ഉപ്പുതറ: കോട്ടമല-ഉളുപ്പൂണി റോഡിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ഓട്ടോ ഡ്രൈവർ ചരവിള പുത്തൻവീട്ടിൽ ഗോപാലകൃഷ്ണനാണ്(55) പരിക്കേറ്റത്.
കൊച്ചുളുപ്പൂണിക്കു സമീപം ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു. വിനോദ സഞ്ചാരികളുമായിവന്ന ജീപ്പ് ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ജീപ്പ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓട്ടോറിക്ഷ എതിർദിശയിലേക്ക് തെറിച്ചുവീണു.