വാഗമൺ: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വാഗമണിൽ ആറു മാസത്തിലേറെയായി പൊതു ശൗചാലയം അടഞ്ഞു കിടക്കുന്നു. ദിവസേന ആയിരക്കണക്കിന് സഞ്ചാരികൾ കടന്നുപോകുന്ന വാഗമൺ ടൗണിൽ ആധുനിക രീതിയിലുള്ള ശൗചാലയ സൗകര്യം ഒരുക്കണമെന്ന ആവശ്യത്തിന്‌ പഴക്കമേറെയാണ്. സഞ്ചാരികൾ മാത്രമല്ല നാട്ടുകാരും ഇതിലെ കടന്നുപോകുന്നവരും പ്രാഥമിക ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടുകയാണ്.

വാഗമൺ മാർക്കറ്റിനുള്ളിൽ പഴക്കംചെന്ന ഒരു ശൗചാലയം മാത്രമാണുള്ളത്. അഴുത ബ്ലോക്ക് പഞ്ചായത്ത് പണിതതാണിത്. ഇതിനാകട്ടെ മാറി വന്ന പഞ്ചായത്ത് ഭരണക്കാർ ലക്ഷങ്ങൾ മുടക്കിയെങ്കിലും പൊതുജനത്തിന് ഉപകാരമായിട്ടില്ല.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പഴയചന്തയിലെ വില്ലേജ് കാര്യാലയത്തോടു ചേർന്നുള്ള സ്ഥലത്ത് അമിനിറ്റി കോംപ്ലക്സ്‌ പണിയാൻ തീരുമാനിച്ചിരുന്നു. ഇതിനായി മുപ്പതുലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. പദ്ധതിക്കായി റവന്യൂ ഭൂമിയിൽനിന്ന്‌ ഇരുപത്തിനാല് സെന്റ് സ്ഥലം അളന്നുതിരിച്ചതൊഴിച്ചാൽ മറ്റു തുടർനടപടികൾ ഉണ്ടായിട്ടില്ല. ഭരണം മാറിയതോടെ തുടർനടപടികൾ നിലച്ച മട്ടാണ്.

പാട്ട വ്യവസ്ഥയിലാണ് റവന്യൂ വകുപ്പ് സ്ഥലം നൽകിയിരിക്കുന്നതെന്നും നൽകിയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നുമുള്ള നിബന്ധനയുള്ളതിനാലാണ് നിർമാണം നടക്കാത്തതെന്നുമാണ് പഞ്ചായത്ത് നൽകുന്ന വിശദീകരണം. പഞ്ചായത്തിന്‌ സ്വന്തമായി സ്ഥലമിെല്ലന്നും തോട്ടം ഉടമകൾ സ്ഥലം നൽകാൻ തയ്യാറാകാത്തതും തടസ്സങ്ങളാണ്.

അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുമ്പോഴും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിൽ വാഗമൺ വളരെ പിന്നിലാണ്. ദിവസേന ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.