പീരുമേട്: സൈക്കിളിൽ കശ്മീർ യാത്ര പുറപ്പെടുകയാണ് ജില്ലക്കാരായ മൂന്ന്‌ യുവാക്കൾ. ഏലപ്പാറ സ്വദേശികളായ അബിമോൻ, സുജിത്ത്, കട്ടപ്പന സ്വദേശി ശ്യാം എന്നിവരാണ് സൈക്കിളിൽ ഭാരതയാത്ര നടത്തുന്നത്.

ഭാരതത്തിലുടനീളം യാത്രചെയ്യുകയും ഓരോ സംസ്ഥാനത്തിന്റെയും പ്രദേശത്തിന്റെയും സംസ്കാരവും പ്രത്യേകകളും നേരിട്ട് മനസ്സിലാക്കുകയാണ് ലക്ഷ്യം. വീട്ടുകാരും നാട്ടുകാരും നൽകുന്ന പിന്തുണ തന്നെയാണ് ഇവരുടെ യാത്രയുടെ പിൻബലം. പെട്രോൾ ഡീസൽ വിലവർധന ചർച്ചയാക്കുക എന്നതും ലക്ഷ്യമാണ്. പകൽമാത്രമുള്ള യാത്രയിൽ ദിവസേന 150 കിലോമീറ്റർ താണ്ടാൻ കഴിയുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

വഴിയിൽ കാണുന്നവരോട്‌ തങ്ങളുടെ യാത്രയുടെ ഉദ്ദേശങ്ങൾ പറഞ്ഞു മനസ്സിലാക്കണം. യാത്രയുടെ വിശദവിവരങ്ങൾ യുട്യൂബിലൂടെ ലോകത്തിന് പകർന്നുനല്കാനും പദ്ധതിയുണ്ട്. ഏലപ്പാറയിലെ നാട്ടുകാരുടെ ഒന്നാകെയുള്ള ആശംസകൾ ഏറ്റുവാങ്ങിയാണ് ഇവർ യാത്ര തുടങ്ങിയത്.

Content Highlights: Youth to travel from Idukki to Ladakh by cycle