ഉടുമ്പന്നൂർ: വേളൂർ കൂപ്പിന് സമീപമുള്ള ചപ്പാത്ത് തകർന്നു. ഇതേ തുടർന്ന് മനയത്തടം, മക്കുവള്ളി, കൈതപ്പാറ തുടങ്ങിയ മലയോരമേഖലയിലെ മുന്നൂറിലധികം കുടുംബങ്ങൾ ദുരിതത്തിലായി. വാഹനമെത്താത്തതിനാൽ വിദ്യാർഥികളടക്കമുള്ളവർ പത്ത് കിലോമീറ്ററോളം ദൂരം കാൽനടയായി സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്. റോഡിന്റെ പാതിഭാഗവും വനത്തിലൂടെയാണ് കടന്നുപോകുന്നത്. ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ എത്താമെന്നതിനാൽ ഇതുവഴിയുള്ള കാൽനടയാത്രയും അപകടം നിറഞ്ഞതാണ്.

അറുപത് വർഷം മുമ്പാണ് വേളൂർ പുഴയ്ക്ക് കുറുകെ ചപ്പാത്ത് സ്ഥാപിച്ചത്. ഇതിലൂടെയാണ് കഞ്ഞിക്കുഴി, ഉടുമ്പന്നൂർ പഞ്ചായത്തുകളുടെ അതിർത്തിമേഖലകളായ മനയത്തടം, മക്കുവള്ളി, കൈതപ്പാറ മേഖലയിലുള്ളവർ പുറംലോകത്തെത്തുന്നത്. എല്ലാ വർങ്ങളിലെയും മഴയിൽ ചപ്പാത്ത് നിറഞ്ഞ് ഗതാഗതം തടസ്സപ്പെടാറുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ അതിശക്തമായ മഴയിൽ കല്ലും മണ്ണും കുത്തിയൊലിച്ചെത്തി ചപ്പാത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. പലയിടത്തും കോൺക്രീറ്റ് ഒലിച്ചുപോയി കമ്പി തെളിഞ്ഞ നിലയിലാണ്. ഇതേ തുടർന്ന് ഇതുവഴി വാഹനം ഓടിക്കാനാവാത്ത അവസ്ഥയാണ്. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീപ്പ് സർവീസും സ്കൂൾ ബസുമായിരുന്നു പ്രദേശവാസികൾ ആശ്രയിച്ചിരുന്നത്. ചപ്പാത്ത് തകർന്നതോടെ ഇതും നിലയ്ക്കുന്ന സാഹചര്യമാണുള്ളത്. തൊടുപുഴയിൽ നിന്ന്‌ ഉടുമ്പന്നൂർ-വേളൂർ-കൈതപ്പാറ-മണിയാറൻകുടി വഴി കുറഞ്ഞ ദൂരത്തിൽ ചെറുതോണിയിലെത്താവുന്ന വഴി കൂടിയാണിത്.