
പ്രതീകാത്മക ചിത്രം
എല്ലാ തെറിവിളിയിലും നൂറ്റാണ്ടുകളായി എരിഞ്ഞുനീറുന്ന ഒരു മുറിവ് കുടിയിരിപ്പുണ്ട്. കാരണം തെറി വിളിക്കുന്നതും കേള്‍ക്കുന്നതും ചില വ്യക്തികളല്ല, രണ്ട് കൂട്ടങ്ങളാണ്. കോയ്മയായി മാറിയ കൂട്ടങ്ങള്‍ തങ്ങള്‍ക്ക് താഴെയുള്ളവരെ ഒതുക്കാന്‍ പ്രയോഗിച്ച വാക്കാണ് തെറി. അതുകൊണ്ടാണ് തെറികളിലേറെയും ദളിത്വിരുദ്ധവും സ്ത്രീവിരുദ്ധവുമായി മാറിയത്. ചില സന്ദര്‍ഭങ്ങളില്‍ ഈ തെറിവിളി അടിച്ചമര്‍ത്തപ്പെട്ടവരുടെ താത്കാലിക രക്ഷാരൂപമായും മാറാറുണ്ട്. ചന്തയില്‍ കയറി വളരെ മാന്യമെന്ന് തോന്നുന്ന ഭാഷയില്‍ അഞ്ഞൂറ് രൂപയുടെ മീനിന് നൂറ് രൂപ പറയുന്ന ഒരു ഉദ്യോഗസ്ഥന്/യ്ക്ക് മറുവശത്തുനിന്ന് തെറി കേള്‍ക്കേണ്ടിവരാം. ഈ തെറിയില്‍ കുളിച്ച അയാള്‍/?അവള് അത് വിളിച്ചവരെ 'കള്‍ച്ചര്‍ലെസ് ഫെലോസ്' ആയി വരച്ചിടും. മീന്‍രുചി തേടി വീണ്ടും അയാള്‍/അവള് അവിടേക്ക് പോയാലും 'കള്‍ച്ചര്‍ലെസ് ഫെലോസ്' എന്ന കാഴ്ച ഇവരില്‍ തളംകെട്ടിനില്‍ക്കും. ഇവിടെ മീന്‍ വില്ക്കുന്നവര് അര്‍ഥമറിയാതെ വിളിച്ച ഒരു വാക്കാണോ ഇയാളുടെ കാഴ്ചയിലെ 'കള്‍ച്ചര്‍ലെസ് ഫെലോസ്' എന്ന വാക്കാണോ ശരിക്കും തെറി? സൂക്ഷ്മമായി നോക്കിയാല്‍ മീന്‍ വില്ക്കുന്നവരുടെ തെറിവിളി അസമത്വത്തിനെതിരേയും ഉദ്യോഗസ്ഥന്റെ/യുടെ കാഴ്ചകള്‍ ശ്രേണീബന്ധങ്ങള്ക്കനുകൂലമായും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം. കാരണം നിരന്തരം 'സാര്‍' എന്ന നീട്ടിവിളി നിര്‍മിച്ച ശ്രേണീബന്ധത്തിനുള്ളിലിരിക്കുന്നതുകൊണ്ടാണ് തെറിയിലൂടെ വന്ന പ്രതിഷേധത്തെ 'സംസ്കാരമില്ലായ്മ'യായി ഇവര്‍ക്ക് വരയ്ക്കാന്‍ സാധിച്ചത്. ഇവിടെ 'സാര്‍' എന്ന വിളി കേവലമായൊരു സംബോധനാവാക്കല്ല. ഈ 'സാര്‍' എന്ന വിളിയിലൂടെ ഇയാളൊരു സായിപ്പാവുകയും അങ്ങനെ വിളിക്കുന്നവര്‍ ഭൃത്യന്മാരാവുകയും പ്രതിഷേധിക്കുന്നവര്‍ (തെറിവിളിച്ചവര്‍) സംസ്കാരശൂന്യരാവുകയും ചെയ്യുന്നു. ഈ വിളിയിലൂടെ സ്വന്തം ദേശത്ത് യൂറോപ്പിനെ വരയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് 'സാര്‍'വിളിയുള്‍പ്പെടെയുള്ള മലയാളികളുടെ സംബോധനാ-ബഹുമാന പദങ്ങളെല്ലാംതന്നെ പുനര്നിര്വചിക്കേണ്ടിവരുന്നത്.
'സാര്‍' എന്ന കുളിര്
സാര്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ കുളിരു കോരുന്ന വലിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ നമുക്കിടയിലുണ്ട്. ഈ കുളിര് അവരറിയാതെ അവരുടെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ലീനമായിരിക്കും. സംശയമുള്ളവര്‍ക്ക് ഈ സംബോധന ഒഴിവാക്കി സ്വാഭാവികമായ രീതിയിലോ പേരുപറഞ്ഞോ വിളിച്ചുനോക്കാവുന്നതാണ്. അപ്പോഴാണ് ഈ വിളിയുടെ ആഴം വ്യക്തമാകുന്നത്. അതായത് അധികാര ശ്രേണീബന്ധത്തെ സൂചിപ്പിക്കുന്ന 'സാര്‍'വിളി അതിന്റെ നിരുക്തിയില്നിന്ന് വിട്ടുമാറിയിട്ടില്ലെന്നു മാത്രമല്ല അതിനെ പുനരാവിഷ്കരിക്കാന്‍ ശ്രമിക്കുന്നുമുണ്ട് എന്നര്‍ഥം. ഈ സന്ദര്‍ഭത്തിലാണ് മാത്തൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ, സാര്‍, മാഡം വിളികളും അഭ്യര്‍ഥിക്കുന്നു, അപേക്ഷിക്കുന്നു തുടങ്ങിയ വാക്കുകളും ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം പ്രസക്തമാകുന്നത്. സാര്‍, മാഡം വിളികള്‍ ഇംഗ്ലീഷ് വാക്കുകളാണെന്നും അത് ഒഴിവാക്കണമെന്നും മാത്രം പറഞ്ഞാല്‍ വന്നുചേരാവുന്ന ശുദ്ധതാബോധത്തെ ഈ സര്‍ക്കുലര്‍ മറികടക്കുന്നുണ്ട്. അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു തുടങ്ങിയ വാക്കുകളിലെ വിധേയത്വബോധങ്ങളെയും കൊളോണിയല്‍ ഹാങ്ങോവറിനെയും പ്രശ്നവത്കരിക്കാന്‍ ഈ തീരുമാനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.
പോലീസിന്റെ 'എടാ', 'എടീ' വിളികള്‍ കീഴ്പ്പെടുത്താനുള്ള കൊളോണിയല്‍ മുറയുടെ ശേഷിപ്പാണെന്ന ഹൈക്കോടതിയുടെ അഭിപ്രായവും (ജസ്റ്റിസ് ദേവന് രാമചന്ദ്രന്) അതിനെത്തുടര്‍ന്നുണ്ടായ ഡി.ജി.പി. അനില്‍ കാന്തിന്റെ സര്‍ക്കുലറും ഇതിന്റെ ഭാഗമാണ്. ഈ സര്ക്കുലറുകളെല്ലാംതന്നെ അര്ഥപൂര്ണമാണെങ്കിലും ഇവയ്ക്ക് ഈ സംബോധനാവാക്കുകളെ കേവലമായി മായ്ച്ചുകളയാനല്ലാതെ അതിലൂടെ കടന്നുവന്ന കോയ്മാബിംബങ്ങളെ മറികടക്കാനാവുമോ? 'ഡീകോളനൈസിങ് ദ മൈന്‍ഡ്' എന്ന കൃതിയില്‍ ഗൂഗി വാതിഓംഗോ പറയുന്നതുപോലെ ആഫ്രിക്കന്‍ എഴുത്തുകാര്‍ ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ഇംഗ്ലീഷിന് സ്തുതിപാടുക മാത്രമല്ല അടിമകളുടെ യാചനാപൂര്ണമായ മുറവിളികളിലേക്ക് മടങ്ങിപ്പോവുക കൂടിയാണ്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യം കുറച്ചുകൂടി വ്യത്യസ്തമാണ്. ഇന്ത്യയില്‍ അടിമകളുടെ യാചനാമുറികള് പൂട്ടിയിരിക്കുന്ന താക്കോലുകളിലൊന്ന് ജന്മിത്വത്തിന്റെതുകൂടിയാണ്. അതായത് 'സാര്‍'വിളി മായ്ച്ചാല്‍ മാത്രം തുറന്നുവരുന്നൊരു യാചനാമുറിയല്ല അത്. കേരളത്തിന്റെ സംബോധനാ തടവുമുറികളും സാര്‍, മാഡം തുടങ്ങിയ വാക്കുകള്‍കൊണ്ടു മാത്രം പൂട്ടിയിരിക്കുന്നവയല്ല. അന്വേഷിച്ചാല്‍ ഇതിനെക്കാള്‍ വലിയ കുരുക്കുകളിലേക്കാണ് നാം എത്തിച്ചേരുക. ശുദ്ധമലയാളമെന്ന ഭാവത്തില്‍ 'സാറി'ന്റെ പകരക്കാരനാവാന്‍ കാത്തിരിക്കുന്നവരുടെ തനിസ്വരൂപവും തിരിച്ചറിയേണ്ടതുണ്ട്.
