ബി.ജെ.പി മാറി.

വിജയമുറപ്പിക്കുമോ എന്‍.ഡി.പി.പി.

റിയോയുടെ എന്‍.ഡി.പി.പിയും ടി.ആര്‍. സെലിയാങ്ങിന്റെ എന്‍.പി.എഫും തമ്മിലാവും 2023 നിയമസഭ തിരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടം. 2018-ല്‍ റിയോയ്ക്ക് 2013-ലെ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നേടാനായില്ലെങ്കിലും എന്‍.പി.എഫിനു മേല്‍ വ്യക്തമായ ആധിപത്യം ഉറപ്പിക്കാനായി. എന്‍.ഡി.എയുമായുള്ള സഖ്യം കൈവിട്ടത് സെലിയാങ്ങിനു വെല്ലുവിളിയുയര്‍ത്തി. 26 സീറ്റുകളില്‍ നിന്ന് 4 സീറ്റുകളിലേക്ക് എന്‍.പി.എഫ് ഒതുങ്ങി. അതേസമയം എന്‍.ഡി.പി.പി 41 സീറ്റുകളിലേക്ക് വളര്‍ന്നു. ഇത്തവണ എന്‍.ഡി.പി.പിയും തകര്‍ച്ചയിലേക്കു കൂപ്പുകുത്താതെയിരിക്കാന്‍ കഠിന പ്രയത്‌നം നടത്തുന്ന എന്‍.പി.എഫും തമ്മിലാകും മത്സരം.

തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്

ഒരു കാലത്ത് നാഗാലന്‍ഡില്‍ വ്യക്തമായ ആധിപത്യമുറപ്പിച്ച കോണ്‍ഗ്രസ് 2018-ല്‍ തകര്‍ന്നടിഞ്ഞു. 2013-ല്‍ ആകെ നേടാനായ 8 സീറ്റും കോണ്‍ഗ്രസിനു നഷ്ടമായി. വെറും 2.1% വോട്ടുവിഹിതത്തിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തി. 2008-ല്‍ 23 സീറ്റും 35% വോട്ടും നേടിയ കോണ്‍ഗ്രസിന് തിരിച്ചുവരവില്ലാത്തതുപോലെ കളമൊഴിയേണ്ടി വന്നു. മാറ്റങ്ങളെ അംഗീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ വൈമനസ്യം തന്നെയാണ് തകര്‍ച്ചയിലേക്കു നയിച്ചതെന്നുള്‍പ്പടെ പല അഭിപ്രായങ്ങളും അന്ന് ഉയര്‍ന്നു കേട്ടു. കെട്ടിവയ്ക്കാന്‍ പണമില്ലെന്നു പറഞ്ഞ് ആറോളം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അന്ന് പത്രിക പിന്‍വലിക്കുകയും ചെയ്യുന്നതിലേക്കു വരെ കോണ്‍ഗ്രസിന്റെ ഗതികേടു നീണ്ടിരുന്നു.

ഇത്തവണ നാഗാലാന്‍ഡ് ആരെ തുണയ്ക്കും

നാഗാ സമാധാന ചര്‍ച്ചകളായിരുന്നു ബി.ജെ.പിയുടെ 2018-ല്‍ ബി.ജെ.പിയുടെ തുറുപ്പ്ചീട്ട്. എന്നാല്‍ ഇത്തവണ 2021-ല്‍ നാഗാലാന്‍ഡില്‍ നടന്ന കൂട്ടക്കൊല ബി.ജെ.പിയ്ക്കു തിരിച്ചടിയാകുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. 2021 ഡിസംബര്‍ നാലിനാണ് 15 നാട്ടുകാരെ സൈന്യം വെടിവെച്ചു കൊന്നത്. തീവ്രവാദികളാണെന്നു കരുതി വെടിയുതിര്‍ത്താണെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. കൂട്ടക്കുരുതിയ്‌ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് നാഗാലാന്‍ഡിലെമ്പാടും അന്നുണ്ടായത്. സൈന്യത്തിന്റെ പ്രത്യേകാധികാരം എടുത്തുമാറ്റണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. പ്രക്ഷോഭത്തിനിടയിലും എട്ടു പേരെ സൈന്യത്തിനു വെടിവയ്‌ക്കേണ്ടി വന്നു.

അന്ന് സൈന്യത്തെ അനുകൂലിച്ചായിരുന്നു ബി.ജെ.പിയുടെ നിലപാട്. അമിത് ഷായുള്‍പ്പടെയുള്ളവര്‍ സൈന്യം നല്‍കിയ വിശദീകരണം തന്നെയായിരുന്നു നല്‍കിയതും. ഇത് കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ജനരോഷത്തിനാണ് വഴിവെച്ചത്. ഈ കൂട്ടക്കൊല തന്നെയാകും ഇത്തവണ ബി.ജെ.പി. നേരിടുന്ന രാഷ്ട്രീയ വെല്ലുവിളിയും. ഇതിനെ നേരിടാന്‍ എന്തു തന്ത്രമാകും മെനയുക എന്ന് കണ്ടറിയണം.

വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ | Photo: AFP

നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസിനാകുമോ? ഒറ്റ സീറ്റു പോലും നേടാനാകാത്ത നാഗാലാന്‍ഡില്‍ കോണ്‍ഗ്രസ് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ഏറെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് 17 ദിവസം മാത്രം ശേഷിക്കെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു. അതോടെ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ ബി.ജെ.പി. വിജയിച്ചു. ഇത്തരം സാഹചര്യം നിലനില്‍ക്കെ ഇത്തവണയും നാഗാലന്‍ഡ് കോണ്‍ഗ്രസിനെളുപ്പമാവില്ല.

Content Highlights: nagaland, nagaland assembly election 2023, bjp, congress, ndpp, npf, Neiphiu Rio

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented