നമ്പർ ലഭിച്ചത് കംഫർട്ട് സ്റ്റേഷന്റെ ചുവരിൽനിന്ന്

കട്ടപ്പന : കട്ടപ്പന നഗരത്തിലെ കംഫർട്ട് സ്റ്റേഷന്റെ ചുവരിൽ അജ്ഞാതൻ എഴുതിയിട്ട വീട്ടമ്മയുടെ ഫോൺനമ്പറിൽ വിളിച്ച് ശല്യപ്പെടുത്തിയ രണ്ടുപേരെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. കുമളി സ്വദേശി സുരേഷ് (34), കട്ടപ്പന അമ്പലക്കവല സ്വദേശി അജീഷ് (34) എന്നിവരെയാണ് സൈബർസെല്ലിന്റെ സഹായത്തോടെ കട്ടപ്പന പോലീസ് പിടികൂടിയത്.

ഓണത്തിന്റെ തലേദിവസമാണ് (ഓഗസ്റ്റ് 20-ന്‌) കട്ടപ്പന സ്വദേശിയായ വീട്ടമ്മയുടെ ഫോണിലേക്ക് ആദ്യം വിളിവരുന്നത്. ഫോൺവിളിച്ച സുരേഷ് വീട്ടമ്മയെ ശല്യപ്പെടുത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മ ഫോൺ കട്ടുചെയ്തു. തുടർന്ന്, തിരുവോണ ദിവസം അജീഷും കംഫർട്ട് സ്റ്റേഷന്റെ ചുവരിൽനിന്ന് ലഭിച്ച നമ്പറിൽ വീട്ടമ്മയെ വിളിച്ചു. ഇയാളും മോശമായി സംസാരിച്ചതോടെ നമ്പർ എവിടെനിന്ന്‌ ലഭിച്ചതാണെന്ന് വീട്ടമ്മ തിരിക്കി. കംഫർട്ട് സ്റ്റേഷന്റെ ചുവരിൽനിന്നാണ് നമ്പർ കിട്ടിയതെന്ന് യുവാവ് പറഞ്ഞു. ഇതോടെ വീട്ടമ്മ കട്ടപ്പന പോലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ കട്ടപ്പന എസ്.ഐ. കെ.ദിലീപ്കുമാർ നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവാക്കളെയും കണ്ടെത്തിയത്. കുമളി സ്വദേശിയായ യുവാവ് അയൽവാസിയായ സ്ത്രീയുടെ ഫോണിൽനിന്നാണ് വീട്ടമ്മയെ വിളിച്ചത്. വിശദമായ അന്വേഷണത്തിനൊടുവിൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത് കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തിച്ചു.

സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ വീട്ടമ്മയോട് യുവാക്കൾ ക്ഷമ ചോദിക്കുകയും കേസിൽനിന്ന് രക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മ പരാതി പിൻവലിച്ചതായി കട്ടപ്പന പോലീസ് അറിയിച്ചു. വീട്ടമ്മ പരാതി പിൻവലിച്ചെങ്കിലും സ്ത്രീകളെ ശല്യംചെയ്ത കുറ്റത്തിന് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർചെയ്ത് താക്കീത് നൽകി ജാമ്യത്തിൽവിട്ടയച്ചു. നഗരത്തിലെ കംഫർട്ട് സ്റ്റേഷന്റെ ചുവരിൽനിന്ന് ഫോൺനമ്പർ മായ്ച്ചുകളഞ്ഞതായും കട്ടപ്പന പോലീസ് അറിയിച്ചു.