അങ്ങ് എന്ന ജാതിദൂരം
'ഇടവരമ്പ്' എന്നൊരു സ്ഥലപ്പേര് കേരളത്തിലുണ്ട്. ഇതൊരു സാധാരണ സ്ഥലപ്പേരല്ല. സവിശേഷമായൊരു ചരിത്രപ്രയോഗമാണിത്. ഒരേ വരമ്പില്‍നിന്ന് ബ്രാഹ്മണനും പുലയനും സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയ്ക്കെതിരേ അലങ്കാരന് എന്ന പുലയയുവാവ് വരമ്പിന് കുറുകെ വരച്ച വരയാണ് ഇടവരമ്പായതെന്നൊരു വിശ്വാസമുണ്ട്. ശങ്കരാചാര്യരെ തന്റെ ബൗദ്ധികശേഷികൊണ്ട് മറികടക്കാന്‍ ശ്രമിച്ച ഈ യുവാവ് ശിവസ്വരൂപമാണെന്നും പറയുന്നുണ്ട്. ഏതായാലും ജാതിയുടെ അടിസ്ഥാനത്തിലെ ദൂരങ്ങളെ (തീണ്ടല്, തൊടീല്) അളന്നുമുറിക്കാന്‍ പാകത്തിലൊരു ജൈവചോദന ഈ യുവാവിലുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ പരസ്യസംവാദത്തിലൂടെ മുറിച്ചുകളഞ്ഞ ജാതിദൂരങ്ങള് തുടര്‍ന്ന് ഭാഷയെന്ന രഹസ്യസങ്കേതത്തിലൂടെ തുന്നിച്ചേര്‍ക്കുകയായിരുന്നു. 'അങ്ങ്' എന്ന വാക്കുതന്നെയാണ് പ്രധാന ഉദാഹരണം. 'അങ്ങ്' എന്ന ദൂരത്തെക്കുറിക്കുന്ന (അകലത്തെ) വാക്ക് എങ്ങനെ ബഹുമാനസൂചിയായി മാറി? 'അങ്ങുന്നേ' എന്ന് വിളിക്കുമ്പോള്‍ അത് സംബോധനയുമായി. അതുപോലെ 'അവിടെ' എന്ന ദൂരസൂചന എങ്ങനെ 'അവിടുന്ന്' എന്ന സംബോധനയായിമാറി? ഇവിടെ അകല(distance)ത്തെ സംബോധന-ബഹുമാന സൂചിയായി മാറ്റിയിരിക്കുകയാണ്. ദൂരത്തെ ജാതിദൂരമായും ജാതിദൂരത്തെ സംബോധനയായും വിവര്‍ത്തനംചെയ്യുമ്പോള്‍ തീണ്ടലിന് വിശുദ്ധപദവി കൈവരികയാണ്. അദ്ദേഹം, ഇദ്ദേഹം എന്നെല്ലാം ഒരാളെ സംബോധനചെയ്യുമ്പോഴും ദൂരത്തെ ആധാരമാക്കിയുള്ള ദേഹസങ്കല്പത്തിന് വിശുദ്ധി കൈവരികയാണ്.
