കുമളി: സ്വകാര്യ ഡിറ്റക്ടീവ് ചമഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂവാറ്റുപുഴ സ്വദേശിയെ അണക്കരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.തട്ടിപ്പിന് ശേഷം അണക്കരയിലെത്തി വാടകവീട്ടില്‍ താമസിച്ചിരുന്ന മൂവാറ്റുപുഴ ഓടക്കാലി സ്വദേശി പി.എസ്.സുദര്‍ശനനാണ് പിടിയിലായത്.

റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് അണക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കുകയായിരുന്നു.വ്യാജ നാപ്റ്റോള്‍ സ്‌ക്രാച്ച് കാര്‍ഡ് വഴി എട്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയുടെ പണം തിരികെ വാങ്ങി നല്‍കാം എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ സുദര്‍ശനന്‍.

സ്വകാര്യ ഡിറ്റക്റ്റീവ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി വ്യത്യസ്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപെട്ട പണം തിരികെ വാങ്ങി നല്‍കുന്ന ആള്‍ ആണെന്നും ഇത്തരത്തില്‍ നിരവധി ആളുകള്‍ക്ക് പണം തിരികെ വാങ്ങി നല്‍കി എന്നും വിശ്വസിപ്പിച്ചിരുന്നു.

സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് റിട്ടയര്‍ ആയവരെയുംമറ്റും ലക്ഷ്യമാക്കി പ്രവത്തിക്കുന്ന പ്രതി ഈ കേസിലെ ഇരയെ വിവിധ ഫോണ്‍ നമ്പരില്‍നിന്ന് വിവിധ ശബ്ദത്തില്‍ വിളിച്ച് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ആണെന്നും എസ്.ബി.ഐ. ഉദ്യോഗസ്ഥന്‍ ആണെന്നുംമറ്റും പറഞ്ഞ് വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പ്രതിയുടെ കൂടെ വേറെ ആളുകള്‍ ഉണ്ടോ എന്നതിനെപ്പറ്റിയും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.മൂന്നുമാസത്തോളമായി അണക്കരയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരുകയും അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരന്‍ എന്ന വ്യാജേന ആര്‍ഭാടജീവിതം നയിച്ച് ഒളിച്ചുകഴിയുന്നതിനിടെയാണ്

റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ അണക്കരയിലെ വാടകവീട്ടില്‍നിന്ന് പിടികൂടിയത്.പ്രതി താമസിച്ചിരുന്ന വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഇവിടെനിന്ന് പണം കണ്ടെടുക്കാനായില്ല.ഇയാള്‍ ഉപയോഗിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 

Content Highlights: private detective does financial fraud