പ്രതീകാത്മക ചിത്രം
രണ്ടര വര്‍ഷത്തിലേറെ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കോവിഡിനെ മനുഷ്യന് ഏതാണ്ട് വരുതിയിലാക്കി കഴിഞ്ഞു. ആഗോളതലത്തില്‍ രോഗവും മരണനിരക്കും കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇന്ത്യയിലാകട്ടെ പ്രതിദിന കോവിഡ് രോഗികള്‍ ആയിരത്തിന് താഴെയെത്തി. ഏതാനും രാജ്യങ്ങളിലെ ചില പ്രദേശങ്ങളിലൊഴികെ ജനജീവിതം സാധാരണ നിലയിലായിലാകുമ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തി ബ്രിട്ടണില്‍ പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഒമിക്രോണ്‍ BA1, BA.2 വകഭേദങ്ങള്‍ക്ക് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ XE വൈറസ്. പൂര്‍ണമായും മാസ്ക് മാറ്റാനോ ജാഗ്രത കൈവിടാനോ ഉള്ള സാഹചര്യം ഇനിയും കൈവന്നിട്ടിലെന്നാണ് പുതിയ വകഭേദത്തിന്റെ വരവ് സൂചിപ്പിക്കുന്നത്. ഒമിക്രോണ്‍ വകഭേദത്തെക്കാള്‍ വ്യാപനശേഷി പുതിയതിനുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നല്കുന്ന മുന്നറിയിപ്പ്. ഈ വകഭേദം നാലാമതൊരു തരംഗത്തിന് കാരണമാകുമോ എന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധരില്‍ രണ്ടഭിപ്രായങ്ങളുണ്ട്. അര്‍ഹരായവരില്‍ ഏതാണ്ട് മുഴവന്‍പേരും പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇനിയൊരു തരംഗമുണ്ടായാലും അത് പഴയതുപോലെ തീവ്രമാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നാലാം തരംഗത്തെയും കോവിഡാനന്തര ജീവിതത്തെയും കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും മാസ്ക് ഉള്‍പ്പടെയുള്ള എല്ലാ നിയന്ത്രണങ്ങള്‍ മിക്കവാറും എല്ലാ രാജ്യങ്ങളും പിന്‍വലിച്ചു കഴിഞ്ഞു. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31ന് ഇന്ത്യയും നീക്കി. പശ്ചിമ ബംഗാളിലും ഡല്‍ഹിയിലും മഹാരാഷ്ടയിലും സംസ്ഥാന സര്‍ക്കാരുകള്‍ മാസ്ക്കുകള്‍ നിര്‍ബന്ധമല്ലാതാക്കി. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും രോഗം ഇപ്പോള്‍ ദുര്‍ബലമാണ്. വീടുകളില്‍ത്തന്നെ ചികത്സിക്കാവുന്ന ജലദോഷപ്പനിയെന്ന നിലവാരത്തിലേക്ക് കോവിഡ് മാറി. വളരെ കുറച്ചുപേരെ മാത്രമേ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നുള്ളൂ. കോവിഡിനെ പിടിച്ചുകെട്ടിയത് വാക്സിനാണെന്നതില് തര്‍ക്കമില്ല. വാക്സിനേഷന് മുമ്പും പിമ്പും എന്ന് കോവിഡ്കാല ജീവിതത്തെ വിലയിരുത്താം. രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ പ്രതിരോധ വാക്സിനും മരുന്നും എപ്പോഴെത്തുമെന്ന ആശങ്കയിലായിരുന്നു ലോകം. ഒടുവില്‍ വാക്സിനെത്തി. ശാസ്ത്രം ജയിച്ചു.