'അങ്ങ്' എന്ന വാക്കിന് ഇപ്പോള്‍ സവിശേഷമായ പ്രവര്ത്തനശേഷിയുണ്ടോ? സ്വാഭാവികമായി ഉണ്ടാകാന്‍ സാധ്യതയുള്ള ചോദ്യമാണത്. ഉണ്ട് എന്നതാണ് യാഥാര്‍ഥ്യം. നിയമസഭയിലും മാധ്യമചര്‍ച്ചകളിലും ഈ ബഹുമാനസൂചി സജീവമായി ഇടപെടുന്നുണ്ട്. ബഹുമാനസൂചി എന്നതിനെക്കാള്‍ 'ദൂരവാചി' എന്ന് പറയാവുന്ന ഈ വാക്ക് സാധാരണക്കാര്‍ക്കിടയില്‍ ഈ അര്‍ഥത്തില്‍ നിലവിലില്ല എന്നതാണ് ഒരു വൈരുധ്യം. സാധാരണ മനുഷ്യരും തൊഴിലാളികളും വിദ്യാര്‍ഥികളുമെല്ലാം തള്ളിക്കളഞ്ഞ ഈ ബഹുമാനസൂചിയെ നിയമസഭയും മാധ്യമങ്ങളും പുനരാനയിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? നിയമസഭാസംവാദങ്ങള് നാട്ടുകാര്‍ക്ക് പാഠപുസ്തകംപോലെ അനുഭവപ്പെടേണ്ടതല്ലേ? ഇനി ഇത് സഭയില്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുണ്ടല്ലോ എന്ന വാദം നിരത്തിയാലും സാധൂകരിക്കാനാകില്ല. അങ്ങോട്ടും ഇങ്ങോട്ടും അകലത്തെ അളന്നുമുറിച്ച് വീതംവെച്ചാലും അകലം അകലംതന്നെയാണല്ലോ. ഇത് സാധാരണക്കാരിലേക്ക് അരിച്ചിറങ്ങിയാല് രണ്ടുവശത്തും ഒരേ ദൂരം ഉണ്ടാകണമെന്നില്ല.
സാധാരണക്കാര്‍ ഒരുദ്യോഗസ്ഥനെ 'അങ്ങ്' എന്ന് വിളിക്കുമ്പോള്‍ തിരിച്ച് അങ്ങനെയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ത്തന്നെ അധ്യാപകരോടും കുട്ടികള്‍ക്ക് അച്ഛന്മാരോടും 'ബഹുമാനപൂര്‍വമായ ഒരു അകല'മുണ്ട്. ബഹുമാനം എന്തിന് അകലമായി മാറുന്നുവെന്നതാണ് ഇവിടെയുള്ള പ്രധാന പ്രശ്നം. ഈ അകലത്തില്‍ ചോദ്യംചെയ്യാനുള്ള സാധ്യതയാണ് അലിഞ്ഞില്ലാതാകുന്നത്. ഇങ്ങനെ ബഹുമാനം കൂടുന്നതനുസരിച്ച് അകലം കൂടുകയും ഭയം ഉണ്ടാവുകയും ചെയ്യുന്ന കുട്ടി ഒരു ചോദ്യവും ചോദിക്കാതെ ചരിത്രത്തില്‍നിന്ന് പടിയിറങ്ങിപ്പോകും. അതുകൊണ്ടുതന്നെ ഇത്തരം അകലങ്ങളെ നിര്‍മിക്കുന്ന 'സാര്‍', 'അങ്ങ്' വിളികള്‍ വ്യവസ്ഥയുടെ സൂക്ഷ്മശരീരമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. കുട്ടികളുടെ തലച്ചോറിലേക്ക് വിവരങ്ങളെ നിറയ്ക്കുന്ന സാമ്പ്രദായിക അധ്യയനരീതികളില്നിന്ന്, ചോദ്യങ്ങളിലൂടെ അറിവിനെ നിര്‍മിക്കുന്ന വിമര്ശനാത്മകബോധനത്തിലേക്ക് കടക്കുമ്പോള്‍ അനിവാര്യമായും മുറിച്ചുകടക്കേണ്ടത് ഇത്തരം സംബോധനാ-ബഹുമാന വാചികളെയാണ്.
