തൊടുപുഴ: പഴയ കുപ്പിയും പൊട്ടിയ ചില്ലും പെറുക്കി നഗരത്തെ മാലിന്യമുക്തമാക്കാനൊരുങ്ങി നഗരസഭ. ‘സമ്പൂർണ മാലിന്യമുക്ത നഗര’മെന്ന ലക്ഷ്യത്തിലേക്കെത്താനായി നഗരസഭയുടെ വിവിധ വാർഡുകളിൽനിന്ന് ഉപയോഗശൂന്യമായ വസ്തുക്കൾ ഉടൻ ശേഖരിച്ച് തുടങ്ങുമെന്ന് ചെയർപേഴ്‌സൺ ജെസി ആന്റണി കൗൺസിലിനെ അറിയിച്ചു.
*ആദ്യഘട്ടത്തിൽ ഓരോവാർഡുകളിലും അഞ്ച് കളക്ഷൻ സെന്ററുകളിൽ ഇത്തരം വസ്തുക്കൾ ശേഖരിക്കും.
ഇവയൊക്കെ ശേഖരിക്കും
പൊട്ടിയ ചില്ല്, കുപ്പിച്ചില്ല്, ചില്ലുകുപ്പി, ബൾബ്, സി.എഫ്.എൽ, ട്യൂബ് ലൈറ്റുകൾ. ഇതിൽ പൊട്ടാത്ത ബൾബ്, സിഎഫ്.എൽ, ട്യൂബ് ലൈറ്റ് എന്നിവ പ്രത്യേകമായി നൽകണം.
ഇതൊന്നും ശേഖരിക്കില്ല
ക്രോക്കറി, പിക്ചർ ട്യൂബുകൾ, ക്ലോസറ്റ്, വാഷ് ബേസിൻ, പൊട്ടിയ വസ്തി പ്ലേറ്റുകൾ
കൗൺസിൽ ചർച്ചകൾ
ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ 30 അജണ്ടകളാണ് പരിഗണിച്ചത്.
*നഗരസഭയുടെ 31-ാം വാർഡിൽ പി.എം.എ.വൈ.പദ്ധതി പ്രകാരം 28 പേർക്ക് ഭവനം നിർമിക്കുന്ന വിഷയം ചർച്ചയായി. എന്നാൽ, പാറ നിറഞ്ഞ പ്രദേശത്ത് മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ വന്നേക്കാവുന്ന ചില പ്രശ്‌നങ്ങൾ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഒരുമണിക്കൂറോളം ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടായില്ല. തുടർന്ന് വിശദമായ ചർച്ചയ്ക്കായി അജണ്ട മാറ്റിവെച്ചു.
* പതിനാറാംവാർഡിലെ കൊച്ചുകല്ലോലിക്കൽ അനുപ്രിയയുടെ പി.എം.എ.വൈ. ഭവനത്തെ ഹരിത ഭവനമായി തിരഞ്ഞെടുത്തത് കൗൺസിലിനെ അറിയിച്ചു.