നൂറ്റാണ്ടിലെ മഹാമാരി
2019 ഡിസംബറില്‍ ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍നിന്ന് തുടങ്ങിയ കോവിഡ് വൈറസിന്റെ വ്യാപനം അതിവേഗത്തിലായിരുന്നു. ആദ്യഘട്ടത്തില്‍തന്നെ അത് കേരളത്തിലെത്തിയിരുന്നു. ലോകവും കേരളവും തമ്മിലുള്ള ദൂരം അത്രകണ്ട് കുറഞ്ഞു വരുന്ന കാലമാണെന്നതിന്റെ മറ്റൊരു ഓര്‍മപ്പെടുത്തല്‍. ചൈനയില്‍ തുടങ്ങിയെങ്കിലും മഹാമാരി നാശംവിതച്ച രാജ്യങ്ങളില്‍ മുന്നില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്,ജര്‍മനി തുടങ്ങിയവയായിരുന്നു. കോവിഡെന്നല്ല എല്ലാതരം രോഗങ്ങള്‍ക്കും പ്രതിരോധത്തിന്റെ ഇരുമ്പ് മറ തീര്‍ക്കുന്ന ഇസ്രായേലിലും മഹാമാരിയെത്തി. മൂന്ന് മുതല്‍ നാല് തരംഗങ്ങള്‍ക്ക് ലോകം സാക്ഷിയായി. 49.5 കോടി പേര്‍ക്ക് രോഗം ബാധിച്ചു. 61.7 ലക്ഷം പേര് മരിച്ചു. ഏറ്റവും കുടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചതും (8.2 കോടി) മരിച്ചതും (9.82 ലക്ഷം) അമേരിക്കയിലാണ്. യു.എസ്., ബ്രസീല്‍, റഷ്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഏറ്റവും കുറവ് കോവിഡ് മരണനിരക്ക്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം പത്ത് ലക്ഷത്തില്‍ 374 പേരാണ് ഇന്ത്യയില്‍ മരിച്ചത്. യു.എസില്‍ ഇത് 2,920 ആണ്. ബ്രസീല്‍ (3,092), റഷ്യ (2,506), മെക്സിക്കോ (2,498) എന്നിവിടങ്ങളിലും മരണനിരക്ക് കൂടുതലാണെന്ന് ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
കോവിഡില്‍ കിതച്ച് ഇന്ത്യ
ചൈനയില്‍ നിന്ന് തൃശ്ശൂരിലെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിയിലൂടെയാണ് കോവിഡ് ആദ്യമായി ഇന്ത്യ തൊട്ടത്. പതിയെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. ചൈനയടക്കം പല രാജ്യങ്ങളും വാതിലുകള്‍ കൊട്ടിയടച്ചതിനു പിന്നാലെ 2020 മാര്‍ച്ച് 24ന് ഇന്ത്യയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അപ്രതീക്ഷിത അടച്ചിടലില്‍ ജനങ്ങള്‍ വലഞ്ഞു. മാസ്കിലും സാനിറ്റൈസറിലും മാത്രമായി ജീവിതം. കേട്ടുകേള്‍വി പോലുമില്ലാത്ത ലോക്ഡൗണില്‍ രാജ്യം സ്തംഭിച്ചപ്പോള്‍ ആളുകള്‍ വീടുകളിലൊതുങ്ങി. ദൂരദേശങ്ങളില്‍ പഠനത്തിനും ജോലിക്കും മറ്റുമായി പോയവര്‍ വീടുകളില്‍ തിരിച്ചെത്താന്‍ ധൃതിപ്പെട്ടു. ഇതരസംസ്ഥാന തൊഴിലാളികളുടെ പാലായനത്തിന് ലോകം സാക്ഷിയായി. പിന്നീട് രോഗികളുടെ എണ്ണത്തില്‍ സംഭവിച്ച കുതിച്ചുചാട്ടം ഭയപ്പെടുത്തുന്നതായിരുന്നു.