നോം ബഹുവചനമാണെന്ന് അറിയില്ലേ?
തങ്ങളെ ചവിട്ടിത്താഴ്ത്തിയ ആളെ തങ്ങളെക്കാള്‍ വലുതായിക്കാണുന്ന വിധേയത്വ അബോധത്തെക്കുറിച്ച് എം.എന്‍. വിജയന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചവിട്ടിത്താഴ്ത്തിയവരെയും അധികാരികളെയും വലുതായിട്ട് മാത്രമല്ല പലതായും കാണാനുള്ള തൃഷ്ണ മൂന്നാംലോകരാജ്യങ്ങളില്‍ പൊതുവായുണ്ട്. മലയാളത്തിലെ 'പൂജകബഹുവചന'വും ഇതിന് സാക്ഷ്യം പറയുന്നു. മലയാളത്തിലെ ബഹുവചനങ്ങള് ബഹുവചനങ്ങള് മാത്രമല്ലെന്നും അത് പൂജകബഹുവചനങ്ങള്‍ കൂടിയാണെന്നും കേരളപാണിനീയത്തില്നിന്ന് വ്യക്തമാകുന്നുണ്ട്. ഇതില്‍ത്തന്നെ 'നാം', 'നോം' എന്നിവ അധികാരത്തെയും മറ്റും കാണിക്കുന്ന പൂജകബഹുവചനമാണെന്നും കേരളപാണിനീയം (രാജരാജവര്‍മ എ.ആര്.: 174) സൂചിപ്പിക്കുന്നുണ്ട്. ഒരു വ്യക്തി സ്വയം 'നോം', 'നാം' എന്നിങ്ങനെ അഭിസംബോധന ചെയ്യുമ്പോള്‍ 'നോം ഒരു ബഹുവചനമാണെന്ന് അറിയില്ലേ' എന്നൊരു ചോദ്യംകൂടി ശ്രോതാക്കള്‍ക്ക്, എറിഞ്ഞുകൊടുക്കുന്നുണ്ട്. ശ്രോതാക്കള്‍ അയാളെ ബഹുവചനം ചേര്‍ത്ത് നിങ്ങള്‍, താങ്കള്‍ എന്നിങ്ങനെ തിരിച്ച് അഭിസംബോധനചെയ്യുമ്പോള്‍ 'അതെ നിങ്ങള്‍ ബഹുവചനമാണെന്ന് എനിക്കറിയാം' എന്ന മറുപടിയാണ് അദൃശ്യമായി രേഖപ്പെടുന്നത്. ഇങ്ങനെ രേഖപ്പെടുമ്പോള്‍ കേള്‍ക്കുന്ന ആള് ഒരു ബഹുരൂപിയും വിളിക്കുന്ന ആള് ഒരു ഏകവചനം പോലുമാകാതെ തീര്‍ന്നുപോവുകയും ചെയ്യും. ബഹുമാനത്തില്‍ കുടിയിരിക്കുന്ന ഈ ബഹുത്വം ഒരു ജന്മിത്വഭാവനയാണ്. മനുഷ്യനായിട്ടുപോലും പരിഗണിക്കാതിരുന്ന (ഏകവചനമായിട്ടുപോലും) വിഭാഗങ്ങളെ കൂടുതല്‍ അപരമായിട്ട് മാറ്റുന്നതാണ് പൂജകബഹുവചനങ്ങള്‍ നിര്‍മിക്കുന്ന ബഹുത്വരൂപങ്ങള്. 'അവര്‍കള്‍' എന്നൊക്കെ പ്രയോഗിക്കുമ്പോള്‍, പൂജ ചെയ്ത് ചെയ്ത്, വിളിക്കപ്പെടുന്നയാള്‍ ആകാശംമുട്ടെ വളരുന്ന അവസ്ഥയാണുള്ളത്.
