മറയൂർ: കനത്ത മഴയിൽ വിളവെടുക്കാറായ തക്കാളി നശിക്കുന്നു. വിപണിയിൽ തക്കാളിയുടെ വരവ് കുറഞ്ഞതോടുകൂടി വില ഇരട്ടിയിലധികം വർധിച്ചു. കഴിഞ്ഞയാഴ്ച 14കിലോയുടെ പെട്ടിക്ക് 250രൂപയായിരുന്നു വിലയെങ്കിൽ ബുധനാഴ്ച 550 രൂപയായി ഉയർന്നു. കനത്തമഴയിൽ വിളവെടുക്കാറായ തക്കാളികൾ വ്യാപകമായി നശിച്ചു. വേരുകൾ ചീഞ്ഞ് ചെടികളും നശിച്ചു.
കേരള അതിർത്തിയിലെ ഉടുമലൈ, പഴനി, പൊള്ളാച്ചി, ഒട്ടംചത്രം മാർക്കറ്റുകളിൽ കനത്ത മഴയെത്തുടർന്ന് തക്കാളി വരവ് കുറഞ്ഞതുമൂലം വില വർധിച്ചത് കർഷകർക്ക് താത്‌കാലിക ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിൽ കേടായതുമൂലം വിളവെടുത്ത പകുതി തക്കാളിയും കൃഷിയിടത്തിൽ ഉപേക്ഷിക്കേണ്ടിവന്നതിനാൽ വില വർധനയുടെ പ്രയോജനം കർഷകന് കാര്യമായി ലഭിച്ചില്ല. മാർക്കറ്റിൽ കിലോയ്ക്ക് 40രൂപവരെ വില വർധിച്ചതിനാൽ ചെറുകിട വ്യാപാരികളിൽനിന്ന് തക്കാളി ഉപഭോക്താക്കൾ വാങ്ങുമ്പോൾ ഇതിലും കൂടുതൽ വിലനൽകേണ്ടിവരുന്നു. ഉടുമലൈക്ക് സമീപമുള്ള നിരവധി ഗ്രാമങ്ങളിൽ 30,000 ഏക്കറിലും കൂടുതലായി തക്കാളി കൃഷിചെയ്തുവരുന്നു. മഴ തുടർന്നാൽ തക്കാളിയുടെ വില ഇനിയും വർധിക്കുമെന്ന് വ്യാപാരികൾ പറയുന്നു.
ഹോട്ടലുകളിൽ ‘ഉള്ളി’യില്ലാക്കറികളുടെ കാലം
മറയൂർ: ഉള്ളിയുടെ വില കുതിച്ചുയർന്നതോടുകൂടി ഹോട്ടലുകളിൽ ഉള്ളിയില്ലാത്ത കറികളും മുട്ടക്കറിയും. പുഴുങ്ങിയ മുട്ട പ്രത്യേകം നൽകി കിഴങ്ങ്, കടലക്കറികളുടെ ചാറും നൽകിയാണ് ഹോട്ടലുകൾ വിഭവങ്ങൾ നൽകിവരുന്നത്. മുട്ടക്കറിയിൽ പ്രധാന ചേരുവയായ സവാള ചേർത്താൽ അത് ഇന്നത്തെ വിലയിൽ നൽകുന്നതിന് കഴിയുകയില്ല. ഓംലെറ്റിൽ ഉള്ളിയിടുന്നില്ല. ഉടുമലൈ മാർക്കറ്റിൽ ഒരുകിലോ സവാളയുടെ വില ബുധനാഴ്ച 110മുതൽ 120രൂപവരെയായി ഉയർന്നു. കഴിഞ്ഞയാഴ്ച 65 രൂപയായിരുന്നു ഇവിടെ മൊത്തവില. ഒരാഴ്ചകൊണ്ട് ഒരുകിലോയിൽ 55 രൂപയുടെ വർധനയുണ്ടായി. എന്നാൽ, സാധാരണക്കാർക്കായി 80രൂപയുടെ സവാളയും വില്പനയ്ക്കായെത്തിയിട്ടുണ്ട്. ഇതിന്റെ കഴിഞ്ഞയാഴ്ചത്തെ വില 35രൂപ മാത്രമായിരുന്നു. ചെറിയ വലുപ്പത്തിലുള്ള ഈ സവാളയാണ് ഇപ്പോൾ സാധാരണക്കാർ കൂടുതലായി വാങ്ങിവരുന്നത്.