ആശുപത്രികള്‍ നിറഞ്ഞു. ട്രെയിനുകളിലെ ബോഗികള്‍, മൈതാനങ്ങള്‍, അടിപ്പാതകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിങ്ങനെ രാജ്യത്തിന്റെ മുക്കിലും മൂലയിലും കൂണുപോലെ കോവിഡ് കെയര്‍ സെന്ററുകള്‍ ആരംഭിച്ചു. മരുന്നിനും ഓക്സിജനും കടുത്ത ക്ഷാമം നേരിട്ടു. ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. മനുഷ്യര്‍ അടുത്തിടപഴകാന്‍ ഭയപ്പെട്ട കാലം. ഒറ്റ വീട്ടില്‍, ഒരു കുടുംബത്തിലുള്ളവര്‍തന്നെ അകന്നുകഴിയേണ്ടിവന്നു.
മരണനിരക്ക് കുത്തനെ വര്‍ധിച്ചു. ശ്മശാനങ്ങളില്‍ ഇടമില്ലാതായതോ പുണ്യതയോടെ നടത്തിയിരുന്ന ശവസംസ്കാര ചടങ്ങുകള്‍ നടുറോഡിലും നടത്തേണ്ടിവന്നു. റോഡുകളിലും മൈതാനങ്ങളിലും മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. ഗംഗയിലും യമുനയിലും മൃതദേഹങ്ങള്‍ ഒഴുകിനടന്നു. ആശങ്കയുടേയും ഭയപ്പാടിന്റെയും പത്തുമാസങ്ങള്‍ക്കുശേഷം ഭരണകൂടം വാക്സിന് പുറത്തിറക്കി. ഇതിനിടയില്‍ പ്രതിരോധത്തിനായി മനുഷ്യര്‍ ദേഹത്ത് ചാണകവും ചെളിയും വാരിതേച്ചതും ചരിത്രം. ജീവഭയത്താല്‍ മുറിവൈദ്യത്തില് അഭയം തേടിയവരും ഏറെയാണ്. വാക്സിനെതിരായ പ്രചരണം ആദ്യനാളുകളില്‍ ശക്തമായിരുന്നു. ഓരോ ഫോണ്‍വിളികളിലും അധികൃതര്‍ കോവിഡ് ബോധവത്കരണം നടത്തി. കോവിഡ് നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കി, ശിക്ഷിച്ചു.
നാലാം തരംഗം സാധ്യതയില്ല
നാലാം തരംഗം ഉണ്ടാവാനുള്ള സാധ്യതയില്ല. അതിനാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സ്വാഗതം ചെയ്യുന്നു. ഐ.ഐ.ടി.കാണ്‍പുരിന്റെ നാലാം തരംഗ പ്രവചനം ശാസ്ത്രീയ അടിത്തറയില്ലാത്തതാണ്. നാല് തരംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സിംബാബ്വെ,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഐ.ഐ.ടി. പഠനം നടത്തിയത്. വുഹാന്‍ വകഭേദം, ബീറ്റ, ആല്‍ഫ, ഒമിക്രോണ്‍ എന്നീ നാല് വകഭേദങ്ങളാണ് ഈ രാജ്യങ്ങളില്‍ യഥാക്രമം നാല് തരംഗങ്ങളുണ്ടാക്കിയത്. ഇന്ത്യയില്‍ വുഹാനും ആല്‍ഫയും ആദ്യ തരംഗത്തിന് കാരണമായി. ശേഷം ഡെല്‍റ്റ രണ്ടിനും ഒമിക്രോണ്‍ മൂന്നിനും വഴിവച്ചു. ബീറ്റ ഇന്ത്യയില്‍ തരംഗമുണ്ടാക്കിയതുമില്ല. അതിനാല്‍ നിലവിലുള്ള വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു വകഭേദമുണ്ടായാല്‍ മാത്രമേ അപകടസാധ്യതയുള്ളൂ. പൂര്‍ണമായി വ്യത്യസ്ത വകഭേദം വന്നില്ലായെങ്കില്‍ പുതിയ ഒരു തരംഗത്തിന് സാധ്യതയില്ല. ഡോ. ജേക്കബ് ജോണ്‍, വൈറോളജിസ്റ്റ് |

കൂടികൊണ്ടിരുന്ന വകഭേദങ്ങള്‍
കൊറോണ വൈറസിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പലവകഭേദങ്ങളുണ്ടായി. 2019 അവസാനത്തോടെ ചൈനയിലെ വുഹാനില്‍ 'സാര്‍സ്-കോവ്-2' എന്ന വൈറസ് ഉണ്ടാക്കിയ കോവിഡിനെഏതാനും മാസങ്ങള്‍ക്കുശേഷം, 2020 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയയി പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള രണ്ടരവര്‍ഷം ലോകം സാക്ഷിയായത് വൈറസിന്റെ ഒട്ടേറെ വകഭേദങ്ങള്‍ക്കാണ്.