ഇനി ഈ പൂജയുടെ മറുവശമായ തിരസ്കാരത്തെക്കുറിച്ചുകൂടി തിരിച്ചറിയേണ്ടതുണ്ട്. 'നാം', 'നോം' എന്നിവ പൂജകബഹുവചനമായി രേഖപ്പെടുത്തുന്ന കേരളപാണിനീയം തന്നെ 'ഏന്', 'ഏങ്ങള്' എന്നിവയെ അപരിഷ്കൃതമായും അടയാളപ്പെടുത്തുന്നുണ്ട്. (രാജരാജവര്‍മ എ.ആര്.: 173, 174). അതായത് 'നാ'മും 'നോ'മും ചേര്‍ന്ന് 'ഏനെയും' 'ഏങ്ങളെ'യും 'അപരിഷ്കൃത'രാക്കിമാറ്റിയ കഥകൂടി ഈ പൂജകബഹുവചനങ്ങള്ക്ക് പറയാനുണ്ട്. ചുരുക്കത്തില്‍ 'നിങ്ങള്‍', 'താങ്കള്‍' തുടങ്ങിയ ബഹുമാനസൂചികളിലെ ബഹുത്വം വിളിക്കപ്പെടുന്നവര്‍ക്ക് മാത്രമുള്ളതാണ്. വിളിക്കുന്നവര്‍ എപ്പോഴും 'നീ'യും 'താനു'മായി നില്‍ക്കുന്നുവെന്നതാണ് ഇത്തരം പ്രയോഗങ്ങളിലെ ദുരന്തം.
ഇതിന് വേറൊരു വശംകൂടിയുണ്ട്. 'നാം', 'നോം' എന്നിവയില്‍ ഒരു വ്യക്തി സ്വയം ഒരു ബഹുരൂപിയായി ഭാവനചെയ്യുമ്പോള്‍ 'അദ്ദേഹം', 'ഇദ്ദേഹം' എന്നിവയ്ക്ക് അതിനുള്ള സാധ്യതയില്ല. കാരണം ഈ വാക്കുകളെ ബഹുവചനമാക്കിമാറ്റാന് സാധിക്കില്ല. സ്വയം ബഹുരൂപിയായി ഭാവനചെയ്യുന്ന (നാം, നോം) അവസ്ഥയുണ്ടായിട്ടും അദ്ദേഹം, ഇദ്ദേഹം എന്നീ ബഹുമാനപദങ്ങള്ക്ക് എന്തുകൊണ്ട് ബഹുത്വമുണ്ടായില്ല. ബഹുമാനിക്കേണ്ട ഒരു കൂട്ടത്തെ ഈ വാക്ക് പ്രതിനിധീകരിക്കുന്നില്ല. ബഹുവചനമാകുന്നതിനോ സ്ത്രീലിംഗമാകുന്നതിനോ വഴങ്ങാതെ നില്ക്കുന്ന ഈ വാക്ക് ബഹുമാനത്തെ ചില വ്യക്തികളിലേക്കു ചുരുക്കുന്ന ഏകാധിപത്യഭാവന പോലെയാണ് പെരുമാറുന്നത്. അതുകൊണ്ടാണ് 'അദ്ദേഹങ്ങള്‍' എന്ന് പറയാനാകാത്തത്.
