തൊടുപുഴ: വാടകയ്ക്കു താമസിച്ചിരുന്ന ഡിഗ്രി വിദ്യാര്‍ഥിനിയെ രാത്രിയില്‍ ഒരുപറ്റം ആളുകള്‍ വീട്ടില്‍നിന്ന് ബലമായി ഇറക്കിവിട്ടു.

അപകടത്തില്‍ പരിക്കേറ്റ ഇളയ സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ അമ്മ എറണാകുളത്തായിരുന്നു. ഒറ്റക്കായിരുന്ന പെണ്‍കുട്ടിയെയാണ് ഇറക്കിവിട്ടത്. സംഭവമറിഞ്ഞിട്ടും വൈകി സ്ഥലത്തെത്തിയ കരിങ്കുന്നം പോലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല.
 
തൊടുപുഴയ്ക്കു സമീപം കരിങ്കുന്നം പഞ്ചായത്തിലെ മഞ്ഞക്കടമ്പില്‍ ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ഇല്ലാത്ത കോടതിയുത്തരവിന്റെ പേരുപറഞ്ഞാണ് കെട്ടിടം ഉടമയായ അധ്യാപികയും ബന്ധുക്കളും ഒരുപറ്റം ഗുണ്ടകളും പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയത്.
 
കുടുംബത്തിന്റെ മുഴുവന്‍ സാധനങ്ങളും വാരിവലിച്ച് പുറത്തിട്ടു. ഏതാനും മാസംമുമ്പാണ് ഈ കെട്ടിടം പെണ്‍കുട്ടിയുടെ പിതാവ് വാടകയ്‌ക്കെടുത്തത്. പിതാവിനൊപ്പം പെണ്‍കുട്ടിയും മാതാവും മൂത്ത സഹോദരിയും ഇളയ സഹോദരനുമാണ് ഇവിടെ താമസിച്ചിരുന്നത്. ഏതാനുംനാള്‍ കഴിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ തമ്മില്‍ വഴക്കായി. ഇതേച്ചൊല്ലി പോലീസ് സ്റ്റേഷനിലും കോടതിയിലും കേസെത്തി.

പിതാവ് കുടുംബത്തെ വിട്ടുപോയി. വാടക ഒഴിഞ്ഞതായും ഭാര്യയെയും മക്കളെയും എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഇയാള്‍ കെട്ടിടം ഉടമയായ അധ്യാപികയോട് ആവശ്യപ്പെട്ടു. ബന്ധുബലവും മറ്റ് സാമ്പത്തിക സംവിധാനവും ഇല്ലാത്ത തങ്ങള്‍ക്ക് പോകാനൊരിടമില്ലെന്ന് പെണ്‍കുട്ടിയും മാതാവും കെട്ടിടം ഉടമയോട് പറഞ്ഞു.
 
എന്നാല്‍ അതുകേള്‍ക്കാതെ താമസക്കാരെ ബലമായി ഇറക്കിവിടാന്‍ കെട്ടിടം ഉടമ ശ്രമിച്ചതോടെ ഇവര്‍ കെട്ടിടം ഉടമയ്ക്കും പിതാവിനുമെതിരേ കോടതിയെ സമീപിച്ചു. താമസക്കാരെ ബലമായി ഇറക്കി വിടരുതെന്ന് കെട്ടിടം ഉടമയോടും എത്രയുംവേഗം ഭാര്യയെയും മക്കളെയും സുരക്ഷിതമായ സ്ഥലം കണ്ടെത്തി താമസിപ്പിക്കണമെന്ന് പിതാവിനോടും കോടതി ഉത്തരവിട്ടു. ഡിസംബര്‍ ഏഴിനുമുമ്പ് തീരുമാനം എടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

എന്നാല്‍, ഈ കോടതിയുത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്ത് വീട്ടുടമയ്ക്ക് അനുകൂലമായി പോലീസ് നിലപാടെടുത്തതാണ് അതിക്രമത്തിന് കാരണമായത്. സംഭവമറിഞ്ഞ് ഒട്ടേറെ രാഷ്ട്രീയ നേതാക്കളും തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍മാരും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അവരാരും പെണ്‍കുട്ടിയെ സഹായിക്കാനോ സുരക്ഷിത സ്ഥാനത്തെത്തിക്കാനോ തയ്യാറായില്ല. ഏറെസമയം ഗുണ്ടകള്‍ക്കു മുന്നില്‍നിന്ന് അപമാനിതയായ പെണ്‍കുട്ടിയെ ഒടുവില്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുനിന്നും പരിചയക്കാരെത്തിയാണ് രക്ഷിച്ചു കൊണ്ടുപോയത്. പെണ്‍കുട്ടിക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഇവര്‍ ഡി.ജി.പിക്ക് പരാതി അയച്ചു.

ഡിസംബര്‍ ഏഴിനുള്ളില്‍ വീട് ഒഴിഞ്ഞു കൊടുക്കണമെന്ന കോടതി ഉത്തരവ് തന്റെ പക്കല്‍ ഉണ്ടെന്നാണ് കരിങ്കുന്നം എസ്.ഐ. 'മാതൃഭൂമി'യോട് പറഞ്ഞത്. വനിതാ പോലീസിനെ അയച്ചെങ്കിലും അവര്‍ ചെന്നപ്പോഴേക്കും വീട്ടുസാധനങ്ങളെല്ലാം പുറത്തിറക്കി ഒഴിപ്പിക്കല്‍ കഴിഞ്ഞിരുന്നു. അതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനായില്ലെന്നും എസ്.ഐ. കൂട്ടിച്ചേര്‍ത്തു.