പ്രധാനവകഭേദങ്ങള് |
- ഡെല്‍റ്റ - ഡെല്‍റ്റ പ്ലസ് - ആല്‍ഫ - ബീറ്റ - ഒമിക്രോണ്‍ - ഒമിക്രോണ്‍ ബി.എ.1 - ഒമിക്രോണ്‍ ബി.എ.2 - ഒമിക്രോണ്‍ ബി.എ.3 |
ഇനിയൊരു കോവിഡ് തരംഗത്തിന് സാക്ഷിയാകേണ്ടി വരുമോയെന്ന ഭയം ലോകത്തിനുണ്ട്. ഏഷ്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും ചില ഭാഗങ്ങളില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവിനെയും ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എക്സ്ഇ വകഭേദത്തേയും ആശങ്കയോടെയാണ് ആരോഗ്യവിദഗ്ദര് കാണുന്നത്. നിലവിലെ സ്ഥിതിഗതികള്‍ ഓരോ പ്രദേശത്തിനും ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്. ഒമിക്രോണ്‍ വ്യാപനത്തിലുള്ള കാലതാമസം, ബിഎ.2 വകഭേദത്തിന്റെ വ്യാപനം, കോവിഡ് നിയന്ത്രണങ്ങളിലെ അലംഭാവം എന്നിവയെല്ലാമാണ് ഇപ്പോള്‍ ചൈനയിലും അമേരിക്കയിലും കേസുകളുടെ വര്‍ദ്ധനവിന് കാരണം.
യു.കെയിലും ജര്‍മ്മനിയിലും ഒമിക്രോണിന്റെ വകഭേദമായ ബി.എ.2 ആണ് രോഗകാരി. ഒമിക്രോണ്‍ BA1, BA.2 സ്ട്രെയിനുകള്‍ ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ വൈറസാണ് XE കോവിഡിന്റെ ഒന്നിലധികം വകഭേദങ്ങള്‍ ഒരു രോഗിയെ ബാധിക്കുമ്പോഴാണ് വൈറസുകള്‍ക്ക് ഇത്തരത്തില്‍ ജനതകമാറ്റങ്ങള്‍ സംഭവിക്കുന്നത്. പുതിയ വകഭേദമായ എക്സ് ഇ ഇന്ത്യയില്‍ ഇനിയൊരു തരംഗമുണ്ടാക്കാന്‍ സാധ്യതയില്ലെന്ന്് ഡോ.ദേവി ഷെട്ടി ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. രണ്ടാം തരംഗത്തില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായതും വലിയൊരു ശതമാനം വാക്സിനേഷനിലൂടെ പ്രതിരോധശേഷി നേടിയതും ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും അലംഭാവം കൂടാതെ പുതിയ വകഭേദങ്ങള്‍ തിരിച്ചറിയുന്നതിന് തുടര്‍ച്ചയായ ജീനോമിക് സീക്വന്‍സിങ് വേണം. ജൂണില്‍ നാലാം തരംഗം ഇന്ത്യയിലുണ്ടാകുമെന്ന കാണ്‍പൂര്‍ ഐ.ഐ.ടി പ്രവചിക്കുന്നു. ഇന്ത്യയില്‍ മൂന്നാം തരംഗത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത് ബിഎ.1 ഒമിക്രോണ്‍ വകഭേദമാണ്. രോഗവ്യാപനതോത് കൂടുതലാണെങ്കിലും അപകടകാരിയല്ല ഇതെന്നതാണ് ഏക ആശ്വാസം.