തിരുമേനിയും തിരുമനസ്സും
മനുഷ്യരെയും അവരുടെ പ്രക്രിയകളെയും പലതായി മുറിച്ചെടുക്കാന്‍ സാധിക്കുന്നൊരു വിശേഷണമാണ് 'തിരു'. പുണ്യമുള്ളത്, ശുദ്ധമായത് എന്നീ അര്‍ഥങ്ങളിലുള്ള ഈ വാക്കിനെ മറ്റൊന്നിനോടു ചേര്‍ക്കുമ്പോള്‍ ആ വാക്കിനെക്കൂടി കവര്‍ച്ചചെയ്ത് തന്നോടു ചേര്‍ക്കുന്നു. മനുഷ്യമനസ്സിനോടോ ശരീരത്തിനോടോ ഈ വിശേഷണം ചേര്‍ക്കുമ്പോള്‍ അത് ഇവയുടെ ഒരുഭാഗത്തെ അടര്‍ത്തി തന്നോടു ചേര്‍ക്കുന്നു. മറുവശത്തെ അടര്‍ത്തി അപരമാക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയെ 'തിരുമനസ്സേ' എന്ന് വിളിക്കുമ്പോള്‍ സമൂഹമനസ്സ് രണ്ടായി തിരിയുന്നു. ഒരുവശത്തെ 'തിരു' അകത്തേക്കു വലിക്കുമ്പോള്‍ മറുവശത്തെ പുറത്തേക്കു തള്ളുന്നു. 'തിരു'വിനോട് ചേര്ന്നുനില്ക്കുന്നവ ഭരണസ്വരൂപവും അല്ലാത്തവ അപരരൂപങ്ങളും ആയിത്തീരുന്നു. 'തിരുമേനീ' എന്ന വിളിയിലും 'ശുദ്ധമല്ലാത്ത' മറ്റൊരു മേനി അദൃശ്യമായി തേങ്ങുന്നുണ്ട്. 'തിരുവുള്ളക്കേട്' എന്ന വാക്ക് സാധാരണ മനുഷ്യരുടെ ദേഷ്യത്തെയും രാജകോപത്തെയും രണ്ടായിത്തിരിക്കുന്നു. സാധാരണ മനുഷ്യരുടെ രോഷത്തെ നിര്വീര്യമാക്കുന്നതരത്തിലുള്ള വിശുദ്ധകോപമായി രാജാധികാരശാസനയെ മാറ്റിയെടുക്കാന്‍ 'തിരു'വിന് സാധിക്കുന്നു. ഇതേ നിലയില്‍ത്തന്നെ പ്രവര്‍ത്തിച്ചിരുന്ന തിരുവടി, തിരുവടയാളം, തിരുമൂപ്പ്, തിരുമുല്ക്കാഴ്ച, തിരുമുമ്പ്, തിരുമുഖം, തിരുമാടമ്പ്, തിരുനാള്‍ തുടങ്ങിയ വാക്കുകളിലെ 'തിരു' അന്നത്തെ വ്യവസ്ഥയെ കൃത്യമായി പ്രക്രിയകളിലേക്കും വ്യക്തികളിലേക്കും സംക്രമിപ്പിച്ചിരുന്നു. കാലക്രമേണ ഈ സംക്രമണത്തെ അതിജീവിക്കാന്‍ സാധിച്ചെങ്കിലും സംബോധനകളിലെ 'തിരു' ചില പ്രത്യേകരീതികളില്‍ വിലസുന്നുണ്ട്.
ഏന് ഞാനായ കഥ
''ഏനേന് യാന്‍ നാന് ക്രമാല്‍ ഞാനായ്'' എന്ന കേരളപാണിനീയവിശകലനം കേവലമൊരു വ്യാകരണ ഉച്ചാരണ മാറ്റമല്ല. 'ഏന്' എന്ന വാക്കില്‍ ജന്മിത്വത്തിന്റെ ഒരു കൂന് മറഞ്ഞിരിപ്പുണ്ട്. അത് യാന്‍, നാന് ക്രമാല്‍ ഞാനായി മാറിയപ്പോള്‍ ആ കൂന് നിവരുകയായിരുന്നു. എന്നാല്‍ ഈ നിവര്ന്നുനില്ക്കുന്ന പ്രക്രിയ പൂര്‍ണമായിരുന്നില്ല. കാരണം, സ്വയംസംബോധനകളിലുണ്ടായ ഈയൊരു മാറ്റം അപരസംബോധനകളിലേക്ക് കുടിയേറിയില്ല. അപരസംബോധനകളില് നിങ്ങളും താങ്കളും അങ്ങും നിര്‍ത്താതെ നൃത്തം തുടരുകയാണ്. ഇവ വ്യത്യസ്തവിഭാഗങ്ങള്‍ തമ്മിലുള്ള കലര്‍പ്പിനെ പ്രതിരോധിക്കുന്നു.
