കുമളി : കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തമിഴ്‌നാട്ടിൽനിന്ന് ഇടുക്കിയിലേക്ക്‌ ഇരച്ചുകയറി സ്ത്രീ തൊഴിലാളികളുടെ സംഘം. ഗൂഡല്ലൂരിൽനിന്ന് കോവിഡ് മാനദണ്ഡം പാലിക്കാതെ കുമളി ചെക്ക്പോസ്റ്റിലെത്തിയ 200-ഓളം സ്ത്രീ തൊഴിലാളികളെ നിയന്ത്രിക്കാൻ പോലീസ് ശ്രമിക്കവേ സംഘർഷമുണ്ടാകുകയും അവർ പോലീസിനെ തള്ളിമാറ്റി ചെക്ക്പോസ്റ്റ് കടന്നുപോകുകയും ചെയ്തു.

വനിതാ പോലീസുകാരുടെ കുറവുമൂലം മറ്റ്‌ പോലീസുകാർക്ക് ഇവരെ തടയാനും സാധിച്ചില്ല. ചൊവ്വാഴ്ച പുലർച്ചെ ആറോടെയാണ് സംഭവം.

കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക്‌ മാത്രമേ ഇരുസംസ്ഥാനങ്ങളിലേക്കും കടക്കാനാകൂ എന്നിരിക്കെയാണ് ഇവരുടെ അതിർത്തികടക്കൽ.

അതിർത്തി കടക്കുന്നവരെ ജീപ്പുകളിൽ കുത്തിനിറച്ച് ഏലക്കാടുകളിലേക്ക്‌ കൊണ്ടുപോകുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്.

തമിഴ്നാട്ടിൽ കോവിഡ് കുറവാണത്രേ...

കേരളത്തെ അപേക്ഷിച്ച് തമിഴ്‌നാട്ടിൽ കോവിഡ് രോഗികൾ കുറവാണെന്ന ന്യായമാണ് തൊഴിലാളികൾ പോലീസിനോട് പറയുന്നത്. ദിവസവേതനത്തിന് ജോലിയെടുക്കാനെത്തുന്നവർക്ക് എപ്പോഴും ആർ.ടി.പി.സി.ആർ. എടുക്കാനാകില്ലെന്നും വാദമുണ്ട്. മുമ്പ് നടപ്പിക്കിയതുപോലെ ആഴ്ച പാസ് അനുവദിക്കണമെന്നാണ് ഇവരെ പണിക്കെത്തിക്കുന്ന തൊഴിലുടമകൾ പറയുന്നത്.

പരിശോധന ശക്തമാക്കി

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ചമുതൽ അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചുള്ള പരിശോധനകൾ നടത്താൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.

തമിഴ്‌നാട് അതിർത്തിയിൽ തൊഴിലാളികളുടെ രേഖകൾ പരിശോധിക്കാൻ തമിഴ്‌നാട് പോലീസ് വേണ്ട നടപടികൾ ഇതിനോടകം ആരംഭിച്ചു. ഓണത്തോടനുബന്ധിച്ചുള്ള കർശന പരിശോധന 25വരെയുള്ളൂ എന്നിരിക്കെ അതിർത്തി പ്രദേശങ്ങൾ ആശങ്കയിലാണ്.