കോവിഡ് തരംഗം അവസാനിച്ചുവെന്നുള്ള ഔദ്യോഗിക അറിയിപ്പ് ലോകാരാഗ്യ സംഘടനയില്‍ നിന്നുണ്ടായിട്ടില്ല. എങ്കിലും 2020 മാര്‍ച്ച് 23-നു നിലവില്‍ വന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ചത് സ്വാഗതം ചെയ്യുന്നു. എന്നാല്‍ മാസ്ക് തുടരണം. പ്രത്യേകിച്ച് അടച്ചിട്ട മുറികള്‍, തിരക്കേറിയ സ്ഥലങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും തുടരണം.
- സുല്‍ഫി നൂഹ് |
കോവിഡ് വാക്സിന് യഞ്ജം ഏറ്റവും ഫലപ്രദമായത് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ലോക്സഭയില്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ വാക്സിനുകള്‍ക്ക് ഉപയോഗാനുമതി നല്കിയ രാജ്യം ഇന്ത്യയാണ്. വാക്സികളില് ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നതും ഇവിടെയാണ്. ഐ.സി.എം.ആറിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു. കോവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായെങ്കിലും രോഗഭീതി നിലനില്‍ക്കുന്നതിനാല്‍ വിദേശരാജ്യങ്ങളിലെന്നപോലെ എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് ഇന്ത്യയില്‍ നല്‍കണമെന്ന ആവശ്യം ശക്തമാണ്. നിലവില്‍ മുന്‍നിരപോരാളികള്‍ക്കും അറുപതുപിന്നിട്ടവര്ക്കുമാണ് മൂന്ന് ഡോസ് വാക്സിനും അര്‍ഹതയുള്ളത്. ബൂസറ്റര്‍ ഡോസ് എടുത്തവര്‍ക്ക് മാത്രമേ പ്രവേശമുളളൂവെന്ന് ചില രാജ്യങ്ങളില്‍ നിബന്ധനയുള്ളതിനാല്‍ പഠനത്തിനും തൊഴിലിനുമായി ഇന്ത്യയ്ക്ക് പുറത്തുപോകുന്നവര്‍ക്ക് മൂന്നാം ഡോസ് പരിഗണനയിലാണ്.
അനുമതി പത്ത് എണ്ണത്തിന്; യജ്ഞത്തില്‍ അഞ്ച്

കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവെപ്പിനായി ഇന്ത്യയില്‍ പത്ത് വാക്സിനുകള്‍ക്കാണ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. എന്നാല്‍ അഞ്ചെണ്ണം മാത്രമാണ് വാക്സിന് യജ്ഞത്തിലുള്ളത്. ഇതുവരെ പതിനാല് വാക്സിനുകള്‍ രാജ്യത്ത് ക്ലിനിക്കല്‍ ട്രയലിന് വിധേയമാക്കിയിട്ടുണ്ട്.
