മറയൂർ : കാന്തല്ലൂർ കോവിൽക്കടവിലെ ബിവറേജസ് മദ്യവില്പനശാലയുടെ ഗോഡൗണിൽ പാമ്പിനെ കണ്ടെത്തിയത് ആശങ്കയായി.

മുറികളുള്ള ഗോഡൗണിൽനിന്ന്‌ മദ്യക്കുപ്പിപ്പെട്ടികൾ എടുക്കാൻ വന്ന ജീവനക്കാരനാണ് വിഷപ്പാമ്പിനെ കണ്ടത്. പെട്ടി എടുത്തതും കാലിന് സമീപത്തുകൂടി പാമ്പ് ഇഴഞ്ഞു പോകുന്നതാണ്‌ കണ്ടത്.ഉടനടി മറ്റ് ജീവനക്കാരെയും കൂട്ടി എത്തിയെങ്കിലും പാമ്പ് മദ്യക്കുപ്പിപ്പെട്ടികൾക്കിടയിൽ മറഞ്ഞു.

പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന്‌ പാമ്പിനെ പിടികൂടാൻ ജീവനക്കാർ എത്തി.കോവിൽക്കടവ് ടൗണിലെ ചുമട്ടുതൊഴിലാളികളെ എത്തിച്ച് മുഴുവൻ പെട്ടികളും മാറ്റി നോക്കിയെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല.