ഉപ്പുതറ: വന്യമൃഗങ്ങളുടെ ശല്യവും വീടിനു ഭീഷണിയായി നിൽക്കുന്ന വൻമരങ്ങളും കണ്ണംപടി വനമേഖലയിലെ ഉൾഗ്രാമമായ മേമാരിക്കുടിയിലെ 93 ആദിവാസി കുടുംബങ്ങളുടെ ഉറക്കംകെടുത്തുന്നു. എന്തെങ്കിലും ആപത്തുണ്ടായാൽ പുറം ലോകവുമായി ബന്ധപ്പെടാൻ സഞ്ചാരയോഗ്യമായ റോഡില്ല. പരിചയസമ്പന്നരായ ഡ്രൈവർമാർ ഓടിക്കുന്ന ജീപ്പുമാത്രമാണ് മേമാരിയിൽ എത്തിയിരുന്നത്.
കഴിഞ്ഞ രണ്ടുപ്രളയത്തോടെ കാൽനടയാത്രയ്ക്കുപോലും ഉപയോഗപ്പെടാത്തവിധം റോഡ് തകർന്നതോടെ ജീപ്പും എത്താതെയായി. മലമുകളിലോ, മരത്തിനു മുകളിലോ കയറിയാലേ മൊബൈലിന് റേഞ്ചുള്ളു. അതും കാറ്റിന്റെ ഗതിയനുസരിച്ച് മാറിക്കൊണ്ടിരിക്കും. മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് ലൈൻ തകരുന്നതിനാൽ വൈദ്യുതിയും ഇവർക്ക് വിരുന്നുകാരനാണ്. കൃഷിയും തേൻ അടക്കമുള്ള വനസമ്പത്തും ശേഖരിച്ചാണ് ഇവർ ഉപജീവനം നടത്തുന്നത്. വന്യമൃഗങ്ങളുടെ ശല്യം ഇതിനും തടസ്സമാണ്.
വളകോട്-മേമാരി റോഡിന് അഞ്ചുകോടി രൂപ അനുവദിച്ചെങ്കിലും കണ്ണംപടിവരെ പണിയാനേ ഫണ്ട് തികയുകയുള്ളൂ. കണ്ണംപടിയിൽനിന്ന് എട്ട് കിലോമീറ്റർ ഉൾവനത്തിലാണ് മേമാരി ആദിവാസിഗ്രാമം. ഫണ്ടിന്റെ അപര്യാപ്തത കാരണം കുടിയിലേക്കുള്ള റോഡ് നിർമാണവും മുടങ്ങിയ അവസ്ഥയിലാണ്.
രണ്ടാഴ്ച മുമ്പ് വനാതിർത്തിയിൽനിന്ന മരം വീടിനു മുകളിലേക്കുവീണ് നാലുമാസം പ്രായമായ കുഞ്ഞ് മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. റോഡ് തകർന്നുകിടക്കുന്നതിനാൽ ഇരുവരേയും കട്ടപ്പനയിലെ ആശുപത്രിയിലെത്തിക്കാൻ അഞ്ച് മണിക്കൂർ വേണ്ടിവന്നു. ആശുപത്രിയിലെത്തിയ ശേഷമാണ് കുഞ്ഞ് മരിച്ചത്.
ഇടുക്കി പദ്ധതിക്കുവേണ്ടി മുത്തംപടി താഴെ, ചെറുശ്ശേരി തടം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് കുടിയൊഴിപ്പിച്ച് കുടിയിരുത്തിയവരാണ് മേമാരിയിലെ ആദിവാസികൾ.