അനുമതി നല്കിയ വാക്സിനുകള്‍ |
1- കോവിഷീല്‍ഡ്: നിര്‍മ്മാതാക്കള്‍: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതിയുള്ളത്: 47 രാജ്യങ്ങളില്‍ പ്രായപരിധി: പതിനെട്ട് വയസ്സിന് മുകളില്‍ |
2- കോവാക്സിന്: നിര്‍മ്മാതാക്കള്‍: ഭാരത് ബയോടെക്ക് അനുമതിയുള്ളത്: 14 രാജ്യങ്ങളില്‍ പ്രായപരിധി: പതിനെട്ട് വയസ്സിന് മുകളില്‍ |
3- സ്പുട്ടനിക്-വി: നിര്‍മ്മാതാക്കള്‍: ഗാമാലേയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എപ്പിഡെമോളജി ആന്റ് മൈക്രോബയോളജി അനുമതിയുള്ളത്: 74 രാജ്യങ്ങളില്‍ പ്രായപരിധി: പതിനെട്ട് വയസ്സിന് മുകളില്‍ |
4- കോര്‍ബെവാക്സ്: നിര്‍മ്മാതാക്കള്‍: ബയോളജിക്കല്‍ ഇ- ലിമിറ്റഡ് അനുമതിയുള്ളത്: ഇന്ത്യയില്‍ മാത്രം പ്രായപരിധി: 12 മുതല്‍ 14 വയസ്സ് വരെയുള്ളവരില്‍ |
5- കോവോവാക്സ്: നിര്‍മ്മാതാക്കള്‍: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതിയുള്ളത്: മൂന്ന് രാജ്യങ്ങളില്‍ പ്രായപരിധി: 18 വയസ്സിന് താഴെയുള്ളവരില്‍ |
6- സൈക്കോവ്-ഡി: നിര്‍മ്മാതാക്കള്‍: സൈഡസ് കാഡില അനുമതിയുള്ളത്: ഇന്ത്യയില്‍ മാത്രം പ്രായപരിധി: 12 മുതല്‍ 18 വയസ്സ് വരെയുള്ളവരില്‍ |
7- സ്പൈക്വാക്സ്: നിര്‍മ്മാതാക്കള്‍: മോഡേണ അനുമതിയുള്ളത്: 85 രാജ്യങ്ങളില്‍ പ്രായപരിധി: ആറ് വയസ്സിന് മുകളിലുള്ളവരില്‍ |
8- സ്പുട്ട്നിക് ലൈറ്റ്: നിര്‍മ്മാതാക്കള്‍: ഗാമാലേയ റിലേര്ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്റ് മൈക്രോബയോളജി അനുമതിയുള്ളത്: 26 രാജ്യങ്ങളില്‍ പ്രായപരിധി: 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് |
9- : എ.ഡി26.കോവ്2.എസ് നിര്‍മ്മാതാക്കള്‍: ജോണ്സണ് ആന്റ് ജോണ്സണ് അനുമതിയുള്ളത്: 108 രാജ്യങ്ങളില്‍ പ്രായപരിധി: 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് |
10- ആസ്ട്രസെനക്ക: നിര്‍മ്മാതാക്കള്‍: ഓക്സ്ഫോര്‍ഡ് അനുമതിയുള്ളത്: 138 രാജ്യങ്ങളില്‍ പ്രായപരിധി: 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് |
വാക്സിന് യഞ്ജത്തിലുള്ളവ -കോവിഷീല്‍ഡ് -കോവാക്സിന് -സ്പുട്ട്നിക്-വി -കോര്‍ബെവാക്സ് -കോവോവാക്സ് |
2021 ജനുവരി 16നാണ് രാജ്യത്തെ കോവിഡ് പ്രതിരോധവാക്സിനേഷന്‍ ആരംഭച്ചത്. ആദ്യം സര്‍ക്കാര്‍ കേന്ദ്രങ്ങളിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍, വിദ്യാലയങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയിലേക്കും വാക്സിന് യഞ്ജം വ്യാപിച്ചു. ഇതിനോടകം 1,85,20,72,469 ഡോസ് വാക്സിനുകള്‍ രാജ്യത്ത് നല്കി. മുന്‍നിര പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും നല്കുന്ന കരുതല്‍ ഡോസ് 2,39,02,927 പേര്‍ക്കും നല്കി.
18 വയസ്സിന് മുകളിലുള്ളവര്‍ |
രണ്ടു ഡോസുകളും സ്വീകരിച്ചവര്‍: 79,78,94,552 |
ആദ്യ ഡോസ് സ്വീകരിച്ചവര്‍: 91,32,97,063 |
15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ |
ഇരുഡോസുകളും സ്വീകരിച്ചവര്‍: 3,90,46,615 |
ആദ്യ ഡോസ് സ്വീകരിച്ചവര്‍: 5,74,91,065 |
12നും 14നും ഇടയില്‍ പ്രായമുള്ളവര്‍ |
ആദ്യ ഡോസ് സ്വീകരിച്ചവര്‍: 2,04,40,247 |
ആദ്യ ഡോസിനുശേഷം നിശ്ചിത കാലയളവ് കഴിയാത്തിനാല്‍ ഈ പ്രായക്കാര്‍ക്ക് രണ്ടാം ഡോസ് നല്കി തുടങ്ങിയിട്ടില്ല.
