ചെറുതോണി: വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന ഏഴുകിലോ കഞ്ചാവുമായി മൂന്നുപേരെ ഇടുക്കി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി പെരുങ്കുളത്ത് വീട്ടിൽ ബിനുകുമാർ(47), ആലക്കോട് സ്വദേശി ആയിലികുന്നേൽ വീട്ടിൽ ജിനു(40), കഞ്ഞിക്കുഴി മുഴയിൽ വീട്ടിൽ ജോയി(42) എന്നിവരാണ് പിടിയിലായത്. ഇവർ കഞ്ചാവ് കടത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

ബിനുകുമാർ കഞ്ചാവ് കേസിൽ 16 വർഷം ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ പരോളിൽ ഇറങ്ങിയത്. ഒറിസയിൽനിന്ന് കഞ്ചാവ് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന് ഇടുക്കിയിൽ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിൽ ഒൻപതിന് കഞ്ചാവ് ആലക്കോട് സ്വദേശിക്ക് കൈമാറുന്നതിനിടയിലാണ് എക്സൈസ് സംഘം മൂവരെയും പിടികൂടിയത്.
എക്സൈസ് സംഘത്തെ ആക്രമിച്ച് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിൽ ഉദ്യോഗസ്ഥർ ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ടി.എൻ.സുധീറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സജിമോൻ കെ.ഡി.ഷാജി ജെയിംസ്, ടി.കെ.വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജലീൽ പി.എം. ലിജോ ജോസഫ്, സിജുമോൻ, അനൂപ് തോമസ്, രഞ്ജിത്ത് എൻ. എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് സംഘത്തെ അറസ്റ്റുചെയ്തത്.
content highlights: three arrested with three kg ganja