തൊടുപുഴ : മന്ത്രിനൽകിയ മധുരവും ഒപ്പം കാടിന്റെ ഇരമ്പവും. കോട്ടയം എം.പി. തോമസ് ചാഴികാടന് 70-ാം പിറന്നാളാഘോഷം വ്യത്യസ്തകൾ നിറഞ്ഞതായിരുന്നു. ഇടുക്കി കളക്ടറേറ്റിന് സമീപം മീൻമുട്ടി പ്രദേശത്തെ വനത്തിൽ ആകസ്മികമായിട്ടായിരുന്നു ഇത്തവണത്തെ ജന്മദിനാഘോഷം. അതിന് നേതൃത്വം നൽകിയതാവട്ടെ മന്ത്രി റോഷി അഗസ്റ്റിനും.

കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു തോമസ് ചാഴികാടൻ. രാവിലെ 10 മണിക്കായിരുന്നു പരിപാടി. റോഷി അഗസ്റ്റിൻ ഇതേസമയം കളക്ടറേറ്റിൽ യോഗത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. മന്ത്രി ഫോണിലൂടെ എം.പി.ക്ക് ജന്മദിനാശംസകൾ നേർന്നെങ്കിലും കളക്ടറേറ്റിലെ പരിപാടികൾ തുടർന്നതിനാൽ പരസ്പരം കാണാൻ കഴിഞ്ഞില്ല. ധർണ ഉദ്ഘാടനംചെയ്തശേഷം എം.പി. കോട്ടയത്തേക്ക് മടങ്ങിയെങ്കിലും അല്പസമയത്തിനുശേഷം ഇരുവരും കളക്ടറേറ്റിന് അടുത്ത് മീൻമുട്ടിയിലെ വഴിയിൽ കണ്ടുമുട്ടി.

കുശലം പറഞ്ഞുകൊണ്ടിരിക്കെ സമരം കഴിഞ്ഞെത്തിയ പാർട്ടിപ്രവർത്തകരും നേതാക്കളും അവരോടൊപ്പംചേർന്നു. തുടർന്ന് ആഘോഷത്തിനായി ഇവർ തന്നെ കേക്കുമായി എത്തുകയായിരുന്നു. ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ, പ്രൊഫ.കെ.ഐ.ആന്റണി, അഡ്വ. അലക്സ് കോഴിമല, രാരിച്ചൻ നീറണാകുന്നേൽ, റെജി കുന്നംകോട്ട് തുടങ്ങിയവരും ആഘോഷത്തിൽ പങ്കെടുത്തു.