|
വാക്സിന് വിതരണത്തില്‍ സംസ്ഥാനങ്ങളും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്സിനേഷന് നടന്നത് ഗോവ, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഢ്, ജമ്മു കാശ്മീര്‍, ആന്റമാന് നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ്. ഈ പ്രദേശങ്ങളില്‍ വാകക്സിന്‍ വിതരണം നൂറ് ശതമാനം പിന്നിട്ടു.
കേരളത്തില്‍ ചൊവ്വാഴ്ച വരെ 5,35,36,938 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. 2,69,38,559 പേര്‍ക്ക് ആദ്യ ഡോസ് നല്കി. 2,33,66,177 പേര്‍ക്ക് രണ്ടാം ഡോസും നല്കി. 12,23,559 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് കരുതല്‍ഡോസ് നല്‍കിയിട്ടുണ്ട്. 15-18 പ്രായക്കാര്‍ക്ക് 12,10,733 ആദ്യഡോസ് നല്കി. ഇവരില്‍ 7,28,593 പേര്‍ക്ക് രണ്ടാം ഡോസും വിതരണം ചെയ്്തു. 12-14 പ്രായക്കാര്‍ക്കുള്ള വാക്സിന്റെ ആദ്യഡോസ് 69,317 പേര്‍ക്ക് സംസ്ഥാനത്ത് നല്കി.
വാക്സിന് വിതരണ കണക്ക്
ഗോവ: 26,95,950 (ആകെ ഡോസുകള്‍) ആദ്യ ഡോസ്: 13,47,189 രണ്ടാം ഡോസ്: 11,98,862 കരുതല്‍ ഡോസ്: 33,862 (15-18 പ്രായക്കാര്‍) ആദ്യഡോസ്: 49,272 രണ്ടാം ഡോസ്: 40,102 12-14 പ്രായക്കാര്‍ : 26,663 | ഹിമാചല്‍ പ്രദേശ്: 1,26,88,685 (ആകെ ഡോസുകള്‍) ആദ്യ ഡോസ്: 60,09,974 രണ്ടാം ഡോസ്: 56,74,044 കരുതല്‍ ഡോസ്: 2,16,413 (15-18 പ്രായക്കാര്‍) ആദ്യഡോസ്: 3,22,739 രണ്ടാം ഡോസ്: 2,84,013 12-14 പ്രായക്കാര്‍ : 1,81,502 |
ചണ്ഡിഗഢ്:20,76,275(ആകെ ഡോസുകള്‍) ആദ്യ ഡോസ്: 10,84,031 രണ്ടാം ഡോസ്: 8,83,329 കരുതല്‍ ഡോസ്: 29,039 (15-18 പ്രായക്കാര്‍) ആദ്യഡോസ്: 45,913 രണ്ടാം ഡോസ്: 25,704 12-14 പ്രായക്കാര്‍ : 8,259 | ജമ്മു കാശ്മീര്‍: 2,22,56,230 (ആകെ ഡോസുകള്‍)
ആദ്യ ഡോസ്: 99,23,174 |
ആന്റമാന് നിക്കോബാര്‍: 6,76,771 (ആകെ ഡോസുകള്‍) ആദ്യ ഡോസ്: 3,10,509 രണ്ടാം ഡോസ്: 3,09,528 കരുതല്‍ ഡോസ്: 12,162 (15-18 പ്രായക്കാര്‍) ആദ്യഡോസ്: 18,799 രണ്ടാം ഡോസ്: 15,840 12-14 പ്രായക്കാര്‍ : 9,933 | ലക്ഷദ്വീപ്: 1,21,427 (ആകെ ഡോസുകള്‍)
ആദ്യ ഡോസ്: 56,705 |
Content Highlights: all you need to know about Covid 19 in India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..