തൊടുപുഴ: ഇടയ്ക്കാട്ട്മറ്റം കാപ്പ് കുറിഞ്ഞിലിക്കാട്ട് ഭഗവതി ധർമ്മശാസ്താ ക്ഷേത്രത്തിൽ ചൊവ്വാഴ്ച തൃക്കാർത്തികയോടനുബന്ധിച്ച് ദീപക്കാഴ്ചയൊരുക്കും. പതിനായിരത്തിലേറെ മൺചെരാതുകളിലും നിലവിളക്കുകളിലുമാകും ദീപങ്ങൾ തെളിക്കുകയെന്ന് ആഘോഷസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ എട്ടാം വർഷമാണ് പരിപാടി നടത്തുന്നത്. ക്ഷേത്രമൈതാനം മുതൽ ഇടയ്ക്കാട്ട് കയറ്റം കവല വരെയാണ് ദീപങ്ങൾ തെളിക്കുക. ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ടെലിവിഷൻ താരം അശ്വതി ശ്രീകാന്ത് ആദ്യ ദീപപ്രകാശനം നടത്തും. തുടർന്ന് ദീപാരാധന, മഹാപ്രസാദമൂട്ട്. ആഘോഷസമിതി പ്രസിഡന്റ് പി.ജി.വിജയകുമാർ, ഖജാൻജി സി.പി.പ്രതീഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സൗജന്യ നേത്രചികിത്സാ ക്യാമ്പ്
തൊടുപുഴ: ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് ചുങ്കം യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പും മെഡിക്കൽ ക്യാമ്പും ഞായറാഴ്ച ചുങ്കം പാരിഷ്ഹാളിൽ നടക്കും. രാവിലെ 8.30 മുതൽ ഒന്ന് വരെ നടക്കുന്ന ക്യാമ്പ് ചാഴിക്കാട് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. ജോസഫ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മുൻഗണന. കെ.സി.ഡബ്ല്യു., കെ.സി.വൈ.എൽ., ഫാത്തിമ ഐ കെയർ, ചാഴിക്കാട് ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്. ഫോൺ: 9447828139, 9447727912.
വണ്ണപ്പുറത്ത് എൽ.ഡി.എഫ്. ധർണ
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിൽ വികസനമുരടിപ്പും അഴിമതിയും ആരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബുധനാഴ്ച പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. രാവിലെ 10-ന് ആരംഭിക്കുന്ന മാർച്ചിൽ പ്രമുഖനേതാക്കൾ പങ്കെടുക്കുമെന്ന് എൽ.ഡി.എഫ്. പഞ്ചായത്ത് കൺവീനർ കെ.എം.സോമൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാർ വികസനപ്രവർത്തനങ്ങൾക്കായി നൽകുന്ന പണം പഞ്ചായത്ത് പാഴാക്കുകയാണ്. പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്താനുള്ള നടപടികളൊന്നും കൈക്കൊള്ളുന്നില്ല. പഞ്ചായത്തിന്റെ കൈവശമുള്ള ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലം കൈമാറ്റം ചെയ്യണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. ലൈഫ് പദ്ധതി പഞ്ചായത്ത് ഭരണസമിതി അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചു. എൽ.ഡി.എഫ്. നേതാക്കളായ കെ.കെ.ബിനോയി, എ.ജെ.ജോസ്, കെ.ജി.വിനോദ്, കെ.എം.എ.കരീം, സിബി പടിക്കപ്പറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.