ഗുരുശിഷ്യന്മാര് തമ്മിലുള്ള കലര്‍പ്പാണല്ലോ അറിവ്. ശിഷ്യരുടെ ജീവിതത്തിലേക്ക് ഗുരുവും ഗുരുവിന്റെ ജീവിതാവബോധത്തിലേക്ക് ശിഷ്യരും കലരുമ്പോഴാണല്ലോ പുതിയ അറിവുണ്ടാകുന്നത്. എന്നാല്‍ ശിഷ്യര്‍ക്ക് ഗുരുവിനോടുള്ള വിധേയത്വം ഈ കലര്‍പ്പിനെ നിഷേധിക്കും. കലര്പ്പില്ലാതാകുന്നതോടെ അധ്യാപകര്‍ ബാങ്കിലെ നിക്ഷേപകര്‍ മാത്രമാകും. ഇതോടെ അധ്യാപകര്‍ നില്ക്കുന്ന വ്യവസ്ഥയുടെ വരകള്‍ മുറിച്ചുകടക്കാന്‍ കുട്ടിക്ക് സാധിക്കാതെവരും. അധ്യാപകരോടുള്ള ഭയം, വിധേയത്വം, ബഹുമാനപൂര്‍വമായ ഒരകലം, ചോദ്യം ചോദിക്കാനുള്ള ഭീതി എന്നിവ കുട്ടിയുടെ ഉള്ളില്‍ ഉടലെടുക്കുന്നത് വ്യവസ്ഥയുടെ ഈ ആവശ്യത്തിനുവേണ്ടിയാണ്. 'ഗുരോ' എന്ന വാക്കുതന്നെ ഇതിന്റെ ഭാഗമാണ്. 'ഗു' എന്നാല്‍ അന്ധകാരവും 'രു' എന്നാല്‍ അതിന്റെ നിരോധവുമാണല്ലോ. അപ്പോള്‍ അന്ധകാരം നിരോധിക്കുന്നയാളെ എങ്ങനെ നിരോധിക്കാനാവും? എങ്ങനെ അവിടെ ചോദ്യങ്ങളുണ്ടാകും? വരാന്‍ പോകുന്ന ചോദ്യത്തെപ്പോലും നിരോധിക്കാന്‍ ശേഷിയുള്ള പ്രത്യയശാസ്ത്രസ്വരൂപമാണ് ഈ വാക്ക്. ഇതിനു പകരമായിട്ട് കടന്നുവരുന്ന 'മാഷ്' എന്ന വാക്കില്‍ ഒരു 'മാസ്റ്റര്‍' മറഞ്ഞിരിപ്പുണ്ട്. അറിവിന്റെ ഒരു അധികാരം ഇതില്‍ അന്തര്‍ലീനമാണ്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചാല്‍ ഈ പ്രശ്നത്തെ മറികടക്കാന്‍ പറ്റുമോ?
അധ്യാപകര്‍ തമ്മിലും ഉദ്യോഗസ്ഥര്‍ തമ്മിലും ഇത് വിളിക്കുമ്പോള്‍ അറിവിന്റെ അധികാരിയെന്ന ഉന്മാദം പരസ്പരം പങ്കുവെയ്ക്കുകയാണ്. അല്ലെങ്കില്‍ ഏറ്റവും സാധാരണക്കാരനായ ഒരു മനുഷ്യനെ ഇങ്ങനെ സംബോധനചെയ്യാന്‍ പറ്റുന്ന നിലയിലേക്ക് വളരാന്‍ പറ്റണം. 'മാഷേ' എന്ന് അധ്യാപികയെയോ ഉദ്യോഗസ്ഥയെയോ പോലും വിളിക്കാന്‍ പറ്റാത്ത തരത്തില്‍ പിറവിയില്ത്തന്നെ അത് ലിംഗവിവേചനത്തെയും ഉത്പാദിപ്പിക്കുന്നുണ്ട്. സംബോധനാവാക്കുകളിലേറെയും അടിസ്ഥാനപരമായി ഒരു പുരുഷരൂപത്തെയാണ് പ്രതീക്ഷിക്കുന്നത് എന്നതും ഒരു പ്രതിസന്ധിയാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..